ETV Bharat / technology

ഫോൺപേയിൽ പണമയയ്‌ക്കാൻ ഇനി സ്‌മാർട്ട്‌ഫോണോ ഇന്‍റർനെറ്റോ വേണ്ട! കീപാഡ് ഫോണിലും യുപിഐ പേയ്‌മെന്‍റ് നടത്താം, പുതിയ സേവനം എത്തി

രാജ്യത്തെ ഏകദേശം 20 കോടിയിലധികം വരുന്ന ഫീച്ചർ ഫോൺ ഉപയോക്താക്കൾക്ക് യുപിഐ സൗകര്യം എത്തിക്കുന്ന ആദ്യത്തെ പ്രമുഖ തേർഡ് പാർട്ടി ആപ്പ് ആയി ഫോൺപേ മാറിയെന്ന് കമ്പനി അവകാശപ്പെടുന്നു.

HOW TO DO PHONEPE WITHOUT INTERNET  PHONEPE WITHOUT SMARTPHONE  ഫോൺപേ  PHONEPE UPI PAYMENT
Representational Image (IANS)
author img

By PTI

Published : August 31, 2026 at 4:35 PM IST

2 Min Read
Choose ETV Bharat

ന്യൂഡൽഹി: ഫിൻടെക് കമ്പനിയായ ഫോൺപേയിൽ ഇനി മുതൽ ഇന്‍റർനെറ്റോ, സ്‌മാർട്ട്‌ഫോണോ ഇല്ലാതെ യുപിഐ പണമിടപാടുകൾ നടത്താം. സാധാരണ കീപാഡ് ഫോണുകളിൽ ഇന്‍റർനെറ്റ് ഇല്ലാതെ തന്നെ ഇടപാടുകൾ നടത്താവുന്ന പുതിയ സേവനം അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. 'PhonePe UPI 123Pay' എന്ന പേരിലാണ് പുതിയ സേവനം അറിയപ്പെടുന്നത്.

ഇതോടെ രാജ്യത്തെ ഏകദേശം 20 കോടിയിലധികം വരുന്ന ഫീച്ചർ ഫോൺ ഉപയോക്താക്കൾക്ക് യുപിഐ സൗകര്യം എത്തിക്കുന്ന ആദ്യത്തെ പ്രമുഖ തേർഡ് പാർട്ടി ആപ്പ് ആയി തങ്ങൾ മാറിയെന്ന് ഫോൺപേ അവകാശപ്പെടുന്നു. ഫോൺപേയുടെ സ്വന്തം സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള എസ്എംഎസ് സംവിധാനത്തിലൂടെയാണ് ഈ സേവനം പ്രവർത്തിക്കുന്നത്.

ആർക്കൊക്കെ ഗുണം ചെയ്യും?

ഇന്‍റർനെറ്റ് ഇല്ലാത്തവർക്കും, സ്വന്തമായി സ്‌മാർട്ട്‌ഫോൺ ഇല്ലാത്തവർക്കും, 2G നെറ്റ്‌വർക്ക് മാത്രമുള്ള ഉൾനാടൻ പ്രദേശങ്ങളിൽ താമസിക്കുന്നവർക്കും പുതിയ സേവനത്തിന്‍റെ ഗുണം ലഭിക്കും. ഇതിനായി നോക്കിയ, എച്ച്എംഡി, ലാവ, ഐടെൽ തുടങ്ങിയ പ്രമുഖ മൊബൈൽ കമ്പനികളുമായി ഫോൺപേ പങ്കാളിത്തത്തിൽ ഏർപ്പെട്ടിട്ടുണ്ട്. ഈ കമ്പനികളുടെ പുതിയ ഫോണുകളിൽ ഈ സൗകര്യം നേരത്തെ തന്നെ ഡിഫോൾട്ടായി സെറ്റ് ചെയ്യും.

ഫോൺപെ യുപിഐ 123പേ സേവനം വഴി സാധാരണ കീപാഡ് ഫോണുകളിലും യുപിഐ സംവിധാനം എത്തുന്നതിലൂടെ, ഡിജിറ്റൽ പണമിടപാടുകളുടെ നേട്ടം രാജ്യത്തിന്‍റെ എല്ലാ കോണുകളിലുമുള്ള സ്മാർട്ട്‌ഫോണുകൾ ഇല്ലാത്തവർക്കും ലഭ്യമാകുമെന്ന് ഫോൺപെ സ്ഥാപകനും സിഇഒയുമായ സമീർ നിഗം പറഞ്ഞു. 30 കോടി ആളുകളെക്കൂടി ഡിജിറ്റൽ ലോകത്തേക്ക് കൊണ്ടുവരാനും, എല്ലാവർക്കും ബാങ്കിങ് സേവനങ്ങൾ ഉറപ്പാക്കാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പണമയയ്‌ക്കാം, ബാലൻസുകൾ പരിശോധിക്കാം

ഈ സൗകര്യം വഴി ഉപയോക്താക്കൾക്ക് മറ്റുള്ളവരുടെ അക്കൗണ്ടുകളിലേക്കും (പിയർ-ടു-പിയർ ട്രാൻസ്‌ഫറുകൾ) കടകളിലേക്കും (പിയർ-ടു-മെർച്ചന്‍റ്) പണം അയക്കാൻ സാധിക്കും. ക്യാമറയുള്ള കീപാഡ് ഫോണുകളിൽ ക്യുആർ കോഡ് സ്‌കാൻ ചെയ്‌ത് പണമടയ്ക്കാനുള്ള സൗകര്യവുമുണ്ട്. കൂടാതെ, ഉപയോക്താക്കൾക്ക് അക്കൗണ്ടുകൾ കൈകാര്യം ചെയ്യാനും ബാലൻസുകൾ പരിശോധിക്കാനും ഇടപാട് വിവരങ്ങൾ (ട്രാൻസാക്ഷൻ ഹിസ്റ്ററി) കാണാനും കഴിയും.

സഹായത്തിന് വോയ്‌സ് അധിഷ്‌ഠിത ഹെൽപ്പ്‌ലൈൻ സംവിധാനവും

സാങ്കേതികവിദ്യയെ കുറിച്ച് അറിവില്ലാത്ത, ഫോൺപേ ആദ്യമായി ഉപയോഗിക്കുന്നവരെ സഹായിക്കാൻ കമ്പനി വോയ്‌സ്-ഫസ്റ്റ്, AI- പവർഡ് ഹെൽപ്പ്‌ലൈൻ സംവിധാനവും അവതരിപ്പിച്ചിട്ടുണ്ട്. ഇംഗ്ലീഷ് കൂടാതെ 12 ഇന്ത്യൻ ഭാഷകളിൽ ഈ സേവനം ലഭിക്കും. വോയ്‌സ് വഴി സേവനം എങ്ങനെ ഉപയോഗിക്കാമെന്ന് ഫോൺപേ വ്യക്തമായി പറഞ്ഞുതരും. ഇതിനായി ഘട്ടം ഘട്ടമായുള്ള ആക്ടിവേഷൻ മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചാൽ മാത്രം മതി.

സേവനം വിപുലീകരിക്കും

നിലവിൽ കൂട്ടുകാർക്ക് പണമയയ്‌ക്കാനോ, കടകളിൽ പണം നൽകാനോ മാത്രമേ ഈ സേവനം ലഭ്യമാകൂ. എന്നാൽ ഭാവിയിൽ കറന്‍റ് ബില്ലുകൾ അടയ്ക്കാനും മൊബൈൽ റീച്ചാർജ് ചെയ്യാനും ആധാർ കാർഡ് ഉപയോഗിച്ച് അക്കൗണ്ട് തുടങ്ങാനുമുള്ള സൗകര്യങ്ങൾ കൂടി ഇതിൽ കൊണ്ടുവരുമെന്ന് ഫോൺപേ അറിയിച്ചു. 2026 ജൂലൈയിലെ കണക്കനുസരിച്ച് ഫോൺ 71.5 കോടിയിലധികം ഉപയോക്താക്കൾ ഫോൺപേ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. കൂടാതെ 5 കോടിയിലധികം വ്യാപാരികളുടെ ശൃംഖലയുമുണ്ട്.

Also Read:

  1. മൂന്ന് സുപ്രധാന പ്രപഞ്ചരഹസ്യങ്ങൾ തേടി നാസയുടെ 'നാൻസി ഗ്രേസ് റോമൻ സ്‌പേസ് ടെലിസ്‌കോപ്പ്': വിക്ഷേപണം വിജയകരം
  2. സ്റ്റീവ് ജോബ്‌സിന്‍റെ അമരക്കാരൻ, 15 വർഷത്തെ സമാനതകളില്ലാത്ത വളർച്ച: ആപ്പിളിനെ നയിച്ച ടിം കുക്ക് ഇന്ന് പടിയിറങ്ങുന്നു
  3. നഷ്‌ട്ടപ്പെട്ട ഫോണുകൾ വേഗത്തിൽ കയ്യിലെത്തും: റെക്കോർഡ് നേട്ടവുമായി സഞ്ചാർ സാഥി; ജൂലൈയിൽ മാത്രം കണ്ടെത്തിയത് 77,692 മൊബൈൽ ഫോണുകൾ