ETV Bharat / state

കേരള നിയമസഭയിൽ ഇത്തവണ 10 വനിതാ എംഎൽഎമാർ; ലീഗിൻ്റെ ഫാത്തിമ തഹലിയ ചരിത്ര നേട്ടത്തിൽ

മുസ്ലിം ലീഗിൻ്റെ ആദ്യവനിതാ എംഎൽഎ എന്ന ചരിത്രനേട്ടത്തിനുടമയായി ഫാത്തിമ തഹലിയ എത്തുന്നു എന്നതാണ് ഏറ്റവും ശ്രദ്ധേയം...

Women MLAs Kerala  Kerala Assembly Election 2026  Fathima Thahlia  Assembly Election 2026 Result
Fathima Thahlia - File (FaceBook.com)
author img

By ETV Bharat Kerala Team

Published : May 4, 2026 at 7:25 PM IST

5 Min Read
Choose ETV Bharat

ത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പ് ചിത്രം തെളിയുമ്പോള്‍ ഇത്തവണ സഭയിലേക്കെത്തുക 10 വനിതാ എംഎൽഎമാർ. മുസ്ലിം ലീഗിൻ്റെ ആദ്യവനിതാ എംഎൽഎ എന്ന ചരിത്രനേട്ടത്തിനുടമയായി ഫാത്തിമ തഹലിയ എത്തുന്നു എന്നതാണ് ഏറ്റവും ശ്രദ്ധേയമായത്. കഴിഞ്ഞ തവണ 11 വനിതകളാണ് സഭയിലെത്തിയത്.

അരൂരിൽ നിന്ന് യുഡിഎഫിൻ്റെ ഷാനിമോൾ ഉസ്‌മാൻ, ആറ്റിങ്ങലിൽ നിന്ന് എൽഡിഎഫിൻ്റെ ഒഎസ് അംബിക, ചിറയിൻകീഴ് നിന്ന് യുഡിഎഫിൻ്റെ രമ്യ ഹരിദാസ്, എലത്തൂരിൽ നിന്ന് യുഡിഎഫിൻ്റെ വിദ്യ ബാലകൃഷ്‌ണൻ, കൊല്ലത്ത് നിന്ന് യുഡിഎഫിൻ്റെ ബിന്ദു കൃഷ്‌ണ, കോങ്ങാട് നിന്ന് യുഡിഎഫിൻ്റെ തുളസി ടീച്ചർ, നാട്ടികയിൽ നിന്ന് എൽഡിഎഫിൻ്റെ ഗീതാഗോപി, പേരാമ്പ്രയിൽ നിന്ന് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിൻ്റെ ഫാത്തിമ തഹിലിയ, തൃക്കാക്കരയിൽ നിന്ന് യുഡിഎഫിൻ്റെ ഉമാ തോമസ്, വടകരയിൽ നിന്ന് എൽഡിഎഫിൻ്റെ കെകെ രമ എന്നിവരാണ് ഇത്തവണത്തെ വനിതാ എംഎൽഎമാർ.

2001ന് ശേഷം ആദ്യമായി കേരള നിയമസഭയിൽ വനിതാ എംഎൽഎമാരുടെ ഇരട്ട അക്ക പ്രാതിനിധ്യം ഉണ്ടാകുന്നത് 2021ലാണ്. തെരഞ്ഞെടുപ്പിൽ ആകെ 103 സ്ത്രീകൾ മത്സരിച്ചെങ്കിലും 11 പേർ മാത്രമാണ് നിയമസഭയിലെത്തിയത്. 2016 ലെ തെരഞ്ഞെടുപ്പിൽ നിയമസഭയിലെ വനിതാ പ്രതിനിധികളുടെ എണ്ണം വെറും എട്ട് ആയിരുന്നു. 1996ൽ കേരളത്തിൽ 13 വനിതാ എംഎൽഎമാർ ഉണ്ടായിരുന്നു.

  1. ഷാനിമോള്‍ ഉസ്‌മാൻ

74469 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് യുഡിഎഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്‌മാൻ വിജയിച്ചത്. പ്രധാന എതിരാളിയായ എൽഡിഎഫ് സ്ഥാനാർഥി ദലീമ 65145 വോട്ടുകളും ബിഡിജെഎസ് സ്ഥാനാർഥി പിഎസ് ജ്യോതിസ് 20334 വോട്ടുകളും നേടി.

ഇടതുപക്ഷത്തെ ഏറ്റവും കൂടുതൽ പിന്തുണച്ച മണ്ഡലമാണ് അരൂർ. ഇടതിലെ പെൺകരുത്തായിരുന്ന കെആർ ഗൗരിയമ്മ ശക്തി തെളിയിച്ച മണ്ഡലം. പിന്നീട് നടന്ന മുന്നണി മാറ്റത്തിൽ യുഡിഎഫ് പാളയത്തിൽ മത്സരിച്ചു വിജയിച്ച ഗൗരിയമ്മയെ ഇടതു പക്ഷത്തിൻ്റെ എഎം ആരിഫിലൂടെ 2006 മുന്നണി അട്ടിമറി വിജയം നേടിയിരുന്നു.

2. ഒഎസ് അംബിക

13375 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് അംബിക വിജയിച്ചത്. പ്രധാന എതിരാളികളായ ബിജെപി സ്ഥാനാര്‍ഥി പി സുധീർ 45788 വോട്ടുകളും കോൺ​ഗ്രസ് സ്ഥാനാര്‍ഥി സന്തോഷ് ഭദ്രൻ 41372 വോട്ടുകളും നേടി.

2021-ലെ നിയമസഭ തെരഞ്ഞടുപ്പിൽ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഒ.എസ് അംബിക 31,636 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ആറ്റിങ്ങല്‍ നിയോജക മണ്ഡലത്തിൽ നിന്ന് വിജയിച്ചത്. 38,262 വോട്ടുകളുമായി എന്‍ഡിഎ സ്ഥാനാര്‍ഥി അഡ്വ.പി സുധീർ കഴിഞ്ഞവട്ടം രണ്ടാം സ്ഥാനത്തെത്തിയിരുന്നു.

3. രമ്യ ഹരിദാസ്

2026 നിയമസഭ തെരഞ്ഞെടുപ്പില്‍ ചിറയിൻകീഴ് നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിന് വിജയം. 1422 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് രമ്യ വിജയിച്ചത്. വിജയിച്ച സ്ഥാനാർഥിക്ക് 56833 വോട്ടുകളും പ്രധാന എതിരാളികളായ എൽഡിഎഫ് സ്ഥാനാര്‍ഥി മനോജ് എടമന 55411 വോട്ടുകളും, ബിജെപി സ്ഥാനാര്‍ഥി 32920 വോട്ടുകളും നേടി.

4. വിദ്യ ബാലകൃഷ്‌ണൻ

നിയമസഭാ തെരഞ്ഞെടുപ്പില്‍ എലത്തൂര്‍ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. വിദ്യ ബാലകൃഷ്ണന്‍ 12,162 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. 77,662 വോട്ടുകളാണ് ലഭിച്ചത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി എ കെ ശശീന്ദ്രന്‍ ആണ് 65,500 വോട്ടുകളുമായി രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്ത് 31,510 വോട്ടുകളുമായി എന്‍ഡിഎ സ്ഥാനാര്‍ഥി ദേവദാസ് ടി ആണ്.

5. ബിന്ദു കൃഷ്‌ണ

2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കൊല്ലം മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി ബിന്ദു കൃഷ്‌ണ ഗംഭീര വിജയം കരസ്ഥമാക്കി. 16,830 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ബിന്ദു കൃഷ്‌ണ എൽഡിഎഫിൻ്റെ എസ്. ജയമോഹനെ പരാജയപ്പെടുത്തിയത്. ബിന്ദു കൃഷ്‌ണ 63,416 വോട്ടുകളും ജയമോഹൻ 46,586 വോട്ടുകളും നേടി. എൻഡിഎ സ്ഥാനാർഥി ഡോ. പ്രതാപ് കുമാർ 18,537 വോട്ടുകൾ നേടി മൂന്നാം സ്ഥാനത്തെത്തി. 2021-ൽ എം. മുകേഷിനോട് നേരിട്ട ചെറിയ പരാജയത്തിന് (2072 വോട്ടുകൾ) പകരം വീട്ടാൻ ഈ വിജയത്തിലൂടെ ബിന്ദു കൃഷ്‌ണയ്ക്കായി.

6. തുളസി ടീച്ചർ

2026-ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ കോങ്ങാട് മണ്ഡലത്തിൽ നിന്ന് വിജയിച്ച യുഡിഎഫ് സ്ഥാനാർഥിയാണ് തുളസി ടീച്ചർ. സിറ്റിങ് എംഎൽഎ ശാന്തകുമാരിയെ 3,706 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് അവർ ഈ മണ്ഡലം പിടിച്ചെടുത്തത്. പാലക്കാട് എംപി വികെ ശ്രീകണ്‌ഠൻ്റെ ഭാര്യയാണ് തുളസി ടീച്ചർ, ഇതോടെ ഇരുവരും സംസ്ഥാനത്തെ ശ്രദ്ധേയമായ പവർ കപ്പിൾ ആയി മാറിയിരിക്കുകയാണ്.

7. ഗീതാഗോപി

നിയമസഭാ തെരഞ്ഞെടുപ്പിലെ യുഡിഎഫ് തരംഗത്തിലും നാട്ടിക നിയോജക മണ്ഡലത്തില്‍ വിജയക്കൊടി നാട്ടി എൽഡിഎഫിന്‍റെ ഗീതാ ഗോപി. സിപിഐ ടിക്കറ്റില്‍ മത്സരിച്ച ഗീതാ ഗോപി 7093 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ യുഡിഎഫിന്‍റെ സുനില്‍ ലാലൂരിനെ തോല്‍പിച്ചു. ആകെ പോള്‍ ചെയ്‌ത വോട്ടുകളില്‍ ഗീതാ ഗോപി 58979 വോട്ടുകള്‍ നേടിയപ്പോള്‍ സുനില്‍ ലാലൂര്‍ 51886 വോട്ടുകള്‍ നേടി.

8. ഫാത്തിമ തഹിലിയ

മുസ്ലിം ലീഗിൻ്റെ ആദ്യവനിതാ എംഎൽഎ എന്ന ചരിത്രനേട്ടത്തിനുടമായായി അഡ്വ. ഫാത്തിമ തഹലിയ. കോഴിക്കോട് ജില്ലയിൽ എൽഡിഎഫിൻ്റെ ശക്തികേന്ദ്രമായ പേരാമ്പ്ര മണ്ഡലത്തിൽ അപ്രതീക്ഷിതമായാണ് ഫാത്തിമ തഹലിയ ലീഗിൻ്റെ സ്ഥാനാർഥിയായെത്തിയത്. ശക്തനായ എതിർസ്ഥാനാർഥി എൽഡിഎഫിൻ്റെ മുതിർന്ന നേതാവ് ടിപി രാമകൃഷ്‌ണനെ ഏഴായിരത്തിൽപ്പരം വോട്ടുകൾക്കാണ് രാഷ്ട്രീയ പ്രവർത്തനത്തിൽ താരതമ്യേന പുതുമുഖം എന്ന് വിശേഷിപ്പിക്കാവുന്ന ഫാത്തിമ തഹലിയ പരാജയപ്പെടുത്തിയത്.

കോഴിക്കോട്ടെ നളന്ദ ഓഡിറ്റോറിയത്തില്‍ ഹരിതയുടെ രൂപീകരണ കണ്‍വെന്‍ഷന്‍.കോഴിക്കോട് ലോ കോളജില്‍ നിന്നും പരിപാടിക്കെത്തിയ സാധാരണ എംഎസ്എഫ് പ്രവര്‍ത്തകയായ ഫാത്തിമ തഹിലിയ യാദൃശ്ചികമായി പരിപാടിയുടെ അധ്യക്ഷയായി. ഹരിതയുടെ സ്ഥാപക നേതാക്കളിലൊരാളായി. ഹരിത നേതാവ് ലീഗിന്‍റെ ആദ്യ വനിതാ എംഎല്‍എയാകുമ്പോള്‍ അത് സ്ത്രീപക്ഷ രാഷ്ട്രീയത്തിന്‍റെ കരുത്തുറ്റ അടയാളപ്പെടുത്തലുകളിലൊന്നാവുകയാണ്.

നിയമസഭയിലേക്ക് മത്സരിക്കാന്‍ പേരാമ്പ്രയിലേക്ക് വണ്ടി കേറുമ്പോള്‍ ഫാത്തിമ തഹിലിയയ്ക്ക് മുന്നിലുണ്ടായിരുന്നത് 45 വര്‍ഷം കൊണ്ട് ഇടതുമുന്നണി കെട്ടിപ്പൊക്കിയൊരു ചുവന്ന കോട്ട. ടി.പി രാമകൃഷ്ണനെന്ന വന്‍മരം 5087നാണ് ഫാത്തിമയ്ക്ക് മുന്നില്‍ അടിയറവ് പറഞ്ഞത്. പതിറ്റാണ്ടുകള്‍ നീണ്ട ഇടതുബന്ധം മുറിച്ച് മണ്ഡലം യുഡിഎഫ് പിടിച്ചെടുത്തതോടെ 2026 ലെ വമ്പന്‍ അട്ടിമറികളിലൊന്നായി ഫാത്തിമ തഹിലിയയുടെ ജയം.

9. ഉമ തോമസ്

2026 നിയമസഭ തെരഞ്ഞെടുപ്പില്‍ തൃക്കാക്കരയിൽ യുഡിഎഫ് സ്ഥാനാര്‍ഥി ഉമ തോമസ് 50211 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് വിജയിച്ചത്. ജയിച്ച ഉമ തോമസ് 83375 വോട്ടുകളും പ്രധാന എതിരാളികളായ എൽഡിഎഫ് സ്ഥാനാർഥി പുഷ്‌പ ദാസ് 33164 വോട്ടുകളും എൻഡിഎ സ്ഥാനാർഥി അഖിൽ മാരാർ 21424 വോട്ടുകളും നേടി.

10. കെകെ രമ

സംസ്ഥാനത്ത് എൽഡിഎഫ് തിരിച്ചടി നേടുമ്പോൾ ഇക്കുറി പിടിച്ചെടുക്കുമെന്ന് കരുതിയ വടകര മണ്ഡലത്തിൽ ഒരിക്കൽ കൂടി കെകെ രമയുടെ മുന്നേറ്റമുണ്ടായിരിക്കുകയാണ്. ആദ്യ മണിക്കൂറുകളിൽ തന്നെ യുഡിഎഫിന് മുന്നേറ്റം പ്രകടമായിരുന്നു. പതിവിലും വൈകിയാണ് ഇക്കുറി വടകരയിൽ വോട്ടെണ്ണൽ സൂചനകൾ വന്നു തുടങ്ങിയത്. 14,862 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് ഇക്കുറി രമയുടെ ജയം.

നിലവിലെ ഈ മത്സരം വ്യക്തിപരമായ രാഷ്ട്രീയ ചരിത്രവും ഉൾക്കൊള്ളുന്നുണ്ട്. കെകെ രമ, ആർഎംപി സ്ഥാപകൻ ടിപി ചന്ദ്രശേഖരൻ്റെ ഭാര്യയാണ്. അദ്ദേഹത്തിൻ്റെ ഓർമ ദിവസംകൂടിയാണ് ഇന്ന്.

Also Read: കാല്‍നൂറ്റാണ്ട് കാലത്തെ കോവൂര്‍ കുഞ്ഞുമോന്‍റെ അപ്രമാദിത്വം തകര്‍ത്ത് ഉല്ലാസ് കോവൂരിന് അട്ടിമറി വിജയം, തകര്‍ന്നടിഞ്ഞത് വിപ്ലവ മണ്ണിന്‍റെ പോരാട്ട പാരമ്പര്യം