മസ്‌കിൻ്റെ അതിവേഗ ഇൻ്റര്‍നെറ്റിന് ഇന്ത്യക്കാര്‍ അമിത പണം നല്‍കണോ? വ്യക്തത വരുത്തി സ്‌റ്റാര്‍ലിങ്ക്
കമ്പനി ഇത്തരത്തില്‍ പ്ലാനുകളുടെ വില ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ലെന്നും സാങ്കേതിക തകരാര്‍ മൂലമാണ് ഇത് സംഭവിച്ചതെന്നും സ്‌റ്റാര്‍ലിങ്ക് അധികൃതര്‍ പ്രതികരിച്ചു.

Published : December 8, 2025 at 4:20 PM IST
ഹൈദരാബാദ്: കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇന്ത്യയിൽ സാറ്റലൈറ്റ് ഇന്‍റർനെറ്റ് സേവനങ്ങൾ നൽകുന്നതിനായുള്ള തയ്യാറെടുപ്പിലായിരുന്നു ഇലോൺ മസ്‌കിന്‍റെ ഉടമസ്ഥതയിലുള്ള ഉപഗ്രഹ അധിഷ്‌ഠിത അതിവേഗ ഇന്‍റർനെറ്റ് സേവന സംവിധാനമായ സ്റ്റാർലിങ്ക്.
ടെലികോം വകുപ്പിൽ നിന്ന് കഴിഞ്ഞ ജൂണിൽ കമ്പനിക്ക് ലൈസൻസും ലഭിച്ചിരുന്നു. ഇന്ത്യയിലെ പ്ലാനുകളുടെ വിലയും ചില പ്രധാന വിശദാംശങ്ങളും വെളിപ്പെടുത്തിയെന്ന തരത്തില്‍ നേരത്തെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. സേവനങ്ങൾ ഉപയോഗപ്പെടുത്തുന്നതിനാവശ്യമായ ഹാർഡ്‌വെയറിന്‍റെ വില ഉൾപ്പെടെ കമ്പനി ഔദ്യോഗികമായി വെളിപ്പെടുത്തിയെന്ന തരത്തിലായിരുന്നു റിപ്പോര്‍ട്ട്.
എന്നാല്‍ കമ്പനി ഇത്തരത്തില്‍ പ്ലാനുകളുടെ വില ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ലെന്നും സാങ്കേതിക തകരാര്‍ മൂലമാണ് ഇത് സംഭവിച്ചതെന്നും സ്‌റ്റാര്‍ലിങ്ക് അധികൃതര്‍ പ്രതികരിച്ചു. കേന്ദ്ര സര്‍ക്കാരിൻ്റെ അനുമതി ലഭിച്ചതിന് ശേഷം മാത്രമേ ഇത്തരം വിവരങ്ങള്‍ പുറത്തുവിടുകയുള്ളൂവെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു. അതേസമയം, വയേർഡ് ബ്രോഡ്‌ബാൻഡ് ലഭ്യമല്ലാത്ത സ്ഥലങ്ങളിൽ പോലും ഇന്‍റർനെറ്റ് സേവനം വേഗത്തിൽ ലഭ്യമാക്കാൻ സ്റ്റാർലിങ്കിന് കഴിയുമെന്നതാണ് പ്രത്യേകത. ടവർ ഇല്ലാതെ തന്നെ ഇന്‍റർനെറ്റ് സേവനം ലഭ്യമാകും. അതിനാൽ തന്നെ ഇന്ത്യയിലെ ഏത് പ്രദേശത്തുള്ളവർക്കും വേഗത്തിലുള്ള ഇന്‍റർനെറ്റ് ലഭ്യമാവും.
എന്താണ് സ്റ്റാർലിങ്ക് ?
ഇലോൺ മസ്‌കിന്‍റെ ഉടമസ്ഥതയിലുള്ള കമ്പനിയായ സ്‌പേസ് എക്‌സ് വികസിപ്പിച്ചെടുത്ത ഒരു ഉപഗ്രഹ അധിഷ്‌ഠിത അതിവേഗ ഇന്‍റർനെറ്റ് സേവനമാണ് സ്റ്റാർലിങ്ക്. മൊബൈൽ ടവറുകൾ സ്ഥാപിക്കേണ്ട ആവശ്യമില്ലെന്നതാണ് ഇതിന്‍റെ പ്രത്യേകത. അതിനാൽ തന്നെ വയേർഡ് ബ്രോഡ്‌ബാൻഡ് ലഭ്യമല്ലാത്ത സ്ഥലങ്ങളിൽ പോലും ഇന്‍റർനെറ്റ് സേവനം വേഗത്തിൽ ലഭ്യമാക്കാൻ സ്റ്റാർലിങ്കിന് കഴിയും. ലോകമെമ്പാടും അതിവേഗ ഇന്‍റർനെറ്റ് നൽകുക എന്നതാണ് സ്റ്റാർലിങ്കിന്‍റെ ലക്ഷ്യം.
സ്റ്റാർലിങ്ക് ഇന്ത്യയിൽ നൽകുന്ന സേവനങ്ങൾ
- അൺലിമിറ്റഡ് ഇന്‍റർനെറ്റ് ഡാറ്റ
- 99.9 ശതമാനത്തിലധികം അപ്‌ടൈം
- എല്ലാ സമയത്തും പ്രവർത്തിക്കാനുള്ള കഴിവ്
- എളുപ്പത്തിലുള്ള ഇൻസ്റ്റാളേഷൻ, പ്ലഗ്-ഇൻ ചെയ്‌ത് ഇന്‍റർനെറ്റ് പ്രവർത്തിപ്പിക്കാം.
സ്റ്റാർലിങ്ക് പ്രവർത്തിക്കുന്നതെങ്ങനെ?
ഭൂമിയിൽ നിന്ന് ഏകദേശം 550 കിലോമീറ്റർ ഉയരത്തിൽ ലോവർ എർത്ത് ഓർബിറ്റിൽ ആയിരക്കണക്കിന് ഉപഗ്രഹങ്ങളുണ്ട്. സ്റ്റാർലിങ്ക് ലേസർ ലിങ്കുകളുടെ സഹായത്തോടെ ഈ ഉപഗ്രഹങ്ങളെ പരസ്‌പരം ബന്ധിപ്പിച്ച് ഉയർന്ന വേഗതയിൽ ഡാറ്റ കൈമാറും. സ്റ്റാർലിങ്കിന്‍റെ ഇന്‍റർനെറ്റ് സേവനം ലഭ്യമാകുന്നതിന് ഉപഭോക്താവ് വീട്ടിൽ ചെറിയ ഡിഷ്(സ്റ്റാർലിങ്ക് ടെർമിനൽ) സ്ഥാപിക്കേണ്ടതുണ്ട്. ഈ ഡിഷ് ഉപഗ്രഹങ്ങളിൽ നിന്ന് സിഗ്നലുകൾ അയക്കും. വീട്ടിൽ സ്ഥാപിച്ചിരിക്കുന്ന ഡിഷ് പിന്നീട് ഒരു വൈഫൈ റൂട്ടറുമായി ബന്ധിപ്പിക്കും. ഇതുവഴി ടവർ ഇല്ലാതെ തന്നെ ഇന്‍റർനെറ്റ് സേവനം ലഭ്യമാവും.
സ്റ്റാർലിങ്ക് പ്രവർത്തനങ്ങൾ ഇന്ത്യയിൽ എങ്ങനെ വിപുലീകരിക്കും?
ഇലോൺ മസ്‌കിന്‍റെ കമ്പനിയായ സ്‌പേസ് എക്‌സിന്‍റെ സ്റ്റാർലിങ്ക് ടീം ഇന്ത്യയിൽ തങ്ങളുടെ സാന്നിധ്യം അതിവേഗം വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ചില റിപ്പോർട്ടുകൾ പ്രകാരം, കമ്പനി നിരവധി നഗരങ്ങളിൽ ഗേറ്റ്‌വേ എർത്ത് സ്റ്റേഷനുകൾ അതായത് ഗ്രൗണ്ട്-ലെവൽ സാറ്റലൈറ്റ് കണക്ഷൻ പോയിന്‍റുകൾ സ്ഥാപിക്കുന്നുണ്ട്. ഇത് ഏതൊക്കെ നഗരങ്ങളിലെന്ന് ചുവടെ നൽകുന്നു:
- ചണ്ഡീഗഡ്
- ഹൈദരാബാദ്
- കൊൽക്കത്ത
- ലഖ്‌നൗ
- മുംബൈ
- നോയിഡ
ഉപയോക്താവിന്‍റെ ഡിഷിനും ഇടയിലുള്ള ഒരു കണ്ണിയായി ഈ സ്റ്റേഷനുകൾ പ്രവർത്തിക്കും. ആഗോള വികാസത്തിനുള്ള ഒരു പ്രധാന കേന്ദ്രമായി കമ്പനി ഇന്ത്യയെ പരിഗണിക്കുന്നുണ്ടെന്നാണ് വിവരങ്ങൾ പുറത്തുവരുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ഇന്ത്യയിൽ വാണിജ്യ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനുള്ള അഞ്ച് വർഷത്തെ ലൈസൻസും സ്റ്റാർലിങ്കിന് ഡിഒടി അനുവദിച്ചിട്ടുണ്ട്. കമ്പനി അടുത്തിടെ ലിങ്ക്ഡ്ഇനിൽ ബാംഗ്ലൂർ ഓഫിസിലേക്ക് പേയ്‌മെന്‍റ് മാനേജർ, അക്കൗണ്ടിങ് മാനേജർ, സീനിയർ ട്രഷറി അനലിസ്റ്റ്, ടാക്‌സ് മാനേജർ എന്നീ തസ്‌തികകളില്ക്ക് നാല് ജോലി റോളുകൾ പോസ്റ്റ് ചെയ്‌തിരുന്നു.
Also Read:
- അഡ്വാൻസ്‌ഡ് റൈഡർ എയ്‌ഡുകളുമായി ഹാർലി-ഡേവിഡ്‌സൺ എക്‌സ്440ടി: വിലയും ഫീച്ചറുകളും
- മോട്ടോസോളിൽ ടിവിഎസ് പുറത്തിറക്കിയത് റോണിൻ അഗോണ്ട എഡിഷനും ആർടിഎക്‌സ് 300 സ്‌പെഷ്യൽ എഡിഷനും: വിശദാംശങ്ങൾ
- ഷോറൂം കാലിയാക്കാനൊരുങ്ങി കമ്പനികൾ, ഇയർ എൻഡ് ഓഫറിൽ കാറുകൾക്ക് രണ്ട് ലക്ഷം വരെ ഡിസ്‌കൗണ്ട്: വാങ്ങുന്നെങ്കിൽ പെട്ടന്നായിക്കോളൂ...
- റൈഡർമാർ കാത്തിരുന്നോ... കെടിഎം മുതൽ ഹാർലി-ഡേവിഡ്‌സൺ വരെ, ഇന്ത്യൻ നിരത്തുകളിൽ കരുത്ത് തെളിയിക്കാൻ വൈകാതെ ഇവരെത്തും: വില അഞ്ച് ലക്ഷത്തിൽ താഴെ
- 28 ബ്രോഡ്‌ബാൻഡ് ഇന്‍റർനെറ്റ് ഉപഗ്രഹങ്ങളുമായി കുതിച്ചുയർന്ന് മസ്‌കിന്‍റെ സ്റ്റാർലിങ്ക് 11-25 ദൗത്യം: വിക്ഷേപണം വിജയകരം

