ETV Bharat / state

വയനാട് പുനരധിവാസം; താക്കോൽ ലഭിച്ചാലും താമസിക്കാൻ ഏപ്രിൽ പത്തു വരെ കാത്തിരിക്കണം

വിവിധ സോണുകളിലായി ചിതറിക്കിടക്കുന്ന ഈ വീടുകൾക്ക് സമീപം മറ്റ് വീടുകളുടെ നിർമാണം ദ്രുതഗതിയിൽ പുരോഗമിക്കുന്നതിനാൽ നിലവിൽ താമസസൗകര്യം ഒരുക്കാൻ കഴിയില്ല.

വയനാട്  ടൗണ്‍ഷിപ്പ്  പുനരധിവാസം  വയനാട് ഉരുള്‍പൊട്ടല്‍
WAYANAD REHABILITATION (ETV Bharat)
author img

By ETV Bharat Kerala Team

Published : February 27, 2026 at 11:19 AM IST

|

Updated : February 27, 2026 at 11:26 AM IST

2 Min Read
Choose ETV Bharat

കെ ശശീന്ദ്രന്‍

കോഴിക്കോട്: വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി സർക്കാർ പണിതീർക്കുന്ന വീടുകളുടെ ഉദ്ഘാടനം കഴിഞ്ഞാലും താമസിക്കാൻ ഗുണഭോക്താക്കൾ ഇനിയും കാത്തിരിക്കണം. 178 വീടുകളുടെ നിർമാണം പൂർത്തിയായെങ്കിലും പരിസരമാകെ നിർമാണ സാമഗ്രികൾ ചിതറിക്കിടക്കുന്നതാണ് പ്രധാന തടസം. അഞ്ച് സോണുകളിലായി 410 വീടുകളാണ് ആകെ പൂർത്തിയാക്കേണ്ടത്. ഇതിൽ സർക്കാർ പ്രഥമ പരിഗണന നൽകിയ 178 വീടുകളുടെ പണിയാണ് ആദ്യം പൂർത്തീകരിച്ചത്.

വിവിധ സോണുകളിലായി ചിതറിക്കിടക്കുന്ന ഈ വീടുകൾക്ക് സമീപം മറ്റ് വീടുകളുടെ നിർമാണം ദ്രുതഗതിയിൽ പുരോഗമിക്കുന്നതിനാൽ നിലവിൽ താമസസൗകര്യം ഒരുക്കാൻ കഴിയില്ല. നിർമാണ സാമഗ്രികൾ പലയിടങ്ങളിലായി കിടക്കുന്നതും ഒപ്പം രൂക്ഷമായ പൊടിശല്യവും താമസക്കാർക്ക് ബുദ്ധിമുട്ടാകും. ഈ സാഹചര്യത്തിൽ ഏപ്രിൽ 10 വരെ സർക്കാരിനോട് സമയം ആവശ്യപ്പെട്ടിരിക്കുകയാണെന്ന് ഊരാളുങ്കൽ ലേബർ സൊസൈറ്റി സി.ഒ.ഒ അരുൺ ബാബു ഇ ടിവി ഭാരതിനോട് പറഞ്ഞു.

വയനാട്  ടൗണ്‍ഷിപ്പ്  പുനരധിവാസം  വയനാട് ഉരുള്‍പൊട്ടല്‍
WAYANAD REHABILITATION (ETV Bharat)

ഒന്ന്, മൂന്ന്, നാല് സോണുകളിലെ വീടുകളുടെ നിർമാണ പ്രവർത്തികൾ എത്രയും പെട്ടെന്ന് പൂർത്തിയാക്കാനുള്ള കഠിന പ്രയത്നമാണ് ഇപ്പോൾ നടക്കുന്നത്. ഇത്രയും വ്യാപ്തിയുള്ള ഒരു ടൗൺഷിപ്പിന്‍റെ നിർമാണത്തിനായി ഒരു മാസക്കാലമാണ് ആസൂത്രണത്തിനായി ലഭിച്ചത്. അതുകൊണ്ടുതന്നെ പ്രവൃത്തി പുരോഗമിക്കുന്നതിനിടെ ചില മാറ്റങ്ങൾ അനിവാര്യമായി വന്നിട്ടുണ്ട്. ഇതെല്ലാം പരിഹരിച്ച് മുന്നോട്ടുപോകാൻ അല്പം കൂടി സമയം വേണം. സർക്കാർ അത് അനുവദിച്ചുതരുമെന്നാണ് പ്രതീക്ഷയെന്നും അരുൺ ബാബു വ്യക്തമാക്കി.

വയനാട്  ടൗണ്‍ഷിപ്പ്  പുനരധിവാസം  വയനാട് ഉരുള്‍പൊട്ടല്‍
WAYANAD REHABILITATION (ETV Bharat)

ഒക്ടോബർ മാസത്തോടെ 410 വീടുകളുടെയും നിർമാണം പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിന് പിന്നാലെ മുഴുവൻ ഗുണഭോക്താക്കൾക്കും വീടുകളിൽ താമസമാക്കാം. എന്നാൽ തങ്ങളുടെ ഉത്തരവാദിത്തം അവിടെ തീരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. സ്കൂൾ, ആശുപത്രി, പ്രാഥമിക ആരോഗ്യ കേന്ദ്രം, വാണിജ്യ കെട്ടിടങ്ങൾ, അംഗൻവാടി, മൃഗാശുപത്രി, മാർക്കറ്റ്, സ്പോർട്സ് ക്ലബ്, ലൈബ്രറി തുടങ്ങിയവയുടെയെല്ലാം നിർമാണം പൂർത്തിയാക്കേണ്ടതുണ്ട്.

നിർമാണങ്ങൾ ഒന്ന് "വേരുറച്ച്" വരണമെങ്കിൽ ചുരുങ്ങിയത് രണ്ട് മഴക്കാലമെങ്കിലും കഴിയണം. അതിനിടയിൽ ഉണ്ടാകുന്ന അറ്റകുറ്റപ്പണികളും മറ്റ് കൂട്ടിച്ചേർക്കലുകളും സൊസൈറ്റിയുടെ ഉത്തരവാദിത്തമാണ്. അതുകൊണ്ടുതന്നെ ഒരു ടീം എപ്പോഴും അവിടെയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

വയനാട്  ടൗണ്‍ഷിപ്പ്  പുനരധിവാസം  വയനാട് ഉരുള്‍പൊട്ടല്‍
WAYANAD REHABILITATION (ETV Bharat)

ദുരന്തബാധിതർക്കായി നിർമിച്ച പുനരധിവാസ ടൗൺഷിപ്പിന്‍റെ ഒന്നാം ഘട്ട ഉദ്ഘാടനം മാർച്ച് 1 ഞായറാഴ്ച നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനവും ഗുണഭോക്താക്കൾക്കുള്ള പട്ടയ വിതരണവും നിർവഹിക്കും. കൽപ്പറ്റയിലെ എൽസ്റ്റൺ എസ്റ്റേറ്റിൽ പൂർത്തിയായ 178 വീടുകളുടെ താക്കോൽ കൈമാറും. ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവരെയാണ് ആദ്യഘട്ടത്തിൽ പരിഗണിച്ചത്.

വയനാട്  ടൗണ്‍ഷിപ്പ്  പുനരധിവാസം  വയനാട് ഉരുള്‍പൊട്ടല്‍
WAYANAD REHABILITATION (ETV Bharat)

ഫെബ്രുവരി 25-ന് നിശ്ചയിച്ചിരുന്ന ഉദ്ഘാടനമാണ് മാർച്ച് ഒന്നിലേക്ക് മാറ്റിയത്. ഉദ്ഘാടന ദിവസം പൊതു അവധി നൽകണമെന്ന ആവശ്യം പരിഗണിച്ചാണ് തീയതി മാറ്റിയതെന്ന് ഔദ്യോഗിക റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും പുനരധിവാസ കേന്ദ്രത്തിലേക്കുള്ള റോഡ് ടാറിംഗ് പൂർത്തിയാകാത്തതായിരുന്നു പ്രധാന കാരണം. വേനൽമഴ തടസ്സമാകുന്നുണ്ടെങ്കിലും റോഡ് പണി അവസാന ഘട്ടത്തിലാണ്. അതിനിടെ നിരവധി പേരാണ് തങ്ങളുടെ പുതിയ വീടും പരിസരവും കാണാൻ എൽസ്റ്റൺ എസ്റ്റേറ്റ് സന്ദർശിക്കുന്നത്.

Also Read: ഇമ്പശേഖറിന് അൻപോടെ മടക്കം; അർജുൻ പാണ്ഡ്യൻ ഇനി കാസർകോട് ജില്ലാ കലക്ടര്‍

Last Updated : February 27, 2026 at 11:26 AM IST