പ്രണയിനിയെ സ്വന്തമാക്കാൻ കാറിടിപ്പിച്ചു, രക്ഷകനായി പറന്നെത്തി കാമുകന്‍; വധശ്രമത്തിന് അകത്തായി കാമുകനും സുഹൃത്തും
കാമുകിയുടെ കുടുംബത്തിന്‍റെ വിശ്വാസം പിടിച്ചു പറ്റാന്‍ സിനിമാ സ്റ്റൈല്‍ അപകടം ആസൂത്രണം ചെയ്ത് നടപ്പാക്കി കാമുകനും സുഹൃത്തും.അപകടത്തില്‍പ്പെട്ട പെണ്‍കുട്ടി സംശയം പ്രകടിപ്പിച്ചതോടെ കളിമാറി. കൈയ്യോടെ പൊക്കി പൊലീസ്.കേസ് വധോദ്യമത്തിന്.

Published : January 7, 2026 at 2:42 PM IST
പത്തനംതിട്ട: കണ്ണും മൂക്കുമില്ലാത്ത പ്രണയം എന്നൊക്കെ കേട്ടിട്ടേ ഉള്ളൂ. പ്രണയം തലക്ക് പിടിച്ച് കാഞ്ഞ ബുദ്ധിയുമായി ഇറങ്ങിത്തിരിച്ച് അകത്തായ കാമുകന്മാരും നാട്ടിലുണ്ട്. ഇവിടെ പത്തനംതിട്ടയില്‍ ഒരു കാമുകന്‍ പെണ്‍സുഹൃത്തിന്‍റെയും കുടുംബത്തിന്‍റേയും പ്രീതിയും വിശ്വാസവും പിടിച്ചു പറ്റാന്‍ ചെയ്തത് ഇത്തിരി കടന്ന കൈയായിപ്പോയി. ഒടുക്കം കാമുകനും സഹായിയായെത്തിയ സുഹൃത്തും അഴിക്കകത്തായി.
'എൻ്റെ ഐഡിയ ആയിപ്പോയി നിൻ്റെ ഐഡിയ ആയിരുന്നെങ്കിൽ....' മഹേഷിൻ്റെ പ്രതികാരം എന്ന ചിത്രത്തിലെ പ്രശസ്തമായ ഒരു ഡയലോഗിനെ അനുസ്മരിപ്പിക്കുന്നതായിരുന്നു സംഭവം. തൻ്റെ പ്രണയിനിയുടെ വീട്ടുകാരെ കുപ്പിയിലാക്കാൻ ഒരു യുവാവ് കാട്ടിയ അതി സാഹസമാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. പക്ഷേ സംഭവം ചെറുതായൊന്ന് പാളിപ്പോയതോടെ രണ്ടാഴ്ചക്കിപ്പുറം കാമുകന്‍ തന്നെ പിടിയിലാവുകയും ചെയ്തു.
ലക്ഷ്യം ഒന്നു മാത്രമായിരുന്നു. താൻ ഹൃദയ തുല്യം സ്‌നേഹിക്കുന്ന കാമുകിയുടെ വീട്ടുകാരെ ഇംമ്പ്രസ് ചെയ്യിക്കണം. പിന്നെ ഒന്നും നോക്കിയില്ല. കാമുകി അടൂരില്‍ നിന്ന് കോച്ചിങ്ങ് ക്ലാസ് കഴിഞ്ഞു വരുന്ന വഴിക്ക് ചെറുതായൊന്ന് ഇടിച്ചു വീഴ്ത്തുക. തൊട്ടു പുറകേ നായകന്‍റെ രംഗപ്രവേശം. മിന്നല്‍ വേഗത്തില്‍ രക്ഷാപ്രവര്‍ത്തനം. മകളുടെ ജീവന്‍ രക്ഷിച്ചതിന് വീട്ടുകാര്‍ നായകനോട് നന്ദി പറയുന്നു. അഭിനന്ദിക്കുന്നു. അതോടെ വിവാഹത്തിന് കളമൊരുങ്ങുന്നു. ശുഭം. തിരക്കഥ ഇങ്ങിനെയൊക്കെയായിരുന്നു.
തിരക്കഥ നടപ്പാക്കാന്‍ കാമുകന്‍ സുഹൃത്തിനേയും ഒപ്പം കൂട്ടി.ഡിസംബർ 23ന് വെെകിട്ടായിരുന്നു സംഭവം. പദ്ധതിയിട്ടത് പ്രകാരം അടൂരില്‍ നിന്ന് പെണ്‍കുട്ടി സ്കൂട്ടറില്‍ വരുന്നതും കാത്ത് സുഹൃത്ത് കാറുമായി കാത്തു നിന്നു. സ്കൂട്ടര്‍ കണ്ണില്‍പ്പെട്ടതോടെ സുഹൃത്ത് കാറില്‍ പിന്തുടര്‍ന്നു. തൊട്ടു പുറകിലായി മറ്റൊരു കാറില്‍ കാമുകനും.രാജിഭവനില്‍ രഞ്ജിത്ത് രാജനും 19 വയസായ താഴത്ത് പറമ്പില്‍ വീട്ടില്‍ അജാസുമായിരുന്നു കേന്ദ്ര കഥാപാത്രങ്ങൾ.
വാഴമുട്ടം ഈസ്റ്റ് എന്ന സ്ഥലത്ത് വച്ച് സ്‌കൂട്ടറിന്‍റെ പിന്നിലിടിച്ച് വീഴ്ത്തിയ ശേഷം അജാസ് വണ്ടി നിര്‍ത്താതെ ഓടിച്ച് പോകുകയായിരുന്നു. സ്കൂട്ടറിൽ നിന്നും തെറിച്ചു വീണ യുവതിയുടെ വലതുകെെക്കുഴ തെറ്റുകയും ചെറുവിരലിന് പൊട്ടലേൽക്കുകയും ശരീരത്തിന്‍റെ പലഭാഗത്തും മുറിവേല്‍ക്കുകയും ചെയ്തു.തിരക്കഥ അനുസരിച്ചു അജാസിനെ പിന്തുടർന്നു രഞ്ജിത്ത് മറ്റൊരു കാറിൽ പിന്നാലെ എത്തുന്നുണ്ടായിരുന്നു.
ഉടൻ അപകട സ്ഥലത്തെത്തിയ രഞ്ജിത്ത് യുവതിയെ വാരിയെടുത്ത് പെട്ടെന്ന് ആശുപത്രിയില്‍ എത്തിച്ചു.ഓടിക്കൂടിയ നാട്ടുകാരോട് ഭർത്താവാണെന്ന് പറഞ്ഞാണ് കാറില്‍ കയറ്റി കോന്നിയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
'ഇതുവരെ ശരിയാണോ കിട്ടുണ്ണിയേട്ടാ..'
സംഗതി ഇവിടെ വരെ കൃത്യമായി പോയെങ്കിലും വിധി മറ്റൊന്നായിരുന്നു. ആശുപത്രിയിൽ എത്തിയ ശേഷം പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി വാഹന അപകട കേസ് രജിസ്‌റ്റർ ചെയ്‌തു. പിന്നാലെ അന്വേഷണം ആരംഭിക്കുകയും ചെയ്‌തു. അപകടത്തിൽ യുവതി ചില സംശയങ്ങൾ പ്രകടിപ്പിച്ചതാണ് കേസിലെ വഴിത്തിരിവിന് കാരണമായത്. അന്വേഷണം ആരംഭിച്ച പൊലീസിനും സംശയം തോന്നിയതോടെയാണ് ട്വിസ്റ്ര് തുടങ്ങുന്നത്.
അപകടമുണ്ടായതിന് തൊട്ടുപിന്നാലെ രഞ്ജിത്ത് സ്ഥലത്തെത്തിയതിലാണ് പൊലീസിന് സംശയം തോന്നിയത്. തുടർന്ന് ഇടിച്ചിട്ട് നിർത്താതെ പോയ കാറിൻ്റെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചു. കാർ ഓടിച്ച അജാസിൻ്റെ ഫോണ്‍ വിവരങ്ങള്‍ പരിശോധിച്ചപ്പോഴാണ് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്. ഇതോടെ ഇരുവരും സുഹൃത്തുകളാണെന്നത് കണ്ടെത്തി. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് രഞ്ജിത്തും ഇയാളുടെ സുഹൃത്ത് അജാസും പൊലീസിൻ്റെ വലയിലായത്.
യുവതിയുടെ വീട്ടുകാരുടെ മതിപ്പ് നേടാനാണ് യുവാവും സുഹൃത്തും ചേർന്ന് വാഹനാപകടം ഉണ്ടാക്കിയതെന്ന് കേസന്വേഷിച്ച പത്തനംതിട്ട പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ അലക്‌സ്‌കുട്ടി എസ് പറയുന്നു.മകളെ അപകടത്തിൽ നിന്ന് രക്ഷിച്ച യുവാവിനോട് വീട്ടുകാർക്ക് തോന്നുന്ന അനുകമ്പ മുതലെടുത്ത് വിവാഹം നടത്തുക എന്നതായിരുന്നു യുവാവിന്‍റെ പദ്ധതി. എന്നാൽ ഇക്കാര്യമൊന്നും കാമുകിക്ക് അറിവില്ലായിരുന്നു.'യുവതിയുടെ കുടുംബത്തിന്‍റെ അനുകമ്പ പിടിച്ച് പറ്റാനായാണ് പ്രതികള്‍ ഇത്തരമൊരു സംഭവം ആസൂത്രണം ചെയ്‌തത്. യുവതി സംശയം പ്രകടിപ്പിച്ചതോടെ നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്' പോലീസ് പറഞ്ഞു.
സംഭവത്തിന് പിന്നാലെ പൊലീസ് വധശ്രമക്കേസ് ചുമത്തി ഇരുവരെയും അറസ്‌റ്റ് ചെയ്‌തു. നിലവിൽ പ്രതികള്‍ റിമാൻഡിലാണ്.
Also Read: കോഴിക്കോട് മെഡിക്കൽ കോളജിൽ ബോംബ് ഭീഷണി; പ്രിൻസിപ്പലിന് ഇമെയിൽ സന്ദേശം, സ്ഥലത്ത് വൻ പൊലീസ് സന്നാഹം

