ഗഗൻയാൻ ദൗത്യത്തിൽ നിർണായക മുന്നേറ്റം; പാരച്യൂട്ട് പരീക്ഷണം വിജയകരമാക്കി ഐഎസ്ആർഒ
ഗഗൻയാൻ ദൗത്യത്തിനായി പ്രധാന പാരച്യൂട്ടുകളുടെ യോഗ്യത ഉറപ്പാക്കുന്നതിനായി നടത്തുന്ന ഇൻ്റഗ്രേറ്റഡ് മെയിൻ പാരച്യൂട്ട് എയർഡ്രോപ്പ് ടെസ്റ്റ് (ഐഎംഎടി) പരമ്പരയിലെ അഞ്ചാമത്തെ പരീക്ഷണമാണിത്

Published : July 9, 2026 at 7:56 AM IST
ഭോപാൽ: ഇന്ത്യയുടെ പ്രഥമ മനുഷ്യ ബഹിരാകാശ ദൗത്യമായ ഗഗൻയാൻ്റെ ക്രൂ മൊഡ്യൂൾ സുരക്ഷിതമായി ഭൂമിയിൽ തിരിച്ചിറക്കുന്നതിനുള്ള പ്രധാന പാരച്യൂട്ടുകളുടെ നിർണായക പരീക്ഷണം ഐഎസ്ആർഒ വിജയകരമായി പൂർത്തിയാക്കി. മധ്യപ്രദേശിലെ ഷിയോപൂരിലുള്ള ഏരിയൽ ഡെലിവറി റിസർച്ച് ആൻഡ് ഡെവലപ്മെൻ്റ് എസ്റ്റാബ്ലിഷ്മെൻ്റ് (എഡിആർഡിഇ) ഡ്രോപ്പ് സോണിൽ ചൊവ്വാഴ്ചയാണ് പരീക്ഷണം നടന്നത്. ആളില്ലാ ഗഗൻയാൻ ജി1 ദൗത്യത്തിന് മുന്നോടിയായി പാരച്യൂട്ട് സംവിധാനത്തിൻ്റെ കാര്യക്ഷമത ഉറപ്പുവരുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
നിർണായകമായ അഞ്ചാം പരീക്ഷണം
ഗഗൻയാൻ ദൗത്യത്തിനായി പ്രധാന പാരച്യൂട്ടുകളുടെ യോഗ്യത ഉറപ്പാക്കുന്നതിനായി നടത്തുന്ന ഇൻ്റഗ്രേറ്റഡ് മെയിൻ പാരച്യൂട്ട് എയർഡ്രോപ്പ് ടെസ്റ്റ് (ഐഎംഎടി) പരമ്പരയിലെ അഞ്ചാമത്തെ പരീക്ഷണമാണിത്. ഇന്ത്യൻ വ്യോമസേനയുടെ ഐഎൽ-76 വിമാനം ഉപയോഗിച്ച് 2.5 കിലോമീറ്റർ ഉയരത്തിൽ നിന്നാണ് പരീക്ഷണം നടത്തിയത്. ഒരു പ്രധാന പാരച്യൂട്ടും ഡമ്മി ഭാരവും അടങ്ങുന്ന സംവിധാനം വിമാനത്തിൽ നിന്ന് താഴേക്ക് ഇടുകയായിരുന്നു. താഴേക്ക് പതിക്കുന്നതിനിടെ ആദ്യം ഡ്രോഗ് പാരച്യൂട്ട് തുറക്കുകയും, ഇത് ക്രൂ മൊഡ്യൂളിൻ്റെ വേഗത ഗണ്യമായി കുറച്ച് സ്ഥിരത കൈവരിക്കാൻ സഹായിക്കുകയും ചെയ്തു. ഇതിന് പിന്നാലെ പ്രധാന പാരച്യൂട്ട് തുറക്കുകയും പേലോഡിനെ സുരക്ഷിതമായ വേഗതയിൽ താഴെ എത്തിക്കുകയും ചെയ്തു.
Yesterday, ISRO conducted the 5th Integrated Main Parahute Air-drop Test (IMAT-05) to test Gaganyaan's deceleration system! 🪂
— ISRO Spaceflight (@ISROSpaceflight) July 8, 2026
In this test, a mass simulator fitted with Gaganyaan's decelebration (recovery) system was dropped from an IAF IL-76 aircraft from 2.5 km altitude at… pic.twitter.com/b7kgpxu1Oe
ആദ്യത്തെ ആളില്ലാ ഗഗൻയാൻ ദൗത്യത്തിൽ (ജി1) പ്രതീക്ഷിക്കുന്ന പരമാവധി ഭാരം വഹിക്കാനുള്ള പ്രധാന പാരച്യൂട്ടിൻ്റെ ഘടനാപരമായ കരുത്തും രൂപകല്പനയും പരിശോധിക്കുക എന്നതായിരുന്നു ഈ പരീക്ഷണത്തിൻ്റെ പ്രധാന ലക്ഷ്യമെന്ന് ഐഎസ്ആർഒ ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. ഐഎംഎടി-05 പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയത് ആദ്യത്തെ ആളില്ലാ ഗഗൻയാൻ ദൗത്യത്തിനായുള്ള പ്രധാന പാരച്യൂട്ട് സംവിധാനത്തിൻ്റെ പ്രകടനത്തിലും വിശ്വാസ്യതയിലും ആവശ്യമായ ആത്മവിശ്വാസം നൽകുന്നുണ്ടെന്നും ഐഎസ്ആർഒ കൂട്ടിച്ചേർത്തു.
ഗഗൻയാൻ ദൗത്യം
മൂന്ന് ബഹിരാകാശ സഞ്ചാരികളെ 400 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിൽ എത്തിച്ച്, മൂന്ന് ദിവസത്തെ ദൗത്യത്തിന് ശേഷം സുരക്ഷിതമായി ഭൂമിയിൽ തിരിച്ചെത്തിക്കുക എന്നതാണ് ഗഗൻയാൻ പദ്ധതിയിലൂടെ ഐഎസ്ആർഒ ലക്ഷ്യമിടുന്നത്. ഇന്ത്യയുടെ ഈ സ്വപ്ന പദ്ധതിയിൽ ബഹിരാകാശ സഞ്ചാരികളെ സുരക്ഷിതമായി കടലിൽ ഇറക്കുന്നതിൽ പാരച്യൂട്ടുകൾക്ക് നിർണായക പങ്കാണുള്ളത്. മനുഷ്യനെ വഹിച്ചുകൊണ്ടുള്ള യാത്രയ്ക്ക് മുൻപായി ആളില്ലാ പേടകങ്ങൾ ഉപയോഗിച്ചുള്ള പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയാക്കേണ്ടതുണ്ട്. ഇതിൻ്റെ ഭാഗമായാണ് പാരച്യൂട്ട് സംവിധാനങ്ങളുടെ കാര്യക്ഷമത ഉറപ്പുവരുത്തുന്നത്.
പാരച്യൂട്ട് സംവിധാനങ്ങൾ ഇങ്ങനെ
ഗഗൻയാൻ്റെ ക്രൂ മൊഡ്യൂളിൽ നാല് വ്യത്യസ്ത തരത്തിലുള്ള 10 പാരച്യൂട്ടുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. താഴേക്ക് പതിക്കുന്ന വാഹനത്തിൽ നിന്ന് അപെക്സ് കവർ നീക്കം ചെയ്യുന്നതിനായി രണ്ട് അപെക്സ് കവർ സെപ്പറേഷൻ പാരച്യൂട്ടുകളുണ്ട്. ബഹിരാകാശത്ത് നിന്ന് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് തിരികെ പ്രവേശിക്കുമ്പോഴുണ്ടാകുന്ന കടുത്ത ചൂടിൽ നിന്ന് പാരച്യൂട്ട് അറയെ സംരക്ഷിക്കുന്നത് ഈ അപെക്സ് കവറാണ്. ഇതിന് പുറമെ, മൊഡ്യൂളിൻ്റെ വേഗത കുറയ്ക്കുന്നതിനായി രണ്ട് ഡ്രോഗ് പാരച്യൂട്ടുകളും, മൂന്ന് പ്രധാന പാരച്യൂട്ടുകളെ സ്വതന്ത്രമായി പുറത്തെടുത്ത് തുറക്കുന്നതിനായി മൂന്ന് പൈലറ്റ് പാരച്യൂട്ടുകളും ഇതിൽ ഉൾപ്പെടുന്നു. ഈ 10 പാരച്യൂട്ടുകളും കൃത്യമായ സമയത്ത് പ്രവർത്തിച്ചാൽ മാത്രമേ ക്രൂ മൊഡ്യൂൾ സുരക്ഷിതമായി ഭൂമിയിൽ തിരിച്ചിറക്കാൻ സാധിക്കൂ.
Also Read: 60 കിലോമീറ്റർ ദൂരപരിധി; പിനാക ഗൈഡഡ് റോക്കറ്റ് വിജയകരമായി പരീക്ഷിച്ച് ഇന്ത്യ

