ഗ്രോക്ക് ഉപയോഗിച്ചുള്ള ഫോട്ടോ നിർമാണം, അശ്ലീല ഉള്ളടക്കങ്ങളെന്ന് ചൂണ്ടിക്കാട്ടി എക്‌സിനെതിരെ നോട്ടീസ് അയച്ച് കേന്ദ്രം
എലോൺ മസ്‌കിൻ്റെ നേതൃത്വത്തിലുള്ള എക്‌സിന് എതിരെയാണ് കേന്ദ്രസർക്കാർ നോട്ടീസ് അയച്ചത്. 2000 ത്തിലെയും 2021 ലെയും ഇൻഫർമേഷൻ ടെക്നോളജി ആക്‌ട് പ്രകാരമുള്ള വിവിധ നിയമങ്ങൾ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് അയച്ചത്.

Published : January 3, 2026 at 2:17 PM IST
ന്യൂഡൽഹി: ഐടി നിയമങ്ങൾ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി എലോൺ മസ്‌കിൻ്റെ എക്‌സിന് നോട്ടീസ് അയച്ച് കേന്ദ്ര സർക്കാർ.
.@GoI_MeitY issues notice to X over obscene and explicit content generated via Grok AI. Platform asked to fix safeguards, remove illegal content, act against violators and submit an Action Taken Report within 72 hours.@tapasjournalist pic.twitter.com/93KiUI9gS6
— DD India (@DDIndialive) January 2, 2026
എക്‌സിലെ എഐ ചാറ്റ് ബോട്ടായ ഗ്രോക്ക് ഉപയോഗിച്ച് കുട്ടികളുടെയും സ്ത്രീകളുടെയും ചിത്രങ്ങൾ മോശമായി സൃഷ്‌ടിച്ചുവെന്ന് ആരോപിച്ചാണ് കേന്ദ്രം എക്‌സിന് നോട്ടീസ് നൽകിയിരിക്കുന്നത്. അശ്ലീലവും നിയമവിരുദ്ധവുമായ ഉള്ളടക്കങ്ങൾ ഉടൻ തന്നെ നീക്കം ചെയ്യാനും കേന്ദ്ര സർക്കാർ എക്‌സിന് നിർദേശം നൽകിയിട്ടുണ്ട്.
2000 ത്തിലെയും 2021 ലെയും ഇൻഫർമേഷൻ ടെക്നോളജി ആക്‌ട് പ്രകാരമുള്ള വിവിധ നിയമങ്ങൾ ലംഘിച്ചുവെന്ന് എക്‌സിൻ്റെ ഇന്ത്യൻ ചുമതലയുള്ള ചീഫ് കംപ്ലയൻസ് ഓഫീസർക്ക് നൽകിയ നോട്ടീസിൽ കേന്ദ്രം ചൂണ്ടിക്കാട്ടുന്നു. ഐടി മന്ത്രാലയമാണ് എക്‌സിന് നോട്ടീസ് അയച്ചിരിക്കുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
രാജ്യത്ത് പ്രവർത്തിക്കുന്ന ആപ്പുകൾക്ക് ബാധകമായ നിയമങ്ങൾ ലംഘിച്ചുകൊണ്ട് സൃഷ്‌ടിച്ചതും പ്രചരിപ്പിച്ചതുമായ എല്ലാ ഉള്ളടക്കങ്ങളും കാലതാമസമില്ലാതെ നീക്കം ചെയ്യുകയോ പ്രവർത്തനരഹിതമാക്കുകയോ ചെയ്യുക. 2021 ലെ ഐടി നിയമങ്ങൾ പ്രകാരം നിർദ്ദേശിച്ചിട്ടുള്ള സമയപരിധികൾ കർശനമായി പാലിക്കണം. തെളിവുകൾ ഒരു തരത്തിലും നശിപ്പിക്കരുതെന്നും ജനുവരി രണ്ടിന് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.
ഉത്തരവ് പുറപ്പെടുവിച്ച തീയതി മുതൽ 72 മണിക്കൂറിനുള്ളിൽ വിശദമായ നടപടി സ്വീകരിച്ച റിപ്പോർട്ട് (എടിആർ) സമർപ്പിക്കാൻ അമേരിക്കൻ ആസ്ഥാനമായുള്ള സമൂഹ മാധ്യമമായ എക്‌സിനോട് മന്ത്രാലയം നിർദ്ദേശിച്ചു.
എക്‌സിൽ പ്രചരിക്കുന്ന ചില ഉള്ളടക്കങ്ങളിൽ മാന്യതയില്ലെന്നും അശ്ലീലമുണ്ടെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. രാജ്യത്തെ നിയമങ്ങൾ എക്‌സ് പാലിക്കുന്നില്ലെന്ന് പൊതുചർച്ചകളുൾപ്പെടെയുള്ളതിൽ നിന്ന് പരാതികൾ ലഭിച്ചിട്ടുണ്ടെന്നും മന്ത്രാലയം വിശദീകരിച്ചു.
സ്ത്രീകളുടെയും കുട്ടികളുടെയും അശ്ലീല ചിത്രങ്ങൾ സൃഷ്‌ടിച്ച് സമൂഹ മാധ്യമയിടങ്ങളിൽ പോസ്റ്റ് ചെയ്‌ത് എഐ ആപ്പായ ഗ്രോക്ക് ദുരുപയോഗം ചെയ്‌ത സംഭവങ്ങൾ വർധിച്ചുവരികയാണ്. വ്യാജ അക്കൗണ്ടുകൾ ഉപയോഗിച്ചാണ് ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നത്. ഈ സാഹചര്യത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് രാജ്യസഭാംഗം പ്രിയങ്ക ചതുർവേദി കേന്ദ്ര റെയിൽവേ, ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രി അശ്വിനി വൈഷ്‌ണവിന് കത്തെഴുതിയിരുന്നു.
ഇതേ തുടർന്ന് 2025 ഡിസംബർ 29 ന് ഇന്ത്യയിൽ പ്രവർത്തിക്കുന്ന സമൂഹ മാധ്യമങ്ങളോട് നിയമങ്ങൾ പരിശോധിക്കാനും ആപ്പുകളിലെ അശ്ലീലവും നിയമവിരുദ്ധവുമായ ഉള്ളടക്കത്തിനെതിരെ നടപടിയെടുക്കാനും സർക്കാർ ആവശ്യപ്പെട്ടിരുന്നു.
ഉള്ളടക്കങ്ങൾ നീക്കം ചെയ്യാത്ത പക്ഷം ഇന്ത്യയിലെ നിയമപ്രകാരം ആപ്പുകൾക്ക് കടുത്ത ശിക്ഷ നേരിടേണ്ടി വന്നേക്കാം.
ALSO READ: വരുന്നു, ഓപ്പോ റെനോ 15 സീരിസ്: ഇന്ത്യയിലെ ലോഞ്ച് തീയതി പ്രഖ്യാപിച്ചു; സ്ഥിരീകരിച്ച സ്പെസിഫിക്കേഷനുകൾ

