ETV Bharat / technology

"കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ പണം സമ്പാദിക്കാം", കെണിയിൽ വീഴരുത്, ജാഗ്രത മുന്നറിയിപ്പുമായി ബാങ്കേഴ്‌സ് സമിതി

ചെറിയ തുക കമ്മീഷൻ വാഗ്ദാനം ചെയ്ത് വിദ്യാർഥികളുടെയും യുവാക്കളുടെയും ബാങ്ക് അക്കൗണ്ട് വിവരങ്ങൾ സംഘടിപ്പിച്ച് നിയമവിരുദ്ധ സാമ്പത്തിക ഇടപാടുകൾക്കായി തട്ടിപ്പുകാർ ഉപയോഗിക്കുന്ന രീതിയാണ് മ്യൂള്‍ അക്കൗണ്ടുകള്‍.

fake loan app  mule account  bank scam alert  canara bank
സംസ്ഥാനതല ബാങ്കേഴ്സ് സമിതി വാര്‍ത്താ സമ്മേളനം (ETV Bharat)
author img

By ETV Bharat Kerala Team

Published : August 6, 2026 at 1:27 PM IST

2 Min Read
Choose ETV Bharat

വിദ്യാർഥികൾ അടക്കമുള്ള നിരപരാധികളെ ലക്ഷ്യമിട്ട് വ്യാജ ലോൺ ആപ്പുകളും 'മ്യൂൾ അക്കൗണ്ട്' തട്ടിപ്പുകളും സംസ്ഥാനത്ത് പടരുന്ന സാഹചര്യത്തിൽ കർശന ജാഗ്രതാ നിർദേശവുമായി ബാങ്കിങ്‌ മേഖല. വേഗത്തിൽ പണം സമ്പാദിക്കാമെന്ന മോഹത്തിലോ പെട്ടെന്നുള്ള സാമ്പത്തിക ആവശ്യങ്ങളിലോ പെട്ടാണ് പലരും ഇത്തരം സൈബർ തട്ടിപ്പുകാരുടെ വലയിൽ അകപ്പെടുന്നത്.

തിരുവനന്തപുരം കാനറ ബാങ്കിൽ പ്രസ്സ് ഇൻഫർമേഷൻ ബ്യൂറോയുടെ അധ്യക്ഷതയിൽ ചേർന്ന പ്രതിമാസ ഇൻ്റർ മീഡിയ പബ്ലിസിറ്റി കോർഡിനേഷൻ കമ്മിറ്റി യോഗത്തിലാണ് കാനറാ ബാങ്ക് ജനറൽ മാനേജറും സംസ്ഥാനതല ബാങ്കേഴ്സ് സമിതി കൺവീനറുമായ സന്തോഷ്‌ വി. എസ്. ഈ മുന്നറിയിപ്പ് നൽകിയത്. പിഐബി അഡീഷണൽ ഡയറക്ടർ ജനറൽ വി. പളനിച്ചാമി അധ്യക്ഷത വഹിച്ച യോഗത്തിൽ വിവിധ കേന്ദ്ര ഗവൺമെൻ്റ്‌ സ്ഥാപനങ്ങളുടെ മേധാവികളും പങ്കെടുത്തു.

സൂക്ഷിക്കുക ഈ സൈബർ ചതിക്കുഴികൾ!

ചെറിയ തുക കമ്മീഷൻ വാഗ്ദാനം ചെയ്ത് വിദ്യാർഥികളുടെയും യുവാക്കളുടെയും ബാങ്ക് അക്കൗണ്ട് വിവരങ്ങൾ സംഘടിപ്പിച്ച് നിയമവിരുദ്ധ സാമ്പത്തിക ഇടപാടുകൾക്കായി തട്ടിപ്പുകാർ ഉപയോഗിക്കുന്ന രീതിയാണ് മ്യൂള്‍ അക്കൗണ്ടുകള്‍. അറിയാതെയാണെങ്കിൽ പോലും ഇത്തരം അനധികൃത ഇടപാടുകൾക്ക് അക്കൗണ്ട് വിട്ടുനൽകുന്നത് ഗുരുതരമായ നിയമനടപടികൾക്കും ജയിൽശിക്ഷയ്ക്കും വഴിവെക്കും.

വ്യാജ ലോൺ ആപ്പുകൾ

മിനിറ്റുകൾക്കുള്ളിൽ വായ്പ നൽകാമെന്ന് വ്യാജേന സോഷ്യൽ മീഡിയ വഴിയും അജ്ഞാത ലിങ്കുകൾ വഴിയും എത്തുന്ന വ്യാജ ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്നത് വ്യക്തിഗത വിവരങ്ങളും ഫോണിലെ കോൺടാക്റ്റുകളും ചോർത്താൻ ഇടയാക്കും. തുടർന്ന് ഭീഷണിയും ബ്ലാക്ക് മെയിലിംഗും നേരിടേണ്ടി വരുന്നു.

സുരക്ഷിതമായിരിക്കാൻ ഈ കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിക്കുക

രഹസ്യ വിവരങ്ങൾ കൈമാറരുത്

നിങ്ങളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, എ.ടി.എം പിൻ, ഒ.ടി.പി എന്നിവ ആരുമായും, യാതൊരു കാരണവശാലും പങ്കുവെക്കരുത്. ബാങ്ക് ഉദ്യോഗസ്ഥരാരും ഇത്തരം വിവരങ്ങൾ ഫോണിലൂടെയോ മെസ്സേജിലൂടെയോ ചോദിക്കില്ല.

വ്യാജ ആപ്പുകൾ ഒഴിവാക്കുക

ഔദ്യോഗിക ആപ്പ് സ്റ്റോറുകളിൽ നിന്നല്ലാതെ അജ്ഞാത ലിങ്കുകളിൽ ക്ലിക്ക് ചെയ്ത് സാമ്പത്തിക ആപ്പുകൾ ഡൗൺലോഡ് ചെയ്യരുത്.

ബാങ്ക് അക്കൗണ്ട് വാടകയ്ക്ക് നൽകരുത്

ചെറിയ ലാഭത്തിന് വേണ്ടി സ്വന്തം അക്കൗണ്ടോ ബാങ്കിംഗ് വിവരങ്ങളോ മറ്റുള്ളവർക്ക് ഇടപാടുകൾ നടത്താൻ വിട്ടുനൽകരുത്.

കോളജുകൾ കേന്ദ്രീകരിച്ച് വ്യാപക ബോധവത്കരണം

യുവാക്കളും വിദ്യാർത്ഥികളും ഇത്തരം തട്ടിപ്പുകളിൽ വീഴുന്നത് തടയാൻ സംസ്ഥാനത്തെ കോളേജുകൾ കേന്ദ്രീകരിച്ച് വ്യാപക ബോധവത്കരണ ക്യാമ്പയ്നുകൾ സംഘടിപ്പിക്കാൻ എസ്.എൽ.ബി.സിനേതൃത്വം നൽകിവരികയാണ്.

ഇതിനുപുറമേ, പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ എമർജൻസി ക്രെഡിറ്റ് ലൈൻ ഗ്യാരണ്ടി സ്കീം (ECLGS 5.0) നെ കുറിച്ചുള്ള ബോധവത്കരണ പരിപാടികളും എസ്.എൽ.ബി.സിയുടെ ആഭിമുഖ്യത്തിൽ നടത്തിയിട്ടുണ്ട്. കേരളത്തിലെ എം.എസ്.എം.ഇ (MSME) മേഖലയെ ശക്തിപ്പെടുത്തുന്നതിനായി കാനറ ബാങ്ക്, നബാർഡ്, സിഡ്ബി, അംഗ ബാങ്കുകൾ എന്നിവയുമായി ഏകോപിപ്പിച്ച് കണ്ണൂരിലും കാസർകോട്ടും 'നാഷണൽ മിഷൻ ഫോർ കപ്പാസിറ്റി ബിൽഡിംഗ് ഓഫ് ബാങ്കേഴ്‌സ്' യോഗങ്ങളും വിജയകരമായി സംഘടിപ്പിച്ചു.

സുരക്ഷിതമായ ഡിജിറ്റൽ ബാങ്കിങ്‌ ശീലങ്ങൾ വളർത്തിയെടുക്കുക മാത്രമാണ് ഓൺലൈൻ തട്ടിപ്പുകളിൽ നിന്ന് രക്ഷനേടാനുള്ള മാർഗം. സംശയകരമായ സാഹചര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടനടി പൊലീസിനെയോ ബാങ്കിനെയോ വിവരം അറിയിക്കുക. നിങ്ങളുടെ സാമ്പത്തിക സുരക്ഷ നിങ്ങളുടെ കൈകളിലാണ്...

Also Read: യുപിഐ പേയ്‌മെന്‍റ് നിരക്ക് വർധന: ഉപഭോക്താക്കൾ അധിക തുക നൽകേണ്ടി വരുമോ? വ്യക്തത വരുത്തി ആർബിഐ