'ഗുജറാത്ത് മോഡൽ' കേരളത്തിലും? സിപിഎമ്മിനെതിരെ രൂക്ഷവിമർശനവുമായി വിഡി സതീശൻ
ബിജെപിയുടെ വർഗീയ അജണ്ട സിപിഎം നടപ്പാക്കുന്നുവെന്ന് സതീശൻ. ശബരിമല കേസിൽ പത്മകുമാറിനെ സംരക്ഷിക്കുന്നെന്നും വയനാട് പുനരധിവാസത്തിൽ സർക്കാർ വീഴ്ച വരുത്തിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Published : January 7, 2026 at 10:26 AM IST
തിരുവനന്തപുരം: ബിജെപി ദേശീയതലത്തിൽ നടപ്പിലാക്കുന്ന വിദ്വേഷ രാഷ്ട്രീയത്തിൻ്റെ കേരള പതിപ്പാണ് സിപിഎം സംസ്ഥാനത്ത് നടപ്പിലാക്കാൻ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. യുഡിഎഫ് അധികാരത്തിൽ വന്നാൽ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്നത് ജമാഅത്തെ ഇസ്‌ലാമി ആയിരിക്കുമെന്ന എകെ ബാലൻ്റെ പ്രസ്താവന ഇതിൻ്റെ ഭാഗമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പ് വേളയിൽ കോൺഗ്രസ് വിജയിച്ചാൽ അഹമ്മദ് പട്ടേൽ മുഖ്യമന്ത്രിയാകുമെന്ന് പ്രചരിപ്പിച്ച് ബിജെപി നടത്തിയ അതേ വർഗീയ ധ്രുവീകരണ തന്ത്രമാണ് സിപിഎമ്മും ഇപ്പോൾ പയറ്റുന്നത്.
സിപിഎം നേതൃത്വത്തിൻ്റെ പൂർണമായ അറിവോടെയാണ് ബാലൻ ഇത്തരമൊരു പ്രസ്താവന നടത്തിയത്. വെള്ളാപ്പള്ളി നടേശനും എകെ ബാലനും ഒരേ തരത്തിലുള്ള വർഗീയ പ്രസ്താവനകളാണ് നടത്തുന്നത്. വെള്ളാപ്പള്ളിയുടെ പ്രസ്താവനയെ എതിർത്ത സിപിഐ നേതാവ് ബിനോയ് വിശ്വം, എകെ ബാലൻ്റെ വർഗീയ പ്രസ്താവനയെയും തള്ളിപ്പറയാൻ തയാറുണ്ടോ എന്ന് സതീശൻ ചോദിച്ചു. ഇടതുമുന്നണിയിൽ ശൈഥില്യം പ്രകടമാണെന്നും ബിജെപിയുടെ വർഗീയ അജണ്ട സിപിഎം ഏറ്റെടുത്തിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തിലെ മതേതര സമൂഹം ഇത്തരം വിദ്വേഷ പ്രചാരണങ്ങളെ തള്ളിക്കളയുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ശബരിമലയിലെ സ്വർണ മോഷണം
ശബരിമലയിലെ സ്വർണം കവർന്നതുമായി ബന്ധപ്പെട്ട കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പത്മകുമാറിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉയർന്നിട്ടും അദ്ദേഹത്തെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്. എസ്‌ഐടി കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പത്മകുമാറിനെതിരെ വ്യക്തമായ പരാമർശങ്ങൾ ഉണ്ടായിരുന്നു. എന്നാൽ അയ്യപ്പൻ്റെ സ്വർണം കവർന്നവരെ സംരക്ഷിക്കാനാണ് സിപിഎമ്മും ഗവൺമെൻ്റും ശ്രമിക്കുന്നത്. ജമാഅത്തെ ഇസ്‌ലാമിയെക്കുറിച്ച് മുൻപ് നടത്തിയ വിമർശനങ്ങൾ ചൂണ്ടിക്കാട്ടിയപ്പോൾ, കഴിഞ്ഞ നാല് പതിറ്റാണ്ടായി അവരെ കൂട്ടുപിടിച്ച് ഭരണം നടത്തിയ സിപിഎം ആണ് ഇക്കാര്യത്തിൽ മറുപടി പറയേണ്ടതെന്ന് അദ്ദേഹം തിരിച്ചടിച്ചു.
വയനാട് പുനരധിവാസം
വയനാട്ടിലെ പുനരധിവാസ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ആരോപണങ്ങളെയും പ്രതിപക്ഷ നേതാവ് തള്ളി. രാഹുൽ ഗാന്ധിയുടെ ഇടപെടലിലൂടെ കർണാടക സർക്കാർ നൽകുന്ന 100 വീടുകളുടെ തുക കൈമാറിക്കഴിഞ്ഞു. മുസ്‌ലിം ലീഗ് 100 വീടുകളുടെ നിർമാണം ആരംഭിച്ചു കഴിഞ്ഞു. ബാക്കിയുള്ള 100 വീടുകളുടെ നിർമാണത്തിനായി കോൺഗ്രസ് സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്നും അടുത്തയാഴ്ച ഭൂമിയുടെ രജിസ്ട്രേഷൻ പൂർത്തിയാക്കി നിർമാണം തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു.
ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച 742 കോടി രൂപ ബാങ്കിൽ നിക്ഷേപിച്ച് സർക്കാർ ജനങ്ങളെ വഞ്ചിക്കുകയാണെന്നും സതീശൻ പറഞ്ഞു. സർക്കാർ ഭൂമി ലഭ്യമാക്കാൻ ഒരു വർഷത്തോളം വൈകിച്ചതിനാലാണ് പ്രതിപക്ഷത്തിൻ്റെ പുനരധിവാസ പദ്ധതികൾ അല്പം വൈകിയതെന്നും അദ്ദേഹം വിശദീകരിച്ചു.
Also Read:- ഇശൽ ഗ്രാമത്തിൽ നിന്ന് സ്വർണക്കപ്പ് യാത്ര തിരിച്ചു; കലോത്സവ ലഹരിയിലേക്ക് കേരളം

