ETV Bharat / state

'ആരോഗ്യമന്ത്രി എവിടെ?'; അഭ്യൂഹങ്ങൾക്കും യാത്രാവിവാദങ്ങൾക്കുമൊടുവിൽ വീണ ജോർജ് പത്തനംതിട്ടയിലെത്തി

യാത്രയിലുണ്ടായ അസാധാരണ കാലതാമസവും ഐസിയുവിലെ സെൽഫി ഉൾപ്പെടെയുള്ള വിവാദങ്ങളും വലിയ രീതിയിലുള്ള പ്രതിപക്ഷ വിമർശനങ്ങൾക്ക് വഴിവെച്ചു.

ആരോഗ്യമന്ത്രി വീണ ജോർജ് വിവാദം കെ എസ് യു കരിങ്കൊടി പ്രതിഷേധം പരിയാരം മെഡിക്കൽ കോളജ് ആശുപത്രി കോൺഗ്രസ് രാഷ്ട്രീയ വിവാദങ്ങൾ
ആരോഗ്യ മന്ത്രി വീണ ജോർജ് (ETV Bharat)
author img

By ETV Bharat Kerala Team

Published : February 27, 2026 at 11:44 PM IST

3 Min Read
Choose ETV Bharat

പത്തനംതിട്ട: പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് പത്തനംതിട്ടയിലെ വീട്ടിലെത്തി. കഴുത്തുവേദനയെ തുടർന്ന് നാലു ദിവസത്തെ പൂർണ വിശ്രമം ഡോക്ടർമാർ നിർദേശിച്ചതിനാൽ മാർച്ച് രണ്ടു വരെയുള്ള മന്ത്രിയുടെ ഔദ്യോഗിക പരിപാടികളെല്ലാം മാറ്റിവച്ചതായി ഓഫിസ് വാർത്താക്കുറിപ്പിൽ അറിയിച്ചു.

യാത്രയിലെ കാലതാമസവും വിവാദങ്ങളും

രാവിലെയോടെയാണ് മന്ത്രി പരിയാരം മെഡിക്കൽ കോളജിൽ നിന്ന് ഡിസ്ചാർജ് ആയത്. സാധാരണഗതിയിൽ ഇവിടെ നിന്ന് പത്തനംതിട്ടയിൽ എത്താൻ ഏഴു മണിക്കൂർ യാത്ര മതിയാകും. എന്നാൽ ഉച്ചയോടെ എത്തേണ്ടിയിരുന്ന മന്ത്രി രാത്രി എട്ടു മണിയായിട്ടും വീട്ടിലെത്താത്ത സാഹചര്യത്തിൽ വലിയ ചർച്ചകൾ ഉയർന്നിരുന്നു. ആരോഗ്യമന്ത്രി എവിടെയാണെന്ന് ചോദിച്ചുകൊണ്ട് കോൺഗ്രസ്, കെഎസ്‌യു ഉൾപ്പെടെയുള്ള പ്രതിപക്ഷ സംഘടനകൾ രംഗത്തെത്തി. സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പരിഹസിക്കുന്ന രീതിയിലുള്ള പോസ്റ്റുകളും ഇവർ പങ്കുവച്ചു. ഇതിനിടയിൽ മറ്റ് ചികിത്സകൾക്കായി മന്ത്രി മറ്റെവിടെയെങ്കിലും പോയിട്ടുണ്ടോ എന്ന തരത്തിലുള്ള അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു.

വിവാദങ്ങൾക്കും ചർച്ചകൾക്കും ഒടുവിലാണ് രാത്രി എട്ടു മണിയോടെ മന്ത്രി വീട്ടിലേക്ക് തിരിച്ചെത്തിയ വിവരം പുറത്തുവന്നത്. ഡിസ്ചാർജ് ചെയ്യുന്ന സമയത്ത് തുടർചികിത്സയ്ക്കായി മന്ത്രിയെ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തിട്ടില്ലെന്നും വിശ്രമം മാത്രമാണ് നിർദേശിച്ചതെന്നും ഡോക്ടർമാർ വ്യക്തമാക്കിയിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്നുള്ള ഡോക്ടർമാരുടെ സംഘം നൽകിയിട്ടുള്ള നിർദേശപ്രകാരമുള്ള ചികിത്സയും മരുന്നുകളുമാണ് മന്ത്രി വീട്ടിൽ തുടരുന്നത്. ആരോഗ്യവതിയായി തിരികെ വരണമെങ്കിൽ കർശന വിശ്രമം വേണമെന്ന നിർദേശത്തിൻ്റെ അടിസ്ഥാനത്തിലാണ് അടുത്ത നാലു ദിവസത്തേക്ക് തിരുവനന്തപുരത്തേക്ക് ഉൾപ്പെടെ പോകാതെ പൂർണ വിശ്രമത്തിലായിരിക്കുമെന്ന് ഓഫിസ് അറിയിച്ചത്.

കരിങ്കൊടി പ്രതിഷേധവും പരിക്കും

ബുധനാഴ്ച കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെഎസ്‌യു പ്രവർത്തകർ നടത്തിയ കരിങ്കൊടി പ്രതിഷേധത്തിനിടെയാണ് മന്ത്രിക്ക് പരിക്കേറ്റത്. സർക്കാർ ആശുപത്രികളിലെ ചികിത്സ പിഴവുകൾ ആരോപിച്ച് നടത്തിയ പ്രതിഷേധത്തിനിടയിൽ പ്രവർത്തകർ മന്ത്രിയെ കൈയേറ്റം ചെയ്തെന്നും, തുടർന്ന് കഴുത്തിനും കൈക്കും പരിക്കേറ്റുവെന്നുമാണ് ഔദ്യോഗിക വിശദീകരണം. ആദ്യം കണ്ണൂർ ജില്ലാ ആശുപത്രിയിലും പിന്നീട് പരിയാരം സർക്കാർ മെഡിക്കൽ കോളജ് ഐസിയുവിലും മന്ത്രിയെ പ്രവേശിപ്പിച്ചു. എംആർഐ സ്കാനിങ് ഉൾപ്പെടെയുള്ള വിദഗ്ധ പരിശോധനകൾക്ക് ശേഷം അടിയന്തര ശസ്ത്രക്രിയ ആവശ്യമില്ലെന്ന് മെഡിക്കൽ ബോർഡ് വിലയിരുത്തി. ദീർഘദൂര യാത്രയ്ക്ക് ഡോക്ടർമാർ അനുമതി നൽകിയതിനെ തുടർന്ന് വെള്ളിയാഴ്ച പുലർച്ചെ നാല് മണിയോടെ കനത്ത സുരക്ഷയിൽ ഔദ്യോഗിക വാഹനത്തിൽ മന്ത്രി ആശുപത്രി വിട്ടു.

എന്നാൽ പുലർച്ചെ കണ്ണൂരിൽ നിന്ന് പുറപ്പെട്ട മന്ത്രി പതിനാറ് മണിക്കൂറുകൾക്ക് ശേഷമാണ് പത്തനംതിട്ടയിൽ എത്തിയത്. ഇത് പ്രതിപക്ഷത്തിൻ്റെ പരിഹാസങ്ങൾക്കും ചോദ്യങ്ങൾക്കും ഇടയാക്കി. ഐസിയുവിൽ നിന്ന് ഡിസ്ചാർജ് ചെയ്ത ഉടൻ ഇത്രയും ദൂരം റോഡ് മാർഗം യാത്ര ചെയ്തത് പ്രോട്ടോക്കോൾ ലംഘനമാണെന്നും സുരക്ഷ പ്രശ്നങ്ങളുണ്ടെന്നും പ്രതിപക്ഷം ചൂണ്ടിക്കാണിച്ചു. ഇതിനിടയിൽ ഐസിയുവിൽ വച്ച് നഴ്സുമാർക്കൊപ്പം മന്ത്രി എടുത്ത സെൽഫി പുറത്തുവന്നതും വിവാദങ്ങൾക്ക് കാരണമായി. തീവ്രപരിചരണ വിഭാഗത്തിൽ പാലിക്കേണ്ട മാനദണ്ഡങ്ങൾ ആരോഗ്യമന്ത്രി തന്നെ ലംഘിച്ചുവെന്നായിരുന്നു സമൂഹമാധ്യമങ്ങളിലെ പ്രധാന വിമർശനം.

ആരോപണങ്ങളും പ്രതികരണങ്ങളും

മന്ത്രിക്ക് നേരെയുണ്ടായ ആക്രമണം കെട്ടിച്ചമച്ചതാണെന്നാണ് കോൺഗ്രസ് നേതാക്കളുടെ ആരോപണം. പ്രതിഷേധക്കാർ മന്ത്രിയുടെ അടുത്തേക്ക് എത്തിയിട്ടില്ലെന്നും, ശ്രദ്ധ തിരിക്കാനുള്ള നാടകമാണ് നടക്കുന്നതെന്നും കെ മുരളീധരൻ ഉൾപ്പെടെയുള്ള നേതാക്കൾ ആരോപിച്ചു. മന്ത്രിയുടെ പരിക്ക് പരിശോധിക്കാൻ എയിംസിലെ വിദഗ്ധ ഡോക്ടർമാരുടെ സംഘത്തെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട ടി സിദ്ദിഖ് എംഎൽഎ, മികച്ച അഭിനേത്രിക്കുള്ള അവാർഡ് മന്ത്രിക്ക് നൽകണമെന്നും പരിഹസിച്ചു. എന്നാൽ ആരോപണങ്ങളെ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും ശക്തമായി അപലപിച്ചു. പ്രതിഷേധത്തിൻ്റെ പേരിൽ നടന്നത് തികഞ്ഞ ഗുണ്ടായിസമാണെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു.

തുടർചികിത്സയും അന്വേഷണവും

നിലവിൽ മന്ത്രിയുടെ രക്തസമ്മർദം ഉൾപ്പെടെയുള്ള ആരോഗ്യ സൂചികകൾ സാധാരണ നിലയിലാണെന്ന് ഡോക്ടർമാർ അറിയിച്ചു. കഴുത്തിലെ ഞരമ്പുകൾക്കുണ്ടായ ക്ഷതം മൂലമുള്ള വേദന കുറയാൻ ഫിസിയോതെറാപ്പി ഉൾപ്പെടെയുള്ള തുടർചികിത്സകൾ വേണ്ടി വരുമെന്നാണ് സൂചന. പൂർണമായ വിശ്രമത്തിന് ശേഷം മാത്രമേ മന്ത്രി ഔദ്യോഗിക ചുമതലകളിലേക്ക് മടങ്ങിയെത്തുകയുള്ളൂ. തെരഞ്ഞെടുപ്പ് ചർച്ച ഉൾപ്പെടെയുള്ള സുപ്രധാന പരിപാടികൾ നടക്കുന്ന സമയത്താണ് മന്ത്രിക്ക് അവധിയെടുക്കേണ്ടി വന്നിരിക്കുന്നത്. മന്ത്രിയുടെ അസാന്നിധ്യത്തിൽ ആരോഗ്യവകുപ്പിൻ്റെ ചില സുപ്രധാന യോഗങ്ങളും തീരുമാനങ്ങളും താത്കാലികമായി മാറ്റിവച്ചിരിക്കുകയാണ്. മന്ത്രി എത്രയും വേഗം പൂർണ ആരോഗ്യവതിയായി തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗസ്ഥരും പാർട്ടി പ്രവർത്തകരും.

സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് കെഎസ്‌യു പ്രവർത്തകരെ പൊലീസ് റിമാൻഡ് ചെയ്തു. വിശദമായ അന്വേഷണം നടക്കുകയാണെന്നും റെയിൽവേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് വരികയാണെന്നും വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും പൊലീസ് വൃത്തങ്ങൾ സൂചിപ്പിച്ചു.

മന്ത്രിയുടെ മൊഴി രേഖപ്പെടുത്താൻ അന്വേഷണ സംഘം ഇന്ന് വീണ്ടും ശ്രമിക്കും. ആരോഗ്യപ്രശ്നങ്ങൾ കാരണം നേരത്തെ ഇതിന് സാധിച്ചിരുന്നില്ല. പ്ലാറ്റ്ഫോമിൽ ഉണ്ടായിരുന്ന ദൃക്‌സാക്ഷികളിൽ നിന്നും ആർപിഎഫ് ഉദ്യോഗസ്ഥരിൽ നിന്നും പൊലീസ് നേരിട്ട് വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. മന്ത്രിയുടെ സുരക്ഷ വീഴ്ചകളെക്കുറിച്ച് രഹസ്യാന്വേഷണ വിഭാഗം സർക്കാരിനോട് പ്രത്യേക റിപ്പോർട്ട് തേടിയതിനൊപ്പം കൂടുതൽ സുരക്ഷ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.

Also Read:- 'നോമ്പ് തടസമാകരുത്, പൊങ്കാല ഭക്തർക്കായി പള്ളികൾ തുറക്കണം'; ആഹ്വാനവുമായി പാളയം ഇമാം