ആറന്മുള ഉത്രട്ടാതി ജലമേള ഞായറാഴ്‌ച, ഉപരാഷ്‌ട്രപതി ഉദ്ഘാടനം ചെയ്യും; 51 പള്ളിയോടങ്ങള്‍ പങ്കെടുക്കും
33 വർഷത്തിന് ശേഷമാണ് ഒരു ഉപരാഷ്ട്രപതി ആറന്മുള ഉത്രട്ടാതി ജലമേളയ്ക്ക് എത്തുന്നത്. ജലമേളയിൽ 51 പള്ളിയോടങ്ങള്‍ പങ്കെടുക്കും.

Published : August 28, 2026 at 8:04 PM IST
പത്തനംതിട്ട: ആറന്മുള ഉത്രട്ടാതി ജലമേള ഓഗസ്റ്റ് 30 ന് നടക്കും. ഉച്ചയ്ക്ക് 1.30ന് ഉപരാഷ്ട്രപതി സി.പി രാധാകൃഷ്‌ണൻ ജലമേള ഉദ്ഘാടനം ചെയ്യും. 33 വർഷത്തിന് ശേഷമാണ് ഒരു ഉപരാഷ്ട്രപതി ആറന്മുള ഉത്രട്ടാതി ജലമേളയ്ക്ക് എത്തുന്നതെന്ന പ്രത്യേകതയുമുണ്ട്. ജലമേളയിൽ 51 പള്ളിയോടങ്ങള്‍ പങ്കെടുക്കുമെന്നും അഷ്‌ടമിരോഹിണി വള്ളസദ്യ സെപ്റ്റംബർ നാലിന് ക്ഷേത്രമുറ്റത്ത് നടക്കുമെന്നും പള്ളിയോട സേവ സംഘം ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
സത്രം കോമ്പൗണ്ടിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ അധ്യക്ഷത വഹിക്കും.ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല, ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ്, ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം.ജോണ്‍ ഉൾപ്പെടെ മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ, ജനപ്രതിനിധികൾ, വിശിഷ്‌ട വ്യക്തികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് ഉദ്ഘാടന വേദിയിലും ചെങ്ങന്നൂർ-ആറന്മുള-കോഴഞ്ചേരി റോഡിലും കർശന സുരക്ഷയും ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്തി. രാവിലെ 9.30ന് ക്ഷേത്ര ശ്രീകോവിലില്‍ നിന്നുള്ള ദീപം വാദ്യമേളങ്ങളുടെ അകമ്പടിയോടെ സത്ര പവലിയനിലെത്തും. തുടർന്ന് പത്തനംതിട്ട ജില്ലാ കലക്‌ടർ നിസാമുദ്ദീൻ പതാക ഉയർത്തി ചടങ്ങുകള്‍ക്ക് തുടക്കം കുറിക്കും.

ജലഘോഷയാത്ര ഉച്ചയ്‌ക്ക് 1.30ന് ആരംഭിക്കും. തിരുവോണത്തോണി ഏറ്റവും മുന്നിലായി പരപ്പുഴ കടവിലേക്ക് നീങ്ങും. 'ബി' ബാച്ചിലെ എട്ട് പള്ളിയോടങ്ങള്‍ ക്ഷേത്രക്കടവില്‍ നിന്ന് പുറപ്പെട്ട് താഴെ സത്ര പവലിയന് മുന്നിലൂടെ പരപ്പുഴ കടവിലേക്ക് നീങ്ങും. ബാക്കിയുള്ള ബി ബാച്ച് പള്ളിയോടങ്ങള്‍ 'എ' ബാച്ച് പള്ളിയോടങ്ങള്‍ക്ക് മുമ്പിലായി ജലഘോഷയാത്രയില്‍ അണിനിരക്കും. ജവാൻ കടവില്‍ നിന്ന് ആരംഭിക്കുന്ന എ ബാച്ചിലെ പള്ളിയോടങ്ങള്‍ വഞ്ചിപ്പാട്ടിൻ്റേയും മുത്തുക്കുടകളുടെയും അകമ്പടിയോടെ നാല് പള്ളിയോടങ്ങള്‍ വീതമുള്ള ബാച്ചുകളായി പവലിയന് മുന്നിലൂടെ നീങ്ങും.
കേരളീയ കലാരൂപങ്ങള്‍ ഉള്‍പ്പെടുത്തിയ നിശ്ചലദൃശ്യങ്ങളും ഹെലികോപ്റ്റർ പ്രകടനവും ഉണ്ടാകും. തുടർന്ന് വൈകിട്ട് മൂന്ന് വള്ളംകളി മത്സരം ആരംഭിക്കും. എ ബാച്ചിൽ 35 എണ്ണവും ബി ബാച്ചിൽ 16 എണ്ണവുമായി മൊത്തം 51 പള്ളിയോടങ്ങൾ മത്സരത്തിൽ പങ്കെടുക്കും. ഡിജിറ്റൽ സംവിധാനം വഴി സമയം കണക്കാക്കി ഏറ്റവും കുറഞ്ഞ സമയം കൊണ്ട് ഫിനിഷ് ചെയ്യുന്ന മികച്ച നാല് പള്ളിയോടങ്ങളെ ഫൈനലിലേക്ക് തെരഞ്ഞെടുക്കും.
കൂലി തുഴച്ചിലുകാരെ ഉൾപ്പെടുത്തുന്ന പള്ളിയോടങ്ങളെ മത്സരത്തിൽ നിന്ന് ഒഴിവാക്കും. സുരക്ഷയ്ക്കായി അഗ്നിരക്ഷാ സേന, സ്ക്യൂബ സംഘം, സ്‌പീഡ് ബോട്ടുകൾ, മുങ്ങൽ വിദഗ്‌ധർ എന്നിവരെ വിന്യസിച്ചിട്ടുണ്ട്. എ, ബി ബാച്ചുകളിൽ ഒന്നാം സ്ഥാനം നേടുന്നവർക്ക് മന്നം ട്രോഫിയും മികച്ച രീതിയിൽ പാടി തുഴയുന്നവർക്ക് ആർ. ശങ്കർ മെമ്മോറിയൽ ട്രോഫിയും നൽകും.
സെപ്റ്റംബർ നാലിന് നടക്കുന്ന അഷ്‌ടമിരോഹിണി വള്ളസദ്യയിൽ അരലക്ഷത്തോളം പേർ പങ്കെടുക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ. ജയകുമാർ വള്ളസദ്യ ഉദ്ഘാടനം ചെയ്യും. സെപ്റ്റംബർ 16 വരെ നീളുന്ന വള്ളസദ്യകൾക്കായി ഇതുവരെ 565 ബുക്കിങുകൾ ലഭിച്ചിട്ടുണ്ടെന്നും ഭാരവാഹികൾ അറിയിച്ചു.
ഉപരാഷ്ട്രപതിയുടെ സന്ദർശനം കണക്കിലെടുത്ത് ചെങ്ങന്നൂർ-ആറന്മുള-കോഴഞ്ചേരി റോഡില്‍ വാഹനങ്ങള്‍ തിരിച്ചുവിടുന്നതിനും പാർക്കിങ് നിയന്ത്രിക്കുന്നതിനും നടപടികൾ സ്വീകരിച്ചു. ഉപരാഷ്‌ട്രപതി ആറന്മുളയിലെത്തി മടങ്ങുന്നതുവരെയുള്ള ഗതാഗത നിയന്ത്രണങ്ങളോട് എല്ലാവരും സഹകരിക്കണമെന്നും ഭാരവാഹികൾ അഭ്യർഥിച്ചു. പള്ളിയോട സേവാസംഘം പ്രസിഡൻ്റ് കെ.വി. സാംബദേവൻ സെക്രട്ടറി പ്രസാദ് ആനന്ദഭവൻ മറ്റ് ഭാരവാഹികൾ തുടങ്ങിയവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.

ആറന്മുള ജലോത്സവം: പാർക്കിങ് ഗ്രൗണ്ടുകൾ ക്രമീകരിച്ചു
ഓഗസ്റ്റ് 30ന് നടക്കുന്ന ആറന്മുള ഉതൃട്ടാതി ജലോത്സവത്തിന് എത്തിച്ചേരുന്ന വാഹനങ്ങൾക്കായി പാർക്കിങ് ഗ്രൗണ്ടുകൾ ക്രമീകരിച്ചതായി ആറന്മുള പൊലീസ് സർക്കിൾ ഇൻസ്പെക്‌ടർ അറിയിച്ചു.
- അടൂർ, പന്തളം ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ എസ് വി ജി വി എച്ച്എസ്എസ്, നൽക്കാലിക്കൽ സ്‌കൂൾ ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം.
- ചെങ്ങന്നൂർ ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങൾ ആറന്മുള ശ്രീ വിജയാനന്ദ വിദ്യാ പീഠം പാർക്കിങ് ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം.
- പത്തനംതിട്ട ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങൾ കോഴഞ്ചേരി പഞ്ചായത്ത് സ്റ്റേഡിയത്തിൽ പാർക്ക് ചെയ്യണം.
- കോഴഞ്ചേരി - റാന്നി ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ സെൻ്റ് തോമസ് എച്ച്എസ്എസ് കോഴഞ്ചേരി, ഗവണ്‍മെൻ്റ് എച്ച്എസ്എസ് കോഴഞ്ചേരി ഗ്രൗണ്ടുകളിൽ പാർക്ക് ചെയ്യണം.
- മറ്റ് സ്ഥലങ്ങളിൽ നിന്ന് ചെറിയ റോഡുകളിലൂടെ എത്തിച്ചേരുന്ന വാഹനങ്ങൾ പൊലീസ് ഉദ്യോഗസ്ഥരുടെ നിർദ്ദേശാനുസരണം പാർക്കിങ് ഗ്രൗണ്ടുകളിൽ മാത്രം പാർക്ക് ചെയ്യേണ്ടതാണെന്നും ആറന്മുള പൊലീസ് സർക്കിൾ ഇൻസ്പെക്‌ടർ അറിയിച്ചു.
പാർക്കിങ് ഗ്രൗണ്ടുകൾ
1. ആറന്മുള എഞ്ചിനീയറിങ് കോളേജ് ഗ്രൗണ്ട് ( നീറ്റ് പരീക്ഷയ്ക്കായി എത്തുന്ന വിദ്യാർത്ഥികളുടെ വാഹനങ്ങൾ മാത്രം)
2. ശ്രീ വിജയാനന്ദ വിദ്യ പീഠം സ്‌കൂൾ ഗ്രൗണ്ട്, ആറന്മുള
3. എസ് വി ജി വി എച്ച്എസ്എസ് നൽക്കാലിക്കൽ സ്‌കൂൾ ഗ്രൗണ്ട്
4. എസ് വി ജി വി എച്ച്എസ്എസ് നൽക്കാലിക്കൽ പട്ടക്കാല ഗ്രൗണ്ട്
5. പഴയ പൊലീസ് സ്റ്റേഷൻ പാർക്കിങ് ഗ്രൗണ്ട് ( ഡ്യൂട്ടി ആവശ്യത്തിനായി വരുന്ന പൊലീസ് വാഹനങ്ങൾ മാത്രം)
6. വിഎച്ച്എസ്എസ് സ്‌കൂൾ ഗ്രൗണ്ട്, ആറന്മുള
7. മാർത്തോമാ ഗ്രൗണ്ട് , വഞ്ചിത്ര
8. വണ്ടിപേട്ട പാർക്കിങ് ഗ്രൗണ്ട് ,കോഴഞ്ചേരി
9. സെൻ്റ് തോമസ് സ്‌കൂൾ ഗ്രൗണ്ട് ,കോഴഞ്ചേരി
10. ഗവണ്‍മെൻ്റ് ഹൈസ്‌കൂൾ ,കോഴഞ്ചേരി
11. പഞ്ചായത്ത് പാക്കിങ് ഗ്രൗണ്ട് - കോഴഞ്ചേരി
12. പുന്നംതോട്ടം ക്ഷേത്ര പാർക്കിങ് ഗ്രൗണ്ട്
ALSO READ: ഗുരുസ്‌മരണയിൽ പീതവർണക്കടലായി ഹൈറേഞ്ച്; ശ്രീനാരായണ ഗുരുജയന്തി ആഘോഷങ്ങൾക്ക് ഭക്തിസാന്ദ്രമായ വരവേൽപ്പ്

