ETV Bharat / state

മന്ത്രിക്ക് പരിക്കോ അതോ 'മോണോ ആക്ടോ'?; ചിത്രങ്ങളും ദൃശ്യങ്ങളുമായി കോണ്‍ഗ്രസ് ഹാന്‍ഡിലുകള്‍

കരിങ്കൊടി കാണിക്കാനെത്തിയവർ ചിത്രീകരിച്ച വീഡിയോയും ഇതിനോടകം പുറത്തുവന്നു. കൈയ്ക്കുണ്ടായ പരിക്ക് നേരത്തെ തന്നെ ഉള്ളതാണെന്ന് വ്യക്തമാക്കുന്ന പഴയ ചിത്രങ്ങളും കോൺഗ്രസ് പുറത്തുവിട്ടു.

VEENA GEORGE  KSU  CONGRESS  CPM
കൈയേറ്റം ഉണ്ടായതിനു ശേഷം വീണ ജോര്‍ജ് റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ് ഫോമില്‍ (ETV Bharat)
author img

By ETV Bharat Kerala Team

Published : February 25, 2026 at 5:45 PM IST

2 Min Read
Choose ETV Bharat

തിരുവനന്തപുരം/കണ്ണൂർ: കെ.എസ്.യു പ്രവർത്തകർ നടത്തിയ കരിങ്കൊടി പ്രതിഷേധത്തിനിടെ ആരോഗ്യ മന്ത്രി വീണാ ജോർജിന് പരിക്കേറ്റ സംഭവത്തിൽ വിരുദ്ധ അഭിപ്രായങ്ങളുമായി സോഷ്യൽ മീഡിയ. മന്ത്രിക്ക് നേരെയുണ്ടായ ആക്രമണം അപലപനീയമാണെന്ന് ഇടതുപക്ഷം ആരോപിക്കുമ്പോൾ, അത്തരമൊരു ആക്രമണം നടന്നിട്ടില്ലെന്ന് തെളിയിക്കാൻ വീഡിയോയും ചിത്രങ്ങളും പുറത്തുവിട്ടിരിക്കുകയാണ് കോൺഗ്രസ് ഹാൻഡിലുകൾ.

കണ്ണൂർ റെയിൽവേ സ്റ്റേഷന്‍റെ പ്രധാന കവാടത്തിന് സമീപം കരിങ്കൊടി പ്രതിഷേധവുമായി പ്രവർത്തകർ പാഞ്ഞടുത്തപ്പോൾ ഉണ്ടായ ബഹളത്തിനിടയിൽ കഴുത്തിനും കൈയ്ക്കും പരിക്കേറ്റെന്നാണ് മന്ത്രി വീണാ ജോർജ് അറിയിച്ചത്.

VEENA GEORGE  KSU  CONGRESS  CPM
വീണ ജോര്‍ജിന്‍റെ കൈയിലെ പരിക്ക് മുന്‍പുള്ള പരിപാടിയിലെ ചിത്രത്തില്‍ (ETV Bharat)

എന്നാൽ, പ്രതിഷേധിക്കാനെത്തിയവർ മന്ത്രിയുടെ സമീപത്ത് എത്തിയിട്ടു പോലുമില്ലെന്നും രക്തസാക്ഷി പരിവേഷത്തിനായി സംഭവം വളച്ചൊടിക്കുകയാണെന്നുമാണ് കെ.എസ്.യു ആരോപിക്കുന്നത്. കരിങ്കൊടി കാണിക്കാനെത്തിയവർ ചിത്രീകരിച്ച വീഡിയോയും ഇതിനോടകം പുറത്തുവന്നു. കൈയ്ക്കുണ്ടായ പരിക്ക് നേരത്തെ തന്നെ ഉള്ളതാണെന്ന് വ്യക്തമാക്കുന്ന പഴയ ചിത്രങ്ങളും കോൺഗ്രസ് പുറത്തുവിട്ടു.

veena george injury controversy (ETV Bharat)

ജില്ലയിലെ ഔദ്യോഗിക പരിപാടികൾക്ക് ശേഷം കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് തിരുവനന്തപുരത്തേക്ക് മടങ്ങുന്നതിനിടയിലാണ് സംഭവം. സ്റ്റേഷൻ പ്ലാറ്റ്‌ഫോമിലേക്ക് മന്ത്രി കയറുന്നതിനിടെ പ്രതിഷേധക്കാർ വാഹനത്തിന് മുന്നിലേക്ക് ചാടിവീഴുകയും ഇത് വലിയ സംഘർഷാവസ്ഥയിലേക്ക് നയിക്കുകയും ചെയ്തു.

ഈ ഉന്തും തള്ളിനുമിടയിൽ മന്ത്രിയുടെ കഴുത്തിനും കൈയ്ക്കും പരിക്കേറ്റതായാണ് ആരോപണം. പ്ലാറ്റ്‌ഫോമിലേക്ക് കയറുന്നതിനിടയിൽ കൈമുട്ട് കൊണ്ട് ഇടിച്ചതിനെത്തുടർന്ന് കഴുത്തിന് പരിക്കേറ്റെന്നാണ് മന്ത്രി പറഞ്ഞത്. എന്നാൽ ഇത് വാസ്തവവിരുദ്ധമാണെന്നാണ് കെ.എസ്.യുവിന്‍റെ നിലപാട്.

റെയിൽവേ സ്റ്റേഷനിലെത്തിയ കെ.എസ്.യു പ്രവർത്തകർ സമരം ആരംഭിച്ചത് മുതൽ ചിത്രീകരിച്ച വീഡിയോയിൽ, മന്ത്രിയുടെ സമീപത്ത് ആരും എത്തുന്നതായി കാണുന്നില്ലെന്നാണ് ഇവരുടെ പക്ഷം. മന്ത്രിയെ പരിഹസിച്ചുകൊണ്ട് കോൺഗ്രസ് സൈബറിടങ്ങളിൽ വ്യാപകമായ പോസ്റ്റുകളും ഉയരുന്നുണ്ട്.

വർഷങ്ങൾക്ക് മുൻപ് സ്കൂൾ കലോത്സവത്തിൽ മോണോ ആക്ടിന് സമ്മാനം നേടിയിട്ടുള്ള വീണാ ജോർജിന്‍റെ അന്നത്തെ നേട്ടത്തെ ഇപ്പോഴത്തെ സംഭവവുമായി ബന്ധിപ്പിച്ചാണ് പരിഹാസം.

മന്ത്രിയെ കയ്യേറ്റം ചെയ്തുവെന്നത് അവാസ്തവം: അലോഷ്യസ് സേവ്യർ

കെ.എസ്.യു നടത്തിയ പ്രതിഷേധത്തിനിടെ മന്ത്രി വീണാ ജോർജിനെ കയ്യേറ്റം ചെയ്തെന്ന വാർത്ത അവാസ്തവമാണെന്ന് കെ.എസ്.യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ ഇ ടിവി ഭാരതിനോട് പറഞ്ഞു. രക്തസാക്ഷി പരിവേഷത്തിനായി മന്ത്രിയും സി.പി.എമ്മും വാർത്തകൾ സൃഷ്ടിക്കുകയാണെന്നും മന്ത്രിയുടെ അടുത്ത് പോലും പ്രതിഷേധക്കാർക്ക് എത്താൻ കഴിഞ്ഞില്ലെന്നും അലോഷ്യസ് വ്യക്തമാക്കി.

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ പ്രതിഷേധം രേഖപ്പെടുത്തുക മാത്രമാണ് ചെയ്തത്. പൊലീസിന്‍റെ സംരക്ഷണ വലയത്തിനിടയിൽ മറ്റെന്തെങ്കിലും സംഭവിച്ചോ എന്നറിയില്ല. വലിയ പോലീസ് സന്നാഹം അവിടെ ഉണ്ടായിരുന്നു. പരിധി വിട്ടുള്ള പ്രതിഷേധം ഉണ്ടായിട്ടില്ലെന്നും കെ.എസ്.യു സംസ്ഥാന അധ്യക്ഷൻ വ്യക്തമാക്കി.

വീണാ ജോർജ് നല്ലൊരു ആരോഗ്യമന്ത്രിയല്ലെങ്കിലും നല്ലൊരു അഭിനേത്രിയാണ്: കെ. സുധാകരൻ

വീണാ ജോർജ് നല്ലൊരു ആരോഗ്യമന്ത്രിയല്ലെങ്കിലും മികച്ചൊരു അഭിനേത്രിയാണെന്ന് തെളിയിച്ചുവെന്ന് കെ. സുധാകരൻ എം.പി. കേരളത്തിലെ ആരോഗ്യമന്ത്രിയെ ആക്രമിച്ചുവെന്ന തരത്തിൽ സി.പി.എം പ്രചരിപ്പിക്കുന്ന ആരോപണങ്ങൾ പൂർണ്ണമായും അടിസ്ഥാനരഹിതവും സി.പി.എമ്മിന്‍റെ രാഷ്ട്രീയ നാടകവുമാണ്. സംഭവവുമായി ബന്ധപ്പെട്ട് പുറത്തുവന്ന ദൃശ്യങ്ങളിൽ നിന്നെല്ലാം ആക്രമണവും പരിക്കേറ്റുവെന്ന അവകാശവാദങ്ങളും യഥാർത്ഥ സംഭവവികാസങ്ങളുമായി യാതൊരു ബന്ധവുമില്ലാത്തതാണെന്ന് വ്യക്തമാവുകയാണ്.

സംഭവസ്ഥലത്തുണ്ടായിരുന്ന കെ.എസ്.യു പ്രവർത്തകർ ജനാധിപത്യപരമായ രീതിയിലാണ് പ്രതിഷേധിച്ചത്. അവർ മന്ത്രിയെ ആക്രമിച്ചിട്ടില്ലെന്നും അവരിൽ നിന്ന് അക്രമാസക്തമായ പ്രവൃത്തികൾ ഉണ്ടായിട്ടില്ലെന്നും ദൃക്‌സാക്ഷി മൊഴികളും ലഭ്യമായ വിവരങ്ങളും സൂചിപ്പിക്കുന്നു. കേരളത്തിലെ മുഴുവൻ ദൃശ്യമാധ്യമങ്ങളും സംഭവസ്ഥലത്ത് ഉണ്ടായിരുന്നു.

ഏതെങ്കിലും ദൃശ്യമാധ്യമങ്ങളിൽ കെ.എസ്.യു പ്രവർത്തകർ മന്ത്രിയെ ആക്രമിക്കുന്ന ദൃശ്യമുണ്ടോ? സി.പി.എമ്മിന്‍റെ കൈരളി ചാനലടക്കമുള്ളവ സംഭവസ്ഥലത്ത് ഉണ്ടായിരുന്നല്ലോ? ഈ ചാനലുകളിലൊന്നിലും കെ.എസ്.യു വിദ്യാർത്ഥികൾ മന്ത്രിയെ ആക്രമിക്കുന്ന ഒരു ദൃശ്യവും വന്നിട്ടില്ല. അതിനുപകരം പ്രതിഷേധക്കാരോട് ആക്രോശിക്കുന്ന മന്ത്രിയുടെ ദൃശ്യങ്ങളാണ് പുറത്തുവന്നതെന്ന് കെ. സുധാകരൻ എം.പി. ചൂണ്ടിക്കാട്ടി.

Also Read: കണ്ണൂരിൽ കെഎസ്‌യു പ്രതിഷേധം; ആരോഗ്യ മന്ത്രി വീണാ ജോർജിന് പരിക്ക്, മന്ത്രി ഐസിയുവില്‍