പുകഞ്ഞ് വെള്ളാപ്പള്ളി; കൊണ്ടും കൊടുത്തും സിപിഐയും വെള്ളാപ്പള്ളിയും, കക്ഷി ചേര്‍ന്ന് പ്രതിപക്ഷ നേതാവ്, കവചമൊരുക്കി എംവി ഗോവിന്ദന്‍
വെള്ളാപ്പള്ളിക്കെതിരെ പ്രത്യാക്രമണവുമായി ബിനോയ് വിശ്വം. വെള്ളപ്പള്ളിയില്‍ നിന്നും ഒരു രൂപ പോലും കൈപ്പറ്റിയിട്ടില്ലെന്നും വിശദീകരണം. വിഷയത്തില്‍ പ്രതികരിച്ച് വിഡി സതീശനും.

Published : January 2, 2026 at 6:04 PM IST
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ ഇടത് തോല്‍വിയില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പ്രതിസ്ഥാനത്ത് നിര്‍ത്തിയുള്ള സിപിഐ വിമര്‍ശനത്തെ തുടര്‍ന്ന് ആരംഭിച്ച വാക്‌പോരില്‍ ഇന്നും തീപാറി. സിപിഐയെ ഇന്നും കടന്നാക്രമിച്ച് വെള്ളാപ്പള്ളി നടേശന്‍ തുടക്കമിട്ടതോടെ തൊട്ട് പിന്നാലെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രത്യാക്രമണവുമായി രംഗത്ത് വന്നതോടെ കളം കൊഴുത്തു.
സിപിഐ നേതാക്കളായ ടിവി തോമസ്, എംഎന്‍ ഗോവിന്ദന്‍ നായര്‍, പിഎസ് ശ്രീനിവാസന്‍ എന്നിവര്‍ തൻ്റെ കാര്‍ എത്രയോ തവണ ഉപയോഗിച്ചവരാണെന്നും സിപിഐക്ക് താന്‍ ഒരു പാട് പണം നല്‍കിയിട്ടുണ്ടെന്നും ആരോപണം ഉയര്‍ത്തിയത് ബിനോയിയെ ചൊടിപ്പിച്ചു. അന്ന് ബിനോയ് ജനിച്ചിട്ട് പോലുമുണ്ടാകില്ലെന്ന പരിഹാസവും വെള്ളാപ്പള്ളി നടേശനില്‍ നിന്നുണ്ടായി. തെരഞ്ഞെടുപ്പിനോ പാര്‍ട്ടി സമ്മേളനത്തിനോ വേണ്ടി വെള്ളപ്പള്ളി നടേശന്‍ എന്ന വ്യവസായിയില്‍ നിന്ന് സിപിഐ പണം പിരിച്ചിട്ടുണ്ടാകാമെന്നും എന്നാല്‍ അവിഹിതമായി ഒരു രൂപ സിപിഐ കൈപ്പറ്റിയിട്ടില്ലെന്നും അങ്ങനെ പറ്റിയെന്ന് പറഞ്ഞാല്‍ ആ പണം തിരിച്ചു നല്‍കുമെന്നും ബിനോയ് വിശ്വം മറുപടി നല്‍കി.
തങ്ങള്‍ക്കോ മറ്റ് പാര്‍ട്ടികള്‍ക്കോ മാര്‍ക്കിടാന്‍ വെള്ളാപ്പള്ളിയെ ആരും ചുമതലപ്പെടുത്തിയിട്ടില്ലെന്നും ഇത്തരം പ്രസ്‌താവനകളിലൂടെ ആരാണ് കൂടുതല്‍ വലുതാകുന്നതെന്നോ ചെറുതാകുന്നതെന്നോ സ്വയം വിലയിരുത്തുന്നതാണ് നല്ലതെന്നും ബിനോയ് പറഞ്ഞു. അതിനിടെ മുഖ്യമന്ത്രിയുടെ നാവായാണ് വെള്ളാപ്പള്ളി പ്രവര്‍ത്തിക്കുന്നതെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ്റെ രംഗ പ്രവേശം സംഭവത്തെ പ്രതിപക്ഷം രാഷ്ട്രീയമായി സജീവമാക്കി നിര്‍ത്താന്‍ ശ്രമിക്കുന്നതിൻ്റെ സൂചനയായി.
മാത്രമല്ല നിരന്തരം ന്യൂനപക്ഷങ്ങള്‍ക്കെതിരെ അധിക്ഷേപം നടത്തുന്ന വെള്ളാപ്പള്ളിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ എന്നിവര്‍ നല്‍കുന്ന രാഷ്ട്രീയ കവചം കൂടുതല്‍ പൊതു മധ്യത്തില്‍ തുറന്ന് കാട്ടാനുള്ള സതീശൻ്റെ ഭാഗത്ത് നിന്നുള്ള ശ്രമമായി കൂടി ഇതിനെ വ്യാഖ്യാനിക്കാം. മുസ്‌ലീം ലീഗ് അധികാരത്തിലെത്തിയാല്‍ വീണ്ടും മാറാട് കലാപമുണ്ടാക്കുമെന്നും അതിനാണ് ലീഗിൻ്റെ ശ്രമമമെന്നുമുള്ള കടുത്ത വര്‍ഗീയ പരമാര്‍ശം ഇന്ന് വെള്ളാപ്പള്ളി ഉയര്‍ത്തിയതിനെയും സതീശന്‍ കടന്നാക്രമിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അങ്ങനെ ആരെങ്കിലും കലാപത്തിന് ശ്രമിക്കുന്നെങ്കില്‍ മുഖ്യമന്ത്രിക്ക് കീഴിലുള്ള പൊലീസാണ് നടപടിയെടുക്കേണ്ടത്. ഇതെല്ലാം വെള്ളാപ്പള്ളി പറയുന്നത് മുഖ്യമന്ത്രിയുടെ അനുഗ്രഹാശിസുകളോടെയാണ്. ഘടക കക്ഷികളെ അധിക്ഷേപിക്കാനും മുഖ്യമന്ത്രി ഉപയോഗിക്കുന്നത് വെള്ളാപ്പള്ളി നടേശനെയാണ്. സംഘ്‌പരിവാറിൻ്റെ വര്‍ഗീയ അജണ്ട ഏറ്റെടുത്ത് നടത്തുന്ന വെള്ളാപ്പള്ളി നടേശന് സിപിഎം എല്ലാ ഒത്താശയും ചെയ്യുകയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പ് വരെ ന്യൂനപക്ഷ വര്‍ഗീയത പറഞ്ഞ സിപിഎം ഇപ്പോള്‍ ഭൂരിപക്ഷ വര്‍ഗീയതയ്ക്കാണ് ശ്രമിക്കുന്നതെന്നുമുള്ള സതീശൻ്റെ വാക്കുകള്‍ സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കിയിട്ടുണ്ട്.
ന്യൂനപക്ഷങ്ങള്‍ക്കെതിരെ നിരന്തരം പ്രസ്‌താവന നടത്തുന്ന വെള്ളാപ്പള്ളിയെ ശബരിമല ആഗോള സംഗമ വേദിയിലേക്ക് മുഖ്യമന്ത്രി കാറില്‍ കയറ്റി കൊണ്ടുവന്നതില്‍ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ വലിയ പ്രതിഷേധമുണ്ട്. അതാണ് തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ ഇത്രയധികം തിരിച്ചടിക്കാന്‍ കാരണമെന്ന് സിപിഐ വിലയിരുത്തിയിട്ടും സിപിഎം അതംഗീകരിക്കാന്‍ തയ്യാറല്ല. മുഖ്യമന്ത്രിയും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി അടക്കമുള്ളവര്‍ അതിനുശേഷവും വെള്ളാപ്പള്ളിയെ തള്ളിപ്പറയാന്‍ തയ്യാറാകുന്നില്ലെന്നതാണ് ശ്രദ്ധേയം.
അതിന് സിപിഎമ്മിനെ പ്രേരിപ്പിക്കുന്ന ഘടകം എന്തന്നോ അതല്ലെങ്കില്‍ എതിര്‍ക്കാന്‍ ഭയക്കുന്നതെന്ത് കൊണ്ടെന്നോ വ്യക്തമല്ല. ഇതാണ് രാഷ്ട്രീയ നിരീക്ഷകരെയും അമ്പരപ്പിക്കുന്നത്. വെള്ളാപ്പള്ളിയിലൂടെ ഒരു ഭൂരിപക്ഷ കേന്ദ്രീകരണമുണ്ടാക്കി അത് തങ്ങള്‍ക്കനുകൂലമാക്കാമെന്ന വിലയിരുത്തലിലാകാം സിപിഎം എന്നി കുരതുന്ന രാഷ്ട്രീയ നിരീക്ഷകരും കുറവല്ല. പക്ഷേ സിപിഎമ്മിൻ്റെ കണക്ക് കൂട്ടലുകള്‍ തിരിച്ചടിച്ചാല്‍ മൂന്നാം തുടര്‍ ഭരണം എന്ന സിപിഎം സ്വപ്‌നമായിരിക്കും അസ്‌തമിക്കുക.

