ETV Bharat / state

"വീണാ ജോർജിനെ മത്സരിപ്പിക്കരുത്, വ്യക്തിപരമായ പ്രശ്‌നങ്ങളുണ്ട്"; ആവശ്യവുമായി ഭർത്താവ് ജോർജ് ജോസഫ്

മന്ത്രി വീണാ ജോർജിനെ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കരുതെന്ന് ഭര്‍ത്താവ്. വ്യക്തിപരവും കുടുംബപരവുമായ കാര്യങ്ങളാണ് പിന്നിലെന്നും വ്യക്തമാക്കല്‍. സ്ഥാനാര്‍ഥിത്വത്തില്‍ അന്തിമ തീരുമാനം സംസ്ഥാന നേതൃത്വത്തിൻ്റേത്.

മന്ത്രി വീണാ ജോർജ്  ജോർജ് ജോസഫ്  സിപിഎം സ്ഥാനാര്‍ഥി  നിയമസഭാ തെരഞ്ഞെടുപ്പ്
health minister Veena George (ETV Bharat)
author img

By ETV Bharat Kerala Team

Published : March 3, 2026 at 12:16 PM IST

2 Min Read
Choose ETV Bharat

പത്തനംതിട്ട: ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിനെ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കരുതെന്ന ആവശ്യവുമായി ഭർത്താവ് ജോർജ് ജോസഫ് സിപിഎം നേതൃത്വത്തിനെ സമീപിച്ചു. വ്യക്തിപരവും കുടുംബപരവുമായ കാര്യങ്ങളുണ്ടെന്നാണ് ഇതിന് കാരണമായി ജോര്‍ജ് സിപിഎം നേതാക്കളെ അറിയിച്ചിട്ടുള്ളത്.

ഓർത്തഡോക്‌സ് സഭ മുൻ സെക്രട്ടറി കൂടിയായ ജോർജ് ജോസഫ് സിപിഎം സംസ്ഥാന - ജില്ലാ നേതാക്കളോട് നേരിട്ടും ഫോണിലൂടെയും ഈ ആവശ്യം ഉന്നയിച്ചതായാണ് വിവരം. തിങ്കളാഴ്‌ച ചേർന്ന സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ ഈ വിഷയം ഗൗരവമായി ചർച്ച ചെയ്‌തതായും വിവരമുണ്ട്. യോഗത്തില്‍ പങ്കെടുത്ത കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക് ഈ വിവരം സംസ്ഥാന നേതൃത്വത്തിന് റിപ്പോർട്ട് ചെയ്‌തു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

വീണാ ജോർജ് സംസ്ഥാന കമ്മിറ്റിയിലെ ക്ഷണിതാവായതിനാല്‍, സ്ഥാനാർഥിത്വത്തിൻ്റെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് സംസ്ഥാന നേതൃത്വമാണ്. ജോർജ് ജോസഫ് ഉന്നയിച്ച കാര്യങ്ങളുടെ നിജസ്ഥിതി ബോധ്യപ്പെടാൻ മന്ത്രിയോടും ഭർത്താവിനോടും പാർട്ടി ഔദ്യോഗികമായി വിശദീകരണം തേടിയേക്കും. ആറന്മുളയില്‍ നിന്ന് വീണാ ജോർജിൻ്റെ പേര് മാത്രമാണ് സ്ഥാനാർഥിയായി ജില്ലാ കമ്മിറ്റി ശുപാർശ ചെയ്‌തിരിക്കുന്നത്.

ആറന്മുളയിലെ സിറ്റിങ് എംഎല്‍എ വീണാ ജോർജിനെ തന്നെ മണ്ഡലത്തിൽ വീണ്ടും മത്സരിപ്പിക്കാനാണ് സംസ്ഥാന നേതൃത്വത്തിൻ്റെയും തീരുമാനം. ഇതിനിടെയാണ് മന്ത്രിയുടെ ഭർത്താവിൻ്റെ ഭാഗത്തു നിന്നുമുള്ള അപ്രതീക്ഷിത നീക്കം. എന്നാൽ കണ്ണൂരില്‍ നടന്ന കെഎസ് യു പ്രതിഷേധത്തിനിടെ വീണാ ജോർജ്‌ പരിക്കേറ്റ സംഭവം സുരക്ഷയുമായി ബന്ധപ്പെട്ടുയുർത്തി കൊണ്ടു വന്ന് സഹതാപ തരംഗം സൃഷ്‌ടിച്ചു. തെരഞ്ഞെടുപ്പിൽ വോട്ടു നേടാനുള്ള തന്ത്രമാണോ എന്നാണ് വിഷയത്തിൽ എതിർ ക്യാമ്പുകളിൽ അടക്കം പറച്ചിലുകൾ നടക്കുന്നത്.

മാധ്യമപ്രവര്‍ത്തകയായിരുന്ന വീണ ജോർജ് 2016 ലാണ് മണ്ഡലത്തിൽ സിപിഎം സ്ഥാനാർഥിയാകുന്നത്. പുതുമുഖ സ്ഥാനാർഥിയായിരുന്ന വീണ യുഡിഎഫിൽ നിന്ന് മണ്ഡലം പിടിച്ചെടുത്തു. തുടർന്ന് 2021 ൽ നടന്ന തെരഞ്ഞെടുപ്പിലും വിജയിച്ചു. 2019 ൽ ലോക്‌സഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട മണ്ഡലത്തില്‍ മത്സരിച്ചു തോറ്റിരുന്നു. കണ്ണൂരില്‍ നടന്ന കെഎസ് യു പ്രതിഷേധത്തിനിടെ പരിക്കേറ്റ വീണാ ജോർജ് നിലവിൽ വീട്ടില്‍ വിശ്രമത്തിലാണ്.

ആരോഗ്യമന്ത്രി വീണാ ജോർജ് വിശ്രമം കഴിഞ്ഞ് പുറത്തിറങ്ങുന്ന സമയം തൊട്ട് വീണ്ടും പ്രതിഷേധവുമായി മുന്നോട്ടു പോകുമെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. വീണാ ജോർജ് യഥാർഥ്യം തിരിച്ചറിഞ്ഞ് മാപ്പു പറയണമെന്നും ന്യായീകരണ തൊഴിലാളിയുടെ നിലവാരത്തിലേക്ക് ആരോഗ്യമന്ത്രി താഴരുതെന്നും അലോഷ്യസ് പറഞ്ഞിരുന്നു. സംഘടനാ പ്രവർത്തനത്തിലൂടെ വളർന്നുവരാത്തതുകൊണ്ടാണ് മന്ത്രിക്ക് സമരങ്ങളെക്കുറിച്ച്‌ വലിയ ധാരണയില്ലാത്തതെന്നും അലോഷ്യസ് പറഞ്ഞിരുന്നു.

Also Read:ശബരിമല സ്വർണക്കൊള്ള:ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എൻ വാസു ഇഡിക്ക് മുന്നിൽ