ETV Bharat / technology

ഭൂമിക്ക് നേരെ വരുന്ന അപകടകാരികളായ ഛിന്നഗ്രഹങ്ങളെ വഴിതിരിച്ച് വിടാനുള്ള സാങ്കേതികവിദ്യയുമായി ജപ്പാൻ: ട്രയൽ റൺ വിജയകരം

ടൊറിഫ്യൂൺ എന്ന ഛിന്നഗ്രഹത്തിന്‍റെ 800 മീറ്റർ അരികിലൂടെയാണ് ജപ്പാന്‍റെ ബഹിരാകാശ പേടകമായ ഹയബുസ-2 കടന്നുപോയത്. പേടകത്തിലെ ക്യാമറകൾ പകർത്തിയ ഛിന്നഗ്രഹത്തിന്‍റെ ഉപരിതലത്തിന്‍റെ ഭൂമിശാസ്ത്രപരമായ സവിശേഷതകൾ ഗ്രഹ പ്രതിരോധ ദൗത്യങ്ങൾക്ക് നിർണായകമായിരിക്കും.

JAPAN SPACE PROBE  ASTEROID TORIFUNE  JAXA  ഹയബുസ2
File Photo, Dec 2020: Computer graphics image shows the Hayabusa2 spacecraft above the asteroid Ryugu. (Image Credits: ISAS-JAXA)
author img

By AFP

Published : July 6, 2026 at 12:38 PM IST

2 Min Read
Choose ETV Bharat

ടോക്കിയോ: ജപ്പാന്‍റെ ബഹിരാകാശ ഏജൻസിയായ ജാക്‌സ വിക്ഷേപിച്ച പേടകമായ 'ഹയബുസ-2' ഭൂമിയോട് ചേർന്നുള്ള ഛിന്നഗ്രഹമായ 'ടൊറിഫ്യൂണി'ന് സമീപം പറന്നു. ഛിന്നഗ്രഹങ്ങളിൽ നിന്ന് ഭൂമിയെ സംരക്ഷിക്കുന്നതിനുള്ള സാങ്കേതികവിദ്യ പരീക്ഷിക്കുന്നതിന്‍റെ ഭാഗമായാണ് പേടകം ടൊറിഫ്യൂണിനെ തൊട്ടുരുമ്മി പറന്നത്. ഇന്നലെ (ജൂലൈ 5) ആയിരുന്നു പരീക്ഷണം.

ഫ്രിഡ്‌ജിന്‍റെ വലിപ്പമുള്ള പേടകമാണ് ഹയബുസ2. വെറും 800 മീറ്റർ ദൂരത്തിലൂടെയാണ് പേടകം കടന്നുപോയത്. ഭൂമിക്ക് അപകടകരമായ ഛിന്നഗ്രഹത്തെ വ്യതിചലിപ്പിക്കാനുള്ള പേടകത്തിലെ സാങ്കേതികവിദ്യയുടെ ട്രയൽ റൺ ആണ് നടന്നത്. പരീക്ഷണം വിജയകരമായി പൂർത്തിയാക്കി.

മണിക്കൂറിൽ 18,000 കിലോ മീറ്ററിൽ കൂടുതൽ വേഗതയിൽ സഞ്ചരിക്കുന്ന പേടകമാണ് ഹയബുസ2. ഇത് ടോറിഫ്യൂണുമായി കൂട്ടിയിടിക്കാൻ ഉദ്ദേശിച്ചുള്ളതായിരുന്നില്ല. ഛിന്നഗ്രഹത്തിന്‍റെ പാത വ്യതിചലിപ്പിക്കേണ്ടി വന്നാൽ, സഞ്ചാരപഥം കൃത്യമായി നിയന്ത്രിക്കാൻ പേടകത്തിന് കഴിയുമോ എന്ന് വിലയിരുത്തുകയായിരുന്നു ലക്ഷ്യം. പേടകം നിലവിൽ സാധാരണഗതിയിൽ പ്രവർത്തിക്കുന്നതായി ജാക്‌സ വക്താവ് വാർത്താ ഏജൻസിയായ എഎഫ്‌പിയോട് പറഞ്ഞു.

നാസയ്‌ക്ക് പിന്നാലെ ജാക്‌സയും
2022-ൽ 160 മീറ്റർ വീതിയുള്ള 'ഡിമോർഫോസ്' എന്ന ഛിന്നഗ്രഹത്തിലേക്ക് മനഃപൂർവ്വം ഒരു ബഹിരാകാശ പേടകം ഇടിച്ചുകയറ്റി അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ പരീക്ഷണം നടത്തിയിരുന്നു. ശേഷം ജപ്പാനും സമാന പരീക്ഷണം നടത്തിയിരിക്കുകയാണ്. 800 മീറ്ററിനുള്ളിൽ ബഹിരാകാശ പേടകം എത്തിയതിനാൽ, ഭൂമിയോട് ചേർന്നുള്ള ഒരു ഛിന്നഗ്രഹത്തിന് സമീപത്ത് കൂടെയുള്ള ഏറ്റവും അടുത്ത പറക്കലുകളിൽ ഒന്നായിരിക്കും ദൗത്യം.

വിവരങ്ങൾ ശേഖരിച്ച് പേടകം
ദൗത്യം വളരെ സങ്കീണമായിരുന്നെന്ന് ജാക്‌സ ശാസ്‌ത്രജ്ഞൻ യുയ മിമാസു പറഞ്ഞു. പേടകത്തിലെ ക്യാമറകൾ ഛിന്നഗ്രഹത്തിന്‍റെ ഉപരിതലത്തിൽ നിന്നുള്ള ഭൂമിശാസ്ത്രപരമായ സവിശേഷതകളും, അതിന്‍റെ ഘടനയും താപനിലയും ഉൾപ്പെടെയുള്ള ഡാറ്റയും ശേഖരിച്ചിട്ടുണ്ട്. ശേഖരിച്ച വിവരങ്ങൾ ഗ്രഹ പ്രതിരോധ ദൗത്യങ്ങൾക്ക് നിർണായകമായിരിക്കും.

ഛിന്നഗ്രഹത്തിന്‍റെ ഉപരിതലം പാറക്കെട്ടുകൾ നിറഞ്ഞതാണോ, അതോ മണൽത്തീരങ്ങളാണോ എന്ന് മനസ്സിലാക്കാൻ പേടകം ശേഖരിച്ച ചിത്രങ്ങൾ വിലയിരുത്തിയേ മനസ്സിലാക്കാനാവൂ എന്ന് യൂറോപ്യൻ ബഹിരാകാശ ഏജൻസിയിലെ പ്രോജക്ട് ശാസ്ത്രജ്ഞനായ പാട്രിക് മൈക്കൽ ദൗത്യത്തിന് മുമ്പ് എഎഫ്‌പിയോട് പറഞ്ഞിരുന്നു. ഛിന്നഗ്രഹത്തെ കൂട്ടിയിടിയിലൂടെ വ്യതിചലിപ്പിക്കാൻ ശ്രമിക്കുമ്പോൾ അതിന്‍റെ ഭൂമിശാസ്‌ത്ര സവിശേഷതകൾ മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. സ്പോഞ്ച് പോലെ പെരുമാറുന്നതാണോ, ഖരവസ്തു പോലെ പെരുമാറുന്നതാണോ എന്നതിനെ ആശ്രയിച്ച് കൂട്ടിയിടി സമയത്തുണ്ടാകുന്ന ഇതിന്‍റെ പ്രതികരണത്തിലും മാറ്റമുണ്ടായിരിക്കുമെന്ന് മൈക്കൽ പറഞ്ഞു.

അടുത്ത ദൗത്യം 2031ൽ
2014ലാണ് ഹയാബുസ2 വിക്ഷേപിച്ചത്. ഭൂമിയിൽ നിന്ന് ഏകദേശം 300 ദശലക്ഷം കിലോമീറ്റർ (185 ദശലക്ഷം മൈൽ) അകലെയുള്ള റ്യുഗു എന്ന ഛിന്നഗ്രഹത്തിൽ ഇറങ്ങി വസ്തുക്കൾ ശേഖരിച്ചുകൊണ്ട് ഹയാബുസ2 മുൻപും ശ്രദ്ധ നേടിയിട്ടുണ്ട്. ഏകദേശം 4.6 ബില്യൺ വർഷങ്ങൾക്ക് മുമ്പ് സൗരയൂഥം എങ്ങനെയായിരുന്നു എന്നതിനെക്കുറിച്ച് ഇത് ശാസ്ത്രജ്ഞർക്ക് സൂചനകൾ നൽകി. ടോറിഫ്യൂൺ ദൗത്യത്തിനുശേഷം, ഹയാബുസ2 2031-ൽ 1998KY26 എന്ന് വിളിക്കപ്പെടുന്ന മറ്റൊരു ഛിന്നഗ്രഹവുമായി കൂട്ടിയിടിക്കാൻ പദ്ധതിയിടുന്നുണ്ട്.


Also Read:

  1. രാജ്യത്തെ ആദ്യ സ്വകാര്യ ഓർബിറ്റൽ റോക്കറ്റ് ദൗത്യം, 'വിക്രം-1' കുതിക്കാനൊരുങ്ങുന്നു: ലോഞ്ച് വിൻഡോ പ്രഖ്യാപിച്ചു
  2. മേശവലിപ്പിനുള്ളിൽ സൂക്ഷിച്ചുവച്ചത് ദിനോസറിന്‍റെ വാലിലെ അസ്ഥി! തിരിച്ചറിഞ്ഞത് പതിറ്റാണ്ടുകൾക്കിപ്പുറം
  3. മേഘങ്ങൾ വഴിമാറി, ആകാശത്ത് സുവർണ ശോഭയോടെ സ്ട്രോബെറി മൂൺ; കാഴ്‌ചാഭ്രമത്തിന് പിന്നിലെന്ത്?
  4. വർഷങ്ങൾ പഴക്കമുള്ള 'സ്വിഫ്‌റ്റ്' ദൂരദർശിനി അപകടത്തിൽ: യന്ത്രകൈ കൊണ്ട് ഉയർത്തുന്ന രക്ഷാദൗത്യത്തിന് തയ്യാറെടുത്ത് നാസ, ചെലവ് 282 കോടി