ETV Bharat / travel-and-food

ഥാറിൽ ഒറ്റയ്ക്ക് ലോകം ചുറ്റുന്ന മലയാളി വനിത; ഇത് സ്വപ്‌നങ്ങളെ പിന്തുടർന്ന നാജി നൗഷിയുടെ കഥ

വനിതാ ദിനം ആഘോഷിക്കുമ്പോൾ കേരളത്തിന് അഭിമാനമായി നിൽക്കുന്ന ഒരു പേരാണ് നാജി നൗഷി. സാധാരണ ഗൃഹജീവിതത്തിൻ്റെ ചട്ടക്കൂടിൽ ഒതുങ്ങാതെ, സ്വന്തമായി ഡ്രൈവിങ് പഠിച്ച് യാത്രയെ ജീവിതത്തിൻ്റെ ഭാഗമാക്കി മാറ്റുകയാണ് നാജി.

നാജി നൗഷി വനിതാ സാഹസിക സഞ്ചാരി  സഞ്ചാരം  യാത്രകൾ  സോളോ യാത്രകൾ
female adventurer naji naushi (ETV Bharat)
author img

By ETV Bharat Kerala Team

Published : March 8, 2026 at 12:29 PM IST

3 Min Read
Choose ETV Bharat

മലപ്പുറം: അഞ്ചു മക്കളുടെ അമ്മ, ഒരു സാധാരണ വീട്ടമ്മ... എന്നാൽ ഈ വിശേഷണങ്ങൾക്കപ്പുറം ലോകം ഇന്ന് നാജി നൗഷിയെ അറിയുന്നത് 'ഒറ്റയ്ക്ക് ലോകം ചുറ്റുന്ന മലയാളി വനിത' എന്ന നിലയിലാണ്. തൻ്റെ പ്രിയപ്പെട്ട ഥാർ എന്ന വാഹനത്തിൽ മണലാരണ്യങ്ങളും മഞ്ഞുമലകളും താണ്ടി നാജി നടത്തുന്ന ഓരോ കിലോമീറ്ററും ഓരോ ചരിത്രമാണ്.

നാല് ചുവരുകൾക്കുള്ളിൽ ഒതുങ്ങേണ്ടതല്ല പെൺസ്വപ്നങ്ങളെന്ന് സ്വന്തം ജീവിതം കൊണ്ട് തെളിയിച്ചവൾ. ഒരു മഹീന്ദ്ര ഥാറിൽ കണ്ണൂർ മുതൽ ഖത്തർ വരെയും, അവിടെനിന്ന് ഭൂഖണ്ഡങ്ങൾ താണ്ടിയും നാജി നൗഷി നടത്തുന്ന യാത്രകൾ കേവലം കാഴ്‌ചകൾക്ക് വേണ്ടിയുള്ളതല്ല, അത് ആത്മവിശ്വാസത്തിൻ്റെയും അതിരുകളില്ലാത്ത ഇച്ഛാശക്തിയുടെയും വിളംബരമാണ്...

സ്വപ്‌നങ്ങളെ പിന്തുടർന്ന നാജി നൗഷി (ETV Bharat)

യാത്രയിലൂടെ ജീവിതം ആസ്വദിക്കുകയാണ് കണ്ണൂർ തലശ്ശേരി സ്വദേശിയായ നാജി നൗഷി. സാധാരണ ഗൃഹജീവിതത്തിൻ്റെ ചട്ടക്കൂടിൽ ഒതുങ്ങാതെ, സ്വന്തമായി ഡ്രൈവിങ് പഠിച്ച് യാത്രയെ ജീവിതത്തിൻ്റെ ഭാഗമാക്കി മാറ്റുകയാണ് നാജി. 2020ലാണ് ഇന്ത്യയ്ക്കകത്തും പുറത്തുമായി ദീർഘദൂര യാത്രകൾ ആരംഭിച്ചത്. 5 മക്കളുടെ അമ്മ കൂടിയായ ഈ 35 കാരി ഇതിനകം 26 രാജ്യങ്ങളിലൂടെ 80,000 കിലോമീറ്റർ ദൂരം മഹേന്ദ്ര ഥാർ വാഹനത്തിൽ പൂർത്തിയാക്കി കഴിഞ്ഞു. മഹേന്ദ്ര ഥാർ വാഹനവും സോളാ യാത്രയും ഒഴിവാക്കിയ ഒരു ജീവിതത്തെപ്പറ്റി നാജിക്ക് ആലോചിക്കാൻ കൂടി സാധിക്കില്ല.

ഓഫ് റോഡ് യാത്ര

നാജി നൗഷി കക്കാടംപൊയിലിലെ ഏറ്റവും ഉയരം കൂടിയ നായാടംപൊയിലെ റോക്ക് വെൽ റിസോർട്ടിലേക്കാണ് മഹീന്ദ്ര ഥാർ വാഹനത്തിൽ ഓഫ് റോഡ് യാത്രക്കായി എത്തിയത്. 55 പേരാണ് മഞ്ചേരിയിലെ ക്ലബ് ഒരുക്കിയ ഓഫ് റോഡ് വാഹന യാത്രക്ക് എത്തിയത്. ഇതിൽ നാജി നൗഷിയാണ് ഏക വനിത.

'കേരളത്തിൽ തന്നെ ആദ്യമായാണ് ഇത്തരത്തിലുള്ള ഒരു റാലി നടക്കുന്നത്. മൂന്ന് കിലോമീറ്ററോളും ഓഫ് റോഡും നാല് കിലോമീറ്റർ ഓണ്‍ റോഡ് യാത്രകളും നടത്തി. ഇതിൽ ഞാൻ മാത്രമാണ് സ്‌ത്രീയായിട്ടുള്ളത്, ഇനിയും ഒരുപാട് സ്‌ത്രീകൾ ഇതിലേയ്‌ക്ക് വരട്ടെയന്ന് ഞാൻ ആഗ്രഹിക്കുന്നു. ആദ്യമായിട്ടാണ് കേരളത്തിൽ ഇങ്ങനത്തെ ഒരു ഓഫ് റോഡ് യാത്ര ഞാൻ നടത്തുന്നത്' നാജി പറഞ്ഞു.

മഹേന്ദ്ര ഥാർ വാഹനത്തിലൂടെയുള്ള യാത്രാ വിവരങ്ങൾ പങ്കുവയ്ക്കുമ്പോൾ ഇവരുടെ ആവേശവും വാനോളം ഉയർന്നു. നായാടംപൊയിൽ ഊട്ടി, മൂന്നാർ എന്നിവിടങ്ങളിൽ നിന്നായി വിനോദസഞ്ചാരികളുടെ മനസ് കീഴടാക്കാൻ തുടങ്ങിയതായും ഇവർ പറഞ്ഞു. മാനസിക സ്വാതന്ത്ര്യവും സ്വപ്‌നസഫലീകരണവുമാണ് യാത്രകളുടെ ലക്ഷ്യമെന്ന് നാജി പറയുന്നു. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും, ലക്ഷദ്വീപും ഉൾപ്പെടെ നിരവധി സ്ഥലങ്ങൾ സന്ദർശിച്ച ശേഷമാണ് അന്താരാഷ്ട്ര യാത്രകളിലേക്ക് കടന്നത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

യാത്രകളിലൂടെ...

2022ൽ ഫുട്ബോൾ ലോകകപ്പ് നടക്കുന്ന ഖത്തറിലേക്ക് നാജി സ്വയം വാഹനം ഓടിച്ചെത്തിയത് ഏറെ ശ്രദ്ധ നേടിയിരുന്നു. തുടർന്ന് ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെ 26 രാജ്യങ്ങളിലൂടെ 80,000 കിലോമീറ്ററിലധികം ദൂരം പിന്നിട്ട് നാജി തൻ്റെ സോളോ യാത്രകൾ തുടർന്നു. ഇറാൻ, അഫ്‌ഗാൻ പോലുള്ള വെല്ലുവിളി നിറഞ്ഞ രാജ്യങ്ങളിലേക്കുള്ള യാത്രകൾ സ്ത്രീയെന്ന നിലയിൽ വലിയ ധൈര്യപരീക്ഷണമായിരുന്നുവെന്ന് നാജി തന്നെ വ്യക്തമാക്കുന്നു. അഫ്‌ഗാനിലെ ജനങ്ങളുടെ ജീവിതാവസ്ഥകളും അവിടുത്തെ മനുഷ്യസ്നേഹവും ഇന്നും മനസിൽ തങ്ങിനിൽക്കുന്ന അനുഭവങ്ങളാണെന്നും ഇവർ പറയുന്നു.

നിലമ്പൂർ നായാടംപൊയിൽ നിന്നും ഞായറാഴ്‌ച നേരിട്ട് കണ്ടപ്പോൾ, യാത്രയെ കുറിച്ച് സംസാരിച്ച നാജി നൗഷി, ഭയം മാറ്റിവെച്ച് മുന്നോട്ടുപോകാൻ തീരുമാനിച്ചപ്പോഴാണ് ലോകം തുറന്നതെന്ന് വ്യക്തമാക്കി. സ്ത്രീകൾക്ക് യാത്ര അസാധ്യമായ കാര്യമല്ലെന്നും, മനസുണ്ടെങ്കിൽ ഏത് സാഹചര്യവും മറികടക്കാൻ കഴിയുമെന്നും അവർ പറഞ്ഞു. യാത്രകളിൽ കണ്ട മനുഷ്യരുടെ സ്നേഹമാണ് ഏറ്റവും വലിയ സമ്പാദ്യമെന്നും ലോകത്തെക്കുറിച്ചുള്ള മുൻവിധികൾ മാറ്റാൻ യാത്രകൾ സഹായിച്ചുവെന്നും പറഞ്ഞു.

നാജിക്ക് യാത്ര വെറും സഞ്ചാരമല്ല, ജീവിതത്തെ പുതുതായി മനസിലാക്കാനുള്ള ഒരു മാർഗം കൂടിയാണ്. സ്വന്തം ആത്മാവിനെ കണ്ടെത്താനും സ്ത്രീകൾക്കും സ്വപ്‌നങ്ങൾക്കായി പുറത്തേക്ക് ഇറങ്ങാൻ പ്രചോദനമാകാനുമാണ് ഈ യാത്രകളെന്ന് നാജി നൗഷി പറയുന്നു.

ALSO READ: യാത്രകൾ മരുന്നാക്കിയ സറീന, ഇത് പെൺയാത്രകളുടെ വയനാടൻ പെരുമ; കൂട്ടിന് ട്രക്കാവോ