' കൂട്ടായികൂടെയുണ്ട്'; സ്പെഷ്യൽ സ്‌കൂളിലെ കുരുന്നുകൾക്ക് ഒപ്പം ഒരു ദിവസം, മാതൃകയായി ജനമൈത്രി പൊലീസ്
സ്നേഹസംഗമം ഒരുക്കി വയനാട് വൈത്തിരി ജനമൈത്രി പൊലീസ്. ആടിയും പാടിയും കുട്ടികളും.

Published : September 1, 2026 at 4:35 PM IST
വയനാട്: അതിരുകളില്ലാത്ത സ്നേഹവും കരുതലും പങ്കുവച്ച് വയനാട് വൈത്തിരി ജനമൈത്രി പൊലീസ്. 'കൂടെയുണ്ട് കൂട്ടായി' എന്ന പേരിൽ സംഘടിപ്പിച്ച സ്നേഹസംഗമം പൊഴുതന ലവ് ഷോർ സ്പെഷ്യൽ സ്‌കൂളിലെ കുരുന്നുകൾക്ക് പകർന്നത് മറക്കാനാവാത്ത ദിനമായിരുന്നു. പരിമിതികളെ മറികടക്കാൻ ശ്രമിക്കുന്ന കുരുന്നുകളെ ചേർത്തുപിടിക്കാനും അവർക്ക് സമൂഹത്തിൻ്റെ പിന്തുണ ഉറപ്പാക്കാനും ലക്ഷ്യമിട്ടായിരുന്നു വൈത്തിരി പൊലീസ് സ്‌റ്റേഷൻ പരിധിയിൽ രൂപീകരിച്ച വൈത്തിരി ജനമൈത്രി സമിതിയുടെ ഈ വേറിട്ട ഇടപെടൽ.
വാക്കുകൾക്കും വൈകല്യങ്ങൾക്കും അപ്പുറമുള്ള ഒരു ലോകമുണ്ട്... അവിടെ സ്നേഹത്തിന് ഒറ്റ ഭാഷയേയുള്ളൂ.... കരുതലിൻ്റെ ഭാഷ! അത്തരമൊരു സ്നേഹപ്രപഞ്ചത്തിനാണ് പൊഴുതന ലവ് ഷോർ സ്പെഷ്യൽ സ്‌കൂൾ സാക്ഷ്യം വഹിച്ചത്. പരിമിതികളുടെ തടവറയിൽ കഴിയുന്ന 51 കുരുന്നുകൾക്ക് താങ്ങും തണലുമാകാൻ വൈത്തിരി ജനമൈത്രി സമിതിയുടെ നേതൃത്വത്തിൽ 'കൂടെയുണ്ട് കൂട്ടായി' എന്ന സ്നേഹ സംഗമമൊരുക്കുകയായിരുന്നു. പൊലീസുകാരുടെ കർക്കശമായ തൊപ്പിയും യൂണിഫോമും മാറ്റിവച്ച് ആ കുരുന്നുകളുടെ കൂട്ടുകാരനായി അവർ മാറിയ നിമിഷങ്ങൾ.

"വയനാട് വൈത്തിരി ജനമൈത്രി പോലീസ് സ്‌റ്റേഷൻ്റെ നേതൃത്വത്തിലാണ് പരിപാടി നടത്തയിത്. ഇവിടെ 51 കുട്ടികളും അന്തേവാസികളുമുണ്ട്. ഇങ്ങനൊരു സ്ഥാപനം പ്രവർത്തിക്കുന്നുണ്ടെന്നും അവർക്ക് ആവശ്യമായ സഹായം ലഭിക്കണമെന്നാണ് ലക്ഷ്യം. എല്ലാ നാട്ടുക്കാരുടെ സഹകരണം ആവശ്യമാണെന്ന് തിരിച്ചറിയിപ്പിക്കാനാണ് ഇവരുമായി ഒരു ദിവസം ചെലവഴിക്കാൻ തീരുമാനിച്ചത്. ഇനിയും ഇത്തരം സംഗമങ്ങൾ നടത്തുമെന്നും" ജനമൈത്രി കോ-ഓർഡിനേറ്റർ കെ.പി. മുരളീധരൻ വ്യക്തമാക്കി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ലവ് ഷോർ സ്പെഷ്യൽ സ്‌കൂളിൻ്റെ പ്രവർത്തനങ്ങളെയും ഇവിടുത്തെ കുട്ടികളുടെ ആവശ്യങ്ങളെയും പൊതുസമൂഹത്തിന് മുന്നിലേക്ക് എത്തിക്കുക എന്ന വലിയ ലക്ഷ്യം കൂടി ഈ സംഗമത്തിനുണ്ടായിരുന്നു. സമൂഹത്തിൻ്റെ വിവിധ തുറകളിൽ നിന്നും ഈ സ്ഥാപനത്തിന് സഹായ സഹകരണങ്ങൾ ലഭ്യമാക്കുകയാണ് സമിതിയുടെ ലക്ഷ്യം. വൈത്തിരി ജനമൈത്രി സമിതിയുടെ ആദ്യ പരിപാടിയായി സംഘടിപ്പിച്ച ഈ സംഗമം വയനാട് ജില്ലാ പൊലീസ് മേധാവി ദേവമനോഹർ എസ്‌പി ഉദ്ഘാടനം ചെയ്‌തു. കൽപ്പറ്റ ഡിവൈഎസ്‌പി അഗസ്‌റ്റിൻ ചടങ്ങിൽ അധ്യക്ഷനായി.
"ആരും പരിപൂർണരായിട്ടല്ല ജനിക്കുന്നത്. എല്ലാവർക്കും അവരവരുടേതായ പരിമിതകളുണ്ട്. എന്നിരുന്നാലും വൈകല്യം ഉള്ള കുട്ടികളെ നോക്കുക എന്നത് പ്രയാസമാണ്. പക്ഷേ ഇവിടെ വന്നപ്പോൾ അത മാറി. അവരുടെ കഴിവുകൾ തിരിച്ചറിഞ്ഞ് പുറെ ലോകത്തേക്ക് കൊണ്ടു വരാൻ നമ്മുക്ക് സാധിക്കണം. എല്ലാവരെയും ഒരുപോലെ ചേർത്ത് പിടിക്കണമെന്ന്" സുലൈമാൻ പറഞ്ഞു. എല്ലാവർക്കും ഓരോ കഴിവുകളുണ്ടെന്നും അവ കണ്ടുപിടിച്ച് അത് വളർത്തിയെടുക്കമെന്ന് ദേവമനോഹർ എസ്‌പി കൂട്ടിച്ചേർത്തു.

ഔദ്യോഗിക പ്രസംഗങ്ങൾക്കപ്പുറം പാട്ടും കളികളും ചിരികളുമായിരുന്നു പരിപാടിയുടെ പ്രധാന ആകർഷണം. കുട്ടികൾക്കൊപ്പം പാട്ടുപാടിയും താളമടിച്ചും ഡാൻസ് കളിച്ചും പൊലീസുകാരും നാടൊന്നടങ്കവും ആഘോഷത്തിൽ പങ്കുചേർന്നു. കുരുന്നുകളുടെ ഓരോ കൊച്ചു പ്രകടനങ്ങൾക്കും കൈയടികളോടെ പ്രോത്സാഹനം ലഭിച്ചപ്പോൾ അവരുടെ മുഖങ്ങളിൽ വിരിഞ്ഞത് ആത്മവിശ്വാസത്തിൻ്റെ വലിയ പുഞ്ചിരിയായിരുന്നു.
വൈത്തിരി എസ്എച്ച്ഒ സോബിൻ, ജനമൈത്രി കോ-ഓർഡിനേറ്റർ കെ പി മുരളീധരൻ, പഞ്ചായത്ത് പ്രസിഡൻ്റ് സി വി രാജൻ, സ്‌കൾ എച്ച്എം സൗമ്യ, ജനമൈത്രി ജില്ലാ നോഡൽ ഓഫിസർ ദാമോദരൻ ചീക്കല്ലൂർ, ജനപ്രതിനിധികൾ, വ്യാപാരികൾ, ടാക്‌സി തൊഴിലാളികൾ, പാലിയേറ്റീവ് പ്രവർത്തകർ തുടങ്ങിയ സമൂഹത്തിൻ്റെ നാനാതുറകളിലുള്ളവർ ചടങ്ങിൽ പങ്കാളികളായി. ഏവരും ഒന്നിച്ചിരുന്ന് കഴിച്ച സ്നേഹവിരുന്നോടെയാണ് സ്നേഹസംഗമത്തിന് തിരശീല വീണത്.
Also Read: പരീക്ഷാ സംവിധാനം മാറണോ? നന്ദൻ നിലേകനി സമിതിക്ക് മുന്നിൽ നിങ്ങൾക്ക് അഭിപ്രായം അറിയിക്കാം

