കണ്ണീർമണ്ണിൽ പ്രത്യാശയുടെ പച്ചപ്പ്; വയനാട് ടൗൺഷിപ്പിൽ വിസ്‌മയം തീർത്ത് ബാവയുടെ ഏഴ് സെന്‍റ് കൃഷിയിടം
ദുരന്തം കവർന്നെടുത്ത പുഞ്ചിരിമട്ടത്തെ സ്വന്തം മണ്ണിൻ്റെ ഓർമ്മകളെ ടൗൺഷിപ്പിലേക്ക് പറിച്ചുനട്ടിരിക്കുകയാണ് കർഷകനായ കുരിക്കൾ മൊയ്‌തീൻകുട്ടി എന്ന ബാവ.

Published : September 1, 2026 at 6:06 PM IST
വയനാട്: പ്രകൃതിയുടെ മഹാദുരന്തം ഒടുക്കിയ പുഞ്ചിരിമട്ടത്തിൻ്റെ ഓർമ്മകളെ നെഞ്ചിലേറ്റി, വയനാട് ടൗൺഷിപ്പിൽ അതിജീവനത്തിൻ്റെ പച്ചപ്പ് നട്ടുപിടിപ്പിക്കുകയാണ് മൊയ്‌തീൻകുട്ടി എന്ന കർഷകൻ. സർവ്വതും നഷ്‌ടപ്പെട്ട ഇടത്തുനിന്ന് ജീവിതം വീണ്ടെടുക്കാൻ ടൗൺഷിപ്പിൽ ലഭിച്ച ഏഴ് സെൻ്റിൽ വിപ്ലവാത്മകമായ പച്ചക്കറി കൃഷിയാണ് ഈ പുഞ്ചിരിമട്ടത്തുകാരൻ ചെയ്തെടുത്തിരിക്കുന്നത്. ചെടിമുരിങ്ങ മുതൽ നെൽകൃഷി വരെ ഉൾപ്പെടുന്ന ഈ സുന്ദരമായ വീട്ടുവളപ്പിലേക്ക്.
ദുരന്തം കവർന്നെടുത്ത പുഞ്ചിരിമട്ടത്തെ സ്വന്തം മണ്ണിൻ്റെ ഓർമ്മകളെ ടൗൺഷിപ്പിലേക്ക് പറിച്ചുനട്ടിരിക്കുകയാണ് കർഷകനായ കുരിക്കൾ മൊയ്‌തീൻകുട്ടി എന്ന ബാവ. കഴിഞ്ഞ മേയ് പത്തിനാണ് ടൗൺഷിപ്പിൽ മൊയ്‌തീൻകുട്ടിക്ക് വീട് ലഭിക്കുന്നത്. കൃഷിമന്ത്രി ടി. സിദ്ദീഖ് തൈ നട്ട് ഉദ്ഘാടനം ചെയ്‌ത ആ വീട്ടുമുറ്റത്ത്, വെറും രണ്ട് മാസം കൊണ്ടാണ് മൊയ്‌തീൻകുട്ടി വിസ്‌മയം തീർത്തത്. ദുരന്തത്തിൽ തകർന്നുപോയ മുണ്ടക്കൈയെ തിരികെപ്പിടിക്കണം എന്ന ഒറ്റ ലക്ഷ്യത്തോടെയായിരുന്നു ഈ മണ്ണിലേക്കുള്ള മൊയ്‌തീൻകുട്ടിയുടെ ഇറങ്ങിത്തിരിക്കൽ.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഏഴ് സെൻ്റിലെ ഈ കൊച്ചു വീട്ടുവളപ്പിൽ ഇല്ലാത്ത പച്ചക്കറികളില്ല. തക്കാളി, പച്ചമുളക്, വെള്ളരി, ഇഞ്ചി, ബീൻസ്, ചൈനീസ് ബീൻസ്, വഴുതനങ്ങ, കോവയ്ക്ക, ചെടിമുരിങ്ങ, പുതിന, മുള്ളങ്കി, ക്യാരറ്റ്, ബീറ്റ്‌റൂട്ട്, വാഴ തുടങ്ങി വൈവിധ്യമാർന്ന വിളകളാണ് ഇവിടെ വിളഞ്ഞുനിൽക്കുന്നത്. ഇതുകൂടാതെ പുതുതലമുറയ്ക്ക് നെൽകൃഷി എന്താണെന്ന് പരിചയപ്പെടുത്താൻ ചെറിയൊരു ഭാഗത്ത് നെല്ലും വിതച്ചിട്ടുണ്ട്. 125 ഗ്രോ ബാഗുകളിലായി കർണാടക മാതൃകയിലുള്ള കൃഷി രീതിയാണ് മൊയ്‌തീൻകുട്ടി ഇവിടെ പിന്തുടരുന്നത്.
ഇതിനോടകം തന്നെ നിരവധി തവണ വിളവെടുപ്പ് നടത്തിക്കഴിഞ്ഞ ഈ മാതൃകാ കൃഷിയിടം കാണാൻ നിരവധി ആളുകളാണ് എത്തുന്നത്. കഴിഞ്ഞ ദിവസം മുണ്ടക്കൈ സ്‌കൂളിലെ വിദ്യാർത്ഥികളും ഹെഡ്‌മിസ്‌ട്രസും മൊയ്‌തീൻകുട്ടിയുടെ കൃഷിയിടം സന്ദർശിക്കാനെത്തിയിരുന്നു. സ്‌കൂളിലും ഇതുപോലെ പച്ചക്കറി കൃഷി വേണമെന്ന് കുട്ടികൾ ആഗ്രഹം പ്രകടിപ്പിച്ചതോടെ, അവർക്കായി സ്വന്തം ചെലവിൽ ഗ്രോ ബാഗുകൾ ഒരുക്കി നൽകാനും ഈ വലിയ മനുഷ്യൻ മടിച്ചില്ല. പരിസരത്തുള്ളവർക്കും മറ്റും വിഷജന്യമായ പച്ചക്കറികൾ വിതരണം ചെയ്യണമെന്നാണ് മൊയ്‌തീൻകുട്ടിയുടെ ആഗ്രഹം.
മണ്ണിൽ അധ്വാനിക്കാൻ മനസുണ്ടെങ്കിൽ ഏത് വലിയ ദുരന്തത്തെയും അതിജീവിച്ച് പച്ചപ്പ് വിളയിക്കാം എന്ന് സ്വന്തം ജീവിതം കൊണ്ട് തെളിയിക്കുകയാണ് ഈ കർഷകൻ. ശൈത്യകാലം അടുക്കുന്നതോടെ കൂടുതൽ വിളവെടുപ്പിനൊരുങ്ങുന്ന മൊയ്‌തീൻകുട്ടിയുടെ ഈ പച്ചക്കറിത്തോട്ടം, പുനരധിവാസ മേഖലയിലെ മുഴുവൻ മനുഷ്യർക്കും പ്രത്യാശയുടെ പച്ചപ്പുള്ളൊരു വലിയ സന്ദേശമാണ് നൽകുന്നത്.
ALSO READ: വയനാടൻ തണുപ്പിൽ കശ്‌മീരിൻ്റെ മാധുര്യം; വീട്ടുമുറ്റത്ത് ആപ്പിൾ വിളയിച്ച് മീനങ്ങാടിയിലെ കർഷകൻ

