ETV Bharat / technology

നാസയുടെ 'ആർട്ടെമിസ് 2' ദൗത്യം അനിശ്ചിതത്വത്തിലേക്ക്: റോക്കറ്റ് നിലത്തിറക്കി

റോക്കറ്റിലെ ഹീലിയം സിസ്റ്റത്തിൽ കണ്ടെത്തിയ തകരാറുകൾ പരിഹരിക്കുന്നതിനാണ് റോക്കറ്റ് വെഹിക്കിൾ അസംബ്ലി കെട്ടിടത്തിലേക്ക് തിരിച്ചിറക്കിയത്. വിക്ഷേപണം 2026 ഏപ്രിലിൽ നടക്കാനാണ് സാധ്യത.

ആർട്ടെമിസ് 2  NASA ARTEMIS 2 LAUNCH  SLS ROCKET ROLLBACK  ARTEMIS 2 ROCKET ROLLS BACK
The rollback of the Artemis II mission space vehicles started on February 25, 2026 (AP)
author img

By ETV Bharat Tech Team

Published : February 26, 2026 at 4:24 PM IST

3 Min Read
Choose ETV Bharat

ഹൈദരാബാദ്: നാസയുടെ 'ആർട്ടെമിസ് 2' ദൗത്യത്തിനായുള്ള റോക്കറ്റും (സ്‌പേസ് ലോഞ്ച് സിസ്റ്റം) ഓറിയോൺ ബഹിരാകാശ പേടകവും വെഹിക്കിൾ അസംബ്ലി ബിൽഡിങിലേക്ക് തിരികെ കൊണ്ടുവന്നു. ഹീലിയം ഒഴുകുന്നതിൽ കണ്ടെത്തിയ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനാണ് കെന്നഡി സ്‌പേസ് സെന്‍ററിലെ വിക്ഷേപണ പാഡിൽ നിന്ന് റോക്കറ്റും പേടകവും നിർമ്മാണ സ്ഥലത്തേക്ക് തിരിച്ച് ഇറക്കിയത്. നാസയുടെ ചന്ദ്രനെ ചുറ്റാൻ പദ്ധതിയിട്ടിരുന്ന ദൗത്യം സാങ്കേതിക പ്രശ്‌നങ്ങളെ തുടർന്ന് അനിശ്ചിതത്വത്തിലാണ്.

ഇന്ധന പരിശോധനയിലാണ് ഹീലിയം പ്രവാഹത്തിൽ പ്രശ്‌നങ്ങൾ കണ്ടെത്തിയത്. ഹീലിയം ചോർച്ച എവിടെയെന്ന് പരിശോധിക്കുന്നതിനും, തകരാറുകൾ പരിഹരിക്കുന്നതിനുമാണ് ലോഞ്ച് വാഹനം നിർമ്മിക്കുന്നയിടത്തേക്ക് തന്നെ തിരികെ കൊണ്ടുവന്നത്. സ്‌പേസ് സെന്‍ററിൽ നിന്ന് വെഹിക്കിൾ അസംബ്ലി ബിൽഡിങിലേക്ക് ഏകദേശം 6.4 കിലോമീറ്റർ ദൂരമുണ്ട്.

ഇന്നലെ (ഫെബ്രുവരി 25ന്) ഇന്ത്യൻ സമയം വൈകുന്നേരം 7:58ന് (EST സമയം രാവിലെ 9:28) ആണ് ആരംഭിച്ചത്. ഇത് പൂർത്തിയാകാൻ ഏകദേശം 12 മണിക്കൂർ എടുക്കുമെന്ന് നാസ നേരത്തെ അറിയിച്ചിരുന്നു.

ലോഞ്ച് എപ്പോൾ?
പരിശോധനകൾക്കും അറ്റകുറ്റപ്പണികൾക്ക് ആവശ്യമായ സമയത്തെയും ആശ്രയിച്ചായിരിക്കും ദൗത്യം ലോഞ്ച് ചെയ്യുക. തകരാറുകൾ പരിഹരിക്കാൻ സാധിച്ചാൽ ഏപ്രിലിൽ ലോഞ്ച് ചെയ്യാൻ സാധിച്ചേക്കുമെന്ന് നാസ പറയുന്നു. നേരത്തെയുള്ള തയ്യാറെടുപ്പുകൾ ലോഞ്ച് നടപടികൾ പെട്ടന്ന് പൂർത്തിയാക്കാൻ സഹായിക്കുമെന്നാണ് അമേരിക്കൻ ബഹിരാകാശ ഏജൻസി പറയുന്നത്. വീണ്ടും ക്വാറന്‍റൈനിൽ പ്രവേശിപ്പിച്ച യാത്രികരെ ഫെബ്രുവരി 21ന് ക്വാറന്‍റൈനിൽ നിന്ന് പറഞ്ഞയച്ചു. ഇവർ ഹ്യൂസ്റ്റണിൽ തന്നെ തുടരുകയാണ്.

നേരത്തെ 2026 ഫെബ്രുവരി 6ന് നടത്താനിരുന്ന ദൗത്യം വിക്ഷേപണം നടത്താനിരുന്ന ഫ്ലോറിഡയിലെ കെന്നഡി സ്‌പേസ് സെന്‍ററിൽ അനുഭവപ്പെടുന്ന അതിശൈത്യം മൂലം മാറ്റിവെച്ചിരുന്നു. പിന്നീട് ഫെബ്രുവരി 8ന് മുൻപ് വിക്ഷേപണം നടത്താൻ പദ്ധതിയിട്ടെങ്കിലും സാങ്കേതിക തകരാറുകൾ കണ്ടെത്തിയതോടെ യാത്രികരുടെ സുരക്ഷ കണക്കിലെടുത്ത് വീണ്ടും മാറ്റിവെയ്‌ക്കുകയായിരുന്നു. തകരാറുകൾ പരിഹരിച്ചതോടെ മാർച്ചിൽ വിക്ഷേപിക്കാനാകുമെന്ന് കരുതിയിരുന്നെങ്കിലും, ഹീലിയം ഒഴുകുന്നതിൽ കണ്ടെത്തിയ പ്രശ്‌നങ്ങൾ ദൗത്യം വീണ്ടും വൈകിക്കുകയാണ്.

ആർട്ടെമിസ്-2 ദൗത്യം
54 വർഷങ്ങൾക്ക് ശേഷം മനുഷ്യരെ ചന്ദ്രനെ ചുറ്റുന്ന ദൗത്യമാണിത്. 1972ലാണ് അവസാന ചാന്ദ്രദൗത്യമായ അപ്പോളോ ദൗത്യം നടക്കുന്നത്. ആർട്ടെമിസ്-2 ദൗത്യത്തിൽ സംഘം ചന്ദന്‍റെ ഭ്രമണപഥത്തെ ചുറ്റിയ ശേഷം തിരികെ ഭൂമിയിലേക്ക് മടങ്ങും. ആദ്യമായി ഒരു വനിത ചന്ദ്രനിലേക്ക് സഞ്ചരിക്കുന്ന ദൗത്യം കൂടിയാണിത്.

പത്ത് ദിവസം നീളുന്നതാണ് ദൗത്യം. നാസയുടെ സ്പേസ് ലോഞ്ച് സിസ്റ്റം (SLS) റോക്കറ്റിലായിരിക്കും വിക്ഷേപണം. നാസയുടെ കമാൻഡർ റീഡ് വൈസ്‌മാൻ, പൈലറ്റ് വിക്‌ടർ ഗ്ലോവർ, മിഷൻ സ്പെഷ്യലിസ്റ്റായ ക്രിസ്റ്റീന കോച്ച്, കനേഡിയൻ ബഹിരാകാശ ഏജൻസിയുടെ (സിഎസ്എ) ജെറമി ഹാൻസെൻ എന്നിവരാണ് ദൗത്യത്തിന്‍റെ ഭാഗമാവുക.

ആർട്ടെമിസ് 2  NASA ARTEMIS 2 LAUNCH  SLS ROCKET ROLLBACK  ARTEMIS 2 ROCKET ROLLS BACK
NASA astronauts Reid Wiseman, Victor Glover, and Christina Hammock Koch, and CSA astronaut Jeremy Hansen are the four astronauts who will venture around the Moon on Artemis II (Image Credits: NASA)

ആർട്ടെമിസ്-2 ദൗത്യത്തിൽ ബഹിരാകാശ പേടകം ചന്ദ്രോപരിതലത്തിൽ ലാൻഡിങ് നടത്തില്ല. അതേസമയം ഇതിനു ശേഷമുള്ള ആർട്ടെമിസ് 3 ദൗത്യം ചന്ദ്രനിൽ ഇറങ്ങും. അതിനാൽ തന്നെ വരാനിരിക്കുന്ന ആർട്ടിമിസ്-2 ദൗത്യം അമേരിക്കക്കാരെ ചന്ദ്രനിലേക്ക് അയയ്ക്കുന്നതിനുള്ള ആർട്ടിമിസ് 3 ദൗത്യത്തിന് മുന്നോടിയാണ്.

എന്തൊക്കെ പരീക്ഷണങ്ങൾ നടത്തും?
ആർട്ടെമിസ്-3 ദൗത്യത്തിന് മുന്നോടിയായി ജീവൻ നിലനിർത്തുന്ന വസ്‌തുക്കളും മറ്റ് നിർണായക സംവിധാനങ്ങളും ആർട്ടെമിസ്-2 ദൗത്യത്തിൽ പരിശോധിക്കും. ഇതിനായി പേടകം ഭൂമിക്ക് ചുറ്റും ഒരു പ്രാരംഭ ഭ്രമണപഥം പൂർത്തിയാക്കും. ഭൂമിയോട് അടുത്തായിരിക്കുമ്പോൾ തന്നെ, ശ്വസിക്കാൻ കഴിയുന്ന വായു ഉത്പാദിപ്പിക്കുന്നതിന് ആവശ്യമായ ജീവൻ നിലനിർത്തുന്ന സംവിധാനങ്ങളുടെ പ്രകടനം ക്രൂ വിലയിരുത്തും.

തുടർന്ന് ബഹിരാകാശയാത്രികർ ചന്ദ്രന്‍റെ ഗുരുത്വാകർഷണം ഉപയോഗിച്ച് ഒരു ട്രാൻസ്-ലൂണാർ ഇഞ്ചക്ഷൻ ബേൺ പരീക്ഷിക്കും. ഈ ദൗത്യം ബഹിരാകാശയാത്രികരെ ഭൂമിയിൽ നിന്ന് 230,000 മൈലിലധികം ദൂരത്ത് എത്തിക്കും. മടക്കയാത്രയ്‌ക്കായി പേടകം അധിക എഞ്ചിൻ ബേണുകൾ ഇല്ലാതെ ഭൂമിയിലേക്ക് തിരികെ എത്താൻ അനുവദിക്കുന്ന സ്വതന്ത്ര പാത പിന്തുടരും. ഉയർന്ന വേഗതയിലായിരിക്കും പേടകം അന്തരീക്ഷ പുനഃപ്രവേശിക്കുക. പസഫിക് സമുദ്രത്തിലായിരിക്കും സ്പ്ലാഷ്‌ഡൗൺ നടക്കുക.

Also Read:

  1. പൂജാരിയുടെ ജോലിയും എഐ ഏറ്റെടുക്കും! ആത്മീയ ഉപദേശങ്ങൾ പകർന്ന് റോബോട്ട് സന്യാസി; ജപ്പാനിലെ 'ബുദ്ധറോയിഡി'നെ കുറിച്ചറിയാം
  2. തലയൊന്ന് കുലുക്കിയാൽ മതി, ഇൻകമിങ് കോൾ കട്ടാവും! 'ഹെഡ്‌ ജെസ്റ്റർ' പിന്തുണയുമായി ഗാലക്‌സി ബഡ്‌സ് 4 സീരിസിൽ രണ്ട് ഇയർബഡ്‌സ്
  3. സാംസങ് ഗാലക്‌സി എസ് 26 സീരീസ്: എവിടെ നിന്ന് വാങ്ങുന്നതാണ് നല്ലത്? ഏറ്റവും വില കുറവ് ഇവിടെ
  4. തൊട്ടടുത്ത് ഇരിക്കുന്നവർക്ക് പോലും സ്‌ക്രീനിൽ എന്തെന്ന് കാണില്ല! പ്രൈവസി ഡിസ്‌പ്ലേയും 200 എംപി ക്യാമറയുമായി സാംസങിന്‍റെ ഗാലക്‌സി എസ് 26 സീരിസ്