അയ്യോടാ... കണ്ണിടല്ലെ! പാണ്ടിമേളത്തോടൊപ്പം തകര്‍ത്ത് കൊട്ടി, നിമിഷങ്ങള്‍ക്കകം വൈറലായി കുഞ്ഞ് അലോക്
സോഷ്യല്‍ മീഡിയയില്‍ വൈറലാണ് ചെണ്ടകാരന്‍. കുട്ടി കലാകാരന്‍റെ വിശേഷങ്ങളിലേക്ക്.

Published : January 9, 2026 at 8:11 PM IST
കോഴിക്കോട്: ശോ... ഈ സോഷ്യൽ മീഡിയയുടെ ഒരു കാര്യം, എന്തെങ്കിലും ഒന്ന് ചെയ്‌താൽ അപ്പോഴേക്കും അങ്ങ് വൈറലാക്കും. പിന്നെ ആളായി ബഹളമായി തിരക്കായി മൊത്തത്തിൽ നാട്ടിൽ എല്ലാവരുടെയും ചർച്ചാ വിഷയം തന്നെ ആ വൈറൽ താരമാകും.
അങ്ങനെ വൈറലായ ഒരു കുട്ടി താരമുണ്ട്. അതും വെറും ഒറ്റ ദിവസം കൊണ്ട്. കോഴിക്കോട് പൂവാട്ടുപറമ്പിൽ ബിബിൻ സുഖ്ദേവിൻ്റെ മകൻ എട്ട് വയസുകാരനായ അലോക് എസ് ദേവാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിൽക്കുന്നത്.
തിരുവമ്പാടി മാടച്ചാൽ മുത്തപ്പൻ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന ആഘോഷവരവിനിടെ കളിചെണ്ട കൊട്ടിയാണ് അലോക് നെറ്റിസൺസിൻ്റെ ശ്രദ്ധ പിടിച്ചു പറ്റിയത്. തിറയാട്ട കലാകാരനും കുഴൽവാദ്യകാരനുമാണ് ബിബിൻ സുഖദേവ്. ദേശവരവിന് കുഴൽ വായിക്കാൻ പോവുകയായിരുന്ന ബിബിൻ്റെ കൂടെ അലോകും കൂടി അമ്പലത്തിലേക്ക്. അമ്പല പറമ്പിൽ എത്തിയ അലോകിൻ്റെ കണ്ണ് കളിചെണ്ടയിലായിരുന്നു.
അച്ഛനോട് കളിചെണ്ട വാങ്ങി തരാൻ അലോക് പറഞ്ഞെങ്കിലും ആദ്യം കാര്യം നടന്നില്ല. പിന്നീട് അലോകിൻ്റെ വാശിക്ക് മുന്നിൽ ബിബിന് ചെണ്ട വാങ്ങി കൊടുക്കുക അല്ലാതെ വേറെ വഴിയില്ലാതായി. തൊട്ടടുത്ത ഫാൻസിയിൽ നിന്നും ഒരു കളി ചെണ്ട വാങ്ങിക്കൊടുത്തത് മാത്രമെ ബിബിന് ഓർമ്മയുള്ളൂ പിന്നെ ഉത്സവപറമ്പ് ആവേശത്തിലാക്കിയ അലോകിനെയാണ് കണ്ടത്.

മേളപ്രമാണിയായ പ്രബീഷ് ബേപ്പൂരിൻ്റെ പാണ്ടിമേളത്തൊടെപ്പം തൻ്റെ കളിചെണ്ടയുമായി യാതൊരു സഭാകമ്പവുമില്ലാതെ അലോകും കൊട്ടിക്കയറി. പൊതുവേ കാഴ്‌ചക്കാരെ കൈയ്യിലെടുക്കാറുള്ള മേളക്കാരുടെ മെയ് വഴക്കവും അലോക് തൻ്റെ കൊട്ടിനിടയിലും കാണിക്കാൻ മറന്നില്ല.
ഈ കൊച്ചു മിടുക്കൻ്റെ ചെണ്ട കൊട്ടിലുള്ള ആവേശം കണ്ട് ഉത്സവം കാണാനെത്തിയ ഒരു യുവാവാണ് വീഡിയോ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. അതോടെ നിമിഷ നേരം കൊണ്ടാണ് അലോക് സോഷ്യൽ മീഡിയ അടക്കി ഭരിച്ചത്.
'ഞങ്ങൾ പാരമ്പര്യമായി തിറയാട്ടവും ചെണ്ടയുമെല്ലാമായി പോവുന്നവരാണ്. ഞങ്ങളുടെ ദേശത്തുള്ള ഒരു ഉത്സവമാണ് മാടച്ചാൽ ശ്രീ മുത്തപ്പൻകാവിലേത്. കുറച്ച് വർഷമായി അവിടെ ഞാൻ വാദ്യത്തിന് പോവാറുണ്ട്. രണ്ട് വർഷമായി മകനെയും കൂടെ കൊണ്ട് പോവാറുണ്ട്' അലോകിൻ്റെ അച്ഛൻ ബിബിൻ പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
നമ്മളൊക്കെ ഇലത്താളമാണ് ആദ്യം പടിച്ചത്. പിന്നീടാണ് ചെണ്ടയെല്ലാം പഠിച്ചത്. ഇത്തവണ അലോക് ചെണ്ട വേണമെന്ന് പറഞ്ഞ് വല്ലാതെ വാശിപിടിച്ചു. അങ്ങനെയാണ് ഞാൻ ഒരു കളി ചെണ്ട വാങ്ങികൊടുത്തത്. അവൻ ചെണ്ട പഠിച്ചിട്ടില്ലെന്നും" ബിബിൻ പറഞ്ഞു.

'അവനെ പഠിപ്പിക്കണം. അവൻ അതിൽ താത്‌പര്യമുണ്ടെന്ന് ഇപ്പോൾ തങ്ങൾക്ക് മനസിലായി. ഒരുപാട് കാലമായി ചെണ്ട കൊട്ടിരിക്കുന്ന തങ്ങളെ ഒന്നും ആരും ചെണ്ടക്കാരായി കണ്ടിട്ടില്ല. ഇപ്പോൾ ചെണ്ടകാരനായത് തൻ്റെ മകനാണ്' .
'ഇന്നും ഇന്നലെയുമായി ഒരുപാട് ആളുകളാണ് മകൻ്റെ കാര്യവും അന്വേഷിച്ച് വിളിക്കുന്നത്. ഇത് വൈറലാക്കിയത് എംഎസ് എന്ന് പറഞ്ഞ ഒരു യൂട്യൂബർ ആണ്. അദ്ദേഹമാണ് ഈ വീഡിയോ എടുത്തത്. സംഭവം നടന്ന് അടുത്ത ദിവസം എല്ലാവരും പറഞ്ഞാണ് താൻ ഈ വീഡിയോ കാണുന്നതെന്നും' ബിബിൻ പറഞ്ഞു
പൂവാട്ടുപറമ്പ് എഎൽപി സ്‌കൂളിലെ മൂന്നാംതരം വിദ്യാർഥിയാണ് അലോക്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ മാത്രമല്ല സ്‌കൂളിലും നാട്ടിലുമെല്ലാം അലോകാണ് താരം. നിരവധി പേരാണ് വീഡിയോ വൈറലായതോടെ അലോകിനെ കാണാൻ എത്തുന്നത്.
'എല്ലാ വര്‍ഷവും താൻ ചെണ്ട കൊട്ടാറുണ്ടെന്നും അടുത്ത കൊല്ലം ആവുമ്പോഴേക്കും തനിക്ക് ചെണ്ട പഠിക്കണമെന്നും' അലോക് പറഞ്ഞു. ശാസ്ത്രീയമായി ഇതുവരെ ചെണ്ട അഭ്യസിച്ചിട്ടില്ലെങ്കിലും അച്ഛൻ്റെ പാരമ്പര്യവും കലാ വൈഭവവും ഈ കൊച്ചു മിടുക്കനിലൂടെ
കാത്തുവയ്‌ക്കും എന്നതിൻ്റെ ഉത്തമ ഉദാഹരണമാണ് ഈ പ്രകടനം.

