6 ദിവസം, 75,000 പേർ! വയനാട് പൂപ്പൊലി സൂപ്പർഹിറ്റ്; ഒഴുകുന്ന പൂന്തോട്ടം കാണാൻ തിരക്കേറുന്നു
വയനാട് അമ്പലവയലിലെ പൂപ്പൊലി പുഷ്പോത്സവത്തിന് വൻ ജനത്തിരക്ക്. 13 ഏക്കറിലായി ഒരുക്കിയ മേള ജനുവരി 15 വരെ തുടരും.

Published : January 8, 2026 at 1:46 PM IST
വയനാട്: കേരളത്തിൻ്റെ ഏറ്റവും വലിയ പുഷ്പോത്സവമായ വയനാട്ടിലെ 'പൂപ്പൊലി'ക്ക് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. അമ്പലവയലിൽ 13 ഏക്കറിലായി നടക്കുന്ന മേള ആരംഭിച്ച് ആറ് ദിവസം പിന്നിടുമ്പോൾ ജില്ലയ്ക്ക് അകത്തും പുറത്തുനിന്നുമായി 75,000ത്തിലധികം പേർ സന്ദർശകരായി എത്തിക്കഴിഞ്ഞു. വർണ പുഷ്പങ്ങളുടെയും അലങ്കാര സസ്യങ്ങളുടെയും വൈവിധ്യമാർന്ന വിസ്മയ കാഴ്ചകളാണ് മേളയിലുള്ളത്.
വസന്തമൊരുക്കി പുഷ്പങ്ങൾ
മേളയിൽ 350ലധികം പവലിയനുകളിലായി ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പുഷ്പങ്ങൾ ഒരുക്കിയിട്ടുണ്ട്. രണ്ടര ഏക്കറിലായി 800ലധികം വൈവിധ്യമാർന്ന റോസാപ്പൂക്കളും ഒരേക്കർ സ്ഥലത്ത് 13ലധികം ഇനങ്ങളിലുള്ള ഗ്ലാഡിയോലസ് പൂക്കളും വിരിഞ്ഞുനിൽക്കുന്നു. നൂറുകണക്കിന് ചെടികളിലായി 25ഓളം ഇനം ഡാലിയ പൂക്കൾക്കൊപ്പം ഡെൽഫിനിയം, പെറ്റൂണിയ, ആസ്റ്റർ, ഡയാന്തസ്, മാരിഗോൾഡ്, സൺഫ്ളവർ, സീനിയ, കോസ്‌മോസ്, ഫ്ലോക്‌സ്, ലിലിയം, പാൻസി, സാൽവിയ, വെർബിന, ഗോംഫ്രീന, സ്റ്റോക്ക്, കലൻഡുല, പൈറോസ്റ്റിജിയ, ട്യൂബ് റോസ് തുടങ്ങിയവയുടെ വലിയ ശേഖരമുണ്ട്. വിദേശയിനങ്ങളായ ലിലിയം, ഓർക്കിഡുകൾ, ആന്തൂറിയങ്ങൾ എന്നിവയും ഡ്രസീന, കാലിഷ്യ, സെബ്രീന, റിയോ, സെഡം തുടങ്ങിയ അലങ്കാര ചെടികളും മേളയുടെ പ്രധാന ആകർഷണങ്ങളാണ്.


കൗതുകമുണർത്തി കാഴ്ചകൾ
ജലാശയത്തിൽ മുള ചങ്ങാടങ്ങളിലും കൊട്ടത്തോണികളിലുമായി ഒരുക്കിയിട്ടുള്ള ഫ്ലോട്ടിങ് ഗാർഡനിൽ ചൈനീസ് ബാൽസം, ആസ്റ്റർ, മാരിഗോൾഡ് എന്നിവയാണുള്ളത്. ഈ വർഷത്തെ മേളയിൽ ഭീമൻ പൂമ്പാറ്റയുടെയും മയിലിൻ്റെയും രൂപത്തിലുള്ള പുഷ്പാലങ്കാരങ്ങളും സന്ദർശകരുടെ ശ്രദ്ധയാകർഷിക്കുന്നു. വിവിധ പുഷ്പാലങ്കാര മാതൃകകൾ, ഫ്ലോറൽ ക്ലോക്ക്, ഭക്ഷ്യയോഗ്യമായ സസ്യങ്ങളുടെ അലങ്കാരോദ്യാനം, ടോപ്പിയറികൾ, മെലസ്റ്റോമ ഗാർഡൻ, റോസ് ഗാർഡൻ, കാക്റ്റസുകൾ, സക്യുലൻ്റുകൾ, ബോൺസായ് മരങ്ങൾ എന്നിവയും പ്രദർശനത്തിലുണ്ട്. കുട്ടികൾക്കായി പാർക്കും വിവിധതരം റൈഡുകളും സജ്ജീകരിച്ചിട്ടുണ്ട്.

കാർഷിക വിജ്ഞാനവും വിപണനവും
നൂതന സാങ്കേതികവിദ്യകൾ, മികച്ചയിനം നടീൽ വസ്തുക്കൾ, കാർഷിക ഉത്പന്നങ്ങൾ എന്നിവയുടെ പ്രദർശന, വിപണന മേളയും ഇതിനൊപ്പമുണ്ട്. സർക്കാർ-അർധസർക്കാർ സ്ഥാപനങ്ങൾ, കർഷക കൂട്ടായ്മകൾ, പ്രമുഖ കർഷകർ എന്നിവരുടെ സ്റ്റാളുകളും ഒരുക്കിയിട്ടുണ്ട്. മലയോര മേഖലയിലെ കാർഷിക പ്രശ്നങ്ങളും ആനുകാലിക പ്രസക്തിയുള്ള വിഷയങ്ങളും ഉൾപ്പെടുത്തി വിദഗ്ധർ നയിക്കുന്ന കാർഷിക ശിൽപശാലകൾ, സെമിനാറുകൾ, കാർഷിക ക്ലിനിക്കുകൾ എന്നിവയും മേളയുടെ ഭാഗമായി നടക്കുന്നുണ്ട്.

നേട്ടങ്ങളും നിർദേശങ്ങളും
കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് ആണ് മേള ഉദ്ഘാടനം ചെയ്തത്. പൂപ്പൊലി ജില്ലയിലെ കാർഷിക മേഖലയ്ക്ക് ഏറെ പ്രയോജനകരമാകുന്നതോടൊപ്പം പുഷ്പമേള ആസ്വദിക്കാൻ നിരവധി സഞ്ചാരികൾ എത്തുന്നതിലൂടെ പ്രാദേശിക സമ്പദ്‌വ്യവസ്ഥയ്ക്ക് ഗുണകരമായ മാറ്റങ്ങൾ ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. മനുഷ്യൻ്റെ മാനസിക ഘടനയിൽ ഗുണപരമായ മാറ്റം സൃഷ്ടിക്കാൻ പൂക്കൾക്ക് കഴിവുണ്ടെന്നും നട്ടുവളർത്തിയ പൂക്കളാൽ മനോഹരമായി ഒരുക്കിയിരിക്കുന്ന പുഷ്പമേള രാജ്യത്തെ മറ്റ് പ്രധാന പുഷ്പമേളകളോട് കിടപിടിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരും പൂപ്പൊലി സന്ദർശിച്ച് പ്രോത്സാഹിപ്പിക്കണമെന്ന് വയനാട് ജില്ലാ കലക്ടർ ഡിആർ മേഘശ്രീ പറഞ്ഞു.


ടിക്കറ്റും സമയവും
പൂപ്പൊലിയുടെ ഭാഗമായി സായാഹ്നങ്ങളിൽ ദീപാലങ്കാരങ്ങളും കലാപരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. മുതിർന്നവർക്ക് 70 രൂപയും കുട്ടികൾക്ക് 35 രൂപയുമാണ് പ്രവേശന ഫീസ്. ജനുവരി 15 വരെ എല്ലാ ദിവസവും രാവിലെ ഒൻപത് മുതൽ രാത്രി 8.30 വരെ ടിക്കറ്റുകൾ ലഭ്യമാണ്. https://linktr.ee/pooppoli2026 ൽ ഓൺലൈനായും ടിക്കറ്റ് ബുക്ക് ചെയ്യാം.

Also Read:- പത്മകുമാറും മുരാരി ബാബുവും പുറത്തിറങ്ങുമോ? ജാമ്യാപേക്ഷ തിങ്കളാഴ്ച; നിർണായക നീക്കവുമായി ഹൈക്കോടതി

