
ഡിന്നറിന് ഇന്നൊരു വെറൈറ്റി ആയാലോ... നല്ല കിടിലൻ രുചിയിൽ ഡ്രാഗണ്‍ ചിക്കൻ
ചപ്പാത്തി, ഫ്രൈഡ് റൈസ്, നെയ്‌ച്ചോറ് തുടങ്ങിയവയ്‌ക്കെല്ലാം ബെസ്‌റ്റ് കോംബിനേഷനാണ് ഈ ഡ്രാഗൺ ചിക്കൻ.

Published : October 18, 2025 at 3:27 PM IST
വെറൈറ്റി ആയി നോണ്‍വെജ് എന്തെങ്കിലും കഴിക്കണമെന്ന് തോന്നുന്നുണ്ടോ? എന്നാപ്പിന്നെ ഇൻഡോ- ചൈനീസ് ഭക്ഷണമായ ഡ്രാഗൺ ചിക്കൻ ഒന്ന് പരീക്ഷിച്ചാലോ? ചിക്കൻ പ്രേമികളാണ് നിങ്ങളെങ്കിൽ തീർച്ചയായും ഇതൊന്ന് കഴിച്ച് നോക്കണം. ചപ്പാത്തി, ഫ്രൈഡ് റൈസ്, നെയ്‌ച്ചോറ് തുടങ്ങിയവയ്‌ക്കെല്ലാം നല്ലൊരു കോംബിനേഷനാണ് ഈ ഡ്രാഗൺ ചിക്കൻ. എങ്ങനെയാണ് ഡ്രാഗൺ ചിക്കൻ തയാറാക്കേണ്ടത് എന്ന് നോക്കാം...
ആവശ്യമുള്ള ചേരുവകൾ
- ചിക്കൻ (ബോൺ ലെസ്)-500 ഗ്രാം
- ക്യാപ്‌സിക്കം -1
- സവാള -2
- മുട്ട -1
- വറ്റൽമുളക് -4
- റെഡ് ചില്ലി പേസ്റ്റ് -3 ടീസ്‌പൂൺ
- സോയാ സോസ് -2 ടീസ്‌പൂൺ
- റ്റൊമാറ്റൊ സോസ് -3 ടീസ്‌പൂൺ
- കശുവണ്ടി പരിപ്പ് -6
- കോൺഫ്ളോർ -1/2 കപ്പ്
- കുരുമുളക് പൊടി-1/2 ടീസ്‌പൂൺ
- ഉപ്പ്- ആവശ്യത്തിന്
- എണ്ണ- ആവശ്യത്തിന്
- പഞ്ചസാര -1 നുള്ള്
- ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ് -2 ടീസ്‌പൂൺ
പാചകം തുടങ്ങുന്നതിന് മുൻപ് ചില മുന്നൊരുക്കങ്ങള്‍ വേണ്ടതുണ്ട്. അതായത് ചേരുവകള്‍ എല്ലാം റെഡിയാക്കി വയ്‌ക്കണം. അതിനായി ചിക്കൻ, ക്യാപ്‌സിക്കം, സവാള എന്നിവ നീളത്തിൽ അരിഞ്ഞുവക്കുകയാണ് ആദ്യം ചെയ്യേണ്ടത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ശേഷം മുട്ട, കോൺഫ്ളോർ, കുറച്ച് ഉപ്പ്, സോയാ സോസ്, റെഡ് ചില്ലി പേസ്റ്റ്, കുരുമുളക് പൊടി, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് എന്നിവ നന്നായി യോജിപ്പിച്ച് ചിക്കനിൽ നന്നായി പുരട്ടി 15 മുതൽ 20 മിനിട്ട് വരെ ഫ്രിഡ്‌ജിൽ വയ്ക്കുക.
ശേഷം പാനിൽ എണ്ണ ഒഴിച്ച് ചൂടാക്കി ചിക്കൻ കഷണങ്ങൾ ഓരോന്നായി വറുത്തുകോരി മാറ്റി വയ്ക്കുക. അതേ പാനിലേക്ക് തന്നെ വറ്റൽ മുളക്, കശുവണ്ടി പരിപ്പ് ചെറുതായി അരിഞ്ഞത് എല്ലാം ചേർത്ത് മൂപ്പിക്കണം. മൂത്ത് വന്ന ചേരുവകളിലേക്ക് സവാള, ക്യാപ്‌സിക്കം എന്നിവ മുക്കാൽ വേവ് വരുന്നത് വരെ വഴറ്റിയെടുക്കണം. ഒരുപാട് വഴറ്റി കുഴഞ്ഞ് വരാതിരിക്കാൻ ശ്രദ്ധിക്കണം.
ഇതിലേയ്ക്ക് ബാക്കി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് വഴറ്റിക്കൊടുക്കണം. ബാക്കി റെഡ് ചില്ലി പേസ്റ്റ്, സോയാ സോസ്, റ്റൊമാറ്റൊ സോസ് എന്നിവയും, പാകത്തിനു ഉപ്പ്, പഞ്ചസാര എന്നിവയും കൂടെ ചേർത്ത് നന്നായി ഇളക്കി വഴറ്റിയെടുക്കുക.
കുറച്ച് കുറുകി വരുമ്പോൾ വറുത്ത് വച്ച ചിക്കൻ കഷണങ്ങൾ ഇട്ട് നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം അടുപ്പിൽ നിന്ന് മാറ്റാം. സ്പ്രിങ്ങ് ഒനിയൻ അരിഞ്ഞതും ചേർത്ത് വിളമ്പാം. രുചികരമായ ഡ്രാഗൺ ചിക്കൻ തയാർ.
Also Read: അടിപൊളി നാലുമണി പലഹാരം; കൊതിപ്പിക്കുന്ന സ്വാദും മണവുമുള്ള ഉരുളക്കിഴങ്ങ് ബോണ്ട - റെസിപ്പി

