ആറന്മുളയിൽ വീണാ ജോർജ്ജും കോന്നിയിൽ കെ യു ജെനീഷ് കുമാറും വീണ്ടും മത്സരിക്കും
വയനാട്ടിൽ കൂടിയ കോൺഗ്രസിന്‍റെ കമ്മിറ്റി പത്തനംതിട്ട ജില്ലയെ സംബന്ധിച്ച് വലിയൊരു സ്വപ്‌നം കണ്ടിരിക്കുകയാണ്

Published : January 6, 2026 at 8:06 PM IST
പത്തനംതിട്ട: പാർട്ടി സംസ്ഥാന നേതൃത്വം തീരുമാനിച്ചാൽ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ആറന്മുള നിയോജക മണ്ഡലത്തിൽ നിന്നും വീണാ ജോർജ്ജും കോന്നി നിയോജക മണ്ഡലത്തിൽ നിന്നും കെ യു ജെനീഷ് കുമാറും വീണ്ടും മത്സരിക്കുമെന്ന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം. മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായാണ് ജില്ലാ സെക്രട്ടറി ഇക്കാര്യം വ്യക്തമാക്കിയത്.
വയനാട്ടിൽ കൂടിയ കോൺഗ്രസിന്‍റെ കമ്മിറ്റി പത്തനംതിട്ട ജില്ലയെ സംബന്ധിച്ച് വലിയൊരു സ്വപ്‌നം കണ്ടിരിക്കുകയാണ്. അത് സ്വപ്‍നമായി തന്നെ അവശേഷിക്കും എന്നാണ് ഞങ്ങൾക്ക് തോന്നുന്നത്. ആറന്മുള, കോന്നി നിയോജക മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ സംബന്ധിച്ച് അവർ തുടർന്നും മത്സരിക്കുമെന്നാണ് തങ്ങൾ പ്രതീക്ഷിക്കുന്നതെന്നും രാജു എബ്രഹാം പറഞ്ഞു. സംസ്ഥാനത്തെ ആരോഗ്യ രംഗത്തു ശ്രദ്ധേയമായ വികസന പ്രവർത്തനങ്ങളുമായി മുന്നേറുന്ന വീണ ജോർജ് ഏത് മണ്ഡലത്തില്‍ നിന്നാലും വിജയിക്കും.
Also Read: നക്‌സല്‍ പ്രവര്‍ത്തക ഗീത ധാംതാരിയില്‍ കീഴടങ്ങി, അഞ്ച് ലക്ഷം രൂപ ഗീതയ്ക്ക് നല്‍കും
കോന്നിയിൽ കെ യു ജനീഷ് കുമാർ തന്നെ വരണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും അത് ജനവികാരമാണെന്നും പാർട്ടി തീരുമാനിച്ചാൽ ജനീഷ് കുമാർ തന്നെ കോന്നിയിൽ മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിലെ അഞ്ചു മണ്ഡലങ്ങളിൽ നിന്നുള്ള അഞ്ച് എംഎൽഎ മാരും മികച്ച പ്രകടനമാണ് കാഴ്‌ച വയ്ക്കുന്നതെന്നും അക്കാര്യത്തിൽ തങ്ങൾക്ക് ഒരു സംശയവും ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിലെ അടൂർ, ആറന്മുള, കോന്നി, തിരുവല്ല, റാന്നി ഉൾപ്പെടെ അഞ്ച് മണ്ഡലങ്ങളിലും എൽഡിഎഫാണ്. ഇതിൽ ആറന്മുളയും കോന്നിയുമാണ് സിപിഎം സീറ്റുകൾ.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
യുഡിഎഫ് കോട്ടയായിരുന്ന പത്തനംതിട്ട ജില്ലയിലെ അഞ്ചു മണ്ഡലങ്ങളും എൽഡിഎഫ് പിടിച്ചെടുക്കുകയായിരുന്നു. ഇക്കുറി അഞ്ച് മണ്ഡലങ്ങളും തിരിച്ചു പിടിക്കുമെന്നാണ് വയനാട്ടിൽ നടക്കുന്ന കോണ്‍ഗ്രസിന്‍റെ ലക്ഷ്യ ക്യാമ്പിൽ നേതൃത്വം വിലയിരുത്തുന്നത്. സംസ്ഥാനത്തെ 85 മണ്ഡലങ്ങളില്‍ യുഡിഎഫിന് വിജയം ഉറപ്പാണെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍.

