ETV Bharat / technology

4000 കിലോഗ്രാം ഭാരം, 8700 കിലോമീറ്റർ വേഗത! സ്‌പേസ്‌എക്‌സിന്‍റെ റോക്കറ്റ് അവശിഷ്‌ട്ടം ചന്ദ്രനിൽ ഇടിച്ചിറങ്ങിയതായി സൂചന

മണിക്കൂറിൽ 8,700 കിലോമീറ്റർ വേഗതയിലാണ് ഫാൽക്കൺ-9 റോക്കറ്റിന്‍റെ അവശിഷ്‌ട്ട ഭാഗം ചന്ദ്രനിൽ ഇടിച്ചിറങ്ങിയതെന്നാണ് കരുതപ്പെടുന്നത്. ശബ്ദത്തിന്‍റെ ഏഴിരട്ടി വേഗതയിലുള്ള കൂട്ടിയിടിയുടെ ആഘാതം എത്രത്തോളമായിരിക്കുമെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ശാസ്‌ത്രലോകം.

SPACEX FALCON 9 ROCKET CRASH  ഫാൽക്കൺ 9 റോക്കറ്റ്  SPACEX ROCKET MOON COLLISION  FALCON 9 ROCKET HITS MOON
Representational image (Image credit: X/@@fanofaliens)
author img

By ETV Bharat Tech Team

Published : August 5, 2026 at 4:27 PM IST

3 Min Read
Choose ETV Bharat

വാഷിങ്‌ടൺ: സ്‌പേസ്‌എക്‌സിന്‍റെ ഫാൽക്കൺ 9 റോക്കറ്റിന്‍റെ അവശിഷ്‌ട്ടം ചന്ദ്രനിൽ ഇടിച്ചിറങ്ങിയതായി സൂചന. ഇന്ന് (ഓഗസ്റ്റ് 5) ഇന്ത്യൻ സമയം ഉച്ചയ്‌ക്ക് 12.05ഓടെ ചന്ദ്രനുമായി കൂട്ടിയിടിച്ചതായാണ് കരുതപ്പെടുന്നത്. എന്നാൽ നാസയിൽ നിന്നോ, സ്‌പേസ്‌എക്‌സിൽ നിന്നോ ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ല. കൂട്ടിയിടിയുടെ ആഘാതത്തിൽ ചന്ദ്രോപരിതലത്തിൽ കേടുപാടുകളൊന്നും സംഭവിക്കില്ലെന്ന് നാസ നേരത്തെ സ്ഥിരീകരിച്ചിരുന്നു.

ചന്ദ്രന്‍റെ പടിഞ്ഞാറൻ ഭാഗത്ത് ഐൻസ്റ്റീൻ ഗർത്തങ്ങൾക്ക് സമീപമാണ് റോക്കറ്റിന്‍റെ ഉപേക്ഷിക്കപ്പെട്ട മുകൾഭാഗം (അപ്പർ സ്റ്റേജ്) പതിച്ചത്. മണിക്കൂറിൽ 8,700 കിലോമീറ്റർ വേഗതയിലാണ് (ശബ്ദത്തിന്റെ ഏഴിരട്ടി വേഗതയിൽ) റോക്കറ്റിന്‍റെ ഭാഗം സഞ്ചരിച്ചത്. ചന്ദ്രന് അന്തരീക്ഷമോ, വായുവോ, ശബ്‌ദമോ ഇല്ലാത്തതിനാൽ കൂട്ടിയുടെ ആഘാതം എത്രത്തോളം ഉണ്ടാകുമെന്ന് വ്യക്തമല്ല. ഔദ്യോഗിക സ്ഥിരീകരണത്തിന് ഉപഗ്രഹ ഡാറ്റകൾ ആവശ്യമായതിനാൽ മണിക്കൂറുകൾ സമയമെടുത്തേക്കാം.

റോക്കറ്റ് ഭാഗം ചന്ദ്രനിലെത്തിയത് എങ്ങനെ?

ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിച്ച ശേഷം വേർപ്പെട്ട റോക്കറ്റിന്‍റെ മുകൾ ഭാഗം കഴിഞ്ഞ ഒരു വർഷത്തിലേറെയായി ഭ്രമണപഥത്തിൽ ഒഴുകിനടക്കുകയായിരുന്നു. എന്നാൽ ചന്ദ്രന്‍റെ ഗുരുത്വാകർഷണ ബലത്തെ തുടർന്ന് റോക്കറ്റ് ഭാഗം ഗ്രഹത്തിലേക്ക് ആകൃഷ്‌ടമാവുകയും ഉപരിതലത്തിൽ പതിക്കുകയുമായിരുന്നു. ഏകദേശം അഞ്ച് നില കെട്ടിടത്തിന്‍റെ വലിപ്പമുള്ള ഒരു ഭീമൻ ലോഹ സിലിണ്ടർ ആണ് ഇത്.

സ്‌പേസ്എക്‌സിന്‍റെ വാണിജ്യ ഡ്യുവൽ-പേലോഡ് ചാന്ദ്ര റൈഡ്‌ഷെയർ ദൗത്യത്തിന്‍റെ ഭാഗമായാണ് ഫാൽക്കറ്റ് 9 റോക്കറ്റ് ചന്ദ്രനിലേക്ക് അയച്ചത്. 2025 ജനുവരി 15ന് ആയിരുന്നു ദൗത്യം. രണ്ട് ഉപഗ്രഹങ്ങൾ ഇതിൽ ഉണ്ടായിരുന്നു. ഫയർഫ്ലൈ എയ്‌റോസ്‌പേസിന്‍റെ ബ്ലൂ ഗോസ്റ്റ് 1 ലാൻഡർ ആയിരുന്നു ഒന്നാമത്തേത്. ഇത് 2025 മാർച്ച് 2ന് ചന്ദ്രനിൽ വിജയകരമായി ഇറങ്ങി.

ഐസ്‌പേസിന്‍റെ റെസിലിയൻസ് ലാൻഡർ കൂടെ ദൗത്യത്തിൽ ഉണ്ടായിരുന്നു. എന്നാൽ സെൻസർ തകരാറിനെ തുടർന്ന് ഇത് 2025 ജൂൺ 5ന് ചന്ദ്രോപരിതലത്തിൽ ഇടിച്ചിറങ്ങി. അതേസമയം വിക്ഷേപണത്തിന് ശേഷം റോക്കറ്റിന്‍റെ പ്രധാന ഭാഗമായ ബൂസ്റ്റർ വിജയകരമായി ഭൂമിയിലേക്ക് തിരികെയെത്തിയിരുന്നു.

ഭൂമിയിൽ നിന്ന് ദൃശ്യമായോ?

കൂട്ടിയിടിക്ക് ശേഷം ചന്ദ്രോപരിതലത്തിൽ പൊടിപടലങ്ങൾ ഉയർന്നിട്ടുണ്ടാവാം. ഇത് സൂര്യപ്രകാശത്താൽ പ്രകാശിക്കപ്പെടാൻ സാധ്യതയുണ്ട്. എങ്കിലും ഭൂമിയിൽ നിന്ന് നഗ്നനേത്രങ്ങൾ കൊണ്ട് കണ്ടെത്താൻ പ്രയാസമാണ്. എങ്കിലും ദൂർദർശിനി ഉപയോഗിച്ച് അമേരിക്കയിൽ നിന്ന് നിരീക്ഷിക്കാം.

കൂട്ടിയിടിയുടെ ഭാഗമായി ഏകദേശം 90 അടി വീതിയും 16 അടി ആഴവുമുള്ള (27 മീറ്റർ വീതിയും 5 മീറ്റർ ആഴവുമുള്ള) ഒരു ഗർത്തം രൂപപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. എങ്കിലും ദൂരദർശിനികളിൽ നിന്നുള്ള ചിത്രങ്ങൾ വിശകലനം ചെയ്‌ത് തകർച്ചയുടെ ആഘാതം മനസ്സിലാക്കാൻ മണിക്കൂറുകളെടുത്തേക്കാമെന്ന് ബിബിസി റിപ്പോർട്ട് ചെയ്‌തു. അതേസമയം നേരത്തെ അറിയാമായരുന്ന സംഭവം നടന്നിട്ട് മണിക്കൂറുകൾ കഴിഞ്ഞിട്ടും ആഘാതത്തിന്‍റെ സ്ഥിരീകരണം നൽകുന്ന ചിത്രമോ വീഡിയോയോ നമ്മുടെ പക്കൽ ഇല്ല എന്നത് ശാസ്‌ത സാങ്കേതികരംഗം വളരെയധികം വികസിച്ച ഇക്കാലത്ത് മനുഷ്യരാശിക്ക് തന്നെ നാണക്കേടാണെന്ന് ഒരു എക്‌സ് ഉപയോക്താവ് പങ്കുവെച്ചു.

നാസയുടെ ലൂണാർ റെക്കണൈസൻസ് ഓർബിറ്ററും ദക്ഷിണ കൊറിയയുടെ ഡാനുരി ലൂണാർ ഓർബിറ്ററും കൂട്ടിയിടിക്ക് മുമ്പും ശേഷവുമുള്ള ദൃശ്യങ്ങൾ ശേഖരിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇത് ശരിയാണെങ്കിൽ ചിത്രങ്ങൾ വൈകാതെ പങ്കിടുമെന്ന് പ്രതീക്ഷിക്കുന്നു. കൂട്ടിയിടിയുടെ ഭാഗമായുണ്ടാകുന്ന ആഘാതവുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ ഭാവിയിലെ ചാന്ദ്ര ദൗത്യങ്ങൾക്ക് വളരെ സഹായകമാവുമെന്നാണ് വിലയിരുത്തൽ. ചന്ദ്രോപരിതലത്തിൽ ഗർത്തങ്ങൾ എങ്ങനെ രൂപം കൊള്ളുന്നു, അവശിഷ്ടങ്ങൾ എങ്ങനെ പുറന്തള്ളപ്പെടുന്നു, മനുഷ്യനിർമ്മിത വസ്തുക്കൾ ചന്ദ്രനിൽ ഇടിക്കുമ്പോൾ അത് എങ്ങനെ പുനർനിർമ്മിക്കപ്പെടുന്നു, കൃത്രിമ ബഹിരാകാശ അവശിഷ്‌ട്ടങ്ങൾ ഉണ്ടാക്കുന്ന അപകട സാധ്യത എന്നിവ പഠിക്കാൻ ഇത് സഹായകമാവും.

Also Read:

  1. ആപ്പ് സ്റ്റോറിൽ നിന്ന് ടെലഗ്രാം നീക്കം ചെയ്‌ത് ആപ്പിൾ, പിന്നാലെ പുനഃസ്ഥാപിച്ചു: താത്‌ക്കാലിക വിലക്കിന് പിന്നിലെന്ത്?
  2. വാട്സാപ്പ് അക്കൗണ്ടുകൾ കൂട്ടത്തോടെ പൂട്ടാൻ കാരണം എന്ത്? മെറ്റയുടെ വിശദീകരണം ഇങ്ങനെ
  3. കരുത്തേകാൻ സ്‌നാപ്ഡ്രാഗൺ 4 ജെൻ 5 പ്രൊസസർ, 10000mAhന്‍റെ വമ്പൻ ബാറ്ററി: ഓപ്പോ എഫ്35 പ്രോ വരുന്നു; റിപ്പോർട്ട്
  4. യുപിഐ പേയ്‌മെന്‍റ് നിരക്ക് വർധന: ഉപഭോക്താക്കൾ അധിക തുക നൽകേണ്ടി വരുമോ? വ്യക്തത വരുത്തി ആർബിഐ