ETV Bharat / technology

എഐ ഉള്ളടക്കങ്ങൾക്ക് ലേബൽ നൽകും: 'മെയ്‌ഡ് വിത്ത് എഐ ലേബൽ' ഫീച്ചറുമായി എക്‌സ്

കേന്ദ്ര സർക്കാർ ഐടി നിയമത്തിലെ ചട്ടങ്ങളിൽ ഭേദഗതി വരുത്തി വിജ്ഞാപനം പുറത്തിറക്കിയതിന് പിന്നാലെയാണ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ എഐ ഉള്ളടക്കങ്ങൾക്ക് ലേബൽ നൽകുന്നതിന് പുതിയ ഫീച്ചർ വരുന്നത്.

Etv Bharat
Etv Bharat (Etv Bharat)
author img

By ETV Bharat Tech Team

Published : February 24, 2026 at 4:14 PM IST

3 Min Read
Choose ETV Bharat

ഹൈദരാബാദ്: സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സ് (മുമ്പ് ട്വിറ്റർ) ആർടിഫിഷ്യൽ ഇന്‍റലിജൻസ് ഉപയോഗിച്ച് നിർമിക്കുന്ന ചിത്രങ്ങൾ തിരിച്ചറിയാൻ പുതിയ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങുന്നു. നിർമിക്കുന്ന ചിത്രങ്ങൾ പങ്കിടുന്നതിന് മുൻപ് ഉപയോക്താക്കൾക്ക് തന്നെ എഐ ലേബൽ നൽകാൻ സാധിക്കുന്നതാണ് പുതിയ സവിശേഷത. സ്വതന്ത്ര ഗവേഷകയായ @nima_owji പങ്കിട്ട ഒരു എക്‌സ് പോസ്റ്റ് അനുസരിച്ച് ഫോട്ടോകൾ, വീഡിയോകൾ അല്ലെങ്കിൽ ഓഡിയോ ഉള്ളടക്കം പൂർണ്ണമായും എഐ സൃഷ്‌ട്ടിച്ചതാണോ, അതോ എഐ ഉപകരണങ്ങൾ ഉപയോഗിച്ച് എഡിറ്റ് ചെയ്‌തതാണോ എന്ന് വെളിപ്പെടുത്താൻ 'മെയ്‌ഡ് വിത്ത് എഐ ലേബൽ' ഫീച്ചർ വഴി സാധിക്കും.

ഒരു ടോഗിളായി ഈ സവിശേഷത ദൃശ്യമാകും. എഐ ലേബലുകൾ ഉപയോഗിക്കുന്നതോടെ എക്‌സ് ഉപയോക്താക്കൾക്ക് എഐ നിർമിതം ഏതെന്നും യഥാർത്ഥത്തിലുള്ളത് ഏതെന്നും തിരിച്ചറിയാൻ സാധിക്കും. ഡീപ്ഫേക്കുകൾക്കെതിരെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനിടെയാണ് എക്‌സിലും പുതിയ നിയന്ത്രണം വരുന്നത്.

എന്താണ് പുതിയ ഭേദഗതി?
2026 ഫെബ്രുവരി 10ന്, ഇന്ത്യൻ സർക്കാർ പുറപ്പെടുവിച്ച ഇൻഫർമേഷൻ ടെക്നോളജി (ഇന്‍റർമീഡിയറി മാർഗ്ഗനിർദ്ദേശങ്ങളും ഡിജിറ്റൽ മീഡിയ എത്തിക്‌സ് കോഡും) ഭേദഗതി നിയമങ്ങൾ പ്രകാരം, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉൾപ്പെടെ എല്ലാ ഡിജിറ്റൽ ഇടനിലക്കാരും സിന്തറ്റിക്കലി ജനറേറ്റഡ് ഇൻഫർമേഷൻ (എഐ ഉള്ളടക്കങ്ങൾ) കണ്ടെത്തുന്നതിനും ലേബൽ ചെയ്യുന്നതിനും ചില സന്ദർഭങ്ങളിൽ നീക്കം ചെയ്യുന്നതിനുമുള്ള നടപടികൾ സ്വീകരിക്കേണ്ടതുണ്ട്.

എഐ ഉപയോഗിച്ചു നിർമിക്കുന്ന ഉള്ളടക്കങ്ങളിൽ വ്യക്തത വരുത്തണമെന്ന് നിഷ്കർഷിച്ചുകൊണ്ടാണ്ട് കേന്ദ്ര സർക്കാർ ഐടി നിയമത്തിലെ ചട്ടങ്ങളിൽ ഭേദഗതി വരുത്തി വിജ്ഞാപനം പുറത്തിറക്കിയത്. ഡീപ് ഫേക്ക് വീഡിയോകളും തെറ്റിദ്ധരിപ്പിക്കുന്ന മറ്റ് ഉള്ളടക്കങ്ങളും തടയുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് ഈ തീരുമാനം. പ്രാദേശിക നിയമങ്ങൾ ലംഘിക്കുന്ന തരത്തിലുള്ള ഉള്ളടക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അവ മൂന്ന് മണിക്കൂറിനുള്ളിൽ നീക്കം ചെയ്യണമെന്ന് പുതിയ വിജ്ഞാപനത്തിൽ കർശനമായി നിർദേശിക്കുന്നു.

നേരത്തെ കരട് ചട്ടങ്ങളിൽ ഉള്ളടക്കം നീക്കം ചെയ്യുന്നതിനായി 36 മണിക്കൂർ സമയം അനുവദിച്ചിരുന്ന സ്ഥാനത്താണ് പുതിയ ഭേദഗതി പ്രകാരം സമയം മൂന്ന് മണിക്കൂറായി ചുരുക്കി നിജപ്പെടുത്തിയിരിക്കുന്നത്. സാമൂഹ്യ മാധ്യമങ്ങളിൽ എഐ ഉപയോഗിച്ച് നിർമിക്കുന്ന ഉള്ളടക്കങ്ങളെ നിയന്ത്രിക്കുന്നതിനായി നേരത്തെ തന്നെ കരട് ചട്ടങ്ങൾ പുറത്തിറക്കിയിരുന്നുവെങ്കിലും ഇപ്പോൾ അത് വിജ്ഞാപനമായി മാറിയിരിക്കുകയാണ്.

പ്രധാന വ്യവസ്ഥകൾ എന്തൊക്കെ?

  • നിയമവിരുദ്ധമായ എഐ ജനറേറ്റഡ് ഓഡിയോ-വീഡിയോ ഉള്ളടക്കങ്ങളും, ഡീപ്പ്ഫേക്കുകളും തടയുന്നതിന് എല്ലാ ഡിജിറ്റൽ ഇടനിലക്കാരും ആവശ്യമായ സാങ്കേതിക നടപടികൾ നടപ്പിലാക്കണം.
  • നിയമപരവും തടയപ്പെടാത്തതുമായ ഒരു എഐ ഉള്ളടക്കത്തിൽ അത് എഐ ജനറേറ്റഡ് ആണെന്ന് വ്യക്തമായി കാണിക്കുന്ന ഒരു ലേബൽ ഉണ്ടായിരിക്കണം. ഈ ലേബൽ ശാശ്വതവും മെറ്റാഡാറ്റയുടെ ഭാഗവുമായിരിക്കണം.
  • എക്‌സ്, മെറ്റ പോലുള്ള പ്രധാന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ, ഉപയോക്താക്കൾ അവരുടെ ഉള്ളടക്കം അപ്‌ലോഡ് ചെയ്യുമ്പോൾ എഐ ജനറേറ്റഡ് ആണോ എന്ന് സൂചിപ്പിക്കാൻ അനുവദിക്കുന്ന ഒരു ഫീച്ചർ ചേർക്കേണ്ടതുണ്ട്. തുടർന്ന് പ്ലാറ്റ്‌ഫോമുകൾ സാങ്കേതിക ഉപകരണങ്ങൾ ഉപയോഗിച്ച് അത് പരിശോധിക്കുകയും ഉള്ളടക്കത്തിലേക്ക് ലേബലുകൾ ചേർക്കുകയും ചെയ്യും.
  • ഒരു ശരാശരി ഉപയോക്താവിന് പോലും കൃത്രിമമാണെന്ന് എളുപ്പത്തിൽ മനസിലാക്കാൻ കഴിയുന്ന തരത്തിൽ എഐ ഉള്ളടക്കം ലേബൽ ചെയ്യണം.
  • സർക്കാർ അല്ലെങ്കിൽ കോടതി ഉത്തരവുകൾ പ്രകാരം നിയമവിരുദ്ധമായ ഉള്ളടക്കം മൂന്ന് മണിക്കൂറിനുള്ളിൽ നീക്കം ചെയ്യണം. മുൻ നിയമങ്ങൾക്ക് 36 മണിക്കൂർ ദൈർഘ്യമുണ്ടായിരുന്നു.

ഉപയോക്താക്കൾക്ക് ഓരോ മൂന്ന് മാസത്തിലും മുന്നറിയിപ്പ് നൽകേണ്ടതുണ്ട്. കൂടാതെ എഐ ഉപയോഗിച്ച് സൃഷ്‌ട്ടിക്കുന്നവയിലും അധിക മുന്നറിയിപ്പുകൾ നൽകേണ്ടതുണ്ട്.

സിന്തറ്റിക് ഉള്ളടക്കത്തിനും പുതിയ നിർവചനം
എഐ സൃഷ്ടിച്ചതും സിന്തറ്റിക് ആയതുമായ ഉള്ളടക്കങ്ങൾക്ക് നിയമപരമായ നിർവചനം നൽകുന്നതാണ് പുതിയ ചട്ടങ്ങളിലെ പ്രധാന ഭാഗം. കംപ്യൂട്ടിങ് സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമിച്ചതോ മാറ്റം വരുത്തിയതോ ആയ ഫോട്ടോകൾ, വീഡിയോകൾ, ഗ്രാഫിക്സ്, ശബ്ദരേഖകൾ എന്നിങ്ങനെ വിവിധ തരം മാധ്യമങ്ങളെ ഉൾക്കൊള്ളുന്നതാണ് ഈ നിർവചനം. സിന്തറ്റിക് കണ്ടൻ്റ് എന്ന പദം ഉൾപ്പെടുത്തിയതാണ് മറ്റൊരു പ്രധാന മാറ്റം.

കംപ്യൂട്ടിങ് സാങ്കേതികവിദ്യയോ എഐയോ ഉപയോഗിച്ച് ബോധപൂർവം നിർമിച്ചതോ മാറ്റം വരുത്തിയതോ ആയ ഓഡിയോ, ഇമേജ്, വീഡിയോ എന്നിവയാണിത്. പ്രേക്ഷകർക്ക് തിരിച്ചറിയാൻ കഴിയാത്ത വിധം മാറ്റം വരുത്തിയവയാകും ഇവ. യഥാർഥ വ്യക്തികൾ പറയാത്ത കാര്യങ്ങൾ പറയുന്നതായോ ചെയ്യാത്ത കാര്യങ്ങൾ ചെയ്യുന്നതായോ കാണിക്കുന്ന ഡീപ്ഫേക്കുകളെ ഇത് നേരിട്ട് ലക്ഷ്യമിടുന്നു. ഐടി നിയമങ്ങൾക്ക് കീഴിലുള്ള മറ്റ് നിയമവിരുദ്ധ വിവരങ്ങൾക്ക് തുല്യമായിട്ടായിരിക്കും സിന്തറ്റിക് ഉള്ളടക്കങ്ങളെയും പരിഗണിക്കുകയെന്ന് ഭേദഗതികൾ വ്യക്തമാക്കുന്നു. അതേസമയം അടിസ്ഥാന ഫോട്ടോ എഡിറ്റിങ്, കളർ കറക്ഷൻ, നോയിസ് റിഡക്ഷൻ, സബ്‌ടൈറ്റിലുകൾ, വിവർത്തനം, വിദ്യാഭ്യാസ സാമഗ്രികൾ തയ്യാറാക്കൽ തുടങ്ങിയവ തെറ്റിദ്ധരിപ്പിക്കുന്നില്ലെങ്കിൽ സിന്തറ്റിക് കണ്ടൻ്റായി കണക്കാക്കില്ലെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

Also Read:

  1. പെട്ടന്ന് ചാർജാകും, ബാറ്ററി ലൈഫും കൂടുതൽ: സ്‌നാപ്‌ഡ്രാഗൺ ചിപ്‌സെറ്റിന്‍റെ കരുത്തിൽ 50MP സോണി ക്യാമറയുമായി iQOO 15R
  2. പുതിയ ഗ്ലിഫ് ബാർ, സിഗ്നേച്ചർ ഡിസൈൻ കൈവിടാതെ ട്രാൻസ്‌പാരന്‍റ് ലുക്കിൽ നത്തിങ് ഫോൺ 4a: ഫസ്റ്റ് ലുക്ക് പുറത്ത്
  3. വിവോ വി70 സീരിസിലെ മൂന്നാമൻ: 'വി70 എഫ്ഇ' വരുന്നു; ലോഞ്ച് എപ്പോൾ?
  4. 'ബർത്ത് ഡേ വിഷ്' 12 മണിക്ക് മുൻപെ ഷെഡ്യൂൾ ചെയ്യാം: വാട്ട്‌സ്‌ആപ്പിൽ പുതിയ ഫീച്ചർ വരുന്നു
  5. സാഹസികതയ്‌ക്ക് ഇവൻ മതി! ഓഫ്‌ റോഡിങിൽ കരുത്ത് കാണിക്കാൻ ഇസുസു വി-ക്രോസ്