ETV Bharat / technology

അരനൂറ്റാണ്ടിന് ശേഷം മനുഷ്യൻ വീണ്ടും ചന്ദ്രനരികിൽ; ആർട്ടെമിസ് 2 ദൗത്യത്തിൽ ഇന്ന് നിർണായക ഘട്ടം

ചന്ദ്രനിലേക്കുള്ള യാത്രയുടെ ഏറിയ പങ്കും പിന്നിട്ട് ആർട്ടെമിസ് 2. പത്ത് ദിവസത്തെ ദൗത്യമാണിത്. നാലംഗം സംഘം ചന്ദ്രനെ ഭ്രമണം ചെയ്യില്ല. പകരം റെക്കോർഡ് ദൂരം സഞ്ചരിച്ച് മടങ്ങും

ARTEMIS 2  NASA  MOON MISSION  SPACE AGENCY
Astronaut aboard Artemis II shares view from window (X@astro_reid)
author img

By ANI

Published : April 6, 2026 at 11:01 AM IST

2 Min Read
Choose ETV Bharat

ര നൂറ്റാണ്ടിന് ശേഷം മനുഷ്യനെ വീണ്ടും ചന്ദ്രനിൽ എത്തിക്കാനുള്ള നാസയുടെ സുപ്രധാന ദൗത്യമായ ആർട്ടെമിസ് രണ്ടിലെ ഒറയോൺ പേടകം ചന്ദ്രൻ്റെ ഗുരുത്വാകർഷണ വലയത്തിൽ പ്രവേശിച്ചു. ഹൂസ്റ്റണിലെ മിഷൻ കൺട്രോൾ സെൻ്ററാണ് ഇതുവരെയുള്ള ഘട്ടങ്ങൾ പൂർണ വിജയമാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. പേടകം ചന്ദ്രനെ ചുറ്റിവരുന്ന നിർണായകമായ ലൂണാർ ഫ്ലൈ ബൈ ഇന്ന് രാത്രി 11ന് ആരംഭിച്ച് നാളെ രാവിലെ ഏഴിന് അവസാനിക്കും.

പുതിയ ചരിത്രമെഴുതാൻ ഒറയോൺ

നാളെ പുലർച്ചെ 4.15ന് ആരംഭിക്കുന്ന 40 മിനിറ്റുകളാണ് ദൗത്യത്തിൽ ഏറെ നിർണായകമാവുക. ഈ സമയത്ത് പേടകം ചന്ദ്രൻ്റെ മറുവശത്തേക്ക് കടക്കുന്നതിനാൽ ഭൂമിയുമായുള്ള ആശയവിനിമയം പൂർണമായും വിച്ഛേദിക്കപ്പെടും. ഈ ഘട്ടം വിജയകരമായി പൂർത്തിയാക്കുന്നതോടെ മനുഷ്യനെയും വഹിച്ച് ബഹിരാകാശത്ത് ഏറ്റവും കൂടുതൽ ദൂരം സഞ്ചരിച്ച പേടകമെന്ന ചരിത്രനേട്ടം ഒറയോൺ സ്വന്തമാക്കും. 1970ലെ അപ്പോളോ 13 ദൗത്യത്തിൻ്റെ റെക്കോഡാണ് ഇതോടെ തിരുത്തപ്പെടുക.

കമാൻഡർ റെയ്ഡ് വൈസ്മാൻ, പൈലറ്റ് വിക്ടർ ഗ്ലോവർ, മിഷൻ സ്പെഷ്യലിസ്റ്റുകളായ ക്രിസ്റ്റീന കോക്ക്, ജെറമി ഹാൻസെൻ എന്നീ നാല് ബഹിരാകാശ യാത്രികരാണ് അപൂർവ നേട്ടത്തിൻ്റെ ഭാഗമാകുന്നത്. ചന്ദ്രൻ്റെ പിന്നിൽ മറഞ്ഞ ശേഷം തിരികെ വരുമ്പോൾ ഭൂമി ഉദിച്ചുയരുന്നതിൻ്റെ എർത്ത് റൈസ് ദൃശ്യങ്ങൾ യാത്രികർ പകർത്തും. ഒപ്പം ഗ്രഹണ പ്രതിഭാസവും നക്ഷത്ര സമൂഹങ്ങളെയും നിരീക്ഷിക്കാൻ യാത്രികർക്ക് അവസരം ലഭിക്കും. ഹലോ വേൾഡ് എന്ന പേരിൽ ഭൂമിയുടെ പുതിയ ചിത്രം ഈ ദൗത്യത്തിലൂടെ യാത്രികർ പകർത്തും.

നാലംഗ സംഘവും യാത്രാപഥവും

ഏപ്രിൽ രണ്ടിന് ഇന്ത്യൻ സമയം പുലർച്ചെ 4.06ന് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെൻ്ററിലെ ലോഞ്ച് പാഡ് 39 ബിയിൽ നിന്ന് 32 നിലകളുള്ള എസ്എൽഎസ് റോക്കറ്റിലേറിയാണ് ഒറയോൺ കുതിച്ചുയർന്നത്. 54 വർഷങ്ങൾക്ക് ശേഷമുള്ള മനുഷ്യൻ്റെ ചന്ദ്രയാത്രയാണിത്. നാലംഗ സംഘം ചന്ദ്രനിലേക്കുള്ള യാത്രയുടെ മുക്കാൽ ഭാഗവും ഇതിനകം പിന്നിട്ടു.

യാത്രയുടെ നാലാം ദിവസത്തിൽ നിലവിൽ ബഹിരാകാശ പേടകത്തെ സ്വയം നിയന്ത്രിക്കുന്നതിൽ പരിശീലിക്കുകയാണ് സംഘം. ചന്ദ്രനിലേക്ക് പോകുന്ന ആദ്യ കറുത്ത വർഗക്കാരനായ വിക്ടർ ഗ്ലോവർ, ചന്ദ്രൻ്റെ സമീപത്തെത്തുന്ന ആദ്യ വനിത ക്രിസ്റ്റീന കോക്ക്, ആദ്യ അമേരിക്കക്കാരനല്ലാത്ത പൗരൻ കാനഡക്കാരനായ ഹാൻസെൻ എന്നിവർ ചരിത്രം കുറിച്ചു കഴിഞ്ഞു. ഹാൻസെൻ കാനഡയ്ക്ക് വേണ്ടി വലിയ ചരിത്രം സൃഷ്ടിക്കുകയാണെന്നും ഈ ധീരമായ ചുവടുവയ്പ് എക്കാലവും ഓർമിക്കപ്പെടുമെന്നും കനേഡിയൻ ബഹിരാകാശ ഏജൻസി പ്രസിഡൻ്റ് ലിസ കാംബെൽ വ്യക്തമാക്കി.

ദൗത്യത്തിൻ്റെ ലക്ഷ്യങ്ങൾ

പത്ത് ദിവസത്തെ ദൗത്യത്തിൽ ബഹിരാകാശ യാത്ര മനുഷ്യശരീരത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ യാത്രികർ ശേഖരിക്കും. യാത്രയുടെ ആറാം ദിവസമാണ് ഭ്രമണപഥത്തിൽ പ്രവേശിക്കുക. 1968ലെ അപ്പോളോ എട്ട് യാത്രികരെപ്പോലെ ഇവർ ചന്ദ്രനെ ഭ്രമണം ചെയ്യില്ല. പകരം ഭൂമിയിൽ നിന്ന് നാല് ലക്ഷം കിലോമീറ്റർ അകലെയുള്ള ചന്ദ്രനിൽ നിന്ന് വീണ്ടും 6,400 കിലോമീറ്റർ അകലേക്ക് സഞ്ചരിക്കും. ഗ്രഹണ കണ്ണടകൾ ഉപയോഗിച്ച് സൂര്യൻ്റെ കൊറോണ കാണാനും ഇവർക്ക് സാധിക്കും.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

അപ്പോളോ 13 മോഡലിൽ ഫ്രീ റിട്ടേൺ ട്രജക്ടറിയിലൂടെ പസഫിക് സമുദ്രത്തിലാകും യാത്രികർ തിരിച്ചിറങ്ങുക. അതിനിടെ ബഹിരാകാശത്ത് നിന്ന് കമാൻഡർ റെയ്ഡ് വൈസ്മാൻ പകർത്തിയ ഭൂമിയുടെ അതിമനോഹര ദൃശ്യങ്ങൾ നാസ പുറത്തുവിട്ടു. അൽപം പരന്ന നിലയിലാണ് ഭൂമിയുടെ ചിത്രം ലഭിച്ചിട്ടുള്ളത്. വിവരങ്ങൾ ശേഖരിക്കാൻ പ്രത്യേക പരിശീലനം ലഭിച്ച യാത്രികർ വിശ്രമത്തിലാണെന്നും രാത്രിയോടെ കൂടുതൽ ചിത്രങ്ങൾ ഭൂമിയിലേക്ക് അയക്കുമെന്നും മിഷൻ കൺട്രോൾ സെൻ്റർ അറിയിച്ചു.

Also Read: ബഹിരാകാശ മനുഷ്യ ദൗത്യങ്ങളില്‍ സുരക്ഷ ഉറപ്പാക്കാന്‍ മിത്രയുമായി ഐഎസ്‌ആര്‍ഒ