ETV Bharat / technology

പൂജാരിയുടെ ജോലിയും എഐ ഏറ്റെടുക്കും! ആത്മീയ ഉപദേശങ്ങൾ പകർന്ന് റോബോട്ട് സന്യാസി; ജപ്പാനിലെ 'ബുദ്ധറോയിഡി'നെ കുറിച്ചറിയാം

ജപ്പാനിലെ ക്യോട്ടോ സർവകലാശാലയിലെ ഗവേഷകരാണ് ബുദ്ധറോയിഡിന് പിന്നിൽ. ആത്മീയ ഉപദേശങ്ങൾ നൽകാനും മതപരമായ ചടങ്ങുകൾക്ക് നേതൃത്വം നൽകാനും ബുദ്ധമത ഗ്രന്ഥങ്ങളിൽ ആഴത്തിൽ പരിശീലനം നേടിയ റോബോട്ട് സന്യാസിക്ക് സാധിക്കും.

BUDDHAROID  ബുദ്ധറോയിഡ്  റോബോട്ട് സന്യാസി  ROBOT MONK POWERED BY AI
"Buddharoid", a robot monk powered by AI communicates with reporters during a media presentation at a temple in Kyoto, Japan (AFP)
author img

By ETV Bharat Tech Team

Published : February 26, 2026 at 2:12 PM IST

2 Min Read
Choose ETV Bharat

ടോക്കിയോ: ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിന്‍റെ മികവിൽ പുറത്തിറക്കുന്ന റോബോട്ടുകൾ ഭാവിയിൽ തൊഴിൽ നഷ്‌ട്ടപ്പെടുത്താനുള്ള സാധ്യത തള്ളിക്കളയാനാവില്ല. സാങ്കേതിക മേഖലകൾ മുതൽ അധ്യാപനം വരെ ഓരോന്നിലും മനുഷ്യനെ മാറ്റിസ്ഥാപിക്കാൻ റോബോട്ടുകൾ കടന്നുകയറിയത് നാമെല്ലാം കണ്ടതാണ്. ഇത്തവണ റോബോട്ട് പ്രവേശിച്ചത് ആത്മീയതയിലേക്കാണ്.

എഐ ഉപയോഗിച്ച് പ്രവർത്തിക്കുന്ന 'ബുദ്ധറോയിഡ്' എന്ന ഒരു റോബോട്ട് സന്യാസിയെ ജാപ്പനീസ് ഗവേഷകർ അനാച്ഛാദനം ചെയ്‌തു. ജപ്പാനിലെ ക്യോട്ടോ സർവകലാശാലയിലെ ഗവേഷകരുടെ ആശയത്തിന്മേലാണ് ബുദ്ധറോയിഡ് പിറന്നത്. സർവകലാശാലയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി ഫ്യൂച്ചർ ഓഫ് ഹ്യൂമൻ സൊസൈറ്റിയിലെ പ്രൊഫസർ സെയ്‌ജി കുമാഗൈയുടെ നേതൃത്വത്തിലാണ് ഇത് വികസിപ്പിച്ചത്.

പൂജാരിക്കും എഐ ബദൽ
വാർത്താ ഏജൻസിയായ എഎഫ്‌പി(AFP) പറയുന്നതനുസരിച്ച്, വളരെ നിഗൂഢമായ ബുദ്ധമത ഗ്രന്ഥങ്ങളിൽ പോലും ആഴത്തിൽ പരിശീലനം നേടിയ റോബോട്ടാണിത്. അതിനാൽ തന്നെ ആത്മീയ ഉപദേശങ്ങൾ നൽകാൻ പുതിയ ജാപ്പനീസ് റോബോട്ടിന് സാധിക്കും. ആരാധനാലയങ്ങളിൽ സാന്നിധ്യമുറപ്പിക്കാനൊരുങ്ങുന്ന റോബോട്ട് ഒരുപക്ഷേ മതപരമായ ചടങ്ങുകൾക്ക് നേതൃത്വം നൽകിക്കൊണ്ട് പൂജാരിയുടെ ജോലിയും ഏറ്റെടുത്തേക്കാം.

ഓപ്പൺഎഐ ഉൾപ്പെടെയുള്ള കമ്പനികളിൽ നിന്നുള്ള എഐ മോഡലുകൾ ഉപയോഗിച്ച്, മതപരമായ എഐ ചാറ്റ്ബോട്ടുകൾ വികസിപ്പിക്കുന്നതിന് കുമാഗൈ എഞ്ചിനീയറിങ് സ്ഥാപനങ്ങളുമായി പ്രവർത്തിച്ചിട്ടുണ്ട്. കഴിഞ്ഞ ചൊവ്വാഴ്‌ച മാധ്യമങ്ങളെ വിളിച്ചുചേർത്താണ് കുമാഗൈ ബുദ്ധറോയിഡ് അവതരിപ്പിച്ചത്. മുഖം ഇല്ലാത്ത, ചാരനിറത്തിലുള്ള വസ്ത്രം ധരിച്ച ഈ റോബോട്ട് നടക്കുന്നതും ഇരിക്കുന്നതും കൈകൂപ്പി പ്രാർഥിക്കുന്നതും എഎഫ്‌പി പങ്കിട്ട വീഡിയോയിൽ കാണാം.

ജപ്പാനിലെ ക്യോട്ടോ സർവകലാശാലയിലെ ഗവേഷകർ വികസിപ്പിച്ച 'ബുദ്ധറോയിഡ്' റോബോട്ട് (എഎഫ്‌പി)

ആത്മീയ ഉപദേശങ്ങൾ പകർന്ന് ബുദ്ധറോയിഡ്
കൈകൂപ്പി കൊണ്ട് മാധ്യമ പ്രവർത്തകരുടെ മുന്നിലൂടെ നടക്കുകയും ജോലികൾ ചെയ്യുകയും ചെയ്യുന്നതും കാണാം. പരിപാടിക്കെത്തിയ മാധ്യമ പ്രവർത്തകൻ അമിതമായി ചിന്തിക്കുകയും വേവലാതിപ്പെടുകയും ചെയ്യുന്ന തന്‍റെ സ്വഭാവത്തെക്കുറിച്ച് റോബോട്ടിനോട് സംസാരിച്ചു. "ഒരാളുടെ ചിന്തകളെ അന്ധമായി പിന്തുടരുകയോ കാര്യങ്ങളിൽ തലയിടുകയോ ചെയ്യരുതെന്ന് ബുദ്ധമതം പഠിപ്പിക്കുന്നു," എന്ന ഉപദേശമാണ് റോബോട്ട് നൽകിയത്.

പൂജാരിയുടെ ജോലി കളയുമോ?
ക്യോട്ടോയിൽ ഇതിനകം തന്നെ മിൻഡാർ എന്ന പേരിൽ ഒരു നോൺ-എഐ ആൻഡ്രോയിഡ് പുറത്തിറക്കിയിരുന്നു. 2017 ൽ ജർമ്മനിയിൽ അഞ്ച് ഭാഷകളിൽ അനുഗ്രഹങ്ങൾ നൽകുന്ന തിളങ്ങുന്ന കൈകളുള്ള ഒരു ടച്ച്‌സ്‌ക്രീനുള്ള ഒരു റോബോട്ടും അനാച്ഛാദനം ചെയ്‌തിരുന്നു. എന്നാൽ ഇപ്പോൾ പുറത്തിറക്കിയത് എഐ സാങ്കേതികവിദ്യയും റോബോട്ടിക്‌സും ഒരുമിച്ച് ചേർന്നുള്ളതാണ്.

ഇത് ആത്മീയ ഉപദേശം നൽകാനും, മതപരമായ സംഭാഷണങ്ങൾ നടത്താനും, മനുഷ്യസമാനമായ ശാരീരിക ചലനങ്ങൾ നടത്താനും സാധിക്കും. മതപരമായ ആചാരങ്ങൾ വരെ പരിശീലിപ്പിച്ച റോബോട്ട് ഭാവിയിൽ പൂജാരിയുടെ ജോലിയും കളയുമോ എന്നാണ് ചോദ്യമുയരുന്നത്.

അതേസമയം ഇത്തരം റോബോട്ടുകൾ ആത്മീയതയിലേക്ക് കടക്കുമ്പോഴുള്ള വെല്ലുവിളികളെ കുറിച്ചും ചോദ്യമുയരുന്നുണ്ട്. എന്നാൽ മതപരമായ സാഹചര്യങ്ങളിൽ ഉപയോഗിക്കാവുന്ന അത്തരം റോബോട്ടുകളെ കുറിച്ച് ധാർമ്മിക ചർച്ചകൾ തുടരണമെന്ന് ക്യോട്ടോ സർവകലാശാലയിലെ ഗവേഷകർ പറഞ്ഞു. ജപ്പാനിൽ ജനസംഖ്യ കുറയുന്നതും സന്യാസികളും കുറവും കണക്കിലെടുത്താണ് ബുദ്ധറോയിഡ് വികസിപ്പിച്ചതെന്നും ഗവേഷകർ പറയുന്നു. ബുദ്ധറോയിഡ് ഭാവിയിൽ പുതിയ രൂപത്തിലോ, വേഷത്തിലോ, മുഖത്തിലോ പുറത്തിറക്കാം.

Also Read:

  1. തൊട്ടടുത്ത് ഇരിക്കുന്നവർക്ക് പോലും സ്‌ക്രീനിൽ എന്തെന്ന് കാണില്ല! പ്രൈവസി ഡിസ്‌പ്ലേയും 200 എംപി ക്യാമറയുമായി സാംസങിന്‍റെ ഗാലക്‌സി എസ് 26 സീരിസ്
  2. സാംസങ് ഗാലക്‌സി എസ് 26 സീരീസ്: എവിടെ നിന്ന് വാങ്ങുന്നതാണ് നല്ലത്? ഏറ്റവും വില കുറവ് ഇവിടെ
  3. തലയൊന്ന് കുലുക്കിയാൽ മതി, ഇൻകമിങ് കോൾ കട്ടാവും! 'ഹെഡ്‌ ജെസ്റ്റർ' പിന്തുണയുമായി ഗാലക്‌സി ബഡ്‌സ് 4 സീരിസിൽ രണ്ട് ഇയർബഡ്‌സ്
  4. ചന്ദ്രൻ ചുവന്ന് തുടുക്കും! പൂർണ ചന്ദ്രഗ്രഹണത്തിന് ദിവസങ്ങൾ മാത്രം; ഇന്ത്യയിൽ ദൃശ്യമാകുമോ?
  5. തട്ടിപ്പുകാർക്ക് എട്ടിന്‍റെ പണി! ആക്‌ടീവ് സിം കാർഡ് ഇല്ലെങ്കിൽ വാട്ട്‌സ്‌ആപ്പ് പ്രവർത്തിക്കില്ല; വരുന്നു, പുതിയ ഫീച്ചർ