ഭീതിയുടെ മുൾമുനയിൽ ചീരാലും കളന്നൂരും: വീണ്ടും പുലിയുടെ ആക്രമണം; പളൂർ ഫോറസ്റ്റ് ഓഫീസിലേക്ക് നാളെ സർവ്വകക്ഷി സമരം
വന്യമൃഗശല്യത്തിനെതിരെ വനംവകുപ്പ് അടിയന്തര നടപടി സ്വീകരിക്കുന്നില്ലെന്നാരോപിച്ച് നാട്ടുകാരും ജനപ്രതിനിധികളും നാളെ പളൂർ ഫോറസ്റ്റ് ഓഫീസിലേക്ക് സർവ്വകക്ഷി പ്രതിഷേധ സമരം പ്രഖ്യാപിച്ചു.

Published : August 13, 2026 at 6:35 PM IST
വയനാട്: വയനാട് നമ്പ്യാർകുന്ന് കളന്നൂരിൽ വളർത്തുമൃഗങ്ങൾക്ക് നേരെ വീണ്ടും പുലിയുടെ ആക്രമണം. കൂടുപൊളിച്ച് ആടുകളെ പിടികൂടുന്നത് പതിവായതോടെ കടുത്ത ഭീതിയിലാണ് നാട്ടുകാര്‍. വന്യമൃഗശല്യം രൂക്ഷമായിട്ടും വനംവകുപ്പ് അടിയന്തര നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച് നാട്ടുകാരും ജനപ്രതിനിധികളും ചേർന്ന് നാളെ പളൂർ ഫോറസ്റ്റ് ഓഫീസിലേക്ക് സർവ്വകക്ഷി പ്രതിഷേധ സമരം പ്രഖ്യാപിച്ചു.
ആട്ടിൻകൂട് തകർത്ത് പുലിയുടെ ആക്രമണം; കടുവയുടെ കാൽപ്പാടുകളും കണ്ടെത്തി
കഴിഞ്ഞ ദിവസം രാത്രി കളന്നൂർ സ്വദേശി ചന്ദ്രൻ്റെ വീടിനോട് ചേർന്നുള്ള ആട്ടിൻകൂട് തകർത്താണ് പുലി രണ്ട് ആടുകളെ പിടികൂടിയത്. തുടർന്ന് ഇന്ന് രാവിലെ നാട്ടുകാർ നടത്തിയ തെരച്ചിലിൽ സമീപത്തെ കൃഷിയിടത്തിൽ നിന്ന് ചത്ത നിലയിൽ ഒരു ആടിൻ്റെ അവശിഷ്‌ടങ്ങൾ കണ്ടെത്തി.
കൊല്ലപ്പെട്ടതിൽ ഒരു ആട് ഗർഭിണിയായിരുന്നുവെന്നും ഇതിലൂടെ കർഷകന് വലിയ സാമ്പത്തിക നഷ്‌ടമാണ് സംഭവിച്ചതെന്നും നാട്ടുകാർ പറയുന്നു. ഇതിന് പുറമേ, തൊട്ടടുത്ത മാളിയേരിയിൽ കടുവയുടെ കാൽപ്പാടുകൾ കൂടി കണ്ടെത്തിയത് ജനങ്ങളെ കൂടുതൽ ഭീതിയിലാഴ്ത്തിയിട്ടുണ്ട്. ചീരാൽ, കളന്നൂർ മേഖലകളിൽ കടുവയും പുലിയും മാറിമാറി വളർത്തുമൃഗങ്ങളെ വേട്ടയാടുന്നത് തുടർക്കഥയാവുകയാണ്.
വനംവകുപ്പിൻ്റെ ഉറപ്പ് പോരാ എന്ന് നാട്ടുകാർ
സംഭവം നടന്ന സ്ഥലത്തെത്തിയ വനംവകുപ്പ് അധികൃതർ പ്രദേശത്ത് പുലിയുടെ കാൽപ്പാടുകളാണ് കണ്ടെത്തിയതെന്ന് സ്ഥിരീകരിച്ചു.
"കഴിഞ്ഞ മൂന്ന് ദിവസമായി ഇതിനുമുൻപ് ഉണ്ടായ സംഭവവുമായി ബന്ധപ്പെട്ട പെട്രോളിംഗും നൈറ്റ് പെട്രോളിംഗും അടക്കം ഞങ്ങൾ നടത്തുന്നുണ്ടായിരുന്നു. പ്രദേശം പരിശോധിച്ച് നോക്കിയപ്പോൾ പുലിയുടെ കാൽപാടുകൾ ആണ് കാണുന്നത്. കൂടുതൽ മേലുദ്യോഗസ്ഥരുടെ ഉത്തരവും കൂടി ലഭിച്ചതിന് ശേഷം എന്താണ് തുടർന്നുള്ള നടപടിയെന്ന് ഔദ്യോഗികമായി അറിയിക്കും." ഫോറസ്റ്റ് ഉദ്യോഗസ്ഥൻ സന്തോഷ് പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മുൻപ് പ്രദേശത്തെ പോത്തിനെ പിടിച്ച സംഭവത്തിൽ നൈറ്റ് പെട്രോളിംഗും നിരീക്ഷണവും നടത്തിയിരുന്നതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി. ആറാടിയിൽ നിന്നും വനംവകുപ്പ് സംഘം തിരച്ചിലിനായി പുറപ്പെട്ടിട്ടുണ്ടെന്നും സാങ്കേതിക സമിതി കൂടി അടുത്ത കൂട് സ്ഥാപിക്കാനുള്ള നടപടികളിലേക്ക് കടക്കുമെന്നും അവർ കൂട്ടിച്ചേർത്തു. എന്നാൽ, നമ്പ്യാർക്കുന്നിൽ വനംവകുപ്പ് വച്ചിട്ടുള്ള കൂട്ടിൽ ഇരയില്ലെന്നും, മേപ്പാടിയിൽ നിന്നടക്കം കൂടുതൽ ആളുകളെ എത്തിച്ച് പ്രദേശം മുഴുവൻ കാടുവെട്ടി തെളിച്ചു സമഗ്രമായ തിരച്ചിൽ നടത്തണമെന്നുമാണ് കമ്മറ്റി അംഗങ്ങളായ സാജൻ, സുരേഷ് എന്നിവർ ആവശ്യപ്പെട്ടത്.
60,000 രൂപ നഷ്‌ടപരിഹാരം ആവശ്യപ്പെട്ടു
വളർത്തുമൃഗങ്ങളെ നഷ്‌ടപ്പെട്ട കർഷകന് ഉടനടി നഷ്‌ടപരിഹാരം നൽകണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം. ഗർഭിണിയായ ആടടക്കം രണ്ടെണ്ണത്തിന് പകരമായി 60,000 രൂപ അടിയന്തരമായി നൽകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. വനംവകുപ്പ് നിഷ്ക്രിയത്വം അവസാനിപ്പിച്ച് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകിയില്ലെങ്കിൽ സമരം ശക്തമാക്കാനാണ് നാട്ടുകാരുടെ തീരുമാനം.
Also Read: ഫ്രഷ് കട്ട് അറവു മാലിന്യ പ്ലാൻ്റ് തുറന്നു പ്രവർത്തിപ്പിക്കാൻ ഹൈക്കോടതി അനുമതി; കടുത്ത നിബന്ധനകൾ

