''രാഷ്ട്രീയത്തോട് വെറുപ്പെന്തിന്", ജെന്‍സികളോട് രാജ്യത്തെ ബേബി ചെയര്‍പേഴ്‌സണ്‍ ദിയ പുളിക്കക്കണ്ടത്തിന് പറയാനുള്ളത്...
ലോക വനിതാദിനത്തിന്‍റെ ഭാഗമായി ഇടിവി ഭാരത് പ്രസിദ്ധീകരിക്കുന്ന പരമ്പരയില്‍ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാധ്യക്ഷയായി റെക്കാര്‍ഡിട്ട പാലാ നഗരസഭാധ്യക്ഷ ദിയ പുളിക്കക്കണ്ടം രണ്ടു മാസത്തെ ഭരണാനുഭവങ്ങളെപ്പറ്റി മനസുതുറക്കുന്നു...

Published : March 4, 2026 at 5:40 PM IST
കോട്ടയം: രാഷ്ട്രീയത്തോടും രാഷ്ട്രീയക്കാരോടും പൊതുവേ പുച്ഛമാണ് ജെന്‍സികള്‍ക്ക്. അവരുടെ ഇടയില്‍ നിന്നാണ് പാലാ നഗരസഭാ അധ്യക്ഷ ദിയ പുളിക്കക്കണ്ടം വരുന്നത്. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാധ്യക്ഷ.
മദ്രാസ് ക്രിസ്ത്യൻ കോളജിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടി എംബിഎയ്ക്ക് തയാറെടുക്കുന്നതിനിടെയാണ് ദിയ രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്നത്. തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന അച്ഛന്‍റെ നിര്‍ബന്ധം അനുസരിച്ച മകള്‍ ഓര്‍ക്കാപ്പുറത്താണ് മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണായത്. എന്തായാലും 21 കാരിയായ ദിയ ഏറ്റെടുത്ത ജോലി ഭംഗിയായി നിറവേറ്റുകയാണ്.
ചെയര്‍പേഴ്‌സണ്‍ പദവിയില്‍ രണ്ടുമാസം പിന്നിട്ടുകഴിഞ്ഞ ദിയ വനിതാ ദിനത്തോടനുബന്ധിച്ച് ഇടിവി ഭാരത് പ്രസിദ്ധീകരിക്കുന്ന വാര്‍ത്താ പരമ്പരയുടെ ഭാഗമായി വിശദമായ അഭിമുഖത്തിന് തയ്യാറായി. പുറത്തു നിന്ന് നോക്കുന്നവര്‍ക്ക് നഗരസഭാധ്യക്ഷയുടേത് സ്റ്റാര്‍ പദവിയാണെന്ന് തോന്നും. ഔദ്യോഗിക കാര്‍, എന്നും പരിപാടികളും ഉദ്ഘാടനങ്ങളും. തിരക്കു പിടിച്ച ദിനങ്ങള്‍. സത്യത്തില്‍ നഗരസഭാ അധ്യക്ഷയുടെ ഔദ്യോഗിക ജീവിതം സുഖകരമാണോ. ദിയ പറയുന്നു.
ചോദ്യം : പൊതുവേ രാഷ്ട്രീയത്തേയും നേതാക്കളേയും പുഛത്തോടെയും അവജ്ഞയോടെയും കാണുന്നവരാണ് ജെന്‍സികള്‍ . എങ്ങനെയാണ് ദിയ അവരില്‍ നിന്ന് വ്യത്യസ്‌തയാകുന്നത്. രാഷ്ട്രീയത്തോടുള്ള നിലപാടെന്താണ്.
ഉത്തരം : Gen - z യുടെ ആ വീക്ഷണത്തോട് എനിക്ക് യോജിപ്പില്ല. രാഷ്ട്രീയം വേണ്ട എന്ന അഭിപ്രായം പുതിയ തലമുറയില്‍ കുറച്ച് പേർക്ക് ഉണ്ട്. അത് തെറ്റാണ് എന്നാണ് അഭിപ്രായം. ഒരു പൗരന് രാഷ്ട്രീയ ബോധം വേണം. വോട്ട് ചെയ്യണം. രാഷ്ട്രീയ അവബോധം വേണം. നമ്മുടെ മൂല്യങ്ങളോട് ചേര്‍ന്നു പോകുന്ന രാഷ്ട്രീയം എവിടെയാണെന്ന് മനസിലാക്കണം.
ചോദ്യം: 2026ലും വനിതാ സ്വാതന്ത്ര്യം പൂർണമായോ? സ്ത്രീകളുടെ ആരോഗ്യം, പരിരക്ഷ എന്നിവയിൽ എന്തൊക്കെ മാറ്റങ്ങള്‍ കൊണ്ടുവരണം എന്നാണ് കരുതുന്നത്?
2026ലും വനിതാ സ്വാതന്ത്ര്യം പൂർണമായോ എന്ന് ചോദിച്ചാൽ പൂർണമായി എന്നു പറയാനാകില്ല. ഇനിയും മുന്നോട്ട് പോകാനുണ്ട്. സാവധാനം മാറ്റങ്ങൾ ഉണ്ടായി വരുന്നുണ്ട്. സ്ത്രീകളുടെ ആരോഗ്യം പരിരക്ഷ എന്നീ വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകുന്ന പദ്ധതികൾ നടപ്പാക്കണം. കേരളത്തിലോ ഇന്ത്യയിലോ സ്‌ത്രീകള്‍ സുരക്ഷിതരാണോ എന്ന് ചോദിച്ചാൽ ആണെന്ന് പറയാമെങ്കിലും, പല ചോദ്യങ്ങളും വീണ്ടും ബാക്കിയാകും. സ്‌ത്രീകള്‍ക്ക് ഇപ്പോഴും പലകാര്യങ്ങളിലും നീതി ലഭിച്ചുവെന്ന് പറയാനാകില്ല. സ്‌ത്രീകള്‍ സ്വയം പ്രാപ്‌തരാകേണ്ടതുണ്ട്. തുല്യത വരേണ്ടതുണ്ട്.
ചോദ്യം : രാഷ്ട്രീയത്തിൽ നേരത്തെ താത്പര്യമുണ്ടായിരുന്നോ?
ഉത്തരം : രാഷ്ട്രിയത്തിൽ നേരത്തെ തന്നെ താൽപര്യമുണ്ടായിരുന്നു. എന്നാൽ ഇത്ര നേരത്തെ രാഷ്ട്രീയത്തിലെത്തുമെന്ന് കരുതിയിരുന്നില്ല. നാട്ടില്‍ നടക്കുന്ന കാര്യങ്ങള്‍ എന്നും നിരീക്ഷിക്കുമായിരുന്നു. രാഷ്ട്രീയമെന്നത് ചെറിയ കാര്യമല്ല. പെട്ടെന്ന് എത്തിപ്പെടാന്‍ പറ്റിയ കാര്യമല്ല. പിന്‍ബലമില്ലാതെ വരാന്‍ പറ്റില്ല. പതുക്കെ പതുക്കെ മുന്നേറുക. പ്രശ്‌നങ്ങള്‍ ഉണ്ടാവും ഏത് പ്രതികൂല സാഹചര്യവും അഭിമുഖീകരിക്കാനുള്ള മനക്കട്ടി ഉണ്ടാക്കിയെടുക്കുക എന്നതാണ് പ്രധാനം.
നല്ല ആളുകളുടെ ഉപദേശം സ്വീകരിക്കുക. ആരെ വിശ്വസിക്കണമെന്ന് പോലും ചിലപ്പോള്‍ തിരിച്ചറിയാനാവില്ല. രാഷ്ട്രീയമായി വേദനിപ്പിക്കുന്ന അനുഭവങ്ങള്‍ എതിരാളികളില്‍ നിന്ന് ഉണ്ടായിട്ടുണ്ട്. അതൊക്കെ അവരുടെ രാഷ്ട്രീയമാണെന്ന് മനസിലാക്കുമ്പോള്‍ പ്രശ്‌നം തോന്നാറില്ല. ഒത്തിരി കാര്യമില്ലാത്ത കാര്യങ്ങളെ വകവെക്കാറില്ല. നല്ല കാര്യങ്ങള്‍ ചെയ്‌താലും വിമര്‍ശനങ്ങള്‍ ഉണ്ടാകും. അതൊക്കെ ഗൗരവമായി എടുത്താല്‍ മുന്നോട്ടു പോകാനാവില്ല.

ചോദ്യം : ദേവേന്ദ്ര ഫഡ്‌നാവിസ് പോലെ അറിയപ്പെടുന്ന പല നേതാക്കളുടേയും റെക്കോര്‍ഡ് തകര്‍ത്തു കൊണ്ടാണ് ദിയ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണായത്. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ചെയർ പേഴ്‌സൺ എന്ന പദവിയിൽ എന്ത് തോന്നുന്നു
ഉത്തരം: സ്റ്റാർ പദവിയിലുമപ്പുറം വലിയ ചുമതലയായി കാണുന്നു. പ്രതിസന്ധികളെ തരണം ചെയ്യാൻ കഴിയുമെന്ന് ആത്മവിശ്വാസമുണ്ട്. സ്ത്രീകളുടെ പ്രശ്‌നങ്ങളും ആവശ്യങ്ങളും മനസിലാകാൻ കഴിയുന്നു. സമപ്രായക്കാരുമായി സംവദിക്കുമ്പോൾ അവരുടെ ആവശ്യങ്ങളും പ്രശ്‌നങ്ങളും എന്തെന്ന് മനസിലാക്കാൻ കഴിയുന്നത് സന്തോഷം നൽകുന്നു. ഈ പദവി ഉള്ളതുകൊണ്ടുതന്നെ ആ പ്രശ്‌നങ്ങള്‍ വേഗം പരിഹരിക്കാൻ കഴിയാറുണ്ട്'.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ചോദ്യം: പുറത്ത് നിന്ന് കാണുന്നത് പോലെ ഭരണം എളുപ്പമാണോ?
ഉത്തരം: പുതുമുഖം എന്ന നിലയിൽ പ്രതിസന്ധികളുണ്ട്, എന്നാൽ ആത്മവിശ്വാസത്തിനപ്പുറം എന്ത് പ്രതിസന്ധി. കുറച്ചു കാര്യങ്ങൾ ചെയ്‌ത് പ്രശ്‌നങ്ങൾ പഠിചാൽ നല്ല രീതിയിൽ മുന്നോട്ട് പോകാൻ കഴിയുമെന്ന ആത്മവിശ്വസമുണ്ട്. സഹ പ്രവർത്തകർ നല്ല രീതിയിൽ സഹകരിക്കുന്നു. പ്രവർത്തനരംഗവുമായി പൊരുത്തപ്പെട്ട് നല്ല രീതിയിൽ ചെയർ പേഴ്‌സൺ എന്ന പദവി മാനേജ് ചെയ്യാൻ കഴിയുന്നു. ഇതൊരു സാമൂഹ്യ സേവനമായാണ് ഞാന്‍ കാണുന്നത്.

ചോദ്യം : അക്കാദമിക് പഠനം ഭരണ നിർവഹണത്തിൽ ഉപകരിച്ചോ?
ഉത്തരം : അക്കാദമിക് പഠനം ഭരണ നിർവഹണത്തിൽ ഗുണം ചെയ്യുന്നുണ്ട്. കൂടുതല്‍ കൂടുതല്‍ വിദ്യാസമ്പന്നരായവര്‍ രാഷ്ട്രീയത്തില്‍വരണം. വിദ്യാഭ്യാസമുള്ളവര്‍ വന്നാല്‍ എല്ലാമായി എന്നൊന്നും അഭിപ്രായമില്ല. രാഷ്ട്രീയത്തിൽ നേരത്തെ തന്നെ താത്പര്യമുണ്ടായിരുന്നെങ്കിലും ഇത്ര നേരത്തെ രാഷ്ട്രീയത്തിലെത്തുമെന്ന് കരുതിയില്ല.
ചോദ്യം: തീരുമാനങ്ങളെടുക്കാൻ എപ്പോഴെങ്കിലും പ്രതിസന്ധിയുണ്ടായിട്ടുണ്ടോ?
ഉത്തരം: തീരുമാനങ്ങൾ എടുക്കുകയെന്നതാണ് അതിപ്രധാനം. ഒരുപാട് ചുമതലകൾ നിർവഹിക്കാനുണ്ട്. പാഷൻ മാത്രം പോര, സർവ്വീസ് എന്ന നിലയിലാണ് ഈ ജോലിയെ കാണുന്നത്.
ചോദ്യം: പഠിത്തം കഴിഞ്ഞ് ജോലിക്കായി വിദേശത്തേക്ക് പോകുന്നവരുടെ എണ്ണം വർധിച്ചു വരുന്നു. നാട്ടിൽ തൊഴിലവസരങ്ങളിൽ പോരായ്‌മയുണ്ടോ?
ഉത്തരം: ഭരണ രംഗത്തെ പരിചയ കുറവ് വിഷമിപ്പിച്ചുവെന്ന് പറയാൻ കഴിയില്ല. അച്ഛൻ ബിനു പുളിക്കക്കണ്ടം 20 വർഷമായി രാഷ്ട്രീയ രംഗത്ത് സജീവമാണ്. പരിചയ സമ്പന്നരായ മറ്റുള്ളവരും ചുറ്റിലുമുണ്ട്. അവരുടെ ഉപദേശങ്ങൾക്ക് വില നൽകുന്നു. അതിനാൽ മുന്നാട്ട് പോകുന്നതിൽ പ്രയാസമില്ല.
നഗരസഭാ ചെയർപേഴ്‌സണ്‍ എന്ന നിലയ്‌ക്കും വനിത എന്ന നിലയ്‌ക്കും ഇനിയും മുന്നോട്ട് പോകാനുണ്ട്. സാവധാനം മാറ്റങ്ങൾ ഉണ്ടായി വരുന്നുണ്ടെന്നും ദിയ പറഞ്ഞു. പഠിത്തം കഴിഞ്ഞ് ജോലിക്കായി വിദേശത്തേക്ക് പോകുന്നവരുടെ എണ്ണം വർധിച്ചു. അടിസ്ഥാന ആവശ്യങ്ങൾ പൂർത്തീകരിക്കാൻ പുറത്തേക്ക് പോവേണ്ടിവരുന്നു. നാട്ടിൽ തൊഴിലവസരങ്ങള്‍ ഉണ്ടാക്കണം.
കൂടാതെ നഗരഭരണം നേരിടുന്ന വെല്ലുവിളികളും ധാരാളമാണ്. മാലിന്യ സംസ്‌കരണം ഒരു പ്രശ്‌നമായി നിൽക്കുന്നു. ജനങ്ങളിൽ കൂടുതൽ ബോധവത്കരണം വേണം. ഭാവിയിൽ അവരെ ഇവ ബാധിക്കുമെന്ന അറിവ് ഉണ്ടാക്കണം എന്നത് പ്രധാനമാണ്. ക്ലീൻ സിറ്റി ആകുന്നതിന് ഇൻഫ്രാ സ്ട്രക്ച്ചർ ഡെവലപ്പ്മെൻ്റ് വേണം.
ചോദ്യം: അഞ്ച് വർഷത്തിന് ശേഷം രാഷ്‌ട്രീയത്തിൽ തുടരുമോ?
ഉത്തരം: അഞ്ച് വർഷത്തിന് ശേഷമുള്ള രാഷ്‌ട്രീയ ഭാവിയിൽ ഇപ്പോള്‍ ഒന്നും പറയാനാവില്ലെന്നാണ് ദിയ പറയുന്നത്. പഠനം തുടരണമെന്നുണ്ട്. രണ്ട് വർഷം നല്ല ചെയർ പേഴ്‌സണാകുക. ശേഷിച്ച മൂന്ന് വർഷം നല്ല കൗൺസിലറായി ഇരിക്കുക എന്നതിനാണ് ഇപ്പോൾ പ്രാധാന്യം.
ചോദ്യം: വിദ്യാർഥി രാഷ്‌ട്രീയത്തെപ്പറ്റി എന്താണ് അഭിപ്രായം? സ്റ്റുഡൻ്റസ് പൊളിറ്റിക്‌സിൻ്റെ പ്രാധാന്യമെന്താണ്?
ഉത്തരം: വിദ്യാർഥി രാഷ്‌ട്രീയം വളരെ പ്രധാനമാണ്. സ്റ്റുഡൻ്റസ് പൊളിറ്റിക്‌സ് വേണം എന്നാണ് അഭിപ്രായം. വിദ്യാഭ്യാസമുള്ളവർ രാഷ്‌ട്രീയത്തിൽ വരണമെന്നാണ് അഭിപ്രായം. ഞാൻ രാഷ്‌ട്രീയത്തിൽ വന്നതിന് ശേഷം വിമർശനങ്ങളെ അഭിമുഖീകരിച്ചു. ചെറിയ വിമർശനങ്ങളെ തള്ളിക്കളയും. മറ്റുള്ളവയെ സമചിത്തതയോടെ നേരിടുകയും ചെയ്യുന്നുണ്ട്. നിലവിൽ എല്ലാവരുമായി നല്ല സഹകരണത്തിൽ പോകുന്നു. ഇഷ്‌ടത്തോടെ സമീപിച്ചാൽ എന്ത് കാര്യവും ഈസിയാണ്.
ചോദ്യം: ഗള്‍ഫ് രാജ്യങ്ങള്‍ക്ക് മേലുള്ള ഇറാൻ അക്രമണം കടുക്കുന്നു. വിഷയത്തിൽ പ്രവാസികളോട് സംവദിച്ചിരുന്നുവോ?
ഉത്തരം: പ്രവാസി കൾ കൂടുതലുള്ള ഏരിയയണ് പാലാ. വ്യക്തിപരമായി അറിയാവുന്നവരെ വിളിച്ച് കാര്യങ്ങൾ അന്വേഷിക്കാറുണ്ട്. ഇത്തരം വിഷയത്തിൽ നഗരസഭയ്ക്ക് പരിമിതികൾ ഉണ്ട്.
ചോദ്യം: നഗരത്തിലെ മാലിന്യ പ്രശ്‌നത്തിന് എന്ത് പരിഹാരമാണ് കാണുന്നത്? ഇനിയൊരു വെള്ളപൊക്കമുണ്ടായാൽ എങ്ങനെ നേരിടും?
ഉത്തരം: നിലവിൽ പരിമിതികള്‍ക്കുള്ളിൽ നിന്ന് നോക്കിയാൽ വെള്ളപൊക്കമാണ് നഗരം നേരിടുന്ന പ്രശ്‌നം. ബ്ലോക്ക് മാറ്റി മഴക്കാലത്ത് പ്രശ്‌നങ്ങൾ ഒഴിവാക്കും. പിന്നെയും മീനച്ചിലാറ്റിൽ മാലിന്യങ്ങൾ എത്തുന്നു. ഒരു മാലിന്യ സംസ്‌കരണ പദ്ധതി ഇല്ലാത്തത് പ്രധാന പ്രശ്‌നമാണ്.

