ഗവേഷണ മോഹത്തിൽനിന്ന് സിവില്‍ സര്‍വീസിലേക്ക്; വിഷ്ണുപ്രിയയുടെ സ്വപ്നനേട്ടം
വിദ്യാഭ്യാസ കാലത്തൊന്നും സിവില്‍ സര്‍വീസിനെക്കുറിച്ച് ചിന്തിച്ചിരുന്നില്ല. ഗവേഷണം നടത്തണമെന്നായിരുന്നു ആഗ്രഹമെന്ന് വിഷ്ണുപ്രിയ ഇടിവി ഭാരതിനോട്.

Published : March 6, 2026 at 9:23 PM IST
തിരുവനന്തപുരം: "ഇത് എനിക്ക് അഭിമാന നിമിഷമാണെന്ന്" സിവില്‍ സര്‍വീസ് പരീക്ഷയില്‍ 149-ാം റാങ്ക് നേടിയ വിഷ്ണുപ്രിയ ഇ ടിവി ഭാരതിനോട് പറഞ്ഞു. വര്‍ഷങ്ങള്‍ നീണ്ടുനിന്ന പഠനമായിരുന്നു സിവില്‍ സര്‍വീസിന്‍റേത്. കുടുംബവും അധ്യാപകരും സുഹൃത്തുക്കളും എപ്പോഴും കൂടെനിന്നു. അവരില്ലായിരുന്നെങ്കില്‍ ഈ നേട്ടം കൈവരിക്കാനാവില്ലായിരുന്നു. ഇന്ത്യൻ ഫോറിന്‍ സര്‍വീസാണ് (IFS) തന്‍റെ ലക്ഷ്യമെന്നും വിഷ്ണുപ്രിയ വ്യക്തമാക്കി.
എന്തുകൊണ്ട് സിവില്‍ സര്‍വീസ്?
വിദ്യാഭ്യാസ കാലത്തൊന്നും സിവില്‍ സര്‍വീസിനെക്കുറിച്ച് ചിന്തിച്ചിരുന്നില്ല. ഗവേഷണം (Research) നടത്തണമെന്നായിരുന്നു ആഗ്രഹം. എന്നാൽ ബിരുദാനന്തര ബിരുദം കഴിയാറായപ്പോഴാണ് സാമൂഹിക പ്രതിബദ്ധതയുള്ള ജോലി വേണമെന്ന് തോന്നിയത്. എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനായിരുന്ന അച്ഛനാണ് സിവില്‍ സര്‍വീസ് നിർദ്ദേശിച്ചത്. ഇതിനെക്കുറിച്ച് കൂടുതൽ വായിച്ചു മനസ്സിലാക്കിയതോടെ തയ്യാറെടുപ്പ് തുടങ്ങുകയായിരുന്നു.
തയാറെടുപ്പ്
ഇരട്ടസഹോദരി കൃഷ്ണപ്രിയയോടൊപ്പമായിരുന്നു വിഷ്ണുപ്രിയയുടെ തയ്യാറെടുപ്പ്. മൂന്നാമത്തെ ശ്രമത്തിലാണ് സിവില്‍ സര്‍വീസ് പരീക്ഷ വിജയിക്കുന്നത്. ആദ്യ രണ്ടു തവണയും പ്രിലിംസ് പാസായിരുന്നില്ല. ആ സമയം ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നു. ദിവസേന 10 മണിക്കൂറെങ്കിലും പഠിക്കാന്‍ ശ്രദ്ധിച്ചിരുന്നു. ഇത്രയും കാലം എല്ലാ ദിവസവും തുടര്‍ച്ചയായി പഠിക്കുക എന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. ഓരോ തവണ പരാജയപ്പെട്ടപ്പോഴും കുടുംബം കരുത്തായി ഒപ്പംനിന്നു. ഹിസ്റ്ററിയായിരുന്നു ഓപ്ഷണല്‍ വിഷയം. ഓപ്ഷണല്‍ വിഷയം സ്വന്തമായാണ് പഠിച്ചത്.
വിദ്യാഭ്യാസം
കോയമ്പത്തൂര്‍ അമൃത യൂണിവേഴ്‌സിറ്റിയില്‍നിന്ന് ബി.എസ്സി. ഫിസിക്‌സില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി.
കുടുംബം
തൃശൂര്‍ ആറാട്ടുപുഴയാണ് സ്വദേശം. അച്ഛൻ റിട്ടയേര്‍ഡ് വിങ് കമാന്‍ഡര്‍ മധു നാഗദ്, അമ്മ പ്രമീള. ഇരട്ടസഹോദരി കൃഷ്ണപ്രിയ.
ഇത്തവണ 958 ഉദ്യോഗാർത്ഥികളാണ് പരീക്ഷയിൽ യോഗ്യത നേടിയതെന്നും വിവിധ കേന്ദ്ര സിവിൽ സർവീസുകളിലേക്കുള്ള നിയമനത്തിനായി ഇവരെ ശുപാർശ ചെയ്‌തിട്ടുണ്ടെന്നും കമ്മിഷൻ അറിയിച്ചു. ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് (IAS), ഇന്ത്യൻ ഫോറിൻ സർവീസ് (IFS), ഇന്ത്യൻ പൊലീസ് സർവീസ് (IPS) തുടങ്ങിയവയുൾപ്പെടെയുള്ള തസ്തികകളിലേക്ക് ഉദ്യോഗസ്ഥരെ തെരഞ്ഞെടുക്കുന്നതിനായി യുപിഎസ്‌സി (UPSC) പ്രതിവർഷം മൂന്ന് ഘട്ടങ്ങളിലായാണ് (പ്രിലിമിനറി, മെയിൻ, ഇന്റർവ്യൂ) സിവിൽ സർവീസസ് പരീക്ഷ നടത്തുന്നത്.
ശുപാർശ ചെയ്യപ്പെട്ടവരിൽ 348 ഉദ്യോഗാർത്ഥികളുടെ തെരഞ്ഞെടുപ്പ് താൽക്കാലികമായിട്ടാണ് (Provisional) നിലനിർത്തിയിരിക്കുന്നതെന്ന് കമ്മിഷൻ പ്രസ്താവനയിൽ പറഞ്ഞു. സിവിൽ സർവീസസ് പരീക്ഷയിലൂടെ നികത്താനായി 1,087 ഒഴിവുകളാണ് കേന്ദ്ര സർക്കാർ റിപ്പോർട്ട് ചെയ്‌തിരുന്നത്.
അന്തിമ ഫലം പരിശോധിക്കുന്നതിനായി ഉദ്യോഗാർത്ഥികൾക്ക് താഴെ പറയുന്ന ഘട്ടങ്ങൾ പാലിക്കാവുന്നതാണ്:
- യുപിഎസ്‌സിയുടെ (UPSC) ഔദ്യോഗിക വെബ്‌സൈറ്റായ upsc.gov.in സന്ദർശിക്കുക.
- ഹോം പേജിലുള്ള 'UPSC CSE Result 2025' എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- തുറന്നു വരുന്ന പുതിയ പേജിൽ ലോഗിൻ വിവരങ്ങൾ നൽകുക.
- 'Submit' ബട്ടണിൽ ക്ലിക്ക് ചെയ്യുന്നതോടെ നിങ്ങളുടെ ഫലം സ്ക്രീനിൽ തെളിയും.
- ഫലം പരിശോധിച്ച് ഡൗൺലോഡ് ചെയ്യുക.
- ഭാവി ആവശ്യങ്ങൾക്കായി ഇതിൻ്റെ ഒരു പ്രിൻ്റ് ഔട്ട് (Hard copy) എടുത്തു സൂക്ഷിക്കുക

