ETV Bharat / travel-and-food

''ഏഴാം ഭൂഖണ്ഡവും കണ്ടു... ഇനി ദക്ഷിണേന്ത്യന്‍ ഗ്രാമങ്ങളിലേക്ക്''; 80-ാം വയസിലും യാത്രകളെ സ്‌നേഹിച്ച് നാരായണന്‍ പുതുശേരി

ദക്ഷിണേന്ത്യന്‍ ഗ്രാമങ്ങളിലെ ജനജീവിതം നേരിട്ടറിയാന്‍ സ്വദേശ യാത്രകള്‍ നടത്താനാണ് നാരായണന്‍റെ തീരുമാനം.

സഞ്ചാരി കേരളം  യാത്രകൾ  സഞ്ചാരം  നാരായണന്‍ പുതുശേരി യാത്ര
Narayanan Puthuchery (ETV Bharat)
author img

By ETV Bharat Kerala Team

Published : February 27, 2026 at 8:11 PM IST

3 Min Read
Choose ETV Bharat

കണ്ണൂര്‍: ലോകസഞ്ചാരത്തില്‍ ഓഷ്യാന എന്ന ഏഴാം ഭൂഖണ്ഡം കണ്ടു മടങ്ങിയതോടെ ഡോ. നാരായണന്‍ പുതുശേരി എന്ന എണ്‍പതുകാരൻ്റെ യാത്രകള്‍ ചരിത്രമാവുകയാണ്. ഏപ്രില്‍ മാസം ജപ്പാന്‍ കൂടി സന്ദര്‍ശിച്ച് തൻ്റെ ലോക യാത്രകള്‍ക്ക് വിരാമമിടാനാണ് നാരായണന്‍ ഉദ്ദേശിക്കുന്നത്. എന്നാല്‍ യാത്രകള്‍ അവസാനിപ്പിക്കുകയല്ല മറിച്ച് ദക്ഷിണേന്ത്യന്‍ ഗ്രാമങ്ങളിലെ ജനജീവിതം നേരിട്ടറിയാന്‍ സ്വദേശ യാത്രകള്‍ നടത്താനാണ് നാരായണന്‍റെ തീരുമാനം.

അടിക്കടിയുള്ള യാത്രകള്‍ ഇഷ്‌ടമല്ലാത്ത ഭാര്യ ജാനകിയമ്മക്ക് ഒരു മോഹമുണ്ട്, നേപ്പാള്‍ സന്ദര്‍ശിക്കണമെന്ന്. ഇടിവിക്കു വേണ്ടി അവരുടെ പ്രതികരണം തേടുന്നതിനിടെയാണ് ജാനകിയമ്മ ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാല്‍ യാത്രയല്ലേ നാരായണന് പൂര്‍ണ സമ്മതമെന്ന് മറുപടിയും.

മട്ടന്നൂര്‍ ഗാന്ധി റോഡിലെ 'മിഥില'യില്‍ നിന്ന് ജപ്പാന്‍ എന്ന രാജ്യത്തെ സ്വപ്‌നം കാണുകയാണ് നാരായണന്‍. ഏഴ് ഭൂഖണ്ഡങ്ങള്‍ താണ്ടിയെങ്കിലും യാത്രകള്‍ ഇനി സ്വന്തം നാട്ടിലെ ജനതയെക്കുറിച്ച് മനസിലാക്കാനും അവരുടെ ആചാരാനുഷ്‌ഠാനങ്ങളും ജീവിതവും നേരിട്ടറിയുന്നതിനും വേണ്ടിയാണ്.

നാരായണന്‍റെ യാത്രകള്‍ (ETV Bharat)

പശ്ചിമഘട്ടത്തിൻ്റെ സൗന്ദര്യവും സസ്യലതാതികളും താഴ്വരകളും എല്ലാം സന്ദര്‍ശിച്ച് രേഖപ്പെടുത്തി ഒരു ഗ്രന്ഥ രചന കൂടി നടത്താനും നാരായണന് മോഹമുണ്ട്. ഇന്ത്യന്‍ നേവിയിലെ മിസൈല്‍ ബോട്ട് മെയിൻ്റനൻസ് വിഭാഗത്തില്‍ സേവനമനുഷ്‌ഠിക്കുമ്പോള്‍ യാത്രകള്‍ക്ക് ലഭിക്കുന്ന എല്ലാ അവസരങ്ങളും നാരായണന്‍ വിനിയോഗിച്ചിരുന്നു. യാത്രാലക്ഷ്യത്തോടെ മേലുദ്യോഗസ്ഥരില്‍ നിന്നും അനുമതി വാങ്ങിയെടുക്കുകയും ചെയ്യാറുണ്ട്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

മഹാരാഷ്ട്രയിലെ മാത്തേരനില്‍ നിന്നും നാരോഗേജ് തീവണ്ടിയില്‍ മലയിടുക്കുകളിലെ പ്രകൃതിയെ കണ്ടറിഞ്ഞുള്ള യാത്ര നാരായണന് ഇന്നും ഓര്‍മ്മകളില്‍ തുടിച്ചു നില്‍ക്കുന്നു. അധികാരികളില്‍ നിന്നും അവധി നീട്ടി വാങ്ങി കശ്‌മീര്‍ സന്ദര്‍ശിച്ചതും മറക്കാനാവില്ല. പ്രായമാകുന്തോറും യാത്രകളുടെ സുഖം കൂടിവരികയാണെന്ന് നാരായണന്‍ പറയുന്നു. യുവത്വത്തിൻ്റെ പ്രസരിപ്പും ആര്‍ജ്ജവവും കൈവിടാതെയാണ് ഓസ്‌ട്രേലിയയും ന്യൂസിലൻ്റും കണ്ട് മടങ്ങിയത്.

നേവിയില്‍ നിന്നും വിരമിച്ച് കസ്റ്റംസില്‍ ജോലി ചെയ്യവേ കേരളത്തില്‍ നിന്നും ആദ്യമായി കൈലാസ യാത്ര നടത്തിയ സംഘത്തില്‍ നാരായണനും സ്ഥാനം പിടിച്ചിരുന്നു. മോഹന്‍ലാല്‍ ഉള്‍പ്പെടെയുളളവരായിരുന്നു സംഘത്തിൽ ഉണ്ടായിരുന്നത്. എന്നാല്‍ വടക്കുംനാഥന്‍ എന്ന സിനിമയുടെ ചിത്രീകരണ സമയത്ത് പരിക്കേറ്റതിനാല്‍ മോഹന്‍ലാലിൻ്റെ യാത്ര മുടങ്ങുകയായിരുന്നു. എന്നാല്‍ മോഹന്‍ലാല്‍ കൈലാസത്തിലേക്ക് പോകുന്നുണ്ടെന്നറിഞ്ഞ് മാധ്യമ പ്രവര്‍ത്തകരും യാത്രാ സംഘത്തില്‍ ഉണ്ടായിരുന്നു.

പ്രമുഖ സഞ്ചാര സാഹിത്യകാരനായ എസ്കെ പൊറ്റക്കാടിൻ്റെ പാതിരാ സൂര്യൻ്റെ നാട്ടില്‍ എന്ന ഗ്രന്ഥം വായിച്ചതോടെയാണ് നാരായണന് യാത്രാ മോഹം ഉണര്‍ന്നത്. ശിവപുരം സ്‌ക്കൂളില്‍ ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ പുസ്‌തകം വായിച്ച ലഹരിയില്‍ തലശേരിയിലേക്ക് വിനോദ യാത്ര നടത്തിയിരുന്നു. അമ്പത് രാജ്യങ്ങള്‍ ഇതുവരെയായി പൂര്‍ത്തീകരിച്ചു കഴിഞ്ഞു.

ആരോഗ്യവും സമയവുമുളളപ്പോള്‍ സഞ്ചരിക്കുക എന്നതാണ് നാരായണൻ്റെ രീതി. യൂറോപ്പിൻ്റെ ചരിത്രം, ആഫ്രിക്കയുടെ സൗന്ദര്യം, അമേരിക്കയുടെ ആധുനികത വിവിധ സംസ്‌കാരങ്ങള്‍, ജീവിത ശൈലി, ഭക്ഷണ രീതി എന്നിവയെല്ലാം നേരിട്ട് അനുഭവിച്ചറിയാന്‍ കഴിഞ്ഞു. എസ്കെ പൊറ്റക്കാട് പറഞ്ഞതുപോലെ ലോകത്തിൻ്റെ ഏത് കോണിലെത്തിയാലും വടക്കേ മലബാറിലെ സ്വന്തം നാട്ടിലെ അനുഭൂതി വേറൊരിടത്തും ലഭിക്കുകയില്ലെന്ന് നാരായണന്‍ പറയുന്നു.

നാരായണനൊപ്പം കൂടുതല്‍ യാത്ര ചെയ്യുന്നില്ലെങ്കിലും സര്‍വ്വ വിധ പിന്തുണയും ഭാര്യ ജാനകിയമ്മ നല്‍കുന്നു. 2022ല്‍ അൻ്റാര്‍ട്ടിക്കയില്‍ രണ്ടാഴ്‌ചക്കാലം കപ്പലിലെ സഞ്ചാരം. 2015ല്‍ കംബോഡിയ. 2018ല്‍ യൂറോപ്പിലെ പത്ത് രാജ്യങ്ങള്‍. 2019ല്‍ ഐക്യരാഷ്ട്ര സഭ സുസ്ഥിര വികസന അവലോകന സമ്മേളനത്തില്‍ പ്രതിനിധി.

ജോലിക്കൊപ്പം പഠനത്തിലും കേന്ദ്രീകരിച്ചിരുന്ന നാരായണന്‍ രാഷട്രമീമാംസയില്‍ ബിരുദാനന്തര ബിരുദവും നാച്യുറോപ്പതിയില്‍ പിഎച്ച്‌ഡിയും നേടിയിരുന്നു. മട്ടന്നൂരിലെ അറിയപ്പെടുന്ന സാമൂഹ്യ പ്രവര്‍ത്തകനാണ് നാരായണന്‍. ഓയിസ്‌ക എജുക്കേഷണല്‍ ആൻ്റ് ചാരിറ്റബിള്‍ ട്രസ്റ്റ് അംഗമാണ്. മക്കള്‍ അധ്യാപികയായ സീമ, എസ്ബിഐ. മാനേജര്‍ രേഷ്‌മ, മര്‍ച്ചൻ്റ് നേവി ക്യാപ്റ്റന്‍ ഗിരീഷ്.

ALSO READ: സൗത്ത് ഏഷ്യ ട്രാവൽ ആൻഡ് ടൂറിസം എക്സ്ചേഞ്ചിൽ ലോക ശ്രദ്ധ പിടിച്ചുപറ്റി റാമോജി ഫിലിം സിറ്റി