എഐ ഡാറ്റാ സെന്‍ററുകളിലെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം: പുതിയ ഫാക്‌ടറി തുടങ്ങാൻ സ്പേസ്എക്‌സ്
ഗ്യാസ് ടർബൈനുകൾക്കാവശ്യമായ ബ്ലേഡുകളുടെ കുറവ് കാരണം പവർപ്ലാന്‍റുകളിലെ നിർമ്മാണം തടസ്സപ്പെട്ടിരിക്കുകയാണ്. ഇത് അമേരിക്കയിലുടനീളം എഐ ഡാറ്റാ സെന്‍ററുകൾക്ക് ആവശ്യമായ വൈദ്യുതി ലഭ്യതയെ ബാധിക്കുന്നുണ്ട്. ഈ പ്രതിസന്ധി പരിഹരിക്കാനാണ് ടർബൈൻ ബ്ലേഡ് ഫൗണ്ടറിയിലൂടെ ലക്ഷ്യമിടുന്നത്.

By PTI
Published : September 1, 2026 at 3:14 PM IST
ഹൂസ്റ്റൺ: സ്വകാര്യ ബഹിരാകാശ കമ്പനിയായ സ്പേസ്എക്‌സ് ഹൈ-സ്‌പെക്ക് ഗ്യാസ് ടർബൈൻ ബ്ലേഡുകളും വാനുകളും നിർമ്മിക്കുന്നതിനായി പ്രത്യേക ഇൻ-ഹൗസ് ഫാക്‌ടറി പണിയുന്നതായി സിഇഒ ഇലോൺ മസ്‌ക് സ്ഥിരീകരിച്ചു. ഗ്യാസ് ടർബൈനുകൾക്ക് ആവശ്യമായ പ്രത്യേക ബ്ലേഡുകൾ നിർമ്മിക്കാനാണ് പുതിയ ഫാക്‌ടറിയിലൂടെ ലക്ഷ്യമിടുന്നത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
നിലവിൽ ഗ്യാസ് ടർബൈനുകൾക്കാവശ്യമായ ബ്ലേഡുകളുടെ കുറവ് കാരണം പവർപ്ലാന്‍റുകളിലെ നിർമ്മാണം തടസ്സപ്പെട്ടിരിക്കുകയാണ്. ഇത് അമേരിക്കയിലുടനീളം എഐ ഡാറ്റാ സെന്‍ററുകൾക്ക് ആവശ്യമായ വൈദ്യുതി ലഭ്യതയെ ബാധിക്കുന്നുണ്ട്. ഈ പ്രതിസന്ധി പരിഹരിക്കാനാണ് മസ്‌ക്കിന്‍റെ നീക്കം. സൗരോർജ്ജ ഉത്പാദനം കൂട്ടാൻ സ്പേസ്എക്‌സും ടെസ്‌ലയും ശ്രമം തുടരുന്നുണ്ടെങ്കിലും അടുത്ത കുറച്ചു വർഷങ്ങളിലേക്ക് വൈദ്യുതി ആവശ്യങ്ങൾക്കായി പ്രകൃതിവാതകം തന്നെ ഉപയോഗിക്കേണ്ടി വരുമെന്നും മസ്‌ക് എക്‌സിൽ പറഞ്ഞു.
ടർബൈൻ ബ്ലേഡ് ഫൗണ്ടറിയിലൂടെ ലക്ഷ്യമിടുന്നത്
ജെറ്റ് എഞ്ചിനുകൾ, എയ്‌റോസ്‌പേസ് സിസ്റ്റങ്ങൾ, വൈദ്യുതി ഉണ്ടാക്കുന്ന വലിയ പവർ-ജനറേഷൻ ഗ്യാസ് ടർബൈനുകൾ എന്നിവയ്ക്ക് ആവശ്യമായ കൃത്യതയുള്ള ടർബൈൻ ബ്ലേഡുകളും വാനുകളും നിർമ്മിക്കുന്നതിന് നൂതന കാസ്റ്റിംഗ് സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്ന ഒരു പ്രത്യേക നിർമ്മാണ സൗകര്യമാണ് 'ടർബൈൻ ബ്ലേഡ് ഫൗണ്ടറി'യിലൂടെ ലക്ഷ്യമിടുന്നത്. പ്രകൃതിവാതകം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ടർബൈനുകളുടെ നിർമ്മാണം വൈകാൻ പ്രധാന കാരണം ഈ ബ്ലേഡുകൾ നിർമ്മിച്ചുകിട്ടാനുള്ള താമസം ആണെന്നും മസ്‌ക് പറയുന്നു. അതിനാൽ സ്പേസ്എക്‌സ് സ്വന്തമായി ഈ ബ്ലേഡുകൾ നിർമ്മിക്കാൻ തുടങ്ങുന്നതോടെ, ടർബൈനുകൾ വിചാരിച്ചതിലും 18 മാസം വരെ നേരത്തെ പ്രവർത്തനക്ഷമമാക്കാൻ സാധിക്കും. ഇത് എഐ ഡാറ്റാ സെന്‍ററുകളിൽ ഉൾപ്പെടെ വലിയ മാറ്റം കൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫാക്‌ടറി പണിയുന്നതെവിടെ
ടെക്‌സസിന്‍റെ തലസ്ഥാനമായ ഓസ്റ്റിന് കിഴക്ക്, ഏതാണ്ട് 48 കിലോമീറ്റർ മാറിയുള്ള ബാസ്ട്രോപ്പ് എന്ന സ്ഥലത്താണ് ഈ പുതിയ ഫാക്ടറി വരുന്നത്. അവിടെയുള്ള സ്പേസ്എക്‌സിന്‍റെ സ്റ്റാർലിങ്ക് ഫാക്‌ടറിക്ക് തൊട്ടടുത്തായി പുതിയ ടർബൈൻ ബ്ലേഡ് ഫൗണ്ടറിയും സ്ഥാപിക്കും. ഇതിനായി 2026 മാർച്ചിനും ജൂണിനും ഇടയിൽ സ്പേസ്എക്‌സ് രഹസ്യമായി 830 ഏക്കർ സ്ഥലം വാങ്ങിയിരുന്നു. ഇതിനാവശ്യമായ 830 ഏക്കർ സ്ഥലം 2026 മാർച്ചിനും ജൂണിനും ഇടയിലായി സ്പേസ്എക്സ് രഹസ്യമായി വാങ്ങിയിരുന്നു.
പുതിയ ഫാക്‌ടറി വന്നാൽ കമ്പനിക്ക് ഇരട്ടി ലാഭമുണ്ടാകുമെന്ന് മോർഗൻ സ്റ്റാൻലിയിലെ വിദഗ്‌ധനായ ആദം ജോനാസ് ഓഗസ്റ്റിൽ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. റോക്കറ്റ് എഞ്ചിനുകൾക്ക് വേണ്ട ഭാഗങ്ങളും (റാപ്റ്റർ ടർബൈൻ പമ്പ് കാസ്റ്റിങുകൾ) ഡാറ്റാ സെന്‍ററിന്‍റെ ടർബൈനുകൾക്ക് വേണ്ട ഭാഗങ്ങളും (ടർബൈൻ എയർഫോയിൽ ഘടകങ്ങൾ) ഒരേ ലോഹക്കൂട്ടുകൾ ഉപയോഗിച്ചാണ് നിർമ്മിക്കുന്നത്. ഒരൊറ്റ ഫാക്‌ടറിയിലൂടെ ബഹിരാകാശ ബിസിനസ്സിലെയും ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ബിസിനസ്സിലെയും ചിലവുകൾ ഒരുമിച്ച് കുറയ്ക്കാൻ സ്പേസ്എക്‌സിന് ഇതിലൂടെ സാധിക്കുമെന്നാണ് കരുതപ്പെടുന്നത്.
1,650°C മുതൽ 1,980°C വരെയുള്ള തീവ്രമായ ചൂടിനെ നേരിടാൻ ശേഷിയുള്ള പ്രത്യേക നിക്കൽ അലോയ് ഭാഗങ്ങളാണ് ബാസ്ട്രോപ്പിലെ ഫാക്ടറിയിൽ നിർമ്മിക്കുന്നത്.ഇത്തരം ഭാഗങ്ങൾ ഉണ്ടാക്കാൻ ശേഷിയുള്ള ലോകത്തുടനീളമുള്ള ഫാക്ടറികളിൽ 2029-2030 വർഷം വരെയുള്ള ഓർഡറുകൾ നേരത്തെ തന്നെ ചെയ്‌തുകഴിഞ്ഞു. ഡിമാൻഡേറുന്നതാണ് അമേരിക്കയിലുടനീളം ഊർജ്ജ പദ്ധതികൾ വൈകുന്നതിന് കാരണമാകുന്നത്. എങ്കിലും പുതിയ ഫാക്‌ടറിയുടെ നിർമ്മാണം എപ്പോൾ പൂർത്തിയാകും എന്ന കൃത്യമായ തീയതി സ്പേസ്എക്‌സ് പുറത്തുവിട്ടിട്ടില്ല. ഇതിനായി സംസ്ഥാന പരിസ്ഥിതി മലിനീകരണ നിയന്ത്രണ ബോർഡിൽ നിന്നുള്ള അനുമതികൾ ഇനിയും ലഭിക്കാനുണ്ട്.
Also Read:
- ഫോൺപേയിൽ പണമയയ്‌ക്കാൻ ഇനി സ്‌മാർട്ട്‌ഫോണോ ഇന്‍റർനെറ്റോ വേണ്ട! കീപാഡ് ഫോണിലും യുപിഐ പേയ്‌മെന്‍റ് നടത്താം, പുതിയ സേവനം എത്തി
- മൂന്ന് സുപ്രധാന പ്രപഞ്ചരഹസ്യങ്ങൾ തേടി നാസയുടെ 'നാൻസി ഗ്രേസ് റോമൻ സ്‌പേസ് ടെലിസ്‌കോപ്പ്': വിക്ഷേപണം വിജയകരം
- നഷ്‌ട്ടപ്പെട്ട ഫോണുകൾ വേഗത്തിൽ കയ്യിലെത്തും: റെക്കോർഡ് നേട്ടവുമായി സഞ്ചാർ സാഥി; ജൂലൈയിൽ മാത്രം കണ്ടെത്തിയത് 77,692 മൊബൈൽ ഫോണുകൾ

