"ഞങ്ങളും മനുഷ്യരല്ലേ...?" ദുരന്തം ബാധിക്കാത്തവരുടെ ദുരന്തജീവിതം, ബാങ്ക് വായ്‌പ എഴുതി തള്ളണമെന്ന് കണ്ണീരോടെ ചൂരൽമലയിലെ പ്രദേശവാസികള്‍
വയനാട് ദുരന്തം നേരിട്ട് ബാധിച്ചില്ലെങ്കിലും അവിടെ ജീവിക്കുന്ന തങ്ങളുടെ ദുരവസ്ഥ ഇടിവി ഭാരതിനോട് പങ്കുവയ്‌ക്കുകയാണ് പ്രദേശവാസികള്‍. സര്‍ക്കാര്‍ ബാങ്ക് ലോണ്‍ എഴുതി തള്ളണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം...

Published : March 6, 2026 at 5:16 PM IST
വയനാട്: "ഈ മുണ്ടക്കൈ-ചൂരല്‍മല പ്രകൃതി ദുരന്തം ഞങ്ങള്‍ കൊണ്ടുവന്നതാണോ, ദുരന്തം ബാധിച്ചവരെ പോലെ തന്നെയാണ് അവിടെ താമസിക്കുന്ന ഞങ്ങളുടെ സ്ഥിതിയും, ഞങ്ങളെ ആരും തിരിഞ്ഞ് നോക്കാനില്ല.. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അവിടെയെത്തുന്നുമില്ല. ഞങ്ങളുടെ സ്ഥലത്തിന് മൂല്യവുമില്ല. ഇവിടെ രോഗികളുണ്ട്, വിദ്യാഭ്യാസം നേടുന്ന കുട്ടികളുണ്ട്, കല്യാണ പ്രായമെത്തിയവരുണ്ട്. ഭരണകര്‍ത്താക്കള്‍ പോലും ഞങ്ങളെ തിരിഞ്ഞ് നോക്കാത്ത സ്ഥിതിയാണ്. ഞങ്ങള്‍ ഒരു വീട് വേണമെന്നോ, വാടക വേണമെന്നോ പറയില്ല, ഒരേയൊരു കാര്യം മാത്രം, ദുരന്തബാധിതരെ പോലെ തന്നെ ഞങ്ങളുടെ കടവും സര്‍ക്കാര്‍ എഴുതിത്തള്ളണം, അല്ലെങ്കില്‍ മറ്റൊരു ദുരന്തം ഇവിടെ കാണേണ്ട സ്ഥിതിയാണുള്ളത്" -നിറകണ്ണുകളോടെ തങ്ങളുടെ നിസാഹയത ഇടിവി ഭാരതിനോട് പങ്കുവയ്‌ക്കുകയാണ് മുണ്ടക്കൈ-ചൂരല്‍മലയിലെ പ്രദേശവാസിയായ സബിത.
ചൂരൽമലയിൽ നേരിട്ട് ദുരന്തം ബാധിക്കാത്തവരുടെ ബാങ്ക് ലോണുകളും എഴുതിത്തള്ളണമെന്നതാണ് ഇവിടുത്തെ പ്രദേശവാസികളുടെ പ്രധാന ആവശ്യം. ദുരന്തം നേരിട്ട് ബാധിച്ചില്ലെങ്കിലും ഞങ്ങളും മനുഷ്യരല്ലേ എന്ന് ഇവര്‍ ചോദിക്കുന്നു. ദുരന്തത്തിൽ നേരിട്ട് ഉൾപ്പെട്ടിട്ടില്ലെങ്കിലും അതിൻ്റെ പ്രത്യാഘാതങ്ങൾ കാരണം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലാണ് അവിടുത്തെ പ്രദേശവാസികളും ജീവിക്കുന്നത്. ദുരന്തത്തിൽ നേരിട്ട് ബാധിച്ച 555 പേരുടെ ബാങ്ക് ലോണുകള്‍ സർക്കാർ ഏറ്റെടുത്തിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
എന്നാൽ നേരിട്ട് ദുരന്തബാധിതരല്ലാത്തവരായിട്ടും ചൂരൽമലയിൽ താമസിക്കുന്ന നിരവധി കുടുംബങ്ങൾക്കും സമാനമായ ബുദ്ധിമുട്ടുകളാണ് നേരിടേണ്ടി വരുന്നത്. സ്ഥിരമായ ജോലി ലഭിക്കാത്തതും, ബാങ്കുകളിൽ നിന്ന് പുതിയ വായ്പകൾ ലഭിക്കാത്തതും നാട്ടുകാരെ പ്രതിസന്ധിയിലാക്കുകയാണ്. ഭൂമി വിൽക്കാൻ ശ്രമിച്ചാലും തുച്ഛമായ വില മാത്രമാണ് ലഭിക്കുന്നതെന്നും പ്രദേശവാസിയായ സബിത പറയുന്നു.
"നാല്, അഞ്ച് കാറ്റഗറി വച്ചിട്ടുണ്ട്. ദുരന്തബാധിത പ്രദേശത്തെ 555 പേരുടെ ലോണാണ് സര്‍ക്കാര്‍ ആകെ ഏറ്റെടുത്തിട്ടുള്ളത്. ഈ കാറ്റഗറിയാണ് നമ്മളെയൊക്കെ ബാധിക്കുന്നത്. ദുരന്തം നേരിട്ട് ബാധിക്കാത്ത ആ പ്രദേശത്ത് താമസിക്കുന്നവരാണ് ഞങ്ങള്‍. ആ പ്രദേശത്ത് ചുറ്റിപ്പറ്റിയാണ് നമ്മുടെ ജീവിതം, ഞാനൊരു സംരംഭകയാണ്. കൂടെയുള്ളത് എസ്‌റ്റേറ്റ് തൊഴിലാളികളാണ്. ഈ പ്രദേശം കൃത്യമായി നല്ല രീതിയില്‍ കൊണ്ടുപോയിരുന്നവരാണ് ഞങ്ങള്‍. എന്നാല്‍ ഈ ഒരു ദുരന്തം എല്ലാം മാറ്റിമറിച്ചു. അവിടെ ഇപ്പോള്‍ ജീവിക്കുന്നവരെ വരെയും ഈ ദുരന്തം വലിയ രീതിയില്‍ ബാധിച്ചു. അവിടെ ജീവിക്കുമ്പോള്‍ ഞങ്ങളുടെ സ്ഥലത്തിന് യാതൊരു മൂല്യവുമില്ല, ബാങ്കില്‍ നിന്ന് നമുക്കൊരു വായ്‌പ ലഭിക്കില്ല. ഒരാള്‍ പോലും ഒരു രൂപ പോലും വിശ്വസിച്ച് ഞങ്ങള്‍ക്ക് തരില്ല. കാരണം ഞങ്ങള്‍ അങ്ങനെയുള്ള ഒരവസ്ഥയിലാണ് നില്‍ക്കുന്നത്. ശരിക്കും ദുരന്തത്തില്‍ ഏര്‍പ്പെട്ടവരുടെ സമാന രീതിയിലുള്ള ദുരന്ത ജീവിതത്തിലൂടെയാണ് ഞങ്ങളും കടന്നുപോകുന്നത്" സബിത പറഞ്ഞു.
ഇവിടെ രോഗികളുണ്ട്, വിദ്യാഭ്യാസം നേടുന്ന കുട്ടികളുണ്ട്, കല്യാണ പ്രായമെത്തിയവരുണ്ട്. ഞങ്ങള്‍ക്ക് ഒരു ഗുളിക വാങ്ങണമെങ്കില്‍ മേപ്പാടി വരെ പോകണം. ചൂരല്‍മല എന്ന പ്രദേശത്ത് ഒരു സംവിധാനവും നിലവിലില്ല. ഒന്ന് പനിച്ചാല്‍ ആയിരം രൂപ വണ്ടിക്കൂലി നല്‍കി മേപ്പാടി എന്ന സ്ഥലത്തെത്തണം ഒരു പാരാസെറ്റാമോള്‍ വാങ്ങാൻ, എന്നാല്‍ ആ വണ്ടിക്കൂലി നല്‍കാൻ പോലും ഞങ്ങളെ കൊണ്ട് താങ്ങില്ല. എല്ലാവരും ഭയങ്കരമായ ഒരവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. അവിടുത്തെ ജീവിതരീതി മനസിലാക്കാൻ ഇതുവരെയും ഒരു ഉദ്യോഗസ്ഥര്‍ വന്നിട്ടില്ല. വോട്ടിന് മാത്രം ചിലര്‍ വരാറുള്ളൂ, വോട്ട് ചോദിച്ച് വരുന്നവരോടെല്ലാം ഞങ്ങളുടെ ദുരവസ്ഥയെ കുറിച്ച് പറയാറുണ്ട്, പക്ഷേ വോട്ട് കഴിഞ്ഞാല്‍ ഒരാളെയും ഇങ്ങോട്ട് കാണാറില്ലെന്നും അവര്‍ വ്യക്തമാക്കി.
തങ്ങളുടെ പ്രധാനപ്പെട്ട ആവശ്യം ലോണ്‍ എഴുതിള്ളണമെന്നതാണ്. തങ്ങള്‍ക്ക് ഇനി പിറകോട്ട് സഞ്ചരിക്കാൻ കഴിയില്ല. ഈ ലോണ്‍ അടക്കാൻ തങ്ങള്‍ക്ക് കഴിയില്ല. കാരണം ചെറുപ്പം മുതല്‍ സ്വയം തൊഴില്‍ എടുത്ത് വരുന്നവരാണ് തങ്ങളെന്നും സബിത പറഞ്ഞു. "ഞങ്ങള്‍ക്ക് പ്രായമായി വരികയാണ്. കുട്ടികളുടെ പഠനവുമായി മുന്നോട്ട് പോകണം. ഇങ്ങോട്ടാരും സ്‌ത്രീകളെ വിവാഹം കഴിപ്പിച്ച് വിടാൻ തയ്യാറാകില്ല. എനിക്ക് രണ്ട് ആണ്‍കുട്ടികളാണ് ഉള്ളത്. നിലവില്‍ കുറഞ്ഞ ലോണുകളാണ് ഞങ്ങള്‍ക്കുള്ളത്, അതെല്ലാം സര്‍ക്കാര്‍ ഏറ്റെടുക്കണം. ഞങ്ങളെക്കൂടിയും ഒരു പുതിയ ജീവിതത്തിലേക്ക് സര്‍ക്കാര്‍ കൈപിടിച്ച് കൊണ്ടുപോകണം" അവര്‍ വ്യക്തമാക്കി.
150 കുടുംബത്തിൻ്റെ ലോണും കൂടി സര്‍ക്കാര്‍ ഏറ്റെടുക്കണം. ഏകദേശം 5 കോടിയുടെ ലോണാകും മൊത്തമായി ഉണ്ടാകുകയെന്നും സര്‍ക്കാര്‍ ഇതെല്ലാം ഏറ്റെടുത്ത് തങ്ങളെ കൂടി സഹായിക്കണമെന്നും സബിത ആവശ്യപ്പെട്ടു. ഭരണകര്‍ത്താക്കളിലാണ് ഞങ്ങളുടെ പ്രതീക്ഷ, ഞങ്ങളുടെ ഈ അവസ്ഥ കണ്ടില്ലെങ്കില്‍ പിന്നെ ഇങ്ങനെയൊരു ഭരണത്തിന് ആവശ്യമില്ലെന്നും അവര്‍ പറയുന്നു. പുനരധിവാസവുമായി ബന്ധപ്പെട്ടുള്ള മൈക്രോ പ്ലാൻ പോലും അട്ടിമറിക്കുന്ന സ്ഥിതിയുണ്ടായി.
ലോണ്‍ ബാധ്യതയായി വരില്ലെന്ന് ഉദ്യോഗസ്ഥര്‍ തങ്ങള്‍ക്ക് ആദ്യം ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ മൈക്രോ പ്ലാൻ അന്തിമമായി വന്നപ്പോള്‍ മൂന്ന് വാര്‍ഡ് കാറ്റഗറികളായി തരംതിരിച്ച് ദുരന്തം നേരിട്ട് ബാധിച്ചവരെ മാത്രമാണ് സഹായിച്ചത്, ബാക്കിയുള്ളവരെ പുറത്താക്കിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. നിലവിലുള്ള ബാങ്ക് ലോണുകൾ എഴുതിത്തള്ളുകയാണെങ്കിൽ സാമ്പത്തികമായി മുന്നോട്ട് പോകാൻ സാധിക്കുമെന്ന് നാട്ടുകാർ പറയുന്നു. സോണുകൾ തിരിച്ച് സഹായം നിർത്താതെ, നേരിട്ടും പരോക്ഷമായും ദുരന്തബാധിതരായ എല്ലാവർക്കും സർക്കാർ സഹായം നൽകണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.

