മനുഷ്യക്കണ്ണുകളെ പറ്റിക്കാം, പക്ഷേ എ.ഐയെ നടക്കില്ല! സുകുമാരക്കുറുപ്പിൻ്റെ ഫോട്ടോയുടെ സത്യം പുറത്തുകൊണ്ടുവന്ന 'ArcFace' രഹസ്യം..
സുകുമാരക്കുറുപ്പിൻ്റെ പേരിലുള്ള വൈറൽ ഫോട്ടോയുടെ കള്ളക്കളി പൊളിച്ചതിങ്ങനെ... എഐ വിദഗ്‌ധൻ ഇടിവി ഭാരതിനോട് പ്രതികരിക്കുന്നു...

Published : August 29, 2026 at 3:27 PM IST
ജവാദ് ഇല്ലിക്കല്‍
'കുറുപ്പ് ബ്രൂണെയിലുണ്ട്!' എന്ന സ്വകാര്യ ചാനലിൻ്റെ ഒറ്റ വെളിപ്പെടുത്തലോടെയാണ് ആ പഴയ ക്രൈം ഫയലുകൾ കേരളത്തിൽ വീണ്ടും ശക്തിപ്പെട്ടത്. എന്നാൽ മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും പ്രചരിച്ച വയോധികൻ്റെ വൈറൽ ചിത്രം പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പല്ല എന്ന് മണിക്കൂറുകള്‍ക്കകം തെളിയിക്കപ്പെട്ടു.

നാൽപ്പത് വർഷത്തിലേറെയായി കേരള പൊലീസിൻ്റെ കണ്ണുവെട്ടിച്ച് നടക്കുന്ന പിടികിട്ടാപ്പുള്ളിയാണ് സുകുമാരക്കുറുപ്പ്. കേരള പൊലീസിനെയും സൈബർ വിദഗ്‌ധരെയും ഒരേപോലെ വട്ടംകറക്കിയ ആ വലിയ 'മിസ്റ്ററി' ശാസ്ത്രീയമായി പൊളിച്ചടുക്കിയത് എങ്ങനെയാണ്...? യഥാര്‍ഥത്തില്‍ ആധുനിക സാങ്കേതികവിദ്യയുടെയും കൃത്യമായ അന്വേഷണത്തിൻ്റെയും സഹായത്തോടെയാണ് ഈ രഹസ്യം ചുരുളഴിച്ചതെന്ന് പറയാം.
അത്യാധുനിക എ.ഐ മോഡലുകളുമായി പ്രമുഖ എ.ഐ വിദഗ്‌ധനും കൺവായ് ഇന്നൊവേഷൻസ് സി.ഇ.ഒയുമായ എം. നന്ദകിഷോർ രണ്ട് ചിത്രങ്ങളും താരതമ്യം ചെയ്‌ത് നടത്തിയ കണ്ടെത്തലുകള്‍ ഈ കേസില്‍ നിര്‍ണായകമായിരുന്നു. കുറുപ്പിൻ്റേതെന്ന തരത്തില്‍ പ്രചരിച്ചത് വ്യാജ ചിത്രമെന്നത് ശാസ്‌ത്രീയമായി എങ്ങനെയാണ് കണ്ടെത്തിയതെന്ന് ഇടിവി ഭാരതിനോട് പ്രതികരിക്കുകയാണ് എം. നന്ദകിഷോർ...

ആധുനിക ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സാങ്കേതികവിദ്യകളുടെയും അത്യാധുനിക ഫേസ് റെക്കഗ്നിഷൻ മോഡലുകളുടെയും സഹായത്തോടെ നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് പ്രചരിച്ച ചിത്രം സുകുമാരക്കുറുപ്പിൻ്റേതല്ല എന്ന് അസന്നിഗ്ദ്ധമായി തെളിയിക്കപ്പെട്ടതെന്ന് നന്ദകിഷോര്‍ ഇടിവി ഭാരതിനോട് പ്രതികരിച്ചു.
എന്താണ് ആര്‍ക്ക് ഫേസ് ഫേഷ്യൽ റെക്കഗ്നിഷൻ?

1984-ലെ സുകുമാരക്കുറുപ്പിൻ്റെ ഒറിജിനൽ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളും ബ്രൂണെയിൽ നിന്നുള്ള പുതിയ ചിത്രവും തമ്മിൽ താരതമ്യം ചെയ്യാൻ 'ആർക്ക് ഫേസ്' ഫേഷ്യൽ റെക്കഗ്നിഷൻ പരീക്ഷണമാണ് താൻ നടത്തിയതെന്ന് അദ്ദേഹം വ്യക്തമാക്കി.
ലോകമെമ്പാടുമുള്ള അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും വൻകിട വ്യവസായ മേഖലകളിലും സുരക്ഷയ്ക്കായി ഉപയോഗിക്കുന്ന പ്രമുഖ ഫേസ് റെക്കഗ്നിഷൻ മോഡലാണ് 'ആർക്ക് ഫേസ്' എന്നും പ്രമുഖ പൊതുമേഖലാ സ്ഥാപനമായ ഐ.ഐ.റ്റി പാലക്കാട് ടെക്നോളജി ഐ-ഹബ് ഫൗണ്ടേഷനിൽ മുൻ പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്ററായിയും പ്രവര്‍ത്തിച്ച നന്ദകിഷോര്‍ പറഞ്ഞു. ചാറ്റ് ജിപിടി, ജെമിനി പോലുള്ളവയില്‍ എഐ ഫേസ് എക്‌സ്ട്രാഷൻ ടൂളുകളാണ് ഉപയോഗിക്കുന്നത്, അതുകൊണ്ട് തന്നെ ചിലപ്പോള്‍ ഫോട്ടോ സാമ്യമുണ്ടെന്ന തരത്തില്‍ ഫലം തെറ്റായി വരുമെന്നും ഫേസ് റെക്കഗ്നിഷൻ ടൂളുകള്‍ കൊണ്ട് മാത്രമേ ഇത് കണ്ടെത്താനാകൂവെന്നും ഇതിന് കൃത്യത വളരെയധികം കൂടുതലാണെന്നും അദ്ദേഹം വ്യക്തമാക്കി.

"സുകുമാരക്കുറുപ്പ് എന്ന തരത്തില്‍ സ്വകാര്യ ചാനല്‍ പുറത്തുവിട്ട ചിത്രം ആദ്യം കണ്ടപ്പോള്‍ തന്നെ എനിക്ക് സംശയമുണ്ടായിരുന്നു. 2023ലെ പുതിയ ഫോട്ടോയും 1980കളിലെ പഴയ ഫോട്ടോയും തമ്മില്‍ ഏകദേശം 40 വര്‍ഷത്തിനപ്പുറമുള്ള ഇടവേളയുണ്ട്. അതുകൊണ്ട് തന്നെ ഇതിൻ്റെ സത്യം പുറത്തുകൊണ്ടുവരാൻ ഫേസ് റെക്കഗ്നിഷൻ ടൂളുകള്‍ ഉപയോഗിച്ചാണ് പരീക്ഷണം നടത്തിയത്. എന്നാല്‍ ചാറ്റ് ജിപിടി പോലുള്ള എഐ ടൂളുകള്‍ ഇതിന് ഫലപ്രദമാകില്ല. പക്ഷേ ആർക്ക് ഫേസ് പോലുള്ള ഫേഷ്യല്‍ റെക്കഗ്നിഷൻ ടൂള്‍ 90 ശതമാനത്തിലേറെ കൃത്യത പുലര്‍ത്തുന്നതാണ്. അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ വളരെ ഈ ടൂളാണ് ഉപയോഗിക്കുന്നത്" അദ്ദേഹം വിശദീകരിച്ചു.
ഇത് എങ്ങനെ പ്രവര്‍ത്തിക്കുന്നു?

ഒരു മനുഷ്യൻ്റെ മുഖത്തിന് പ്രായമാകുമ്പോൾ തൊലി ചുളിയുമെങ്കിലും ചില അടിസ്ഥാന ഘടനകൾ ഒരിക്കലും മാറില്ല. പ്ലാസ്റ്റിക് സർജറി നടത്തിയാലും എ.ഐ കണ്ടെത്തും. ഒരു വ്യക്തിക്ക് ഏതാണ്ട് 40 വർഷത്തെ പ്രായവ്യത്യാസം സംഭവിച്ചാലും, അല്ലെങ്കിൽ ചെറിയ രീതിയിലുള്ള പ്ലാസ്റ്റിക് സർജറിക്ക് വിധേയനായാൽ പോലും മാറാത്ത ചില അടിസ്ഥാന ബയോമെട്രിക് അളവുകൾ മനുഷ്യ മുഖത്തുണ്ട്. തലയോട്ടിയിലെ അസ്ഥിഘടനയുടെ അളവുകൾ, കണ്ണുകൾ തമ്മിലുള്ള അകലം, കണ്ണ്-മൂക്ക് ജ്യാമിതി എന്നിവ പ്രായമായാലും ഒരേപോലെ തുടരും. ഈ ഘടകങ്ങൾ മുൻനിർത്തിയാണ് എ.ഐ മോഡലുകൾ രണ്ട് ചിത്രങ്ങളും ഒത്തുനോക്കിയതെന്നും നന്ദകിഷോര്‍ പറഞ്ഞു.

വാർദ്ധക്യ സഹജമായ മാറ്റങ്ങളെ (ചുളിവുകൾ, ചർമ്മം തൂങ്ങൽ, ഹെയർലൈൻ മാറ്റങ്ങൾ) വേർതിരിച്ച് ആഴത്തിലുള്ള അസ്ഥിഘടനയെ മാത്രം വിശകലനം ചെയ്യാൻ പ്രത്യേകമായി പരിശീലിപ്പിച്ച (AgeDB-30 ഡാറ്റാസെറ്റ് ഉപയോഗിച്ചുള്ള) മോഡലാണ് ആര്‍ക്ക് ഫേസ്. ഈ പരിശോധനയിൽ രണ്ട് ചിത്രങ്ങളും തമ്മിലുള്ള ദൂരം 0.8277 ആയി രേഖപ്പെടുത്തി. ഇതിൻ്റെ സുരക്ഷിതമായ ത്രെഷോൾഡ് 0.6800 ആണ്. ഇതോടെ എ.ഐ മോഡൽ ഈ ചിത്രങ്ങൾ തമ്മിൽ യാതൊരു പൊരുത്തവുമില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് "വെരിഫേഡ്: നോ മാച്ച്" എന്ന ഫലം നേരിട്ട് ലഭിച്ചെന്നും വെറും 9.30% കോൺഫിഡൻസ് മാത്രമാണ് ഈ ചിത്രത്തിന് ലഭിച്ചതെന്നും നന്ദകിഷോര്‍ ഇടിവി ഭാരതിനോട് പ്രതികരിച്ചു. എ.ഐ പരിശോധനയിൽ ഈ രണ്ട് ചിത്രങ്ങളിലെയും ഫേഷ്യൽ ഫീച്ചറുകൾ തമ്മിൽ ശാസ്ത്രീയമായ യാതൊരു പൊരുത്തവുമില്ലെന്ന് വ്യക്തമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തൃശൂർ സ്വദേശി 'ദാമോദര മേനോൻ' രംഗത്തേക്ക്
അതേസമയം, സാങ്കേതിക പരിശോധനകൾക്ക് അപ്പുറം, യഥാർത്ഥ വസ്തുത പുറത്തുകൊണ്ടുവന്നത് തൃശൂർ സ്വദേശിയായ ദാമോദര മേനോൻ്റെ കുടുംബം കൂടിയാണ്. ടെലിവിഷൻ ചാനലുകളിലും സോഷ്യൽ മീഡിയയിലും സുകുമാരക്കുറുപ്പിന്റേതെന്ന പേരിൽ പ്രചരിക്കുന്ന പാസ്‌പോർട്ട് സൈസ് ഫോട്ടോയും കാറിന് പിന്നിൽ നിൽക്കുന്ന ചിത്രവും തങ്ങളുടെ സഹോദരനായ ദാമോദര മേനോൻ്റേത് തന്നെയാണെന്ന് അദ്ദേഹത്തിൻ്റെ സഹോദരന്മാരായ സുരേന്ദ്ര മേനോനും കരുണാകര മേനോനും സ്ഥിരീകരിച്ചിരുന്നു.
ദാമോദര മേനോൻ കഴിഞ്ഞ 40 വർഷമായി മലേഷ്യ-ബ്രൂണെ അതിർത്തി പ്രദേശങ്ങളിലാണ് ജീവിക്കുന്നത്. അദ്ദേഹം കുടുംബവുമായി നിരന്തരം ഫോണിൽ ബന്ധപ്പെടാറുണ്ടെന്നും, ഒരു മാസം മുൻപ് പോലും നാട്ടിലേക്ക് വിളിച്ചിരുന്നുവെന്നും സഹോദരൻ വ്യക്തമാക്കി. എന്നാൽ ഈ വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയതോടെ അദ്ദേഹത്തെ ഫോണിൽ കിട്ടാതായത് തങ്ങളെ ആശങ്കപ്പെടുത്തുന്നുണ്ടെന്നും കുടുംബം പറഞ്ഞിരുന്നു. പൂനെയിൽ നിന്ന് എഞ്ചിനീയറിംഗ് ബിരുദം നേടിയ ശേഷം വിദേശത്തേക്ക് പോയ 82-കാരനായ ദാമോദര മേനോൻ നിലവിൽ വാർദ്ധക്യ സഹജമായ അസുഖങ്ങളാലും ഓർമ്മക്കുറവിനാലും ബുദ്ധിമുട്ടുകയാണ്. അടുത്തിടെ വീണു പരിക്കേറ്റതിനെ തുടർന്ന് അദ്ദേഹം അവിടെ ചികിത്സയിലാണെന്നും ബന്ധുക്കൾ അറിയിച്ചു. വർഷങ്ങളായി വിദേശത്ത് ബിസിനസ്സ് ചെയ്യുന്ന ഒരു സാധാരണക്കാരന്റെ ചിത്രമാണ് സുകുമാരക്കുറുപ്പിൻ്റേതെന്ന പേരിൽ ദുരുപയോഗം ചെയ്യപ്പെട്ടതെന്ന് ഇതോടെ ബോധ്യപ്പെട്ടു.
ഫോട്ടോയുടെ കാലപ്പഴക്കം കണ്ടെത്തി
പ്രചരിച്ച ചിത്രം അടുത്തിടെ എടുത്ത ഒന്നല്ലെന്നും വർഷങ്ങൾക്ക് മുൻപ് ബ്രൂണെയിലെ ഒരു ചടങ്ങിൽ വെച്ച് പകർത്തിയതാണെന്നും ഡിജിറ്റൽ ഫോറൻസിക് പരിശോധനയിലും വ്യക്തമായിരുന്നു. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ചിത്രം അടുത്തിടെ എടുത്ത ഒന്നല്ലെന്നും, വർഷങ്ങൾക്ക് മുൻപ് ബ്രൂണെയിലെ ഒരു സ്വകാര്യ ചടങ്ങിൽ വെച്ച് പകർത്തിയതാണെന്നും ഡിജിറ്റൽ ഫോറൻസിക് പരിശോധനയിൽ വ്യക്തമായി. ചിത്രത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൽ അടയാളങ്ങളും പരിശോധിച്ചപ്പോഴാണ് ഈ സത്യം പുറത്തുവന്നത്. അതായത്, സുകുമാരക്കുറുപ്പ് ഇപ്പോൾ ബ്രൂണെയിൽ ജീവിച്ചിരിക്കുന്നു എന്ന തരത്തിൽ പ്രചരിച്ച വാർത്തകൾക്ക് ആധാരമായ ചിത്രം പോലും നിലവിലുള്ളതല്ലെന്നും, അത് വർഷങ്ങൾക്ക് മുൻപ് മറ്റാരോ എടുത്ത ചിത്രം ദുരുപയോഗം ചെയ്തതാണെന്നും ഇതോടെ അസന്നിഗ്ദ്ധമായി തെളിഞ്ഞു. ഒരു വ്യക്തിയുടെ സ്വകാര്യ ചിത്രം സുകുമാരക്കുറുപ്പിൻ്റെ കഥയുമായി കൂട്ടിച്ചേർത്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയായിരുന്നു.
ഇൻ്റപോളിൻ്റെയും ക്രൈംബ്രാഞ്ചിൻ്റെയും സ്ഥിരീകരണം
വാർത്തകൾ കാട്ടുതീ പോലെ പടർന്നതോടെ കേരള പൊലീസ് എ.ഡി.ജി.പിയുടെ നേതൃത്വത്തിൽ ക്രൈംബ്രാഞ്ച് ആഭ്യന്തരമായി അന്വേഷണം നടത്തിയിരുന്നു. അന്താരാഷ്ട്ര തലത്തിൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി ഇൻ്റർപോളിൻ്റെ സഹായം തേടാൻ ഒരുങ്ങുന്നതിനിടെയാണ് ചിത്രത്തിൻ്റെ യഥാർത്ഥ ഉടമയെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ പൊലീസിന് ലഭിക്കുന്നത്. ഇതോടെ ബ്രൂണെ കണക്ഷൻ വെറും ഒരു വ്യാജ പ്രചാരണം മാത്രമാണെന്ന് ആഭ്യന്തര വകുപ്പും സ്ഥിരീകരിച്ചു.

