ETV Bharat / state

മിഠായിയോട് പറയാം ഗുഡ്‌ബൈ ! കുരുന്നുകളെ കാർന്നുതിന്നുന്ന 'മധുരവിഷ'ത്തിനെതിരെ കേരളത്തിലാദ്യമായി ഒരു 'പടിഞ്ഞാറത്തറ മോഡൽ' ഹെൽത്ത് വിപ്ലവം

"മിഠായിരഹിത അങ്കണവാടികൾ" എന്ന വിപ്ലവകരമായ പദ്ധതിയുമായി വയനാട് പടിഞ്ഞാറത്തറ ഗ്രാമ പഞ്ചയത്തിലെ ഐസിഡിഎസും അങ്കണവാടി പ്രവർത്തകരും.

Padinjarathara panchayat  type 2 diabetes  No Mithayi campaign  Wayanad
"നോ മിഠായി"ക്യാമ്പയിൻ്റെ ഉദ്ഘാടനം നിർവഹിക്കുന്നു (ETV Bharat)
author img

By ETV Bharat Kerala Team

Published : June 4, 2026 at 11:00 AM IST

5 Min Read
Choose ETV Bharat

വയനാട് : ആകർഷകമായ പായ്ക്കറ്റുകളിലും കൺമനം കവരുന്ന വർണാഭമായ നിറങ്ങളിലും വിപണിയിലെത്തുന്ന കൃത്രിമ മധുരപലഹാരങ്ങൾ നമ്മുടെ കുട്ടികളുടെ ആരോഗ്യത്തിന് എത്രത്തോളം വലിയ ഭീഷണിയാണെന്ന് നാം പലപ്പോഴും ഗൗരവമായി ചിന്തിക്കാറില്ല. കളർ മിഠായികളും ചോക്ലേറ്റുകളും നൽകി കരയുന്ന കുട്ടികളെ താൽക്കാലികമായി സമാധാനിപ്പിക്കുമ്പോൾ, വരുംതലമുറയെ മാരകമായ രോഗങ്ങളിലേക്ക് തള്ളിവിടുന്ന ഈ 'മധുരവിഷ'ത്തിനെതിരെ വിട്ടുവീഴ്‌ചയില്ലാത്ത പോരാട്ടത്തിന് തുടക്കമിട്ടിരിക്കുകയാണ് വയനാട്ടിലെ പടിഞ്ഞാറത്തറ ഗ്രാമ പഞ്ചയത്തിലെ ഐസിഡിഎസും അങ്കണവാടി പ്രവർത്തകരും.

"ഹരിതമധുരം ആരോഗ്യമധുരം" എന്ന ശക്തമായ സന്ദേശവുമായി, കേരളത്തിൽ തന്നെ ആദ്യമായി അങ്കണവാടികളിൽ നടപ്പിലാക്കുന്ന "നോ മിഠായി"ക്യാമ്പയിൻ സംസ്ഥാനത്തിൻ്റെ പൊതുജനാരോഗ്യ ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിക്കുകയാണ്. പുതിയ അധ്യയന വർഷത്തെ വരവേൽക്കുന്ന പ്രവേശനോത്സവ ദിനത്തിൽ പഞ്ചായത്തിലെ 31 അങ്കണവാടികളിലും ഒരേസമയമാണ് ഈ വേറിട്ട ജനകീയ ആരോഗ്യ വിപ്ലവത്തിന് തിരിതെളിഞ്ഞത്.

പ്രവേശനപ്പൊലിമയിൽ കപട മധുരമില്ല; പകരം പ്രകൃതിയുടെ നാടൻ അമൃത്

PADINJARATHARA PANCHAYAT  TYPE 2 DIABETES  NO MITHAYI CAMPAIGN  WAYANAD
"മിഠായിയും മധുരവും വേണ്ടേ വേണ്ട , ഹരിതമധുരം ആരോഗ്യമധുരം" എന്നെഴുതിയ പോസ്റ്ററുമായി (ETV Bharat)

നമ്മുടെ കുട്ടികളിൽ 3 മുതൽ 6 വയസ്സ് വരെ പ്രായമുള്ളവരാണ് ഏറ്റവും അധികം മിഠായികളും കൃത്രിമ നിറങ്ങൾ ചേർത്ത പലഹാരങ്ങളും ഉപയോഗിക്കുന്നത്. പുതിയ ആരോഗ്യ കണക്കനുസരിച്ച് കുട്ടികളിൽ 'ടൈപ്പ് 2 പ്രമേഹം' ഭയപ്പെടുത്തുന്ന രീതിയിൽ കൂടിക്കൊണ്ടുവരുന്ന ഒരു സാഹചര്യമാണല്ലോ നിലവിലുള്ളത്. അതിൻ്റെ ഭാഗമായി മിഠായികളും മറ്റ് ആർട്ടിഫിഷ്യൽ കളർ ചേർത്ത മധുരപലഹാരങ്ങളും എങ്ങനെ കുറയ്ക്കാം എന്ന ഗൗരവമായ ചിന്തയിൽ നിന്നാണ് അങ്കണവാടികളിൽ ഈ പദ്ധതി തുടങ്ങാൻ തീരുമാനിച്ചത്. ഇത്തരത്തിലുള്ള മിഠായികൾ കഴിക്കുമ്പോൾ പലകതരം രോഗങ്ങൾ ആണ് കുട്ടികളിൽ ഉണ്ടാക്കുന്നത്.പൊണ്ണത്തടി ഹൃദ്രോഗ സാധ്യതകൾ , പല്ല് ദ്രവിക്കൽ , വൃക്കയിലെ കല്ല് ഇങ്ങനെ തുടങ്ങും രോഗങ്ങളുടെ ഒരു നീണ്ട നിര.

PADINJARATHARA PANCHAYAT  TYPE 2 DIABETES  NO MITHAYI CAMPAIGN  WAYANAD
പഴവർഗ്ഗങ്ങൾ വാങ്ങി തയ്യാറാക്കിയ ഹെൽത്തി ഫ്രൂട്ട് കേക്ക് (ETV Bharat)

അങ്കണവാടിയിലെ ഏറ്റവും വലിയ ആഘോഷമായ മിഠായി മധുരം ഒരുപാട് നുകരാൻ അവസരമുള്ള പ്രവേശനോത്സവ ദിനത്തിലാണ് ഈ പദ്ധതി ആരംഭിച്ചത് എന്നത് ശ്രദ്ധേയമാണ്. പതിവ് ലഡു വിതരണവും പായസവും പൂർണ്ണമായി ഒഴിവാക്കി, പ്രാദേശികമായി ലഭ്യമായ പഴവർഗ്ഗങ്ങൾ വാങ്ങി പ്രത്യേകം തയ്യാറാക്കിയ ഹെൽത്തി ഫ്രൂട്ട് കേക്ക് മുറിച്ചാണ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്‌തത്.

പഞ്ചായത്തിലെ 31 അങ്കണവാടികളിലായി ഏകദേശം 350 ഓളം കുട്ടികളാണ് ഉള്ളത്. അങ്കണവാടിയിൽ പുതിയതായി ചേർന്ന കുട്ടികൾക്കും, ഇവിടെ നിന്ന് പഠനം പൂർത്തിയാക്കി പോയ കുട്ടികൾക്കും "ഇനി ഞാൻ മിഠായി കഴിക്കില്ല " എന്ന ബോധവൽക്കരണ സന്ദേശമടങ്ങിയ പ്രത്യേക ബാഡ്‌ജുകൾ ഉടുപ്പിൽ കുത്തിക്കൊടുത്തു. ഒപ്പം 31 അങ്കണവാടികളിലും ഒരേസമയം വാർഡ് മെമ്പർമാരുടെ നേരിട്ടുള്ള നേതൃത്വത്തിൽ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനവും ബോധവൽക്കരണ ക്ലാസുകളും നടന്നു.

PADINJARATHARA PANCHAYAT  TYPE 2 DIABETES  NO MITHAYI CAMPAIGN  WAYANAD
പഴവർഗ്ഗങ്ങൾ വാങ്ങി തയ്യാറാക്കിയ ഹെൽത്തി ഫ്രൂട്ട് കേക്ക് (ETV Bharat)

കേരളത്തിലെ ആദ്യ 'മിഠായിരഹിത അങ്കണവാടികൾ'

മിഠായികളും മറ്റ് ആർട്ടിഫിഷ്യൽ കളറുകളും ചേർത്ത മധുരപലഹാരങ്ങളും എങ്ങനെ കുറയ്ക്കാം എന്ന ഗൗരവമായ ചിന്തയിൽ നിന്നാണ് അങ്കണവാടികളിൽ ഈ പദ്ധതി തുടങ്ങാൻ പടിഞ്ഞാറത്തറ ഐസിഡിഎസ് തീരുമാനിച്ചത്. കേരളത്തിൽ തന്നെ ഇത്തരമൊരു പബ്ലിക് ഹെൽത്ത് മുൻകൈ ആദ്യമായാണ് എന്നത് ഈ പ്രൊജക്റ്റിൻ്റെ പ്രാധാന്യം ഇരട്ടിയാക്കുന്നു. ക്യാമ്പയിൻ്റെ ഭാഗമായി അതത് കേന്ദ്രങ്ങളിൽ "മിഠായിയും മധുരവും വേണ്ടേ വേണ്ട , ഹരിതമധുരം ആരോഗ്യമധുരം" എന്നെഴുതിയ പ്രത്യേക സ്റ്റിക്കറുകൾ പതിപ്പിച്ചു. ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ ഐസിഡിഎസ് (ICDS) പ്രോഗ്രാം ഓഫീസർ ഗീത എം ജി കുട്ടികളുടെ ഭക്ഷണക്രമത്തിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് വ്യക്തമാക്കി.

"കുട്ടികളുടെ ആരോഗ്യസംരക്ഷണത്തിൽ കേവലം അധ്യാപകർക്കോ ഉദ്യോഗസ്ഥർക്കോ മാത്രമല്ല, മറിച്ച് രക്ഷിതാക്കൾക്കാണ് ഏറ്റവും നിർണ്ണായകമായ പങ്കുള്ളത്. ആകർഷകമായ പരസ്യങ്ങളിലും കവറുകളിലും എത്തുന്ന കൃത്രിമ മധുരങ്ങളും രാസവസ്‌തുക്കളും കുട്ടികളുടെ സ്വാഭാവിക പ്രതിരോധശേഷിയെ തകിടം മറിക്കുകയാണ് ചെയ്യുന്നത്. അവ പൂർണ്ണമായി ഒഴിവാക്കുന്നത് വഴി മാത്രമേ നാളത്തെ തലമുറയ്ക്ക് ആരോഗ്യകരമായ ഒരു ജീവിതശൈലി കെട്ടിപ്പടുക്കാൻ സാധിക്കൂ. പടിഞ്ഞാറത്തറ ഐസിഡിഎസിൻ്റെ ഈ പുത്തൻ കാൽവെയ്പ്പ് സംസ്ഥാനത്തിന് തന്നെ മാതൃകയാണ്."

PADINJARATHARA PANCHAYAT  TYPE 2 DIABETES  NO MITHAYI CAMPAIGN  WAYANAD
കുട്ടികളെ ബാധിക്കുന്ന രോഗങ്ങൾ (ETV Bharat)

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

നോ മിഠായി ക്യാമ്പയിൻ പദ്ധതിയ്ക്ക് വേണ്ടി താഴെത്തട്ടിൽ നടത്തിയ പ്രവർത്തനങ്ങളെയും അങ്കണവാടികളിലെ കൃത്യമായ ആസൂത്രണത്തെക്കുറിച്ചും ഐസിഡിഎസ് സൂപ്പർവൈസർ കെ. ഷംന പറഞ്ഞു

"അങ്കണവാടികളിൽ എത്തുന്ന കുട്ടികൾക്ക് വീട്ടിൽ നിന്നും പുറത്തുനിന്നും ലഭിക്കുന്ന ജങ്ക് ഫുഡുകളുടെയും മിഠായികളുടെയും അളവ് ഭയപ്പെടുത്തുന്ന രീതിയിൽ വർദ്ധിച്ച സാഹചര്യത്തിലാണ് ഈ ക്യാമ്പയിൻ ഞങ്ങൾ ആസൂത്രണം ചെയ്‌തത്. ഇനി മുതൽ അങ്കണവാടി പരിസരങ്ങളിൽ കൃത്രിമ മധുരപലഹാരങ്ങൾ അനുവദിക്കില്ല. പകരം പോഷകഗുണമുള്ള പ്രകൃതിദത്ത മധുരങ്ങൾ നൽകാൻ രക്ഷിതാക്കളെ ബോധവൽക്കരിക്കും. 31 അങ്കണവാടികളിലും വാർഡ് മെമ്പർമാരുടെ നേരിട്ടുള്ള നേതൃത്വത്തിൽ ഇതിനായുള്ള പ്രത്യേക സമിതികൾ രൂപീകരിച്ച് പ്രവർത്തനം ശക്തമാക്കും."

PADINJARATHARA PANCHAYAT  TYPE 2 DIABETES  NO MITHAYI CAMPAIGN  WAYANAD
നാടൻ പഴങ്ങളുടെ ഹരിത മധുരവുമായി പടിഞ്ഞാറത്തറ അങ്കണവാടി (ETV Bharat)

1000 പേർ വിവിധ സ്ഥലങ്ങളിലായി പങ്കെടുത്ത ജനകീയ മുന്നേറ്റം; സോഷ്യൽ മീഡിയ വഴി വിപുലമായ പ്രചാരണം

ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ അമ്പിളി യു സി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജോസഫ് പുല്ലുമാരിയിൽ പ്രധാന ഉദ്ഘാടനം നിർവ്വഹിച്ചു.ചടങ്ങിൽ ഐ സി ഡി എസ് സൂപ്പർവൈസർ കെ ഷംന സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ നൗഷാദ് എം പി,പഞ്ചായത്ത് സെക്രട്ടറി രാകേഷ് പി എം, ഹെൽത്ത്‌ ഇൻസ്‌പെക്‌ടർ ശ്രീ ജോൺസൺ തുടങ്ങിയവർ സംസാരിച്ചു. കേവലം ഒരു ഔദ്യോഗിക പ്രഖ്യാപനത്തിൽ ഒതുങ്ങാതെ, കഴിഞ്ഞ ഒരു ആഴ്‌ചക്കാലമായി വിപുലമായ ബോധവൽക്കരണ ക്ലാസുകളും സോഷ്യൽ മീഡിയ വഴിയുള്ള തകർപ്പൻ പ്രചാരണങ്ങളും ഈ ക്യാമ്പയിൻ്റെ ഭാഗമായി നടന്നിരുന്നു.

PADINJARATHARA PANCHAYAT  TYPE 2 DIABETES  NO MITHAYI CAMPAIGN  WAYANAD
കേേരളത്തിലെ ആദ്യ മിഠയി രഹിത അങ്കണവാടികൾ (ETV Bharat)

ഇതിൻ്റെ ഭാഗമായി നടന്ന പ്രത്യേക യോഗങ്ങളിൽ 31 അങ്കണവാടികളിലായി ആയിരത്തോളം രക്ഷിതാക്കളും പൊതുജനങ്ങളുമാണ് സജീവമായി പങ്കെടുത്തത്. കുട്ടികളുടെ കൃത്രിമ ഭക്ഷണശീലങ്ങൾക്കെതിരെ ഒരു തദ്ദേശ സ്ഥാപനം ഔദ്യോഗികമായി നടപ്പിലാക്കുന്ന കേരളത്തിലെ ആദ്യ പദ്ധതി. പഞ്ചായത്തിലെ എല്ലാ അങ്കണവാടികളെയും പൂർണ്ണമായി മിഠായിരഹിത ഇടങ്ങളാക്കി മാറ്റി.

മുന്നിലുള്ള വെല്ലുവിളികളും വരുംകാല ലക്ഷ്യങ്ങളും

PADINJARATHARA PANCHAYAT  TYPE 2 DIABETES  NO MITHAYI CAMPAIGN  WAYANAD
മിഠയി രഹിത പൊതുയിടങ്ങൾ (ETV Bharat)

കേരളത്തിൽ തന്നെ ആദ്യമായാണ് ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനംത്തിലെ ഐ സി ഡി എസ് ഓഫിസ് എന്ന ഘടക സ്ഥാപനം ഇത്രയും വിപുലമായ രീതിയിൽ കുട്ടികളുടെ ആരോഗ്യത്തിനായി ഇത്തരമൊരു വിപ്ലവകരമായ പദ്ധതി ആവിഷ്‌കരിക്കുന്നത് എന്നത് ഇതിൻ്റെ ഏറ്റവും വലിയ പ്രത്യേകതയാണ് ആണ്. എന്നാൽ, പദ്ധതി പ്രഖ്യാപിക്കുന്നതിനേക്കാൾ ഇനി മുന്നിലുള്ള യഥാർത്ഥ വെല്ലുവിളി ഇത് കൃത്യമായ ലക്ഷ്യത്തോടെ മുന്നോട്ട് കൊണ്ടുപോവുക എന്നത് തന്നെയാണ് ഐ സി ഡി എസ് സൂപ്പർവൈസർ കെ. ഷംന വ്യക്തമാക്കി

" അങ്കണവാടികളിൽ മാത്രം ഒതുങ്ങിനിൽക്കാതെ, വരും ദിവസങ്ങളിൽ പഞ്ചായത്തിലെ മുഴുവൻ സ്‌കൂളുകൾ, ബാങ്കുകൾ, മറ്റ് പൊതു സ്ഥാപനങ്ങൾ, ഡെൻ്റൽ ക്ലിനിക്കുകൾ എന്നിവടങ്ങളിലേക്ക് കൂടി ഈ ബോധവൽക്കരണം വ്യാപിപ്പിക്കാനാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്. ഈ സ്ഥാപനങ്ങളിലെല്ലാം പ്രത്യേക സ്റ്റിക്കറുകൾ പതിച്ച് ജനകീയ പങ്കാളിത്തത്തോടെ "നോ മിഠായി" ക്യാമ്പയിൻ പൂർണ്ണ വിജയമാക്കും. കൃത്രിമ നിറങ്ങളും പ്രിസർവേറ്റീവുകളും ചേർത്ത മിഠായികൾക്ക് പകരം നമ്മുടെ നാട്ടിൽ തന്നെയുള്ള ചക്ക, മാങ്ങ, പപ്പായ മറ്റ് നാടൻ പഴങ്ങൾ എന്നിവ കുട്ടികളുടെ ഭക്ഷണക്രമത്തിൻ്റെ ഭാഗമാക്കാൻ രക്ഷിതാക്കളെ പ്രേരിപ്പിക്കുന്ന സന്ദേശമാണ് പദ്ധതി മുന്നോട്ടുവെക്കുന്നത്. "

ഹരിതമധുരം ആരോഗ്യമധുരം "നോ മിഠായി" ക്യാമ്പയിൻ (ETV Bharat)

ആരോഗ്യകരമായ ബാല്യത്തിനായി സമൂഹത്തിൻ്റെ കൂട്ടായ ഇടപെടലിന് തുടക്കമാകുകയാണ് ഈ ക്യാമ്പയിൻ.ഒരു ജനതയുടെ ആരോഗ്യകരമായ നാളേക്ക് വേണ്ടി തദ്ദേശ സ്ഥാപനങ്ങൾക്ക് എങ്ങനെ കൃത്യമായി ഇടപെടാം എന്നതിൻ്റെ ഉത്തമ ഉദാഹരണമാണ് പടിഞ്ഞാറത്തറയിലെ ഈ മധുരവിപ്ലവം. മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഈ മാതൃക ഏറ്റെടുക്കുമെന്നാണ് പഞ്ചയത് വിലയിരുത്തുന്നത്.

Also Read: സ്‌കൂൾ മുറ്റത്ത് കുരുന്നുകളെ സ്വീകരിക്കാൻ പൂതനും തിറയും... അക്ഷരമുറ്റത്ത് വള്ളുവനാടൻ ഉത്സവച്ചന്തം