ETV Bharat / state

രാഹുൽ ഗാന്ധിക്കെതിരായ കേസ്; ജനാധിപത്യത്തോടും ഭരണഘടനയോടുമുള്ള വെല്ലുവിളിയെന്ന് മുഖ്യമന്ത്രി

ഹല്‍ദ്വാനിയിലെ ശുദ്ധീകരണ പ്രക്രിയയുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിക്കെതിരെ കേസ് രജിസ്റ്റർ ചെയ്‌ത കേന്ദ്ര സർക്കാർ നടപടിക്കെതിരെ വി.ഡി സതീശൻ.

CASE UTTARAKHAND RAHUL GANDHI KHARGE AICC PRESIDENT  CASE AGAINST RAHUL GANDHI  HALDWANI UTTARAKHAND CASE  V D SATHEESAN ON RAHUL GANDHI CASE
V.D. Satheesan (ETV Bharat)
author img

By ETV Bharat Kerala Team

Published : August 31, 2026 at 6:08 PM IST

2 Min Read
Choose ETV Bharat

തിരുവനന്തപുരം: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഉത്തരാഖണ്ഡിൽ എഫ്ഐആർ രജിസ്റ്റർ ചെയ്‌ത ബിജെപി സർക്കാരിൻ്റെ നടപടി പ്രതിഷേധാർഹമാണെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. അനീതിക്കും അയിത്താചാരത്തിനുമെതിരെ ശബ്‌ദമുയർത്തിയ രാഹുൽ ഗാന്ധിയെ കേസെടുത്ത് ഭയപ്പെടുത്താമെന്നത് സംഘപരിവാറിൻ്റെ വ്യാമോഹം മാത്രമാണ്.

ഹൽദ്വാനിയിലെ രാംലീല മൈതാനത്ത് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പങ്കെടുത്ത പൊതുയോഗത്തിന് ശേഷം സംഘപരിവാർ നടത്തിയ 'ശുദ്ധീകരണ' ക്രിയ ജനാധിപത്യത്തിനും ഭരണഘടനാ മൂല്യങ്ങൾക്കും എതിരായ വെല്ലുവിളിയാണ്. ഖാർഗെയെപ്പോലൊരു മുതിർന്ന നേതാവ് പങ്കെടുത്ത വേദിയിൽ സംഘ്പരിവാർ നടപ്പാക്കിയത് അയിത്തത്തിൻ്റെ ആധുനിക രൂപമാണ്.

സമത്വത്തിനും മനുഷ്യൻ്റെ അന്തസിനും വേണ്ടിയാണ് രാഹുൽ ഗാന്ധി സംസാരിക്കുന്നത്. ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിന് പകരം, രാഹുൽ ഗാന്ധിക്കെതിരെ പട്ടികജാതി/പട്ടികവർഗ പീഡന നിരോധന നിയമങ്ങൾ ദുരുപയോഗം ചെയ്‌ത് കേസെടുത്തതിലൂടെ സംഘപരിവാർ ഭരണകൂടത്തിൻ്റെ ഭീരുത്വമാണ് വ്യക്തമാകുന്നത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

രാഷ്ട്രീയ എതിരാളികൾക്കെതിരെ നിയമ സംവിധാനങ്ങളെ ആയുധമാക്കുന്നത് അനുവദിക്കാനാകില്ല. രാജ്യത്ത് അയിത്തവും വിവേചനവും അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങൾക്കെതിരെയുള്ള പോരാട്ടത്തിൽ രാഹുൽ ഗാന്ധിക്കും മല്ലികാർജുൻ ഖാർഗെക്കുമൊപ്പം കേരള ജനതയും ഉറച്ചുനിൽക്കും. ജനാധിപത്യത്തെയും അഭിപ്രായ സ്വാതന്ത്ര്യത്തെയും തകർക്കാനുള്ള ഇത്തരം നീക്കങ്ങളെ മതേതര സമൂഹം ശക്തമായി നേരിടുമെന്നും മുഖ്യമന്ത്രി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

മതപരമായ ഒരു ചടങ്ങിനെ ജാതീയമായി ചിത്രീകരിച്ച് സംസാരിച്ചെന്ന ആരോപണത്തിലാണ് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഉത്തരാഖണ്ഡ് പൊലീസ് കേസെടുത്തത്. ഹൽദ്വാനിയിലെ വാത്‌മീകി സമുദായ അംഗവും ശുദ്ധീകരണ പ്രക്രിയയിൽ പങ്കാളിയുമായിരുന്ന അമിത് കുമാർ നൽകിയ പരാതിയിലാണ് നടപടി. ഭാരതീയ ന്യായ സംഹിതയിലെ രണ്ട് വകുപ്പുകൾ പ്രകാരവും പട്ടികജാതി-പട്ടികവർഗ അതിക്രമങ്ങൾ തടയുന്നതിനുള്ള നിയമപ്രകാരവുമാണ് രാഹുൽ ഗാന്ധിക്കെതിരെ കേസ് രജിസ്റ്റർ ചെയ്‌തിരിക്കുന്നത്.

വാത്‌മീകി സമുദായം അവിടെ നടത്തിയത് മതപരമായ ഒരു സാധാരണ ചടങ്ങായിരുന്നുവെന്നും അതിനെ രാഹുൽ ഗാന്ധി ജാതീയമായി വക്രീകരിച്ചു ചിത്രീകരിച്ചു എന്നുമാണ് പരാതിക്കാരനായ അമിത് കുമാർ പറയുന്നത്. ഈ ചടങ്ങിൽ യാതൊരുവിധ തൊട്ടുകൂടായ്‌മയും നിലനിന്നിരുന്നില്ല. എന്നിട്ടും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് സമുദായങ്ങൾക്കിടയിൽ മനഃപൂർവം ചേരിതിരിവും സ്‌പർധയും ഉണ്ടാക്കാനാണ് രാഹുൽ ഗാന്ധി ശ്രമിച്ചതെന്നും പരാതിയിൽ വ്യക്തമാക്കുന്നുവെന്നാണ് ലഭിക്കുന്ന വിവരം.

ഹല്‍ദ്വാനിയില്‍ ഓഗസ്റ്റ് എട്ടിന് നടന്ന കോണ്‍ഗ്രസ് റാലിക്കുശേഷം അധ്യക്ഷന്‍ ഖര്‍ഗെ സംസാരിച്ച വേദിയില്‍ 'ശ്രീരാമസേന' എന്ന ഹിന്ദുത്വ സംഘടന നടത്തിയ 'ശുദ്ധീകരണ യജ്ഞം' (ശുദ്ധീകരണ ചടങ്ങ്) ദളിത് വിരുദ്ധമാണെന്നായിരുന്നു രാഹുല്‍ ഗാന്ധി വിശേഷിപ്പിച്ചത്.

ALSO READ: സർക്കാർ നൂറുദിവസം പിന്നിട്ടിട്ടും പ്രതിപക്ഷം നിർജ്ജീവമെന്ന് ആരോപണം; മുന്നണി തർക്കങ്ങളിൽ കുരുങ്ങി എൽഡിഎഫ്