ETV Bharat / state

ഗന്ധർവ സംഗീതം പിറന്ന വീട്; യേശുദാസിന് സ്നേഹാദരം; ഫോർട്ട്കൊച്ചിയിലെ വീട് മ്യൂസിയമാകുന്നു

തന്‍റെ സംഗീത യാത്രയ്ക്കിടയിൽ അമ്മയെയും വീടിനെയും പോലെ തന്നെ യേശുദാസിന് ഈ മാവും പ്രിയപ്പെട്ടതായിരുന്നു. അമ്മ നട്ട ആ വലിയ മാവ് ഇന്നും വീടിന്‍റെ ഭാഗമായി അവിടെത്തന്നെയുണ്ട്.

യേശുദാസ്  ഗാനഗന്ധര്‍വന്‍  സംഗീതം  മ്യൂസിയം
യേശുദാസിന്‍റെ പഴയ വീട്, യേശുദാസ് നാസറിനൊപ്പം (ETV Bharat)
author img

By ETV Bharat Kerala Team

Published : March 2, 2026 at 10:20 PM IST

3 Min Read
Choose ETV Bharat

പര്‍വീസ്. കെ

എറണാകുളം: ആലാപനത്തിന്‍റെ ആകാശത്ത് ഏഴു പതിറ്റാണ്ടുകളായി രാഗമഴ പെയ്യിക്കുന്ന ഗാനഗന്ധർവൻ കെ.ജെ. യേശുദാസ് ജനിച്ചുവളർന്ന ആ പഴയ വീട് ഇനി സംഗീതത്തിന്‍റെ തീർഥാടനകേന്ദ്രമാകുന്നു. ആ സ്വരമാധുരി ആദ്യമായി അലതല്ലിയ ഫോർട്ട്കൊച്ചിയിലെ മണ്ണിൽ, ദാസേട്ടന്‍റെ സംഗീതയാത്രയുടെ ഓർമ്മകൾ മ്യൂസിയമായി പുനർജനിക്കുകയാണ്. സംഗീതത്തോടുള്ള അടങ്ങാത്ത ആദരവായി ഈ വീട് രണ്ടര പതിറ്റാണ്ടായി ഹൃദയത്തോട് ചേർത്തുപിടിക്കുന്ന സി.എ. നാസർ എന്ന കലാസ്നേഹിയുടെ കാത്തിരിപ്പാണ് ഇപ്പോൾ പൂവണിയുന്നത്

സ്നേഹവും സംരക്ഷണവും

യേശുദാസിനോടും അദ്ദേഹത്തിന്‍റെ സംഗീതത്തോടുമുള്ള അടങ്ങാത്ത സ്നേഹമാണ് ഈ വീട് വാങ്ങാൻ സി.എ. നാസറിനെ പ്രേരിപ്പിച്ചത്. വീട് വിൽക്കുന്നുവെന്ന് കേട്ടപ്പോൾ വാങ്ങുന്നവർ ഇത് പൊളിച്ചുകളയുമെന്ന് ഭയപ്പെട്ടുവെന്നും അത് സഹിക്കാനാവില്ലായിരുന്നുവെന്നും സി.എ. നാസർ പറഞ്ഞു. മുമ്പ് തന്‍റെ പിതാവിനും ഈ വീട് സ്വന്തമാക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നുവെങ്കിലും അന്ന് സാധിച്ചിരുന്നില്ല. വീട് വിപുലീകരിച്ചപ്പോഴും ദാസേട്ടനും കുടുംബവും ഉപയോഗിച്ചിരുന്ന മൂന്ന് മുറികൾ അതേപടി നിലനിർത്താൻ നാസർ ശ്രദ്ധിച്ചു.

യേശുദാസ്  ഗാനഗന്ധര്‍വന്‍  സംഗീതം  മ്യൂസിയം
യേശുദാസ് നാസറിനൊപ്പം (ETV Bharat)

അതിലുമേറെ ശ്രദ്ധേയമായത് വീടിനുള്ളിലെ മാവിൻതൈ ആണ്. യേശുദാസിന്‍റെ അമ്മ നട്ടുനനച്ചു വളർത്തിയ ആ മാവ്, വീട് പുതുക്കിപ്പണിതപ്പോഴും വീട്ടിനുള്ളിൽ തന്നെ സംരക്ഷിച്ചു. "ആ മാവ് നിലനിർത്തിയിരുന്നെങ്കിൽ നന്നായിരുന്നുവെന്ന് ദാസേട്ടൻ തന്‍റെ ഒരു സുഹൃത്തിനോട് പറഞ്ഞിരുന്നു. അതറിഞ്ഞതു മുതൽ ആ മാവിനെ സംരക്ഷിക്കുകയായിരുന്നു" എന്ന് നാസർ പറയുന്നു. കൊച്ചിയിൽ മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൽ കലാമിന്‍റെ ഹെലികോപ്റ്റർ ഇറങ്ങുന്നതിനായി മരം മുറിച്ചത് വലിയ വിവാദമായിരുന്നു. അന്ന് പകരം മരങ്ങൾ വെച്ചുപിടിപ്പിക്കാൻ കലാം തന്നെ നിർദ്ദേശം നൽകിയിരുന്നു. ഇത് തനിക്ക് വലിയ പ്രചോദനമായെന്നും നാസർ വ്യക്തമാക്കി.

യേശുദാസിന് സ്നേഹാദരം; ഫോർട്ട്കൊച്ചിയിലെ വീട് മ്യൂസിയമാകുന്നു (ETV Bharat)

വിവിധ വ്യാപാര സ്ഥാപനങ്ങൾ ഇപ്പോൾ ഇവിടെ പ്രവർത്തിക്കുന്നുണ്ടെങ്കിലും വീടിന്‍റെ തനിമ ചോരാതെ ഒരു സംഗീത മ്യൂസിയം ഒരുക്കണമെന്നാണ് നാസറിന്‍റെ ആഗ്രഹം. ദാസേട്ടൻ പലതവണ ഇവിടെ സന്ദർശനം നടത്തിയിട്ടുണ്ടെന്നും അമ്മയുടെ ഓർമ്മ നിലനിർത്തുന്നതിൽ സന്തോഷം പ്രകടിപ്പിച്ച യേശുദാസ് തന്നെ 'സഹോദരൻ' എന്നാണ് വിശേഷിപ്പിച്ചതെന്നും നാസർ ഇടിവി ഭാരതിനോട് പറഞ്ഞു.

യേശുദാസ്  ഗാനഗന്ധര്‍വന്‍  സംഗീതം  മ്യൂസിയം
യേശുദാസ് നാസറിനൊപ്പം (ETV Bharat)

ഹൗസ് ഓഫ് യേശുദാസ്

വീട് സംരക്ഷിക്കുന്ന സി.എ. നാസറിനെ സ്വന്തം കുടുംബാംഗത്തെപ്പോലെയാണ് ദാസേട്ടൻ കാണുന്നത്. നാസറിന്‍റെ ജന്മദിനാഘോഷത്തിൽ പങ്കെടുക്കാൻ ഒരു തവണ അദ്ദേഹം എത്തിയിരുന്നു. അമേരിക്കയിൽ നിന്നും കൊച്ചിയിൽ വരുന്ന സമയത്തെല്ലാം തന്‍റെ കുട്ടിക്കാലം ചെലവഴിച്ച ഒരുപാട് ഓർമ്മകളുള്ള ഈ വീട്ടിലെത്താൻ ദാസേട്ടൻ ശ്രദ്ധിക്കാറുണ്ട്. വിജയ് യേശുദാസും ഈയടുത്ത് ഇവിടെ വന്നിരുന്നു.

അമ്മമാവ് പടർന്ന് പന്തലിച്ചു

യേശുദാസിന്‍റെ മാതാവ് എലിസബത്ത് (കുട്ടിമ്മ) വർഷങ്ങൾക്കു മുമ്പാണ് വീടിന്‍റെ മുറ്റത്ത് ഒരു മാവിൻതൈ നട്ടത്. മകൻ ചെന്നൈയിൽ നിന്നും കൊണ്ടുവന്ന ഒരു മാമ്പഴത്തിന്‍റെ വിത്ത് കുഴിച്ചിടുകയായിരുന്നു. തന്‍റെ സംഗീത യാത്രയ്ക്കിടയിൽ അമ്മയെയും വീടിനെയും പോലെ തന്നെ യേശുദാസിന് ഈ മാവും പ്രിയപ്പെട്ടതായിരുന്നു. അമ്മ നട്ട ആ വലിയ മാവ് ഇന്നും വീടിന്‍റെ ഭാഗമായി അവിടെത്തന്നെയുണ്ട്.

കെട്ടിടത്തിന്‍റെ മുകളിലെ നിലകൾ പണിതത് പോലും ഈ മാവിനെ ബാധിക്കാത്ത രീതിയിൽ മരത്തിന് ചുറ്റുമായിട്ടാണ്. ഓരോ വർഷവും തന്‍റെ സന്ദർശന വേളയിൽ ഈ മാവിനെ പരിപാലിക്കാനും അതിന് വെള്ളമൊഴിക്കാനും യേശുദാസ് സമയം കണ്ടെത്തിയിരുന്നു. അമ്മയുടെ ഓർമ്മകൾ മധുരിക്കുന്ന ആ മാമ്പഴങ്ങൾ ഇന്നും യേശുദാസിന് വേണ്ടി നാസർ അവിടെ സൂക്ഷിച്ചുവെക്കാറുണ്ടെന്നത് സ്നേഹത്തിന്‍റെ മറ്റൊരു അടയാളമാണ്.

യേശുദാസ്  ഗാനഗന്ധര്‍വന്‍  സംഗീതം  മ്യൂസിയം
യേശുദാസ് നാസറിനൊപ്പം (ETV Bharat)

നഗരസഭയുടെ പ്രഖ്യാപനവും നാസറിന്‍റെ നിലപാടും

വീട് ഏറ്റെടുത്ത് മ്യൂസിയമാക്കുമെന്ന് കൊച്ചി നഗരസഭ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ, താനുമായി സംസാരിക്കാതെയാണ് നഗരസഭ ഈ പ്രഖ്യാപനം നടത്തിയതെന്ന് നാസർ ചൂണ്ടിക്കാട്ടി. "സ്വന്തം നിലയിൽ മ്യൂസിയം ഒരുക്കണമെന്നാണ് എന്‍റെ ആഗ്രഹം. വീട് ആർക്കും വിട്ടുനൽകില്ല. എന്നാൽ സർക്കാരിന്‍റെയും നഗരസഭയുടെയും സഹകരണം ഈ സ്വപ്ന പദ്ധതിക്ക് ആവശ്യമാണ്," അദ്ദേഹം വ്യക്തമാക്കി.

അതേസമയം, പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് മേയർ അഡ്വ. വി.കെ. മിനിമോൾ അറിയിച്ചു. വിവാദങ്ങളിലേക്ക് പോകാതെ ഉടമയുമായി സഹകരിച്ച് തന്നെ വീട് ഏറ്റെടുക്കുമെന്നും ഇതിനായി ആറ് കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും മേയർ പറഞ്ഞു. ഒരു വർഷത്തിനുള്ളിൽ സ്മാരകം യാഥാർത്ഥ്യമാക്കാനാണ് നഗരസഭ ലക്ഷ്യമിടുന്നത്.

ഗന്ധർവ വീഥി വരുന്നു

മ്യൂസിയത്തിന് പുറമെ, കൊച്ചിയിലെ ഒരു പ്രധാന റോഡിനെ 'ഗന്ധർവ വീഥി'യായി മാറ്റാനും നഗരസഭയ്ക്ക് പദ്ധതിയുണ്ട്. യേശുദാസിന്‍റെ സംഗീതം എപ്പോഴും മുഴങ്ങുന്ന സംവിധാനങ്ങളോടെയായിരിക്കും ഈ വീഥി ഒരുക്കുക. പുതിയ തലമുറയ്ക്ക് യേശുദാസിന്‍റെ സംഗീത യാത്രയെ പരിചയപ്പെടുത്തുന്ന ഒരു സാംസ്കാരിക കേന്ദ്രമായി ഈ മ്യൂസിയം മാറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മേയർ വ്യക്തമാക്കി.