"ഞങ്ങളുടെ മാലാഖ കുഞ്ഞുങ്ങൾ പൊറുക്കട്ടെ"; രാഹുൽ മാങ്കൂട്ടത്തിലിൻ്റെ അറസ്റ്റിന് പിന്നാലെ അതിജീവിതയുടെ ഹൃദയഭേദകമായ കുറിപ്പ്
വേദനയും വഞ്ചനയും സഹിച്ചിട്ടും സത്യം തുറന്നുപറയാൻ തനിക്ക് കരുത്ത് നൽകിയത് ദൈവമാണെന്ന് അതിജീവിത തൻ്റെ സോഷ്യൽ മീഡിയ കുറിപ്പിൽ വ്യക്തമാക്കി

Published : January 11, 2026 at 11:42 AM IST
തിരുവനന്തപുരം: പുതിയ ലൈംഗികാതിക്രമ കേസിൽ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിലായതിന് പിന്നാലെ, വൈകാരിക പ്രതികരണവുമായി ആദ്യ പരാതിക്കാരി. വേദനയും വഞ്ചനയും സഹിച്ചിട്ടും സത്യം തുറന്നുപറയാൻ തനിക്ക് കരുത്ത് നൽകിയത് ദൈവമാണെന്ന് അതിജീവിത തൻ്റെ സോഷ്യൽ മീഡിയ കുറിപ്പിൽ വ്യക്തമാക്കി.
അതിജീവിത കുറിച്ച വാക്കുകൾ ഇങ്ങനെ:
"പ്രിയപ്പെട്ട ദൈവമേ, എല്ലാ വേദനകളും, വിധികളും, വഞ്ചനകളും സഹിച്ച് മുന്നോട്ട് പോകാൻ ധൈര്യം നൽകിയതിന് നന്ദി. ഇരുട്ടിൽ അയാൾ ചെയ്ത പ്രവർത്തി നീ കണ്ടു. ലോകത്തിന് മുന്നിൽ എത്താതിരുന്ന നിലവിളികൾ നീ കേട്ടു.ഞങ്ങളുടെ ശരീരം ആക്രമിക്കപ്പെട്ടപ്പോഴും ഞങ്ങളുടെ കുഞ്ഞുങ്ങളെ ബലപ്രയോഗത്തിലൂടെ തട്ടിയെടുത്തപ്പോളും നീ ഞങ്ങളെ ചേർത്തു പിടിച്ചു. ആ മാലാഖ കുഞ്ഞുങ്ങൾ സ്വർഗത്തിൽ നിന്ന് ഞങ്ങളോട് ക്ഷമിക്കട്ടെ. തെറ്റായ വ്യക്തിയെ വിശ്വസിച്ച് കുട്ടിയുടെ പിതാവാകാൻ യോഗ്യനല്ലാത്ത ഒരാളെ തിരിഞ്ഞെടുത്തതിന് ക്ഷമ ചോദിക്കുന്നു. ആ മാലാഖ കുഞ്ഞുങ്ങളുടെ ആത്മാക്കൾ സമാധാനത്തോടെ വിശ്രമിക്കട്ടെ.അക്രമത്തിൽ നിന്നും ഭയത്തിൽ നിന്നും ഞങ്ങളെ സംരക്ഷിക്കാൻ കഴിയാത്ത ഈ ലോകത്തിൽ നിന്നും ആ മാലാഖ കുഞ്ഞുങ്ങൾ സ്വതന്ത്രരായിരിക്കട്ടെ. നമ്മുടെ കണ്ണുനീർ സ്വർഗത്തിൽ എത്തിയാൽ അവർ നിങ്ങളോട് ഇക്കാര്യം പറയട്ടെ. നിങ്ങളുടെ അമ്മ ഒരിക്കലും നിങ്ങളെ മറന്നില്ല. നിങ്ങളുടെ അസ്തിത്വം പ്രധാനമാണ്. നിങ്ങളുടെ ആത്മാവ് പ്രധാനമാണ്.വീണ്ടും കണ്ടുമുട്ടുന്നതുവരെ അമ്മമാർ നിങ്ങളെ ഞങ്ങളുടെ ഹൃദയങ്ങളിൽ താലോലിക്കും. കുഞ്ഞാറ്റേ, അമ്മ നിന്നെ അങ്ങേയറ്റം സ്നേഹിക്കുന്നു."
മൂന്നാമത്തെ കേസിലും മാങ്കൂട്ടത്തിലിൽ ഇരയെ ഗർഭം അലസിപ്പിക്കാൻ നിർബന്ധിച്ചു എന്ന ആരോപണത്തിൻ്റെ പശ്ചാത്തലത്തിലാണ് ഈ പരാമർശം. നിരവധി തവണ ലൈംഗികമായി പീഡിപ്പിക്കപ്പെടുകയും ഗർഭം അലസിപ്പിക്കാൻ നിർബന്ധിക്കുകയും ചെയ്തുവെന്ന് ആരോപിച്ച് പൊലീസിനെ ആദ്യം സമീപിച്ചത് ഈ യുവതിയാണ്. പരാതി ഉയർന്നതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽ പോയിരുന്നു.
ആദ്യ കേസിൽ തിരുവനന്തപുരം സെഷൻസ് കോടതി മുൻകൂർ ജാമ്യം നിഷേധിച്ചെങ്കിലും ഹൈക്കോടതി ജനുവരി 21 വരെ ഇടക്കാല സംരക്ഷണം നൽകിയിരുന്നു. അടുത്തിടെ, ഇരയുടെ മുൻ ഭർത്താവും മാങ്കൂട്ടത്തിൽ തന്നെ കേസിലേക്ക് വലിച്ചിഴക്കാൻ ശ്രമിച്ചുവെന്ന് പരസ്യമായി ആരോപിച്ച് രംഗത്തെത്തിയിരുന്നു. മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ കേസായ ബെംഗളൂരുവിലെ പീഡന പരാതിയിൽ സെഷൻസ് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.
മൂന്നാമത്തെ പീഡന പരാതി കേസില്‍ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ ഇന്നലെ രാത്രി 12 മണിയോടെ പാലക്കാട് നഗരത്തിലെ കെപിഎം ഹോട്ടലിൽ നിന്നാണ് പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. ഇതിനുപിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പത്തനംതിട്ട എ ആർ ക്യാമ്പിൽ എത്തിച്ച് ജി പൂങ്കുഴലിയുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍. ചോദ്യം ചെയ്യലിനുശേഷം ഇന്ന് രാവിലെ 11.20 ഓടെ വൈദ്യ പരിശോധനയ്ക്ക് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെത്തിച്ചു.
വൈദ്യ പരിശോധനയ്ക്ക് എത്തിച്ച ജനറല്‍ ആശുപത്രിയില്‍ വിലിയ തോതിലുള്ള പ്രതിഷേധവുമായി ഡിവൈെഫ്ഐ പ്രവര്‍ത്തകരും യുവമോര്‍ച്ചയും രംഗത്തെത്തി. ജീപ്പില്‍നിന്ന് പുറത്തിറക്കാന്‍ പറ്റാത്ത രീതിയിലുള്ള പ്രതിഷേധത്തിനായിരുന്നു ആശുപത്രി പരിസരം സാക്ഷ്യമായത്. ഏറെ പണിപ്പെട്ടാണ് പ്രവര്‍ത്തകരെ മാറ്റി പൊലീസ് രാഹുലിനെ വൈദ്യ പരിശോധനയ്ക്കായി പുറത്തിറക്കിയത്. വൈദ്യ പരിശോധന പൂര്‍ത്തിയാക്കിയ ശേഷം മജിസ്ട്രേറ്റിൻ്റെ വസതിയില്‍ ഹാജരാക്കും.

