ETV Bharat / technology

പുതുക്കിയ സിരി മുതൽ പുതിയ ആപ്പിൾ ഇന്‍റലിജൻസ് സവിശേഷതകൾ വരെ: iOS 27 അപ്‌ഡേറ്റിൽ എന്തൊക്കെ പ്രതീക്ഷിക്കാം?

ഐഫോൺ 12 മുതലുള്ള ആപ്പിൾ ഉപകരണങ്ങളെയായിരിക്കും iOS 27 പിന്തുണയ്‌ക്കുകയെന്നാണ് സൂചന. പുതുക്കിയ സിരിയും ആപ്പിൾ ഇന്‍റലിജൻസിൽ നിരവധി പുതിയ സവിശേഷതകളും iOS 27 അപ്‌ഡേറ്റിനൊപ്പം പ്രതീക്ഷിക്കുന്നു.

APPLE WWDC 2026 DATE  APPLE WWDC 2026 WHAT TO EXPECT  ആപ്പിൾ ഇന്‍റലിജൻസ്  ഐഒഎസ് 27
The Wallet app's new "Create a Pass" feature in iOS 27 could scan cinema tickets and gym cards to create digital passes. (Image Credit: Apple)
author img

By ETV Bharat Tech Team

Published : June 2, 2026 at 4:31 PM IST

4 Min Read
Choose ETV Bharat

ഹൈദരാബാദ്: ആപ്പിളിന്‍റെ ഈ വർഷത്തെ വേൾഡ്‌വൈഡ് ഡെവലപ്പേഴ്‌സ് കോൺഫറൻസ് (WWDC) ജൂൺ 8 മുതൽ ജൂൺ 12 വരെയുള്ള അഞ്ച് ദിവസങ്ങളിൽ നടക്കാനിരിക്കുകയാണ്. 2026 സെപ്റ്റംബർ 1ന് സ്ഥാനമൊഴിയാനിരിക്കെ, ആപ്പിൾ സിഇഒ പദവിയിലിരിക്കുമ്പോഴുള്ള ടിം കുക്കിന്‍റെ അവസാന ഡെവലപ്പർ കോൺഫറൻസാണിത്. ഇത്തവണത്തെ WWDC-ൽ ആപ്പിൾ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നത് മറ്റൊന്നുമല്ല, iOS 27 അപ്‌ഡേറ്റ് തന്നെയാണ്.

WWDC 2026ൽ, ഐഫോണുകൾക്കുള്ള പുതിയ iOS അപ്‌ഡേറ്റ് ഉൾപ്പെടെ, ആപ്പിൾ ഉപകരണങ്ങൾക്കായുള്ള അടുത്ത തലമുറ സോഫ്റ്റ്‌വെയർ അനാച്ഛാദനം ചെയ്യും. 2026 സെപ്റ്റംബറിൽ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്ന ഐഫോൺ 18 സീരിസിലായിരിക്കും iOS 27 ലഭ്യമാവുക. ഐഫോണുകൾക്കായുള്ള iOS 27 ഓപ്പറേറ്റിങ് സിസ്റ്റം WWDC-ൽ പുറത്തിറക്കുമോ എന്ന് ആപ്പിൾ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ഇത് സംബന്ധിച്ച് നിരവധി റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. iOS 27 നെക്കുറിച്ച് ഇതുവരെ പുറത്തുവന്ന വിവരങ്ങൾ പരിശോധിക്കാം.

ഏതൊക്കെ ഐഫോണുകളെ പിന്തുണയ്‌ക്കും?
ചോർന്ന വിവരങ്ങൾ പ്രകാരം ഐഫോൺ 12 മുതലുള്ള ആപ്പിൾ ഉപകരണങ്ങളെയായിരിക്കും iOS 27 പിന്തുണയ്‌ക്കുക. ഐഫോൺ 12-നേക്കാൾ പഴയ ഒരു ഫോണിലും iOS 27 പ്രവർത്തിപ്പിക്കാൻ സാധ്യതയില്ല. അതേസമയം ഐഫോൺ 15 പ്രോ, ഐഫോൺ 15 പ്രോ മാക്സ്, ഐഫോൺ 16, പുതിയ മോഡലുകൾ എന്നിവയിൽ മാത്രമായി ഇതിനകം തന്നെ ആപ്പിൾ ഇന്‍റലിജൻസ് പരിമിതപ്പെടുത്തിയിട്ടുണ്ട്. ആപ്പിൾ ഇന്‍റലിജൻസിലും ഇത്തവണ പുതിയ എഐ അധിഷ്‌ഠിത സവിശേഷതകൾ ചേർക്കുമെന്ന് പ്രതീക്ഷിക്കുന്നു.

പുതുക്കിയ സിരിയും
WWDC 2026ൽ iOS 27 പ്രധാന ആകർഷണം പുതുക്കിയ സിരി ആയിരിക്കുമെന്ന് കരുതുന്നു. കഴിഞ്ഞ കുറച്ച് കാലമായി ആപ്പിൾ വെർച്വൽ അസിസ്റ്റന്‍റിനായി പ്രവർത്തിച്ചു വരുന്നു. ഗൂഗിളുമായി സഹകരിച്ച് ജെമിനി എഐ മോഡൽ ഉപയോഗിച്ച് രൂപകൽപ്പന ചെയ്‌ത സിരിയും ആപ്പിൾ അവതരിപ്പിക്കാൻ സാധ്യതയുണ്ട്. പുതുക്കിയ സിരി സ്വന്തമായി സ്റ്റാൻഡലോൺ ആപ്പുള്ള ഒരു പൂർണ്ണ AI ചാറ്റ്ബോട്ടായി പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഓൺ-സ്‌ക്രീൻ ഉള്ളടക്കം, വ്യക്തിഗത സന്ദർഭം, ക്രോസ്-ആപ്പ് പ്രവർത്തനങ്ങൾ എന്നിവയും കൂടെ അതിന്‍റെ പ്രതികരണങ്ങളിൽ ഉൾപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഉപയോക്താക്കൾക്ക് താൽപ്പര്യമുണ്ടെങ്കിൽ മൂന്നാം കക്ഷി AI മോഡലുകളിലേക്ക് സ്വാപ്പ് ചെയ്യാൻ കഴിയുന്ന തരത്തിലായിരിക്കും രൂപകൽപ്പന ചെയ്യുക.

ബ്ലൂംബെർഗിലെ മാർക്ക് ഗുർമാൻ പറയുന്നതനുസരിച്ച്, വേക്ക് വേഡ് അല്ലെങ്കിൽ പവർ ബട്ടൺ വഴി സിരി ഇനിയും പ്രവർത്തനക്ഷമമാക്കാം. പക്ഷേ ഐഫോണിന്‍റെ ഡൈനാമിക് ഐലൻഡിൽ ഒരു പുതിയ ഇന്‍റർഫേസ് കൂടെ ചേർക്കും. നിലവിലുള്ള ചിത്രങ്ങളിലേക്ക് ജനറേറ്റീവ് എഐ ഘടകങ്ങൾ ചേർത്ത് ഫോട്ടോസ് എഡിറ്റ് ചെയ്യാമെന്നും റിപ്പോർട്ട് പറയുന്നു.

ആപ്പിൾ ഇന്‍റലിജൻസിലും പുതിയ സവിശേഷതകൾ
സിരിക്ക് പുറമേ, ആപ്പിൾ ഇന്‍റലിജൻസിലും പുതിയ അപ്‌ഡേറ്റിനൊപ്പം അപ്‌ഗ്രേഡുകൾ പ്രതീക്ഷിക്കുന്നു. ഇമേജ് പ്ലേഗ്രൗണ്ടും ജെൻമോജിയും ഇമേജ് ഗുണനിലവാരത്തിൽ കാര്യമായ പുരോഗതി ഉണ്ടാക്കിയേക്കും. കൂടാതെ ഒരു പുതിയ സവിശേഷത ഉപയോക്താക്കളെ അവരുടെ ഹോം സ്‌ക്രീനുകൾക്കായി ഇഷ്‌ടാനുസൃത എഐ വാൾപേപ്പറുകൾ സൃഷ്ടിക്കാൻ അനുവദിക്കും. അക്ഷരത്തെറ്റുകൾക്ക് പുറമെ, വാക്യങ്ങളുടെ ഘടനയിലെ പിശകുകളും കണ്ടെത്തുന്ന റൈറ്റിങ് ടൂളുകളും ഇത്തവണ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ആപ്പ് അപ്‌ഡേറ്റുകളും ലിക്വിഡ് ഗ്ലാസും
iOS 26-ൽ അവതരിപ്പിച്ച ലിക്വിഡ് ഗ്ലാസ് ഭാഷയിൽ നിന്ന് വലിയ മാറ്റങ്ങളൊന്നും iOS 27-ൽ ആപ്പിൾ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നില്ല. എന്നിരുന്നാലും കുറച്ച് അധിക കസ്റ്റമൈസേഷൻ ഓപ്ഷനുകൾ അവതരിപ്പിച്ചേക്കാം. ആപ്പ് തലത്തിൽ, ക്യാമറയ്ക്ക് ഇഷ്‌ടാനുസൃത വിഡ്‌ജറ്റുകൾക്കുള്ള പിന്തുണ ലഭിച്ചേക്കാം. വെതറിന് ഒരു പുതിയ കണ്ടീഷനിങ് പാനൽ ലഭിക്കാൻ സാധ്യതയുണ്ട്. കൂടാതെ ഡിജിറ്റൽ പതിപ്പുകൾ സൃഷ്ടിക്കുന്നതിന് ഫിസിക്കൽ ടിക്കറ്റുകളും അംഗത്വങ്ങളും സ്കാൻ ചെയ്യാൻ കഴിയുന്ന "ക്രിയേറ്റ് എ പാസ്" ഫീച്ചർ വാലറ്റ് ആപ്പ് അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ടിം കുക്കിന്‍റെ അവസാന ഡെവലപ്പർ കോൺഫറൻസ്
ആപ്പിൾ സിഇഒ ആയി ടിം കുക്ക് പദവിയിലിരിക്കുമ്പോഴുള്ള അവസാന ഡെവലപ്പർ കോൺഫറൻസാണിത്. 2026 സെപ്റ്റംബർ 1ന് അദ്ദേഹം സ്ഥാനമൊഴിയും. സെപ്‌റ്റംബർ 1 മുതൽ പുതിയ മേധാവിയായി ജോൺ ടെർണസ് സ്ഥാനമേൽക്കും. നിലവിൽ കമ്പനിയുടെ ഹാർഡ്‌വെയർ എഞ്ചിനീയറിങ് വിഭാഗം മേധാവിയാണ് ടെർണസ്. സിഇഒ സ്ഥാനമൊഴിയുമെങ്കിലും ടിം കുക്ക് ആപ്പിളിന്‍റെ എക്‌സിക്യൂട്ടീവ് ചെയർമാനായി തുടരും. അതേസമയം നിലവിൽ നിലവിൽ എക്‌സിക്യൂട്ടീവ് ചെയർമാൻ സ്ഥാനത്തുള്ള ആർതർ ലെവിൻസൺ രാജിവച്ച് ഡയറക്ടർ ബോർഡിൽ തുടരും.

കഴിഞ്ഞ കാൽ നൂറ്റാണ്ടായി ആപ്പിളിനൊപ്പം പ്രവർത്തിച്ചുവരികയാണ് 50 കാരനായ ടെർണസ്. മാത്രമല്ല, കഴിഞ്ഞ അഞ്ച് വർഷമായി ഐഫോൺ, ഐപാഡ്, മാക് എന്നിവയുടെ അടിസ്ഥാന എഞ്ചിനീയറിങിന്‍റെ മേൽനോട്ടം വഹിക്കുന്നത് അദ്ദേഹമാണ്. ഈ സംഭാവന തന്നെയാണ് കുക്കിന്‍റെ പിൻഗാമിയാകാൻ ടെർണസിന് യോഗ്യത നേടിക്കൊടുത്തത്.

അഞ്ച് ദിവസത്തെ പരിപാടി
ജൂൺ 8 മുതൽ ജൂൺ 12 വരെയുള്ള അഞ്ച് ദിവസങ്ങളിലായാണ് പരിപാടി സംഘടിപ്പിക്കുക. കാലിഫോർണിയയിലെ കുപ്പോർട്ടിനോയിലുള്ള ആപ്പിൾ പാർക്കിൽ വെച്ചാണ് ആദ്യദിന പരിപാടി നടക്കുക. ഇതിൽ ആയിരത്തിലധികം ഡെവലപ്പർമാർ, ഡിസൈനർമാർ, വിദ്യാർത്ഥികൾ എന്നിവർ ഒത്തുചേരും.

ലോകമെമ്പാടുമുള്ള ഡെവലപ്പർമാരെ ഒരുമിച്ച് കൊണ്ടുവന്ന് ആപ്പിൾ പ്ലാറ്റ്‌ഫോമുകളിലെ സാങ്കേതികവിദ്യയിലെ ഏറ്റവും പുതിയ മുന്നേറ്റങ്ങൾ ഉയർത്തിക്കാട്ടും. ജൂൺ 8ന് ആപ്പിൾ സിഇഒ ടിം കുക്കിന്‍റെ മുഖ്യപ്രഭാഷണത്തോടെയാണ് പരിപാടി ആരംഭിക്കുക. തുടർന്ന് നടക്കുന്ന പ്ലാറ്റ്‌ഫോംസ് സ്റ്റേറ്റ് ഓഫ് ദി യൂണിയനിൽ ആപ്പിൾ പ്ലാറ്റ്‌ഫോമുകൾക്കായുള്ള പുതിയ സോഫ്റ്റ്‌വെയർ, ഡെവലപ്പർ ഉപകരണങ്ങൾ, ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (AI) എന്നിവയിലുള്ള അപ്‌ഡേറ്റുകൾ പ്രഖ്യാപിക്കും.

അഞ്ച് ദിവസങ്ങളിലായി നടക്കുന്ന പരിപാടിയിൽ ഡെവലപ്പർമാർക്കും വിദ്യാർത്ഥികൾക്കുമായി 100-ലധികം പുതിയ വീഡിയോ സെഷനുകളും ഉണ്ടായിരിക്കുമെന്ന് ആപ്പിൾ പരാമർശിക്കുന്നു. കൂടാതെ ഗ്രൂപ്പ് ലാബുകളിൽ പങ്കെടുക്കാനും ആപ്പിൾ ഡെവലപ്പർ ഫോറങ്ങളിലെ സംഭാഷണങ്ങളിൽ ചേരാനും അവസരമുണ്ടാകും.

WWDC26: എപ്പോൾ, എങ്ങനെ കാണാം
ടിം കുക്കിന്‍റെ മുഖ്യപ്രഭാഷണത്തോടെയാണ് പരിപാടി തുടങ്ങുന്നത്. ഇത് ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം (IST) രാത്രി 10:30ന് ആരംഭിക്കും. പ്ലാറ്റ്‌ഫോംസ് സ്റ്റേറ്റ് ഓഫ് ദി യൂണിയൻ ഇന്ത്യൻ സമയം പുലർച്ചെ 1:30ന് ആരംഭിക്കും. ആപ്പിളിന്‍റെ വാർഷിക ഇവന്‍റ് കാണാൻ താത്‌പര്യമുള്ളവർക്ക് കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ്, ആപ്പിൾ ടിവി ആപ്പ്, യൂട്യൂബ് ചാനൽ എന്നിവയിലൂടെ ടിം കുക്കിന്‍റെ മുഖ്യപ്രഭാഷണം കാണാൻ കഴിയും. പ്ലാറ്റ്‌ഫോംസ് സ്റ്റേറ്റ് ഓഫ് ദി യൂണിയൻ, വീഡിയോ സെഷനുകൾ, ഗൈഡുകൾ എന്നിവ ആപ്പിൾ ഡെവലപ്പർ ഔദ്യോഗിക വെബ്‌സൈറ്റ്, ആപ്പ്, യൂട്യൂബ് ചാനൽ, ബിലിബിലി എന്നിവയിൽ ലഭ്യമാകും.

Also Read:

  1. മീഡിയാടെക് ഡൈമെൻസിറ്റി കരുത്തിൽ റിയൽമിയുടെ പുതിയ ഫോൺ വരുന്നു, ടീസർ പുറത്ത്: വില 30,000 രൂപയിൽ താഴെ
  2. ലോഞ്ചിന് ദിവസങ്ങൾ മാത്രം: മൂന്ന് കളർ ഓപ്‌ഷനിൽ ആകർഷക ഡിസൈനിൽ മോട്ടോറോള എഡ്‌ജ് 70 പ്രോ പ്ലസ്, സവിശേഷതകൾ അറിഞ്ഞോ...
  3. കുറഞ്ഞ വിലയിലുള്ള ലാപ്‌ടോപ്പുകൾക്കായി 'സ്‌നാപ്ഡ്രാഗൺ സി': ക്വാൽകോമിന്‍റെ പുതിയ പ്രോസസറിനെ കുറിച്ചറിയാം
  4. മികച്ച ക്യാമറയും കരുത്തുറ്റ പ്രൊസസ്സറുമായി 'ഷവോമി 17T സീരിസ്' ആഗോള വിപണിയിൽ: പുറത്തിറക്കിയത് രണ്ട് കിടിലൻ പെർഫോമൻസ് ഫോണുകൾ