ETV Bharat / technology

മൂന്ന് സുപ്രധാന പ്രപഞ്ചരഹസ്യങ്ങൾ തേടി നാസയുടെ 'നാൻസി ഗ്രേസ് റോമൻ സ്‌പേസ് ടെലിസ്‌കോപ്പ്': വിക്ഷേപണം വിജയകരം

വിശാലമായ കാഴ്‌ചപരിധിയുള്ള ദൂരദർശിനിയാണിത്. ഹബിൾ ടെലിസ്കോപ്പിനേക്കാൾ നൂറ് മടങ്ങ് വീതിയുള്ള വിശാലമായ കാഴ്‌ചപരിധി റോമൻ സ്‌പേസ് ടെലിസ്‌കോപ്പിന് ലഭിക്കും. ഇതിന് ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാൻ ഏകദേശം മൂന്ന് മാസം സമയമെടുക്കും.

NANCY GRACE ROMAN SPACE TELESCOPE  നാൻസി ഗ്രേസ് റോമൻ ടെലിസ്‌കോപ്പ്  ദൂരദർശിനി  ROMAN SPACE TELESCOPE AIM
This telescope will survey the sky a thousand times faster than Hubble, discovering exoplanets and billions of galaxies. (Image Credit: NASA)
author img

By ETV Bharat Tech Team

Published : August 31, 2026 at 3:42 PM IST

3 Min Read
Choose ETV Bharat

ഹൈദരാബാദ്: നാസയുടെ വിശാലമായ കാഴ്‌ചപരിധിയുള്ള ദൂരദർശിനിയായ നാൻസി ഗ്രേസ് റോമൻ സ്‌പേസ് ടെലിസ്‌കോപ്പ് ഇന്നലെ (2026 ഓഗസ്റ്റ് 30) വിജയകരമായി വിക്ഷേപിച്ചു. ഞായറാഴ്‌ച ഇന്ത്യൻ സമയം വൈകുന്നേരം 4.56ന് ഫ്ലോറിഡയിലെ കെന്നഡി സ്‌പേസ് സെന്‍ററിലെ ലോഞ്ച് കോംപ്ലക്‌സ് 39Aയിൽ നിന്നാണ് വിക്ഷേപിച്ചത്. സ്‌പേസ്എക്‌സിന്‍റെ ഫാൽക്കൺ ഹെവി റോക്കറ്റിലായിരുന്നു വിക്ഷേപണം.

ദൂരദർശിനിയെ വിജയകരമായി വിക്ഷേപിച്ച ശേഷം റോക്കറ്റിന്‍റെ ബൂസ്റ്ററുകൾ സുരക്ഷിതമായി തിരികെയെത്തി. റോക്കറ്റിൽ നിന്ന് വേർപെട്ട ദൂരദർശിനി ലക്ഷ്യസ്ഥാനത്തേക്ക് പോകുകയാണ്. ഒരു ബസിന്‍റെ അത്രയും വലിപ്പമുള്ള ദൂരദർശിനിക്ക് ഏകദേശം 4.3 ബില്യൺ ഡോളർ ചിലവുണ്ട്. ഷെഡ്യൂൾ ചെയ്‌തതിന് മുൻപും ബജറ്റിനുള്ളിലും പൂർത്തിയാക്കാൻ കഴിഞ്ഞു എന്നതാണ് നാൻസി ഗ്രേസ് റോമൻ സ്‌പേസ് ടെലിസ്‌കോപ്പ് ദൗത്യത്തിന്‍റെ പ്രത്യേകത. പ്രപഞ്ചത്തിന്‍റെ ഇരുണ്ട കോണുകൾ ഉൾപ്പെടെ പര്യവേക്ഷണം ചെയ്‌ത് വിവരങ്ങൾ ശേഖരിക്കുക എന്നതാണ് പുതിയ ടെലിസ്‌കോപ്പിലൂടെ ലക്ഷ്യമിടുന്നത്.

റോമൻ ദൂരദർശിനിയുടെ പ്രവർത്തനമെങ്ങനെ?

ഭൂമിയിൽ നിന്ന് ഏകദേശം 1 ദശലക്ഷം മൈൽ അകലെയുള്ള സൺ-എർത്ത് ലഗ്രാഞ്ച് പോയിന്റ് 2 അല്ലെങ്കിൽ L2 ലേക്ക് റോമൻ ദൂരദർശിനി സഞ്ചരിക്കും. നാസയുടെ വെബ് ടെലിസ്‌കോപ്പും ഇതേ സ്ഥാനത്താണ് സ്ഥാപിച്ചിരിക്കുന്നത്. ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാൻ ഏകദേശം മൂന്ന് മാസം സമയമെടുക്കും. സോളാർ പാനലുകളും സൺഷെയ്ഡും ഇതിനകം അതിന്‍റെ പാതയിൽ വിജയകരമായി വിന്യസിച്ചിട്ടുണ്ട്. ആന്‍റിനയും അപ്പർച്ചർ കവറും വരും ദിവസങ്ങളിൽ വിന്യസിക്കും. കൂടാതെ ഇതിന്‍റെ പ്രധാന ക്യാമറ ഏതാനും ആഴ്ചകൾക്കുള്ളിൽ പ്രവർത്തനക്ഷമമാകും.

വിക്ഷേപണത്തിന് ഏഴ് മിനിറ്റിനുശേഷം ഗോഡാർഡ് സ്‌പേസ് ഫ്ലൈറ്റ് സെന്‍ററിന് ഇതിന്‍റെ സിഗ്നലുകൾ ലഭിക്കാൻ തുടങ്ങി. 31 മിനിറ്റിനുശേഷം ദൂരദർശിനി റോക്കറ്റിൽ നിന്ന് വേർപെട്ടു. ഇപ്പോൾ ഡീപ് സ്‌പേസ് നെറ്റ്‌വർക്കുമായാണ് ബന്ധിപ്പിച്ചിരിക്കുന്നത്. ആദ്യം ഓസ്‌ട്രേലിയയിലെയും, പിന്നീട് സ്‌പെയിനിലെയും, തുടർന്ന് കാലിഫോർണിയയിലെയും സ്റ്റേഷനുകളുമായി ബന്ധം നിലനിർത്തും.

മൂന്ന് മാസത്തെ കമ്മീഷൻ കാലയളവിൽ എല്ലാ ഉപകരണങ്ങളും പരീക്ഷിക്കും. ആദ്യ ചിത്രങ്ങൾ 2027ന്‍റെ തുടക്കത്തിൽ തന്നെ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ദൂരദർശിനിയിൽ ഇന്ധനം നിറയ്ക്കാനും കഴിയും. ഭാവിയിൽ ഒരു റോബോട്ടിക് ടാങ്കർ അവതരിപ്പിച്ചാൽ അതിന്റെ ആയുസ്സ് വർദ്ധിപ്പിക്കാൻ കഴിയും.

ലക്ഷ്യമെന്ത്

പ്രപഞ്ചത്തിലെ മൂന്ന് വലിയ രഹസ്യങ്ങൾ തേടി പോവുകയാണ് നാൻസി ഗ്രേസ് റോമൻ സ്‌പേസ് ടെലിസ്‌കോപ്പ്. ഡാർക്ക് മാറ്റർ, ഡാർക്ക് എനർജി, സൗരയൂഥത്തിന് പുറത്തുള്ള ഗ്രഹങ്ങളുടെ കണ്ടെത്തൽ (എക്സോപ്ലാനറ്റുകൾ) എന്നിവയെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാനാണ് പുതിയ ടെലിസ്‌കോപ്പിലൂടെ നാസ പ്രധാനമായും ലക്ഷ്യമിടുന്നത്.

ഹബിൾ ടെലിസ്കോപ്പിനേക്കാൾ നൂറ് മടങ്ങ് വീതിയുള്ള വിശാലമായ കാഴ്‌ചപരിധി ഇതിന് ലഭിക്കും. വിശാലമായ ഭാഗങ്ങൾ വേഗതയിൽ ഇത് സ്കാൻ ചെയ്യും. ഹബിളിനേക്കാൾ ആയിരം മടങ്ങ് വേഗത്തിൽ ഇതിന് സർവേകൾ നടത്താൻ കഴിയും. ഒരു മാസത്തിനുള്ളിൽ ക്ഷീരപഥത്തിന്‍റെ ചിത്രങ്ങൾ പകർത്താൻ ഇതിന് കഴിയും. ഹബിൾ ടെലിസികോപ്പിന് നൂറു വർഷമെടുക്കുന്ന പ്രവർത്തിയാണ് ഇത്.

പ്രധാനമായും രണ്ട് ഭാഗങ്ങൾ

വൈഡ് ഫീൽഡ് ഇൻസ്ട്രുമെന്‍റ്: ഈ ദൂരദർശിനിക്ക് പ്രധാനമായും രണ്ട് ഭാഗങ്ങളാണ് ഉള്ളത്. വൈഡ് ഫീൽഡ് ഇൻസ്ട്രുമെന്‍റ് ആണ് ആദ്യത്തേത്. 18 ചെറിയ ഡിറ്റക്ടറുകളുള്ള 300 മെഗാപിക്സൽ ഇൻഫ്രാറെഡ് ക്യാമറയാണിത്. ഇത് പ്രതിദിനം 1.4 ടെറാബൈറ്റ് ഡാറ്റ അയയ്ക്കും. നാസയുടെ ജ്യോതിശാസ്ത്ര ചരിത്രത്തിൽ ഒരു ദൗത്യവും ഇത്രയും ഡാറ്റ ഇതുവരെ അയച്ചിട്ടില്ല. മെഷീൻ ലേണിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ശാസ്ത്രജ്ഞർ നൽകുന്ന വിവരങ്ങൾ എന്നിവ സംയോജിപ്പിച്ച് കാര്യമായ കണ്ടെത്തലുകൾ നടത്താൻ നാൻസി ഗ്രേസ് റോമൻ സ്‌പേസ് ടെലിസ്‌കോപ്പ് പ്രയോജനപ്പെടും.

കൊറോണഗ്രാഫ്: കൊറോണഗ്രാഫ് ആണ് രണ്ടാമത്തെ ഭാഹം. ഇത് നക്ഷത്രത്തിന്‍റെ പ്രകാശത്തെ തടയുകയും ചുറ്റുമുള്ള ഗ്രഹങ്ങളുടെ ചിത്രങ്ങൾ പകർത്തുകയും ചെയ്യും. ഇത് ഭാവിയിൽ ഭൂമിയെപ്പോലുള്ള മറ്റ് ഗ്രഹങ്ങളെ കണ്ടെത്തുന്നത് എളുപ്പമാക്കും. പ്രപഞ്ചത്തെ മുമ്പ് ഒരിക്കലും ഒരു ദൂരദർശിനിയും ഈ രീതിയിൽ വീക്ഷിച്ചിട്ടില്ലെന്ന് നാസ ശാസ്ത്രജ്ഞയായ ജൂലി മക്നാരി പറഞ്ഞു. ആയിരക്കണക്കിന് സൂപ്പർനോവകൾ, ആയിരക്കണക്കിന് ഗ്രഹങ്ങൾ, കോടിക്കണക്കിന് ഗാലക്സികൾ, കോടിക്കണക്കിന് നക്ഷത്രങ്ങൾ എന്നിവ ഇത് കണ്ടെത്തുമെന്ന് നിക്‌സി ഫോക്‌സ് വിശദീകരിച്ചു.

പേരിന് പിന്നിൽ

നാസയുടെ ആദ്യത്തെ മുഖ്യ ജ്യോതിശാസ്ത്രജ്ഞയായ നാൻസി ഗ്രേസ് റോമന്‍റെ പേരാണ് ഈ ദൂരദർശിനിക്ക് നൽകിയിരിക്കുന്നത്. നാസയുടെ ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു ബഹിരാകാശ ദൂരദർശിനിക്ക് ഒരു വനിതാ ശാസ്ത്രജ്ഞയുടെ പേര് നൽകുന്നത്. ഹബിൾ ടെലിസ്‌കോപ്പിന്‍റെ മാതാവ് എന്നും അവർ അറിയപ്പെടുന്നു.

നാസയ്‌ക്കൊപ്പം മറ്റ് പങ്കാളികളും

നാസയ്‌ക്കൊപ്പം ഈ ദൗത്യത്തിൽ ESA, JAXA, ഫ്രാൻസിലെ CNIS, ജർമ്മനിയിലെ മാക്‌സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവരും പങ്കുചേരുന്നു. BAE സിസ്റ്റംസ്, L3Harris, Teledyne എന്നിവയാണ് പ്രധാന പങ്കാളികൾ. ഹബിൾ, വെബ് എന്നിവയുമായി സഹകരിച്ച് റോമൻ ടെലിസ്കോപ്പ് പ്രവർത്തിക്കും. യൂറോപ്പിലെ യൂക്ലിഡ് ഒബ്‌സർവേറ്ററിയും ചിലിയിലെ വെരാ സി. റൂബിൻ ഒബ്സർവേറ്ററിയും ഇതിനായി സംഭാവനകൾ നൽകും. പ്രപഞ്ചം എത്ര വേഗത്തിൽ വികസിക്കുന്നു എന്നതിന്‍റെ വ്യക്തമായ ചിത്രം നൽകാൻ ഇതിന് കഴിയും. ഇതുവരെ ലഭിച്ചിട്ടില്ലാത്ത ക്ഷീരപഥത്തിന്‍റെ കേന്ദ്രത്തിന്‍റെ ആഴത്തിലുള്ള ചിത്രങ്ങളും ഇത് നൽകും. ഈ ദൗത്യം ശാസ്ത്രജ്ഞർക്ക് മാത്രമുള്ളതല്ല. സാധാരണക്കാർക്ക് പ്രപഞ്ചത്തിന്‍റെ പുതിയ ഭൂപടങ്ങളും ലഭിക്കും.

Also Read:

  1. റോബോട്ടുകൾ കാക്കും താളിയോലകൾ; ലോകവേദിയിൽ ഇന്ത്യയെ നയിക്കാൻ മലയാളി പെൺകുട്ടികൾ!
  2. സ്റ്റീവ് ജോബ്‌സിന്‍റെ അമരക്കാരൻ, 15 വർഷത്തെ സമാനതകളില്ലാത്ത വളർച്ച: ആപ്പിളിനെ നയിച്ച ടിം കുക്ക് ഇന്ന് പടിയിറങ്ങുന്നു
  3. കുറ്റവാളികളെ പിടികൂടാൻ ഇനി എഐ; സേനയെ ആധുനികവത്കരിക്കാൻ തെലങ്കാന പൊലീസ്