ഡിന്നറിന് അൽപം കഞ്ഞിയെടുക്കട്ടെ? കെഎഫ്‌സിയൊക്കെ അങ്ങ് മാറി നിൽക്കും, ആള് ചില്ലറക്കാരനല്ല...
ആരോഗ്യത്തിന് ഏറ്റവും യോജിച്ച ഭക്ഷണങ്ങളിലൊന്ന് അഥവാ കംപ്ലീറ്റ് ഫൂഡ് എന്നാണ് സാക്ഷാൽ കഞ്ഞിയുടെ ഓമനപ്പേര്. വളരെ വേഗത്തിൽ തന്നെ തയാറാക്കാനും സാധിക്കുന്ന ഒന്നാണ് ഈ വിഭവം.

Published : December 8, 2025 at 8:45 PM IST
ക്ഷീണം, നിർജലീകരണം, പനി, ഉന്മേഷക്കുറവ് എന്നിങ്ങനെ എന്ത് തന്നെയായാലും അൽപം കഞ്ഞി കുടിച്ചാൽ കിട്ടുന്നൊരു ആശ്വാസമുണ്ട്. പണ്ടേതോ സിനിമയിൽ പറഞ്ഞപോലെ 'എൻ്റെ സാറേ... ചുറ്റുമുള്ളതൊന്നും കാണാൻ പറ്റൂല്ല'. സംഭവം കഞ്ഞി അൽപം പഴഞ്ചൻ ആണെങ്കിലും ആരോഗ്യ ഗുണത്തിൽ കേമനാണ്.
രാത്രി അൽപം കഞ്ഞി കുടിക്കുന്നതും നല്ലതാണ്. ദഹനത്തിനും വയറിൻ്റെ ഉപാപജയ പ്രവർത്തനങ്ങള്‍ക്കുമെല്ലാം കഞ്ഞി കേമനാണ്. ആരോഗ്യത്തിന് ഏറ്റവും യോജിച്ച ഭക്ഷണങ്ങളിലൊന്ന് അഥവാ കംപ്ലീറ്റ് ഫുഡ് എന്നാണ് സാക്ഷാൽ കഞ്ഞിയുടെ ഓമനപ്പേര്. വളരെ വേഗത്തിൽ തന്നെ തയാറാക്കാനും സാധിക്കുന്ന ഒന്നാണ് ഈ വിഭവം. അൽപം പയർ കൂടി ചേർത്താൽ പിന്നെ പെർഫെക്‌ട്.
കഞ്ഞിയിലെ അന്നജവും ചെറുപയറിലെ പ്രോട്ടീനും ഏറ്റവും മികച്ച കൂട്ടുകാരാണെന്ന് വേണേൽ പറയാം. അത്രയ്‌ക്ക് ചേർച്ചയാണ്. അൽപം പാൽകഞ്ഞിയിൽ ലേശം പയർ ചേർത്ത് കഴിക്കുന്ന സുഖമൊന്നും വേറെ ഒന്നിനും കിട്ടില്ല. കെഎഫ്‌സിയൊക്കെ അങ്ങ് മാറി നിൽക്കും. കഞ്ഞിയോടൊപ്പം ആരോഗ്യ ഗുണമുള്ളതാണ് കഞ്ഞിവെള്ളം. പോഷകസമൃദ്ധമായ വെജിറ്റബിൾ സൂപ്പാണ് കഞ്ഞിവെള്ളം. അരിയിലെ തവിടും കഞ്ഞിവെള്ളവും കളയുമ്പോൾ ബി കോംപ്ലക്‌സ് ജീവകങ്ങളും ഫൈബറുമാണു നഷ്‌ടമാക്കുന്നതെന്ന് മറക്കണ്ട.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അന്നജം അഥവാ കാർബോഹൈഡ്രേറ്റിൻ്റെ കവറയാണ് കഞ്ഞി. ശരീരത്തിനാവശ്യമായ ഊർജത്തിൻ്റെ 60% ലഭിക്കേണ്ടത് അന്നജത്തിൽ നിന്നാണ്. അതിനാൽ തന്നെ കഞ്ഞി കുടിച്ചാൽ കിട്ടുന്ന ഉന്മേഷമൊന്നും മറ്റൊരു ഭക്ഷണത്തിനും അവകാശപ്പെടാൻ കഴിയില്ല. തയമിൻ അഥവാ വൈറ്റമിൻ ബി1 തവിടിൽ അടങ്ങിയിട്ടുള്ളതിനാൽ തന്നെ പോഷകത്തിൻ്റെ കാര്യത്തിൽ കഞ്ഞിയ്‌ക്ക് യാതൊരു വിട്ടുവീഴ്‌ചയില്ല.
ഹൃദയ, നാഡീഞരമ്പ് ആരോഗ്യത്തിനു വേണ്ട തയമിൻ തവിടിൽ ധാരാളമുണ്ട്. തവിട് അടങ്ങിയ കുത്തരിക്കഞ്ഞിയാണ് ഏറ്റവും ഉത്തമം. കൊഴുപ്പിൻ്റെ ആഗിരണത്തെ തടയാനും ജീവിതശൈലീ രോഗങ്ങളെ നിയന്ത്രിക്കാനും നാരുകളടങ്ങിയ കഞ്ഞി നല്ലതാണ്. എന്നാൽ പഴങ്കഞ്ഞിയാക്കുമ്പോൾ ഈ പോഷകമൂല്യങ്ങളെല്ലാം വർധിക്കും.
കഞ്ഞികുടിച്ചാൽ കൊളസ്ട്രോളും കൊഴുപ്പും കൂടുമെന്ന പ്രചാരണങ്ങളെല്ലാം അടിസ്ഥാനരഹിതമെന്നും വിദഗ്‌ധർ പറയുന്നുണ്ട്. വ്യായാമം കുറവായതിനാൽ കഞ്ഞിയിൽനിന്നു ലഭിക്കുന്ന കൂടിയ അളവിലെ ഊർജം ഉപയോഗിക്കാതെ പോകുമ്പോഴാണ് അന്നജം കൊഴുപ്പായി മാറുന്നത്.
അതിനാൽ രാവിലെ വ്യായാമം ചെയ്യാനും ആരും മറക്കണ്ട. ശരിക്കും പറഞ്ഞാൽ വില്ലൻ കഞ്ഞിയല്ല, വ്യായാമക്കുറവാണ്. പെട്ടെന്ന് ആഗിരണം ചെയ്യുന്ന ഷുഗർ കൂടുതലുള്ളതിനാൽ പ്രമേഹരോഗികൾ കഞ്ഞി നിയന്ത്രിക്കുന്നതാണു നല്ലത്. ബാക്കിയുള്ളവർക്ക് അൽപം ഉന്മേഷക്കുറവുണ്ടെന്ന് തോന്നിയാൽ വേഗം അൽപം കഞ്ഞി കുടിച്ചോളൂ.
Also Read: കുടകിൻ്റെ പാരമ്പര്യ കലയ്‌ക്ക് പുനരുജ്ജീവനം; താള അകമ്പടിയോടെ കോലാട്ടത്തിനെ വരവേറ്റ് കുടകർ

