പൂക്കളും ശലഭങ്ങളുമെല്ലാം നിറഞ്ഞ് ക്ലാസ് മുറികള്‍... അറിവിൻ്റെ ലോകത്ത് കുരുന്നുകളെ സ്വീകരിക്കാനൊരുങ്ങി വാർദ്ധാ മോഡൽ യുപി സ്‌കൂൾ
പ്രവേശനത്തിനെത്തുന്ന കുട്ടികളില്‍ ആശ്ചര്യവും അനുഭൂതിയും പകരുന്ന വിധമാണ് ക്ലാസ് മുറികളുടെ ഒരുക്കങ്ങള്‍. പഠനം ലളിതമാക്കാനുള്ള വഴികളും ചിട്ടപ്പെടുത്തിയിരിക്കുന്നു.

Published : May 30, 2026 at 8:55 PM IST
കണ്ണൂര്‍: അറിവിൻ്റെ അക്ഷര ലോകത്തേയ്ക്ക് കുരുന്നുകള്‍ക്ക് എത്താൻ ഇനി ഒരു ദിനം മാത്രം. വിദ്യാലയങ്ങള്‍ തുറക്കുന്നതിന് മികച്ച ഒരുക്കത്തിലാണ് അധ്യാപകരും അധ്യാപക രക്ഷാകര്‍തൃസമിതി അംഗങ്ങളും നാട്ടുകാരും. പതിവിലധികം ആവേശത്തോടെ ആദ്യമായി വിദ്യാലയ പ്രവേശനത്തിന് എത്തുന്ന വിദ്യാര്‍ഥികളെ സ്വീകരിക്കാന്‍ ആകര്‍ഷകമാക്കിയിരിക്കയാണ് വിദ്യാലയങ്ങള്‍. ക്ലാസ് മുറികൾ കമനീയമായി ഒരുക്കി സ്‌കൂള്‍ അങ്കണവും പരിസരവും എല്ലാം പുതുമോടിയിലാക്കിയിരിക്കുകയാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ക്ലാസ് മുറികളിലെ ചുവരുകളില്‍ മികച്ച ആര്‍ട്ടിസ്‌റ്റുകളെക്കൊണ്ട് ആനന്തരകമാക്കിയിരിക്കുകയാണ് പൂക്കള്‍, ശലഭങ്ങള്‍, മാന്‍, ജിറാഫ് തുടങ്ങിയ വന്യ ജീവികള്‍. പക്ഷികള്‍, മലയാളം, ഇംഗ്ലീഷ് അക്ഷരങ്ങള്‍, വാക്കുകള്‍, അക്കങ്ങള്‍ എന്നിവയെല്ലാം ആകര്‍ഷകമായി ചുവരുകളില്‍ വരച്ചുവെച്ചിരിക്കുന്നു. ക്ലാസ് മുറികളിലെ ബെഞ്ചും ഡസ്‌ക്കുമെല്ലാം നിരനിരയായി സജ്ജീകരിച്ചിട്ടുണ്ട്. പ്രവേശനത്തിനെത്തുന്ന കുട്ടികളില്‍ ആശ്ചര്യവും അനുഭൂതിയും പകരുന്ന വിധമാണ് ക്ലാസ് മുറികളുടെ ഒരുക്കങ്ങള്‍. പഠനം ലളിതമാക്കാനുളള വഴികളും ഇതിലൂടെ തെളിയുന്നു.

സ്വാതന്ത്ര സമര ചരിത്രത്തില്‍ സ്ഥാനം പിടിച്ച കണ്ണൂര്‍-തയ്യിലെ വാര്‍ദ്ധാ മോഡല്‍ യുപി സ്‌കൂളിലാണ് ഇത്തവണത്തെ നവാഗതരുടെ പ്രവേശനോത്സവത്തിന് വന്‍ ഒരുക്കങ്ങള്‍ നടത്തിയിട്ടുള്ളത്. എല്ലാറ്റിനും നേതൃത്വം നല്‍കാന്‍ സ്‌കൂള്‍ മാനേജര്‍ യു ബി കമലേഷ് കുമാറും പ്രഥമാധ്യാപിക എന്‍ പി ഹേമാ ബിന്ദുവും സജീവമായുണ്ട്. 1938 ല്‍ ബ്രിട്ടീഷ് ഭരണത്തിൻ്റേയും അതിൻ്റെ ഭാഗമായുളള സ്വകാര്യ സ്‌കൂള്‍ സംവിധാനവും കാരണം അധ്യാപകര്‍ കടുത്ത ചൂഷണത്തിന് വിധേയരായിരുന്നു. ഈ അടിമത്തത്തിനെതിരെ അധ്യാപക സംഘടനകള്‍ പ്രതിഷേധിച്ച് വിജയം വരിച്ച കഥയാണ് വാര്‍ദ്ധാ മോഡല്‍ സ്‌കൂളിന് പറയാനുള്ളത്.

''തയ്യിൽ വാർദ്ധാ മോഡൽ യുപി സ്‌കൂൾ 1939 ൽ സ്ഥാപിതമായി. ദേശീയ പ്രസ്ഥാനത്തിൻ്റെ ഭാഗമായ സ്‌കൂളാണിത്. ദേശീയ പ്രസ്ഥാനത്തിൻ്റെ ഭാഗമായി തയ്യിൽ പ്രദേശം സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുക്കുകയും തയ്യിൽ പ്രദേശത്ത് സ്ഥാപിതമായിരുന്ന സ്‌കൂളിൽ ജോലി ചെയ്‌തിരുന്ന അധ്യാപകർ പ്രസ്ഥാനത്തിൻ്റെ ഭാഗമായി എന്നതിൻ്റെ പേരിൽ സ്‌കൂളിൽ നിന്ന് പുറത്താക്കപ്പെടുകയും ചെയ്‌തു.
പുറത്താക്കപ്പെട്ട അധ്യാപകരെ അധ്യാപക സേവനത്തിലേയ്‌ക്ക് കൂട്ടിക്കൊണ്ടുവരണം എന്ന ചിന്തയോടെ തയ്യിൽ പ്രദേശത്തുള്ള ആളുകൾ ഒരു വിദ്യാലയത്തെപ്പറ്റി ചിന്തിക്കുകയും നിലവിലുള്ള സ്‌കൂൾ മാനേജരുടെ അച്ഛൻ ഉത്ഥം റാം സേട്ടു അവരുടെ കച്ചവട ആവശ്യത്തിന് വേണ്ടി ഉപയോഗിച്ചിരുന്ന സത്രം സ്‌കൂളിന് വേണ്ടി വിട്ടുകൊടുക്കുകയും അതിൻ്റെ ഭാഗമായി വാർദ്ധാ മോഡൽ യുപി സ്‌കൂൾ രൂപീകൃതമാകുകയും ചെയ്‌തു.

തയ്യിൽ പ്രദേശത്തിൻ്റെ ഊർജമായിരുന്നു വാർദ്ധാ മോഡൽ സ്‌കൂൾ. പിന്നീട് കുറച്ച് കാലങ്ങൾക്ക് ശേഷം ചെറിയ ശോഷിപ്പുകൾ വന്നെങ്കിലും വീണ്ടും അത് പൂർവ്വ സ്ഥിതിയിലേയ്‌ക്ക് പോകുകയാണ്. ഈ വർഷം കഴിഞ്ഞ വർഷത്തേയപേക്ഷിച്ച് വിദ്യാർഥികൾ കൂടുതലാണ്. സ്‌കൂളിനെപ്പറ്റി നാട്ടുകാർക്കും മികച്ച അഭിപ്രായമാണുള്ളത്'', എന്ന് പ്രഥമാധ്യാപിക എന്‍ പി ഹേമബിന്ദു പറയുന്നു.

അതേസമയം, ''ഞാൻ ഇവിടുത്തെ പൂർവ്വ വിദ്യാർഥിയാണ്. മകനെയും ഇവിടെയാണ് ചേർത്തിരുന്നത്. ഇപ്പോൾ സ്‌കൂൾ കെട്ടിടം പുതുക്കിയിട്ട് മൂന്ന് വർഷമേ ആയിട്ടുള്ളൂ. സ്‌കൂൾ തുറപ്പിനോടനുബന്ധിച്ച് കുട്ടികളെ ആകർഷിക്കുക എന്ന രീതിക്കാണ് ചുവരുകളിൽ ചിത്രങ്ങൾ ചെയ്യാൻ തീരുമാനിച്ചത്'', എന്ന് ചിത്ര രചനയ്‌ക്ക് മേല്‍ നോട്ടം വഹിക്കുന്ന പി പി ഷര്‍മ്മിള പറയുന്നു.

"ദേശീയ പ്രസ്ഥാനത്തിൻ്റെ കാലത്ത് സ്‌കൂളിൽ ഗാന്ധി തൊപ്പി ധരിച്ച് വന്ന സ്‌കൂൾ വിദ്യാർഥികളെയും അധ്യാപകരെയും അന്ന് സ്‌കൂളുകളിൽ നിന്ന് പിരിച്ചുവിട്ടു. പിരിച്ചുവിട്ടതിന് ശേഷം പ്രദേശവാസികൾ എല്ലാവരും ചേർന്ന് എൻ്റെ പിതാവ് ഉത്ഥം റാം സേട്ടുവിനടുത്ത് ഒരു സ്‌കൂൾ പണിതുതരണമെന്ന് ആവശ്യപ്പെട്ടെത്തി. അങ്ങനെയാണ് ഇവിടെ സ്‌കൂൾ രൂപീകൃതമായത്. നിലവിൽ സ്‌കൂൾ സാമ്പത്തികപരമായി മുൻപോട്ട് കൊണ്ടുപോകാൻ ബുദ്ധിമുട്ടായതുകൊണ്ട് സർവ്വമംഗള ചാരിറ്റബിൾ ട്രസ്‌റ്റിന് കൈമാറാനാണ് വിചാരിക്കുന്നത്", എന്ന് സ്‌കൂൾ മാനേജർ യു ബി കമലേഷ് കുമാര്‍ പറയുന്നു.
ചരിത്രം പറയുന്ന കലാലയം
ദേശീയ പ്രസ്ഥാനം നിലനിന്ന കാലത്ത് തയ്യിലെ മറ്റൊരു വിദ്യാലയത്തില്‍ കോണ്‍ഗ്രസ് അനുഭാവികളായ നാല് അധ്യാപകരെ സസ്‌പെൻ്റ് ചെയ്‌തിരുന്നു. ഇവരെ തിരിച്ചെടുക്കാന്‍ കടുത്ത പ്രക്ഷോഭം തുടങ്ങി. ഗാന്ധി തൊപ്പി ധരിച്ച് സമരത്തിനെത്തിയ കുട്ടികള്‍ പോലും അക്കാലത്ത് ശിക്ഷിക്കപ്പെട്ടു. അധ്യാപകരും നാട്ടുകാരും കള്ളക്കേസില്‍ കുടുങ്ങി. ഒടുവില്‍ അതിന് സമാന്തരമായി പ്രദേശത്തെ കുട്ടികള്‍ക്കായി മറ്റൊരു സ്‌കൂള്‍ എന്ന ആശയം നിലവില്‍ വന്നു.

മഹാത്മാഗാന്ധിയുടെ വാര്‍ദ്ധാ വിദ്യാഭ്യാസ പദ്ധതിയനുസരിച്ച് നൂല്‍നൂപ്പ്, സോപ്പ് നിര്‍മ്മാണം തുടങ്ങിയ കൈത്തൊഴിലുകള്‍ക്ക് പ്രാമുഖ്യം നല്‍കിക്കൊണ്ടാണ് ഈ വിദ്യാഭ്യാസ സ്ഥാപനം ആരംഭിച്ചത്. 1939 ജനുവരി 4 ന് ദേശീയ പ്രസ്ഥാനത്തിൻ്റെ പ്രതീകമെന്നോണം വാര്‍ദ്ധാ മോഡല്‍ സ്‌കൂള്‍ സ്വാമി ആനന്ദ തീര്‍ഥന്‍ ഉത്ഘാടനം ചെയ്‌തു. എന്നാല്‍ 1947 ജനുവരി 1 നാണ് സ്‌കൂളിന് അംഗീകാരം ലഭിച്ചത്. ഇത്രയും കാലം വരേയും സേവനമനുഷ്‌ഠിച്ച അധ്യാപകരുടെ ജീവിതം ത്യാഗപൂര്‍ണമായിരുന്നു. ഈ വിദ്യാലയത്തില്‍ ഇത്തവണ വിദ്യാര്‍ഥികളുടെ എണ്ണം കൂടിയിട്ടുണ്ടെന്ന സവിശേഷതയാണുള്ളത്.
Also Read: 'വിയർപ്പൊഴുക്കി കർഷകൻ, ലാഭം കൊയ്‌ത് കമ്പനികൾ'; പാൽ വില വർധനവിൽ നേട്ടമില്ലാതെ കർഷകർ

