ETV Bharat / state

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ സംഭവം; ചേന്തി അനിലിനെതിരെ ഗുരുതര കണ്ടെത്തലുകളുമായി പൊലീസ്

മുഖ്യമന്ത്രിയെ അവഹേളിക്കണമെന്ന ഉദ്ദേശ്യത്തോടെ പൊതുജനമധ്യത്തിൽ ഭീഷണിപ്പെടുത്തിയെന്നും, മുഖ്യമന്ത്രിയുടെയും ഒപ്പമുണ്ടായിരുന്ന പൊലീസുകാരുടെയും ഔദ്യോഗിക ജോലി തടസ്സപ്പെടുത്തിയെന്നും റിപ്പോർട്ടിൽ പരാമർശം

Kerala Congress Politics  Sreekariyam Police Station  Sree Narayana Guru Jayanthi  Thiruvananthapuram News Today
ചേന്തി അനിൽ പൊലീസ് സ്റ്റേഷനിൽ (ETV Bharat)
author img

By ETV Bharat Kerala Team

Published : August 29, 2026 at 12:57 PM IST

2 Min Read
Choose ETV Bharat

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശൻ്റെ വാഹനം തടയുകയും അദ്ദേഹത്തെ പരസ്യമായി ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ ഡിസിസി അംഗം ചേന്തി അനിലിനെ കോൺഗ്രസിൻ്റെ പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കി. കെപിസിസി നിർദേശത്തെത്തുടർന്ന് തിരുവനന്തപുരം ഡിസിസി പ്രസിഡൻ്റ് എൻ. ശക്തനാണ് അച്ചടക്ക നടപടിയെടുത്തത്. പാർട്ടി അച്ചടക്കം ലംഘിച്ചതിനാണ് നടപടിയെന്ന് ഡിസിസി നേതൃത്വം വ്യക്തമാക്കി. മുഖ്യമന്ത്രിയെ വഴിയിൽ തടഞ്ഞുള്ള പ്രതിഷേധം അനുചിതമാണെന്നാണ് കെപിസിസി നേതൃത്വത്തിൻ്റെ വിലയിരുത്തൽ.

ഗുരുതര കണ്ടെത്തലുകളുമായി റിമാൻഡ് റിപ്പോർട്ട്
ശ്രീകാര്യം ചേന്തി ദൈവദശകത്തിൽ അനിലിനെതിരായ (57) പൊലീസിൻ്റെ റിമാൻഡ് റിപ്പോർട്ടിൽ ഗുരുതര പരാമർശങ്ങളാണുള്ളത്. മുഖ്യമന്ത്രിയെ അവഹേളിക്കണമെന്ന ഉദ്ദേശ്യത്തോടെ പൊതുജനമധ്യത്തിൽ ഭീഷണിപ്പെടുത്തിയെന്നും, മുഖ്യമന്ത്രിയുടെയും ഒപ്പമുണ്ടായിരുന്ന പൊലീസുകാരുടെയും ഔദ്യോഗിക ജോലി തടസ്സപ്പെടുത്തിയെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

പ്രതി റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്നും മെഡിക്കൽ കോളജ്, ശ്രീകാര്യം, തുമ്പ പൊലീസ് സ്റ്റേഷനുകളിൽ വിവിധ കേസുകളിൽ പ്രതിയാണെന്നും പൊലീസ് കോടതിയെ അറിയിച്ചു. രാഷ്ട്രീയ സ്വാധീനമുള്ള പ്രതിയായതിനാൽ സാക്ഷികളെ സ്വാധീനിക്കാനും ഒളിവിൽ പോകാനും സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് റിമാൻഡ് ആവശ്യപ്പെട്ടത്. ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയ ശേഷമാണ് പ്രതിയെ കോടതിയിൽ ഹാജരാക്കിയത്. ഗതാഗതം തടസ്സപ്പെടുത്തൽ, അന്യായമായി തടഞ്ഞുവയ്ക്കൽ തുടങ്ങിയ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്.

സംഭവത്തിന് പിന്നിൽ
വെള്ളിയാഴ്ച വൈകിട്ട് 5.55ന് ചേന്തിയിലെത്തിയ മുഖ്യമന്ത്രിയുടെ വാഹനം പ്രതി മുന്നോട്ടുപോകാൻ കഴിയാത്ത തരത്തിൽ തടയുകയായിരുന്നു. ചെമ്പഴന്തിയിൽ നടക്കുന്ന ശ്രീനാരായണ ഗുരു ജയന്തി സമ്മേളനത്തിൽ പങ്കെടുക്കാൻ പോകുന്ന വഴിയായിരുന്നു സംഭവം. ചേന്തി ശ്രീനാരായണ സാംസ്കാരിക നിലയം ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചതയ ദിനാഘോഷ പരിപാടിയിൽ മുഖ്യമന്ത്രി പങ്കെടുക്കാത്തതിലുള്ള പ്രതിഷേധമായിരുന്നു കാരണം.

വാഹനം തടഞ്ഞ ശേഷം, ഏറ്റ പരിപാടിയല്ലേ എന്താ പങ്കെടുക്കാത്തത് എന്ന് അനിൽ മുഖ്യമന്ത്രിയോട് ചോദിച്ചു. നീ എന്തിനാണ് ദേഷ്യപ്പെടുന്നത് എന്ന് മുഖ്യമന്ത്രി തിരിച്ചുചോദിച്ചപ്പോൾ, ചൂടായാൽ നീ എന്തു ചെയ്യും എന്ന് ചോദിച്ച് ഭീഷണിപ്പെടുത്തുകയും പൊതുജനമധ്യത്തിൽ മുഖ്യമന്ത്രിയെ അവഹേളിക്കുകയും ചെയ്തതായി പൊലീസ് റിപ്പോർട്ടിൽ പറയുന്നു. മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ ഇടപെട്ടാണ് അനിലിനെ അവിടെനിന്ന് മാറ്റിയത്. തുടർന്ന് ശ്രീകാര്യം പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

കോൺഗ്രസിലെ ഭിന്നത
അതേസമയം, വിഷയത്തിൽ കോൺഗ്രസ് നേതാക്കൾക്കിടയിൽ അഭിപ്രായ ഭിന്നത രൂക്ഷമാണ്. ചേന്തി അനിൽ മുഖ്യമന്ത്രിയെ ഓഫിസിൽ എത്തി പരിപാടിക്ക് ക്ഷണിക്കുന്ന ചിത്രങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. എന്നാൽ, പൊതുജനമധ്യത്തിലെ അനിലിൻ്റെ ഇടപെടൽ ശരിയായില്ലെന്ന അഭിപ്രായമാണ് ഒരുവിഭാഗം നേതാക്കൾക്കുള്ളത്. മറ്റൊരു ഡിസിസി അംഗമായ ചെമ്പഴന്തി അനിലും ചേന്തി അനിലും തമ്മിലുള്ള തർക്കമാണ് ഇതിനു പിന്നിലെന്നും പ്രാദേശിക നേതാക്കൾ ആരോപിക്കുന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

എന്നാൽ, ചേന്തിയിലെ ചതയ ദിനാഘോഷ പരിപാടികൾ മുഖ്യമന്ത്രിയുടെ ഔദ്യോഗിക പരിപാടികളുടെ ഷെഡ്യൂളിൽ ഉണ്ടായിരുന്നില്ലെന്നും, പങ്കെടുക്കില്ലെന്ന് നേരത്തെ തന്നെ സംഘാടകരെ അറിയിച്ചിരുന്നെന്നുമാണ് മുഖ്യമന്ത്രിയുടെ ഓഫിസ് നൽകുന്ന വിശദീകരണം.

Also Read:- മുഖ്യമന്ത്രിയെ വഴിയിൽ തടഞ്ഞത് സംസ്കാര ശൂന്യത; കുറ്റക്കാർക്കെതിരെ കർശന നടപടിയെന്ന് കെ. മുരളീധരൻ