ETV Bharat / state

"യാത്രകളെ പ്രണയിച്ചവന് നേപ്പാൾ സമ്മാനിച്ചത് ഒരു പേടിസ്വപ്‌നം;" നടുക്കുന്ന ഓർമ്മകളുമായി വയനാട് സ്വദേശി പ്രദീപ്

ഓഗസ്റ്റ് 21-നാണ് എച്ച്ബി പ്രദീപ് മാസ്റ്റർ, ഭാര്യ സി.കെ. ശാന്തി, സഹോദരി സബിത എന്നിവരുൾപ്പെടെ 39 പേരടങ്ങുന്ന സംഘം നേപ്പാളിലേക്ക് യാത്ര തിരിച്ചത്

NEPAL DISASTER  39 MEMBER GROUP RETURN KERALA  NEPAL DISASTER RESCUE  NORKA INTATIVE
പ്രദീപും ഭാര്യയും (ETV Bharat)
author img

By ETV Bharat Kerala Team

Published : September 3, 2026 at 6:51 AM IST

|

Updated : September 3, 2026 at 7:26 AM IST

2 Min Read
Choose ETV Bharat

വയനാട്: "ജീവിതത്തിൽ നിരവധി യാത്രകൾ നടത്തിയിട്ടുണ്ടെങ്കിലും ഈ നേപ്പാൾ യാത്ര അനുഭവങ്ങളുടെ തീവ്രത കൊണ്ട് മായാത്ത ഓർമ്മയായി" നേപ്പാളിലെ പ്രകൃതിദുരന്തത്തിൻ്റെ ഭീതിജനകമായ കാഴ്‌ച്ചകൾ നേരിൽ കണ്ട പ്രദീപിന്‍റെ വാക്കുകളാണിത്. യാത്രകളെ ജീവിതത്തിൻ്റെ ഭാഗമാക്കിയ ഇദ്ദേഹത്തിന് നേപ്പാൾ സമ്മാനിച്ചത് ഒരു പേടിസ്വപ്‌നമായിരുന്നു.

എന്ത് സംഭവിക്കുമെന്ന് അറിയാത്ത നിമിഷങ്ങളായിരുന്നു അത്. സുരക്ഷിതരായി തിരിച്ചെത്തിയതിൽ വലിയ ആശ്വാസമുണ്ടെന്ന് യാത്രയുടെ നടുക്കുന്ന ഓർമ്മകൾ പങ്കുവച്ച് വയനാട് സ്വദേശി എച്ച്ബി പ്രദീപ് പറഞ്ഞു. നേപ്പാളിലെ പ്രകൃതിദുരന്തത്തിൻ്റെ ഭീതിജനകമായ കാഴ്‌ച്ചകൾ നേരിൽ കണ്ട്, ഓരോ നിമിഷവും ആശങ്കയോടെ കടന്നുപോയ യാത്രയ്ക്ക് ഒടുവിൽ 39 അംഗ മലയാളി സംഘം സുരക്ഷിതമായി നാട്ടിലെത്തി.

നടുക്കുന്ന ഓര്‍മകള്‍ പങ്കിട്ട് പ്രദീപ്‌ (ETV Bharat)

വയനാട് സ്വദേശിയും യു.ഡി.എഫ് കൺവീനറുമായ എച്ച്.ബി. പ്രദീപ് മാസ്റ്ററും കുടുംബവും കോഴിക്കോട് സ്വദേശികളുമുൾപ്പെടുന്ന 39 അംഗ സംഘമാണ് നേപ്പാളിലെ ദുരന്തസാഹചര്യങ്ങൾക്കിടയിലും സുരക്ഷിതമായി തിരിച്ചെത്തിയത്. സംസ്ഥാന സർക്കാരിൻ്റെയും നോർക്കയുടെയും ഇടപെടലുകൾ പ്രതിസന്ധി ഘട്ടത്തിൽ വലിയ ആശ്വാസമായിരുന്നുവെന്ന്‌ പ്രദീപ് മാസ്റ്റർ വ്യക്തമാക്കി.

യാത്രയ്ക്കിടെ മാറിയ പ്രകൃതി; സുരക്ഷിത സ്ഥാനത്തേക്ക് മാറി സംഘം

കഴിഞ്ഞ ഓഗസ്റ്റ് 21-നാണ് എച്ച്ബി പ്രദീപ് മാസ്റ്റർ, ഭാര്യ സി.കെ. ശാന്തി, സഹോദരി സബിത എന്നിവരുൾപ്പെടെ 39 പേരടങ്ങുന്ന സംഘം നേപ്പാളിലേക്ക് യാത്ര തിരിച്ചത്. ഭൈരഹവ, പൊഖറ, ജോംസോം, മുക്തിനാഥ് തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ച ശേഷം കാഠ്മണ്ഡുവിലേക്ക് പോകാനുള്ള ഒരുക്കത്തിലായിരുന്നു സംഘം. ഇതിനിടെയാണ് പ്രകൃതിദുരന്തവുമായി ബന്ധപ്പെട്ട വാർത്തകൾ എത്തിയത്.

സാഹചര്യത്തിലെ മാറ്റങ്ങളും അപകടസാധ്യതകളും മനസിലാക്കിയ സംഘം യാത്രാപദ്ധതിയിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറുകയായിരുന്നു. ദുരന്തത്തിൻ്റെ പ്രഭവകേന്ദ്രം നേരിട്ട് കാണാനായില്ലെങ്കിലും യാത്രയിലുടനീളം പ്രകൃതി വിതച്ച നാശനഷ്‌ടങ്ങളുടെ കാഴ്‌ചകൾ സംഘത്തെ ഞെട്ടിച്ചു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കേബിൾ കാറുകളിൽ സഞ്ചരിക്കുമ്പോൾ താഴേക്ക് നോക്കിയപ്പോൾ കണ്ട ഭീതിദമായ കാഴ്‌ചകളും യാത്രയ്ക്കിടെ അനുഭവപ്പെട്ട ആശങ്കകളും ഒരിക്കലും മറക്കാനാകില്ലെന്ന് പ്രദീപ് മാസ്റ്റർ പറഞ്ഞു. ജീവിതത്തിൽ നിരവധി യാത്രകൾ നടത്തിയിട്ടുണ്ടെങ്കിലും ഈ നേപ്പാൾ യാത്ര അനുഭവങ്ങളുടെ തീവ്രത കൊണ്ട് മായാത്ത ഓർമ്മയായി മാറിയെന്നും അവർ പറയുന്നു.

പ്രതിസന്ധിയിൽ തണലായി സർക്കാർ; നോർക്കയുടെ ഇടപെടലിന് നന്ദി

പ്രതിസന്ധി ഘട്ടത്തിൽ സംസ്ഥാന സർക്കാരിൻ്റെയും നോർക്കയുടെയും ഇടപെടലുകൾ സംഘത്തിന് ആത്മവിശ്വാസം നൽകിയെന്ന് പ്രദീപ് മാസ്റ്റർ വ്യക്തമാക്കി. ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ സംഘത്തെ നോർക്ക റൂട്ട്സ് ഡെവലപ്പ്മെൻ്റ് ഓഫീസർ എം.കെ. ജയപ്രകാശിൻ്റെ നേതൃത്വത്തിൽ ഔദ്യോഗികമായി സ്വീകരിക്കുകയും തുടർന്ന് നാട്ടിലേക്ക് അയയ്ക്കുന്നതിനുള്ള ക്രമീകരണങ്ങൾ നടത്തുകയും ചെയ്‌തു.

നേപ്പാളിലെ മനോഹരമായ കാഴ്‌ചകൾ കാണാനായി ആരംഭിച്ച യാത്ര, പ്രകൃതിയുടെ ശക്തിക്കും മനുഷ്യജീവിതത്തിൻ്റെ നിസ്സഹായതയ്ക്കും സാക്ഷ്യം വഹിച്ച അനുഭവമായി മാറി. ഭയത്തിൻ്റെയും അനിശ്ചിതത്വത്തിൻ്റെയും നിമിഷങ്ങൾ പിന്നിട്ട് പ്രിയപ്പെട്ടവരുടെ അടുത്തേക്ക് സുരക്ഷിതമായി തിരിച്ചെത്തിയതാണ് ഈ 39 അംഗ സംഘത്തിന് ഏറ്റവും വലിയ ആശ്വാസം.

Also Read : കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകം: പ്രതി അനില ബേബിയുടെ അറസ്റ്റ് രേഖപ്പെടുത്തി

Last Updated : September 3, 2026 at 7:26 AM IST