സഭ ആസ്ഥാനത്തെത്തി വിഡി സതീശൻ; ഔദ്യോഗിക വാഹനം ഒഴിവാക്കിയുള്ള രഹസ്യ സന്ദർശനം ചർച്ചയാകുന്നു
സിനഡ് നടക്കുന്നതിനിടെ സിറോ മലബാർ സഭ ആസ്ഥാനത്തെത്തി സഭാ നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തുകയായിരുന്നു വിഡി സതീശൻ.

Published : January 8, 2026 at 10:03 AM IST
എറണാകുളം: കാക്കനാട് സിറോ മലബാർ സഭാ ആസ്ഥാനത്ത് രഹസ്യ സന്ദർശനം നടത്തി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സിറോ മലബാർ സഭാ ആസ്ഥാനത്ത് എത്തി മേജർ ആർച്ച് ബിഷപ്പുമായി കൂടിക്കാഴ്‌ച നടത്തിയാണ് പ്രതിപക്ഷ നേതാവ് മടങ്ങിയത്. ഔദ്യോഗിക വാഹനവും പൈലറ്റ് വാഹനവും ഒഴിവാക്കിയായിരുന്നു സന്ദർശനം.
ഇന്നലെ (ജനുവരി 07) രാത്രിയാണ് വിഡി സതീശൻ സെൻ്റ് തോമസ് മൗണ്ടിലെത്തിയത്. സിറോ മലബാർ സഭ സിനഡ് സമ്മേളനം നടക്കുന്നതിനിടെയാണ് പ്രതിപക്ഷ നേതാവിൻ്റെ സന്ദർശനമെന്നതും ശ്രദ്ധേയമാണ്. സിറോ മലബാർ സഭയിലെ 53 ബിഷപ്പുമാരാണ് സിനഡിൽ പങ്കെടുക്കുന്നത്. ഒരു മണിക്കൂറോളം നീണ്ടു നിന്ന കൂടിക്കാഴ്‌ചയ്ക്ക് ശേഷം സിനഡിൽ പങ്കെടുക്കാൻ സഭാ ആസ്ഥാനത്ത് എത്തിയ മറ്റു മെത്രാന്മാരെയും കണ്ടാണ് പ്രതിപക്ഷ നേതാവ് മടങ്ങിയത്.
രഹസ്യ സന്ദർശനം ചർച്ചയാകുന്നു
നിയമ സഭാ തെരെഞ്ഞെടുപ്പ് ആസന്നമായിരിക്കെയുള്ള വിഡി സതീശൻ്റെ സന്ദർശനത്തിന് രാഷ്ട്രീയ പ്രാധാന്യം ഏറെയാണ്. ക്രിസ്ത്യൻ സമുദായത്തിൻ്റെ വോട്ടുറപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രതിപക്ഷ നേതാവിൻ്റെ സന്ദർശനമെന്നത് വ്യക്തമാണ്. ക്രിസ്ത്യൻ വോട്ടുകൾ ബിജെപിയിലേക്കും സിപിഎമ്മിലേക്കും പോയെന്നും എന്നാൽ കഴിഞ്ഞ തദ്ദേശ തെരെഞ്ഞെടുപ്പിൽ ഇത് കോൺഗ്രസിലേക്ക് തിരിച്ചെത്തിയെന്നാണ് കോൺഗ്രസിൻ്റെ വിലയിരുത്തൽ.

ഈയൊരു സാഹചര്യത്തിൽ മധ്യകേരത്തിൽ നിർണായകമായ ക്രിസ്ത്യൻ വോട്ടുകൾ ഏതു വിധേനെയും കൂടെ നിർത്തുകയെന്ന ലക്ഷ്യമാണ് കോൺഗ്രസിനുള്ളത്. കേരള കോൺഗ്രസ് എം ഇടതുമുന്നണിയുടെ ഭാഗമായതോട നേരത്തെ അവരിലൂടെയുൾപ്പടെ യുഡിഎഫിലെത്തിയിരുന്ന വോട്ടുകളിൽ നഷ്‌ടമായ സാഹചര്യത്തിൽ ക്രിസ്ത്യൻ വോട്ടുകൾ നേടുകയെന്നത് ജയ സാധ്യത വർധിപ്പിക്കുന്ന ഘടകമാണ്. തെരെഞ്ഞെടുപ്പ് കാലത്ത് സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങുന്നതിനെതിരെ നിലപാട് സ്വീകരിച്ചിരുന്ന രാഷ്ട്രീയ നേതാവ് കൂടിയായ വിഡി സതീശൻ്റെ സഭാ ആസ്ഥാനത്തുള്ള രഹസ്യ സന്ദർശനം രാഷ്ട്രീയ ചർച്ചകൾക്ക് കൂടി കാരണമാകും.
സിനഡ് സമ്മേളനം ഉദ്ഘാടനം ചെയ്‌ത് മേജർ ആർച്ചുബിഷപ്പ്
അതേസമയം സിറോ മലബാർ സഭയുടെ 34-ാം മെത്രാൻ സിനഡിൻ്റെ ഒന്നാം സമ്മേളനം സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെൻ്റ് തോമസിൽ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ ഉദ്ഘാടനം ചെയ്‌തു. സീറോമലബാർസഭയുടെ അജപാലന ക്രമീകരണങ്ങളിൽ സമീപകാലത്തുണ്ടായ വളർച്ച, പ്രത്യേകിച്ച്, 12 രൂപതകളുടെ അതിർത്തികൾ പുനഃക്രമീകരിച്ചതും കേരളത്തിന് പുറത്ത് നാല് പുതിയ പ്രവിശ്യകൾ രൂപീകരിച്ചതും, ഗൾഫ് മേഖലയിലെ സീറോമലബാർ വിശ്വാസികൾക്കായി അപ്പസ്തോലിക് വിസിറ്ററെ നിയമിച്ചതും നേട്ടമായി മേജർ ആർച്ചുബിഷപ്പ് വിശദികരിച്ചു.

ഇത് സീറോമലബാർ വിശ്വാസികളുടെ അജപാലനപരവും പ്രേഷിതപരവുമായ ആവശ്യങ്ങളോടുള്ള ഭാവാത്മകവും ചരിത്രപരവുമായ സംഭവമായി അദേഹം വിലയിരുത്തി. 2026-ൽ സീറോമലബാർസഭ ആചരിക്കുന്ന 'സാമുദായിക ശക്തീകരണ വർഷം' കാലോചിതവും പ്രവാചകതുല്യവുമാണെന്ന് മേജർ ആർച്ചുബിഷപ്പ് പറഞ്ഞു.
ഒരു സഭയെന്ന നിലയിൽ അഭിമുഖീകരിക്കുന്ന വെല്ലുവിളികൾ കേവലം ഭരണപരമെന്നതിനേക്കാൾ ആഴമായ ആത്മീയമാനമുള്ളവയാണെന്ന് തിരിച്ചറിയണമെന്നും അദേഹം ഓർമ്മിപ്പിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പരിശുദ്ധ പിതാവ് ലെയോ പതിനാലാമൻ മാർപാപ്പയുടെ 'ദിലക്‌സി തേ' എന്ന അപ്പസ്തോലിക പ്രബോധനത്തിൽ 'മിശിഹായോടുള്ള യഥാർഥ സ്നേഹം ദരിദ്രരോടും ബലഹീനരോടും നിസഹായരോടുമുള്ള പ്രായോഗികമായ സ്നേഹത്തിൽ നിന്നും വേർപെടുത്താനാവില്ല' എന്ന് പറയുന്നുണ്ട്. ആ ആശയത്തെ ഉയർത്തിക്കാട്ടിക്കൊണ്ടാണ് സഭയുടെ ചൈതന്യവും വിശ്വാസ്യതയും അളക്കപ്പെടുന്നത്. പാർശ്വവൽക്കരിക്കപ്പെട്ടവരോടും നിശബ്‌ദരാക്കപ്പെട്ടവരോടും പുറമ്പോക്കുകളിൽ കഴിയുന്നവരോടും നാം എങ്ങനെ കരുണ കാണിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയായിരിക്കുമെന്നു മേജർ ആർച്ചുബിഷപ്പ് പറഞ്ഞു.
ദരിദ്രർ, കൃഷിക്കാർ, കഷ്‌ടപ്പെടുന്ന കുടുംബങ്ങൾ, നീതി നിഷേധിക്കപ്പെട്ടവർ എന്നിവരോടുള്ള നമ്മുടെ കരുതൽ അജപാലനപരമായ മുൻഗണനകളിലും തീരുമാനങ്ങളിലും പ്രായോഗികമായി പ്രകടമാകുന്ന ഒരു വർഷമായി 2026 മാറ്റണം. സാമൂഹിക, സാംസ്‌കാരിക, സാമ്പത്തിക, വിദ്യാഭ്യാസ മേഖലകളിൽ പിന്നോക്കാവസ്ഥയിലായ സഭാംഗങ്ങളുടെ ജീവിത യാഥാർഥ്യങ്ങളെ സത്യസന്ധമായും അനുകമ്പയോടെയും നോക്കിക്കാണാൻ സാധിക്കണം. സമുദായത്തിൻ്റെ വളർച്ചയ്ക്കായുള്ള കർമ്മ പദ്ധതികൾ വിഭാവനം ചെയ്‌തു നടപ്പിലാക്കാനുമുള്ള അവസരമായി ഈ വർഷം പ്രയോജനപ്പെടുത്തണമെന്നു മേജർ ആർച്ചുബിഷപ്പ് വ്യക്തമാക്കി.
സാമുദായിക ശക്തീകരണം എന്നത് കേവലം ഒരു കാര്യപരിപാടിയോ മുദ്രാവാക്യമോ അല്ല; മറിച്ച് സുവിശേഷത്തിൽ നിന്ന് തന്നെ ഉത്ഭവിക്കുന്ന സഭാപരമായ പ്രതിബദ്ധതയാണന്നു മേജർ ആർച്ചുബിഷപ് പറഞ്ഞു. കൂട്ടായ്‌മയുടെ ബന്ധങ്ങൾ ശക്തിപ്പെടുത്താനും, മുറിവേറ്റയിടങ്ങളിൽ അനുരഞ്ജനം സാധ്യമാക്കാനും നമ്മുടെ സഭാസമൂഹത്തിലെ ഒരു അംഗവും ഒഴിവാക്കപ്പെട്ടവരോ കേൾക്കപ്പെടാത്തവരോ ആയി അവശേഷിക്കുന്നില്ലെന്നു ഉറപ്പുവരുത്താനും ഇത് നമ്മെ ക്ഷണിക്കുന്നുവെന്നും മാർ റാഫേൽ തട്ടിൽ കൂട്ടിച്ചേർത്തു .
പുതിയ സീറോമലബാർ സഭാപ്രവിശ്യകളുടെ തലവന്മാരായി സ്ഥാനമേറ്റെടുത്ത മാർ സെബാസ്‌റ്റ്യൻ വടക്കേൽ, മാർ കുര്യാക്കോസ് ഭരണികുളങ്ങര, മാർ സെബാസ്റ്റ്യൻ വാണിയപ്പുരക്കൽ, മാർ പ്രിൻസ് ആൻ്റണി പാണേങ്ങാടൻ എന്നിവരെ മേജർ ആർച്ചുബിഷപ്പ് അഭിനന്ദിച്ചു. സീറോമലബാർ മെത്രാൻ സിനഡിലേക്കു പുതിയ അംഗങ്ങളായി എത്തിയ ബെൽത്തങ്കടി രൂപതാധ്യക്ഷൻ മാർ ജെയിംസ് പട്ടേരിൽ, അദിലാബാദ് രൂപതാധ്യക്ഷൻ മാർ ജോസഫ് തച്ചാപറമ്പത്ത് എന്നിവർക്ക് സ്വാഗതം ആശംസിക്കുകയും ചെയ്‌തു. 2026 ജനുവരി ആറിനു വൈകിട്ട് ധ്യാന ചിന്തകളോടെ ആരംഭിച്ച സിനഡ്, ജനുവരി 10 ശനിയാഴ്‌ച വൈകിട്ട് സമാപിക്കും. ഇന്ത്യക്കകത്തും, വിദേശത്തുമുള്ള 53 മെത്രാന്മാരാണ് സിനഡിൽ സംബന്ധിക്കുന്നത്.
Also Read: പൗരാണിക അറിവുകളും ആധുനിക ശാസ്ത്രവും കൈകോർക്കണമെന്ന് ഗവര്‍ണര്‍; സ്വദേശി സയൻസ് കോൺഗ്രസിന് തുടക്കം

