ETV Bharat / state

നായകനില്ലാത്ത കപ്പൽ, തകരുന്ന കരിയർ സ്വപ്‌നങ്ങൾ; പ്രിൻസിപ്പൽമാരും സ്ഥിരനിയമനവും ഇല്ലാതെ ഉലയുന്ന കേരളത്തിലെ വിഎച്ച്എസ്ഇ മേഖല

കേരളത്തിൻ്റെ വിദ്യാഭ്യാസ ഭൂപടത്തിൽ വിപ്ലവകരമായ മാറ്റം ലക്ഷ്യമിട്ട് ആരംഭിച്ച വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗം ഇന്ന് വൻ പ്രതിസന്ധിയിലാണ്.... സ്ഥിരനിയമനത്തില്‍ സര്‍ക്കാരിൻ്റെ അടിയന്തര ഇടപെടലുകള്‍ ആവശ്യപ്പെട്ട് വിഎച്ച്എസ്‌ഇ അധ്യാപകര്‍ ഇടിവി ഭാരതിനോട് പ്രതികരിക്കുന്നു..

VHSE PRINCIPAL CRISIS  VHSE PRINCIPAL FORUM COMMITTEE  KERALA EDUCATION BOARD  VOCATIONAL COURSES IN NEGLECT
വിഎച്ച്എസ്ഇ പ്രിൻസിപ്പല്‍ ഫോറം സംസ്ഥാന ജനറൽ സെക്രട്ടറി പത്മകുമാർ പ്രതികരിക്കുന്നു (ETV Bharat)
author img

By ETV Bharat Kerala Team

Published : May 25, 2026 at 10:17 AM IST

|

Updated : May 25, 2026 at 4:15 PM IST

7 Min Read
Choose ETV Bharat

കൊല്ലം: "പഠനത്തോടൊപ്പം ഒരു തൊഴിൽ, കൈനിറയെ കരിയർ സാധ്യതകൾ" ഇതായിരുന്നു കേരളത്തിൽ വൊക്കേഷണൽ ഹയർ സെക്കൻഡറി എഡ്യൂക്കേഷൻ ആരംഭിക്കുമ്പോൾ സർക്കാർ മുന്നോട്ടുവച്ച ആകർഷകമായ മുദ്രാവാക്യം. എന്നാൽ വർഷങ്ങൾ പിന്നിടുമ്പോൾ, അനേകം കൗമാരക്കാരുടെ സ്വപ്‌നങ്ങൾക്ക് ചിറകുനൽകേണ്ട ഈ ശാസ്ത്രീയ വിദ്യാഭ്യാസ മേഖല ഇന്ന് കടുത്ത അവഗണനയുടെയും ഭരണപരമായ അനാസ്ഥയുടെയും ഇരുളിലാണ്. സ്വന്തമായി ഒരു 'പ്രിൻസിപ്പല്‍' പോലുമില്ലാതെ, സ്ഥിര നിയമനങ്ങളില്ലാതെ തകർന്നടിയുകയാണ് കേരളത്തിലെ വിഎച്ച്എസ്ഇ തണലുകൾ.

അക്കാദമിക് മികവിനൊപ്പം തൊഴിൽ നൈപുണ്യവും പകർന്നുനൽകി വിദ്യാർഥികളെ സ്വയംപര്യാപ്‌തരാക്കാൻ ലക്ഷ്യമിട്ട് തുടങ്ങിയ വിഎച്ച്എസ്‌ഇ ഇന്ന് വലിയൊരു നിലനിൽപ്പ് ഭീഷണിയിലാണ്. നായകനില്ലാത്ത കപ്പൽ പോലെ, പ്രിൻസിപ്പൽ തസ്‌തിക പോലുമില്ലാതെയാണ് പല വിഎച്ച്എസ്ഇ വിദ്യാലയങ്ങളും ഇന്ന് മുന്നോട്ട് നീങ്ങുന്നത്.

VHSE PRINCIPAL CRISIS  VHSE PRINCIPAL FORUM COMMITTEE  KERALA EDUCATION BOARD  VOCATIONAL COURSES IN NEGLECT
ടികെഡിഎം ഗവണ്‍മെൻ്റ് സ്‌കൂള്‍ പ്രവേശ കവാടം (ETV Bharat)

ഹയർസെക്കണ്ടറി വിഭാഗം സജീവമായതോടെ, വിഎച്ച്എസ്‌ഇ മേഖലയോടുള്ള സർക്കാരുകളുടെ താല്‍പര്യം വെറും അവഗണനയായി മാറി. കരിയർ സ്വപ്‌നങ്ങളുമായി ഈ രംഗത്തേക്ക് വരുന്ന പുതിയ തലമുറയെ ചേർത്തുപിടിക്കാൻ ഇനിയെങ്കിലും അധികൃതർ ക്രിയാത്മകമായി ഇടപെടേണ്ടതുണ്ടെന്ന് വിഎച്ച്എസ്‌ഇയിലെ അധ്യാപകര്‍ ഒന്നടങ്കം പറയുന്നു.

കേവലം ഡിഗ്രി സർട്ടിഫിക്കറ്റുകൾക്കപ്പുറം പഠനത്തോടൊപ്പം ഒരു തൊഴിൽ എന്ന വിപ്ലവകരമായ ആശയവുമായാണ് വിഎച്ച്എസ്ഇ കേരളത്തിലെ വിദ്യാഭ്യാസ മേഖലയിൽ ചുവടുറപ്പിച്ചത്. എന്നാൽ ഇന്ന് അടിസ്ഥാന സൗകര്യങ്ങളുടെ കുറവും ഭരണപരമായ അനാസ്ഥയും ഈ മേഖലയെ ശ്വാസം മുട്ടിക്കുകയാണ്. 1983ൽ ഗവൺമെൻ്റ് മേഖലയിലും 1992 മുതൽ എയ്‌ഡഡ് മേഖലയിലുമായാണ് വൊക്കേഷണൽ ഹയർ സെക്കൻഡറി എഡ്യൂക്കേഷൻ നടപ്പിലാക്കുന്നത്.

VHSE PRINCIPAL CRISIS  VHSE PRINCIPAL FORUM COMMITTEE  KERALA EDUCATION BOARD  VOCATIONAL COURSES IN NEGLECT
വിവിവിഎച്ച്എസ്‌എസ് സ്‌കൂള്‍ (ETV Bharat)

നിലവിൽ വിഎച്ച്‌എസ്‌ഇ മേഖലയിൽ നിയമനങ്ങൾ ഒന്നും തന്നെ നടക്കുന്നില്ല. ലാബ് അസിസ്‌റ്റൻ്റ്, വൊക്കേഷണൽ ഇൻസ്ട്രക്‌ടർ, വൊക്കേഷണൽ ടീച്ചർ തസ്‌തികളിലേക്ക് സ്ഥിര നിയമനം അനുവദിക്കുന്നില്ല. വൊക്കേഷണൽ ടീച്ചറുടെ ഒഴിവിൽ ഗസ്‌റ്റ് അധ്യാപകരെ മാത്രമേ നിയമിക്കുന്നുള്ളൂ. എന്നാൽ ലാബ് ടെക്‌നിക്കൽ അസിസ്‌റ്റൻ്റ് വൊക്കേഷണൽ ഇൻസ്ട്രക്‌ടർ തസ്‌തികയിൽ ഗസ്‌റ്റ് അധ്യാപകരെ പോലും നിയമിക്കാൻ കഴിയില്ല. ഇത് വിഎച്ച്എസ്ഇ മേഖലയിൽ ദൂരവ്യാപകമായ പ്രത്യാഘ്യാതങ്ങൾ സൃഷ്‌ടിക്കുകയും ഈ മേഖല കൂടുതൽ അനാകർഷകമാക്കുകയും ചെയ്യുന്നു.

സര്‍ക്കാരിൻ്റെ അടിയന്തര ഇടപെടലുകള്‍ ആവശ്യപ്പെട്ട് വിഎച്ച്എസ്‌ഇയിലെ അധ്യാപകര്‍ ഇടിവി ഭാരതിനോട് പ്രതികരിക്കുന്നു (ETV Bharat)

അമിത ജോലിഭാരവുമായി വിഎച്ച്എസ്ഇ പ്രിൻസിപ്പൽമാർ

വിഎച്ച്എസ്ഇ മേഖലയിലെ പ്രിൻസിപ്പൽമാർക്ക് അർഹതപ്പെട്ട ന്യായമായ അവകാശങ്ങൾക്ക് നേരെ ഭരണാധികാരികളുടെയും, വിദ്യാഭ്യാസ അധികാരികളുടെയും ഭാഗത്തുനിന്ന് കടുത്ത അവഗണനയാണ് നേരിടുന്നതെന്ന് അധ്യാപകര്‍ പറയുന്നു. ചോദ്യപേപ്പർ, പരീക്ഷ പേപ്പർ മൂല്യനിർണയം, സിലബസ്, പഠനസമയം എന്നിവയെല്ലാം ഹയർസെക്കൻഡറിക്ക് തുല്യമായിരിക്കെ, ഹയർസെക്കൻഡറി പ്രിൻസിപ്പൽമാരുടെ ജോലിഭാരത്തെക്കാൾ കൂടുതൽ ജോലി ഭാരം വിഎച്ച്എസ്ഇ ഹയർസെക്കൻഡറി പ്രിൻസിപ്പൽമാർക്കാണ്.

എക്‌സ്‌പേർട്ട് ഇൻ്ററാക്ഷൻ ക്ലാസ്, ഓൺ ദ ജോബ് ട്രെയിനിങ്, പ്രൊഡക്ഷൻ കംട്രെയിനിങ്, വൊക്കേഷണൽ എക്സ്പോ, പരീക്ഷാപേപ്പർ മൂല്യനിർണയം തുടങ്ങിയ അധികജോലിഭാരം, ഹയർസെക്കൻഡറി പ്രിൻസിപ്പൽമാരുമായി താരതമ്യം ചെയ്യുമ്പോൾ വിഎച്ച്എസ്‌ഇ പ്രിൻസിപ്പൽമാർക്കുണ്ട്. ഹയർസെക്കൻഡറി പ്രിൻസിപ്പൽമാർക്ക് പ്രിൻസിപ്പൽ തസ്‌തികയും, സ്കെയിൽ ഓഫ് പേയും നിലവിലുണ്ട്. എന്നാൽ വി.എച്ച് എസ് ഇ പ്രിൻസിപ്പൽമാർക്ക് പ്രിൻസിപ്പൽ തസ്‌തികയോ, സ്കെയിൽ ഓഫ് പേയോ, ഇതുവരെ അനുവദിച്ചിട്ടില്ല. സ്പെഷ്യൽ അലവൻസായി പ്രതിമാസം 1380 രൂപയാണ് ലഭിക്കുന്നത്.

VHSE PRINCIPAL CRISIS  VHSE PRINCIPAL FORUM COMMITTEE  KERALA EDUCATION BOARD  VOCATIONAL COURSES IN NEGLECT
Representative Image (ETV Bharat)

"നിരവധി തവണ സർക്കാരിലേക്കും, വിദ്യാഭ്യാസ അധികാരികൾക്കും, വിഎച്ച്‌എസ്‌ഇ പ്രിൻസിപ്പൽ ഫോറം നിവേദനം നൽകിയിട്ടും അനുഭാവപൂർണമായ ഒരു സമീപനം അധികാരികളുടെയും, ഭരണകർത്താക്കളുടെയും, ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല" വിഎച്ച്എസ്ഇ പ്രിൻസിപ്പല്‍ ഫോറം സംസ്ഥാന ജനറൽ സെക്രട്ടറി പത്മകുമാർ ചൂണ്ടിക്കാട്ടി.

പ്രിൻസിപ്പല്‍ തസ്‌തികകളുടെ അഭാവം (പൂജ്യം ശതമാനം സ്ഥിര നിയമനം) കണക്കുകളിങ്ങനെ...

കേരളത്തിലെ വിദ്യാഭ്യാസ മേഖലയിൽ ഒരുപക്ഷേ മറ്റൊരിടത്തും കാണാത്ത വിചിത്രമായ ഒരു ഭരണപ്രതിസന്ധിയാണ് വിഎച്ച്എസ്ഇ നേരിടുന്നത്. സംസ്ഥാനത്ത് ആകെ 389 വിഎച്ച്എസ്ഇ സ്കൂളുകളാണുള്ളത് (261 ഗവൺമെൻ്റ് സ്കൂളുകളും 128 എയ്ഡഡ് സ്കൂളുകളും). എന്നാൽ, ഈ 389 സ്കൂളുകളിലും ഒരിടത്തുപോലും 'വിഎച്ച്എസ്ഇ പ്രിൻസിപ്പല്‍' എന്ന പേരിൽ സ്വതന്ത്രമായ ഒരു സ്ഥിര തസ്‌തികയോ നിയമനമോ ഇല്ല. ഒരേ കോമ്പൗണ്ടിൽ ഹയർ സെക്കൻഡറിയും വിഎച്ച്എസ്ഇയും ഉണ്ടെങ്കിൽ, ഹയർ സെക്കൻഡറി പ്രിൻസിപ്പാളിനാണ് വിഎച്ച്എസ്ഇയുടെയും ഭരണപരമായ ചുമതല. അല്ലാത്ത പക്ഷം സ്കൂളിലെ ഏറ്റവും സീനിയറായ വൊക്കേഷണൽ ടീച്ചർക്ക് 'പ്രിൻസിപ്പലിന്റെ താൽക്കാലിക ചുമതല' നൽകി ഭരണം മുന്നോട്ട് കൊണ്ടുപോകുന്നു. ഇവർക്ക് ഇതിനായി പ്രത്യേക ശമ്പള സ്കെയിലോ ആനുകൂല്യങ്ങളോ അനുവദിക്കാറില്ല.

VHSE PRINCIPAL CRISIS  VHSE PRINCIPAL FORUM COMMITTEE  KERALA EDUCATION BOARD  VOCATIONAL COURSES IN NEGLECT
Representative Image (ETV Bharat)

വൊക്കേഷണൽ അധ്യാപകരുടെ സ്ഥിര നിയമന പ്രതിസന്ധി

കേരള പിഎസ്‌സി വഴി വിഎച്ച്എസ്ഇ വിഭാഗത്തിലേക്ക് നേരിട്ടുള്ള സ്ഥിര നിയമനങ്ങൾ നടന്നിട്ട് വർഷങ്ങൾ പിന്നിടുന്നുവെന്നാണ് സര്‍ക്കാര്‍ ഡാറ്റകളില്‍ കാണിക്കുന്നത്. പിഎസ്‌സി വിജ്ഞാപനങ്ങൾ അവസാനമായി വൊക്കേഷണൽ ടീച്ചർ, നോൺ-വൊക്കേഷണൽ ടീച്ചർ തസ്തികകളിലേക്ക് (ഉദാഹരണത്തിന്: കാറ്റഗറി നമ്പർ: 401/2022, 22/2018) വിജ്ഞാപനങ്ങൾ വന്നിട്ടുണ്ടെങ്കിലും റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാത്തതും ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യാത്തതും നിയമനം അനിശ്ചിതത്വത്തിലാക്കുന്നു.

നിലവിൽ വിഎച്ച്എസ്ഇ സ്കൂളുകളിൽ 40% മുതൽ 50% വരെ വൊക്കേഷണൽ ഇൻസ്ട്രക്ടർമാരും അധ്യാപകരും താൽക്കാലിക വ്യവസ്ഥയിലാണ് ജോലി ചെയ്യുന്നത്. കൃത്യമായ തസ്തിക നിർണയം നടക്കാത്തതാണ് ഇതിന് പ്രധാന കാരണം. വിഎച്ച്എസ്ഇ ലാബുകളിൽ വർഷങ്ങളായി പാർട്ട് ടൈം/ഡെയിലി വേജസ് അടിസ്ഥാനത്തിലാണ് ലാബ് അസിസ്റ്റന്റുമാരെ നിയമിക്കുന്നത്. ഇവർക്ക് സ്ഥിര നിയമനത്തിനുള്ള പ്രത്യേക ചട്ടങ്ങൾ ഇനിയും പൂർണമായി നടപ്പിലായിട്ടില്ലെന്നും പ്രതിസന്ധി ഉടൻ തന്നെ സര്‍ക്കാര്‍ പരിഹരിക്കണമെന്നും അധ്യാപകര്‍ ആവശ്യപ്പെടുന്നു.

VHSE PRINCIPAL CRISIS  VHSE PRINCIPAL FORUM COMMITTEE  KERALA EDUCATION BOARD  VOCATIONAL COURSES IN NEGLECT
Representative Image (ETV Bharat)

തുല്യ ജോലിക്ക് തുല്യ വേതനം

ഇന്ത്യൻ ഭരണഘടനയിലെ ഭാഗം 4 ലെ ആർട്ടിക്കിൾ 39 ( ഡി ) പ്രകാരം. തുല്യ ജോലിക്ക് തുല്യവേതനം എന്ന തത്വം വ്യക്തമായി പരാമർശിച്ചിട്ടുണ്ട്. കൊവിഡ് കാലഘട്ടത്തിൽ അതായത് 2019-2020, 2020-2021 കാലയളവിൽ വിഎച്ച്എസ്ഇ പ്രിൻസിപ്പൽ മാർക്ക് സറണ്ടർ ആനുകൂല്യം നിഷേധിക്കുകയാണ് ഉണ്ടായതെന്നും പത്മകുമാർ ആരോപിച്ചു.

ഹയർസെക്കൻഡറി പ്രിൻസിപ്പല്‍മാർക്കും വിഎച്ച്എസ്ഇ ഓഫീസ് സ്‌റ്റാഫായ ക്ലർക്ക്, ഓഫീസ് അറ്റൻഡൻ്റ് എന്നിവർക്കും, 2019-2020, 2020-2021 കാലയളവിൽ ഏപ്രിൽ, മെയ് മാസങ്ങളിലെ സറണ്ടർ ആനുകൂല്യം നൽകിയപ്പോൾ വിഎച്ച്എസ്ഇ പ്രിൻസിപ്പല്‍മാർക്ക് സറണ്ടർ ആനുകൂല്യം നിഷേധിച്ചു.

VHSE PRINCIPAL CRISIS  VHSE PRINCIPAL FORUM COMMITTEE  KERALA EDUCATION BOARD  VOCATIONAL COURSES IN NEGLECT
Representative Image (ETV Bharat)

ഇതിനെതിരെ വിഎച്ച്എസ്ഇ പ്രിൻസിപ്പല്‍ ഫോറത്തിൻ്റെ നേതൃത്വത്തിൽ 31 എയ്‌ഡഡ് സ്‌കൂൾ പ്രിൻസിപ്പല്‍മാർ ഹൈക്കോടതിയിലും, 16 ഗവൺമെൻ്റ് സ്‌കൂൾ പ്രിൻസിപ്പല്‍മാർ അഡ്‌മിനി‌സ്ട്രേറ്റീവ് ട്രൈബ്യൂണലിലും കേസ് ഫയൽ ചെയ്‌തതിൻ്റെ അടിസ്ഥാനത്തിൽ കേസ് ഫയൽ ചെയ്‌ത 47 പേർക്ക് മാത്രമായി സറണ്ടർ ആനുകൂല്യ അനുവദിക്കുകയുണ്ടായി.

കോടതി വിധിയുടെ അടിസ്ഥാനത്തിൽ എല്ലാ ഗവൺമെൻ്റ് സ്‌കൂളിലെ പ്രിൻസിപ്പാൾമാർക്കും, എയ്‌ഡഡ് സ്‌കൂളിലെ എല്ലാ പ്രിൻസിപ്പാൾമാർക്കും സറണ്ടർ ആനുകൂല്യം അനുവദിച്ച് നൽകണമെന്ന് വിഎച്ച്എസ്ഇ പ്രിൻസിപ്പാൾ ഫോറം പുതിയതായി അധികാരം ഏൽക്കുന്ന സർക്കാരിനോട് ആവശ്യപ്പെട്ടു.

വിഎച്ച്എസ്ഇ മേഖലയിൽ തൊഴിലുകൾ പഠിപ്പിക്കുന്ന കോഴ്‌സുകളെ കുറിച്ച് രക്ഷകർത്താക്കളിലും വിദ്യാർഥികളിലും അവബോധത്തിന് കുറവുണ്ട്. എന്നാൽ സർക്കാർ തലത്തിൽ ഇത് പൊതുസമൂഹത്തിൻ്റെ ശ്രദ്ധയിൽപ്പെടുത്തിയാൽ വിഎച്ച്എസ്ഇ മേഖലയിലേക്ക് ഒരുപാട് കുട്ടികൾ മുന്നോട്ട് വരുമെന്നും പത്മകുമാര്‍ വ്യക്തമാക്കി.

അഗ്രികൾച്ചറൽ വിഭാഗത്തിൽ ഉൾപ്പെടെ നിരവധി കോഴ്‌സുകളാണ് വിഎച്ച്‌എസ്‌ഇയിൽ പുതിയതായി ഉള്ളത്. വിദ്യാർഥികളെ എന്ത് ജോലിയും ചെയ്‌തു ജീവിക്കുവാൻ പ്രാപ്‌തരാക്കുന്നതാണ് തൊഴിൽ അധിഷ്‌ഠിത കോഴ്‌സുകളുടെ ലക്ഷ്യം. ഇതിനുവേണ്ടി സർക്കാരും പൊതുജനങ്ങളും മാധ്യമങ്ങളും ഒരുമിച്ച് സഹകരിക്കണമെന്ന് അധ്യാപകർ ചൂണ്ടിക്കാട്ടി.

VHSE PRINCIPAL CRISIS  VHSE PRINCIPAL FORUM COMMITTEE  KERALA EDUCATION BOARD  VOCATIONAL COURSES IN NEGLECT
വിഎച്ച്എസ്ഇ പ്രിൻസിപ്പല്‍ ഫോറം സീനിയര്‍ വൈസ്‌ പ്രസിഡൻ്റ് ബിജോയ്‌ നാഥ് പ്രതികരിക്കുന്നു (ETV Bharat)

അതുപോലെ പ്രിൻസിപ്പൽ തസ്‌തികയും, സ്‌കെയിൽ ഓഫ് പേയും വിഎച്ച്എസ്ഇ പ്രിൻസിപ്പല്‍മാർക്കും അനുവദിച്ചു നൽകണമെന്ന് കാണിച്ചുകൊണ്ട് വിദ്യാഭ്യാസ അധികാരികൾക്കും, പുതിയതായി അധികാരം ഏൽക്കുന്ന ഭരണാധികാരികൾക്കും ഉടനടി നിവേദനം നൽകും. വിദ്യാഭ്യാസ അധികാരികളും, സർക്കാരും നിവേദനത്തിൽ അനുകൂലമായ നടപടികൾ സ്വീകരിക്കണമെന്നും വിഎച്ച്എസ്ഇ പ്രിൻസിപ്പല്‍ ഫോറം സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.

കമ്മിറ്റിയുടെ ആവശ്യങ്ങൾ

വിഎച്ച്എസ്‌ഇ വിഭാഗത്തിൽ പ്രിൻസിപ്പല്‍ തസ്‌തിക അനുവദിക്കുക

പൊതു വിദ്യാഭ്യാസ മേഖലയിൽ നമ്മുടെ സംസ്ഥാനത്ത് തൊഴിലധിഷ്‌ഠിത വിദ്യാഭ്യാസം ആരംഭിച്ച് നാല് പതിറ്റാണ്ടുകൾ പിന്നിടുമ്പോൾ പോലും വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളികളിൽ പ്രിൻസിപ്പല്‍ തസ്‌തിക അനുവദിക്കപ്പെട്ടിട്ടില്ല. വിഎച്ച്എസ്ഇ വിഭാഗത്തിൽ പൂർണസമയ ചുമതലയും വേതന സംരക്ഷണവുമുള്ള പ്രിൻസിപ്പല്‍മാരെ സംസ്ഥാനത്തെ മുഴുവൻ വിഎച്ച്എസ്ഇ സ്‌കൂളുകളിലും വേതന സംരക്ഷണത്തോടുകൂടി നിയമിക്കണമെന്ന് ഈ കമ്മിറ്റി സർക്കാറിനോട് ആവശ്യപ്പെടുന്നു.

തൊഴിലധിഷ്‌ഠിത ഹയർസെക്കൻഡറിയിലെ നിയമന നിരോധനം പിൻവലിക്കുക

കേന്ദ്ര ആവിഷ്‌കൃത പാഠ്യപദ്ധതി എൻ എസ്‌ ക്യു എഫ് നടപ്പിലാക്കിയതിനോടനുബന്ധിച്ച് സ്‌കൂളുകളും കോഴ്‌സുകളും നിരന്തരമായി പുനർ വിന്യസിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ മുഴുവൻ വിഎച്ച്എസ്‌ഇ വിദ്യാലയങ്ങളും തൊഴിലധിഷ്‌ഠിത അധ്യാപന മേഖലയിൽ നിയമനങ്ങൾ അനിശ്ചിതകാലത്തേക്ക് നിർത്തിവച്ചിരിക്കുകയാണ്. നിലവിലുള്ള നിയമന നിരോധനം പിൻവലിച്ചു എത്രയും പെട്ടെന്ന് സ്ഥിരം നിയമനങ്ങൾ പുനസ്ഥാപിച്ച് വിദ്യാലയങ്ങളിലെ അധ്യാപന പരിസരങ്ങൾ ശാക്തീകരിക്കണമെന്നും തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന് പുത്തൻ ദിശ നൽകണമെന്നും സർക്കാരിനോട് ആവശ്യപ്പെടുന്നു.

VHSE PRINCIPAL CRISIS  VHSE PRINCIPAL FORUM COMMITTEE  KERALA EDUCATION BOARD  VOCATIONAL COURSES IN NEGLECT
ടികെഡിഎം ഗവണ്‍മെൻ്റ് സ്‌കൂള്‍ (ETV Bharat)

വിദ്യാർഥികൾക്ക് തുടർ പഠന തൊഴിലവസരങ്ങൾ ഉറപ്പുവരുത്തുക

ഡിപ്ലോമ ബിരുദ തലങ്ങളിലുള്ള പാഫഷണൽ കോഴ്സുകൾക്ക് മുൻകാലങ്ങളിൽ ഉണ്ടായിരുന്ന സംവരണം പലതും ഇപ്പോൾ നിലവിലില്ല. ഇത് വിദ്യാർഥികളെയും രക്ഷാകർത്താക്കളെയും തീരെ നിരാശരാക്കിയിരിക്കുന്നു. ഈ അവസരത്തിൽ വിദ്യാർഥികളുടെ തുടർപഠനത്തിനും തൊഴിലവസരങ്ങൾക്കുമുള്ള സാധ്യതകൾ നിലനിർത്തുന്ന കൃത്യമായ നടപടികൾ ഉണ്ടാവണമെന്ന് ഈ കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെടുന്നു.

നൈപുണ്യ വിദ്യാഭ്യാസത്തിൻ്റെ മൂല്യനിർണയ ചുമതല വിദ്യാഭ്യാസ വകുപ്പ് ഏറ്റെടുക്കുക

മൂല്യനിർണയ പ്രക്രിയയുടെ പൂർണ ചുമതല പൊതു വിദ്യാഭ്യാസ വകുപ്പിനെതന്നെ ഏൽപ്പിച്ചുകൊണ്ട് പോയ കാലത്തെ വിശ്വാസ്യതയും അനായാസതയും തിരിച്ചു പിടിക്കാനുള്ള നടപടികളും ഉത്തരവുകളും സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവണമെന്ന് ഈ കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെടുന്നു. അധ്യാപകരുടെ സ്ഥലംമാറ്റം അധ്യയന വർഷത്തിൻ്റെ തുടക്കത്തിൽ തന്നെ പൂർത്തിയാക്കുക.

ഹയർസെക്കൻഡറി വിഭാഗത്തിൽ പുതിയ ബാച്ചുകൾ പഠനം നടത്തി മാത്രം അനുവദിക്കുക

വിഎച്ച്എസ്ഇ വിഭാഗത്തിൽ ആവശ്യത്തിന് വിദ്യാർഥികൾ വന്നുചേരാത്ത ഒരു സാഹചര്യം ഉണ്ട്. അതുകൊണ്ടുതന്നെ വിഎച്ച്എസ്ഇ സ്കൂളുകൾ നിലനിൽക്കുന്ന പ്രദേശങ്ങളിൽ പുതിയ ഹയർ സെക്കൻഡറി ബാച്ചുകൾ ആരംഭിക്കുന്നത് മതിയായ പഠനത്തിന് ശേഷം മാത്രമാവണമെന്ന് സർക്കാരിനോട് വിഎച്ച്എസ്ഇ പ്രിൻസിപ്പല്‍ ഫോറം സംസ്ഥാന കമ്മിറ്റി അഭ്യർത്ഥിച്ചു.

രക്ഷാപ്രവർത്തനം അടിയന്തിരമാണ്!

കേവലം ഡിഗ്രി സർട്ടിഫിക്കറ്റുകൾ തൊഴിലില്ലായ്‌മ സൃഷ്ടിക്കുന്ന ഇന്നത്തെ കാലത്ത്, വിഎച്ച്എസ്ഇ പോലുള്ള കോഴ്സുകളുടെ പ്രാധാന്യം വളരെ വലുതാണ്. എന്നാൽ അടിസ്ഥാന സൗകര്യങ്ങളുടെ കുറവും ഭരണപരമായ അനാസ്ഥയും ഈ മേഖലയെ ശ്വാസം മുട്ടിക്കുകയാണ്.

വിദ്യാർഥികളെ ഈ മേഖലയിലേക്ക് ആകർഷിക്കണമെങ്കിൽ സർക്കാർ ആദ്യം ചെയ്യേണ്ടത് ഈ കടുത്ത അവഗണന അവസാനിപ്പിക്കുകയാണ്. വിഎച്ച്എസ്ഇ സ്കൂളുകളിൽ സ്വതന്ത്ര പ്രിൻസിപ്പാൾ തസ്തികകൾ അനുവദിക്കുകയും, പിഎസ്‌സി വഴി സ്ഥിരനിയമനങ്ങൾ അടിയന്തിരമായി പൂർത്തിയാക്കുകയും വേണം. പുതിയ കാലത്തിനനുസരിച്ച് കോഴ്സുകളെ പരിഷ്കരിച്ച്, ഈ മേഖലയെ നെഞ്ചോട് ചേർക്കാൻ അധികൃതർ തയ്യാറായില്ലെങ്കിൽ പ്രതിസന്ധിയിലാകുന്നത് ഒരു തലമുറയുടെ കരിയർ സ്വപ്‌നങ്ങളായിരിക്കും.

Also Read: "നിഷ്‌പക്ഷതയുടെ വേര് അറുത്തു, ഇത് ഡീലോ?", മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി രത്തൻ യു ഖേല്‍ക്കര്‍ ചുമതലയേറ്റതോടെ വിവാദം ആളിക്കത്തുന്നു

Last Updated : May 25, 2026 at 4:15 PM IST