'സിബിഐയെ വിട്ട് അറസ്റ്റ് ചെയ്യിപ്പിക്കണോ? നടന്നോട്ടെ'; സർക്കാരിനെ വെല്ലുവിളിച്ച് വി ഡി സതീശൻ
പുനർജനി കേസിൽ അറസ്റ്റ് ചെയ്യാൻ സർക്കാരിനെ വിഡി സതീശൻ വെല്ലുവിളിച്ചു. രാഷ്ട്രീയമായി വേട്ടയാടുകയാണെന്നും ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു.

Published : January 5, 2026 at 3:41 PM IST
വയനാട്: പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളിൽ സിബിഐയെക്കൊണ്ട് അറസ്റ്റ് ചെയ്യിപ്പിക്കാനാണ് സർക്കാർ ആഗ്രഹിക്കുന്നതെങ്കിൽ അത് നടക്കട്ടെ എന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. തനിക്കെതിരെയുള്ള അന്വേഷണത്തിന് ഒരു ആധാരവുമില്ലെന്ന് ലീഗൽ ഒപ്പീനിയൻ ലഭിച്ചതാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ചും ഡിവിഷൻ ബെഞ്ചും തനിക്കെതിരെയുള്ള പരാതികളിൽ യാതൊരു കഴമ്പുമില്ലെന്ന് കണ്ട് നേരത്തെ തള്ളിയതാണ്. താൻ എംഎൽഎ ആയിരിക്കെയാണ് വിജിലൻസ് അന്വേഷണം ആരംഭിച്ചത്. അസംബ്ലിയിൽ മുഖ്യമന്ത്രിയോട് അന്വേഷണം നടത്തിക്കോളാൻ താൻ തന്നെയാണ് ആവശ്യപ്പെട്ടത്. പുനർജനി പദ്ധതിയുടെ സുതാര്യത ലോകത്തിന് ബോധ്യപ്പെടാൻ അന്വേഷണം നല്ലതാണെന്ന നിലപാടാണ് അന്ന് സ്വീകരിച്ചത്. പുനർജനി പദ്ധതിയുടെ പേരിൽ തന്നെ അറസ്റ്റ് ചെയ്യിപ്പിക്കാനാണ് സർക്കാർ നീക്കമെങ്കിൽ അതിനെ സ്വാഗതം ചെയ്യുന്നു. രാഷ്ട്രീയ ലക്ഷ്യങ്ങൾ വച്ച് തന്നെ വേട്ടയാടാനാണ് നീക്കമെങ്കിൽ അതിനെ ഭയമില്ലെന്നും ഏത് ഏജൻസി വേണമെങ്കിലും അന്വേഷിക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു.
പ്രധാന ആരോപണങ്ങളും മറുപടിയും
രണ്ട് പ്രധാന ആരോപണങ്ങളാണ് തനിക്കെതിരെ ഉയർന്നിട്ടുള്ളത്. ഒന്ന് എഫ്‌സിആർഎ അക്കൗണ്ട് വയലേഷൻ ആണ്. എന്നാൽ എഫ്‌സിആർഎ അക്കൗണ്ട് കൈകാര്യം ചെയ്യുന്നത് മണപ്പാട് ഫൗണ്ടേഷൻ ആണ്. അത് കേന്ദ്ര സർക്കാരിൻ്റെ നേരിട്ടുള്ള നിരീക്ഷണത്തിലുമാണ്. എല്ലാ വർഷവും കർശനമായ പരിശോധനകൾക്ക് ശേഷമാണ് ഇതിൻ്റെ ലൈസൻസ് പുതുക്കി നൽകുന്നത്. അതിനാൽ തന്നെ അക്കൗണ്ട് വയലേഷൻ ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. രണ്ടാമത്തെ ആരോപണം അഴിമതി നിരോധന നിയമത്തിൻ്റെ പരിധിയിൽ വരുമെന്നതാണ്. എന്നാൽ പണം ദുരുപയോഗം ചെയ്തതിന് യാതൊരു തെളിവുമില്ല.
പുനർജനി പദ്ധതിക്ക് സ്വന്തമായി ബാങ്ക് അക്കൗണ്ട് പോലുമില്ല. പദ്ധതിയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് വ്യക്തമായ രേഖകൾ തൻ്റെ പക്കലുണ്ട്. പദ്ധതിയുടെ ഗുണഭോക്താക്കളെ കണ്ടെത്തി അവർക്ക് ആവശ്യമായ വീടുകളോ മറ്റ് സഹായങ്ങളോ നൽകാൻ സ്പോൺസറെ കണ്ടെത്തുകയാണ് ചെയ്തത്. പണം നേരിട്ട് സ്പോൺസർമാരിൽ നിന്ന് ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്കാണ് പോയിട്ടുള്ളത്. സുതാര്യത ഉറപ്പാക്കാൻ ഗുണഭോക്താക്കളുടെ ഐഡൻ്റിറ്റി കാർഡ് വിവരങ്ങൾ അടക്കം സൂക്ഷിച്ചിട്ടുണ്ട്.
നടപ്പിലാക്കിയത് വൻ വികസനം
പ്രളയത്തിൽ തകർന്ന പറവൂർ മണ്ഡലത്തെ പുനർനിർമിക്കാനായി വലിയ രീതിയിലുള്ള പ്രവർത്തനങ്ങളാണ് പുനർജനിയിലൂടെ നടത്തിയത്. വീടുകൾ നിർമിച്ചു നൽകുന്നതിനൊപ്പം തയ്യൽ മെഷീനുകൾ, കന്നുകാലി തീറ്റ എന്നിവ വിതരണം ചെയ്യുകയും 48 അങ്കണവാടികളും 22 സ്കൂൾ ലാബുകളും നവീകരിക്കുകയും ചെയ്തു. കർണാടക സർക്കാരിൻ്റെ സഹായത്തോടെ ഒരു ലക്ഷം നോട്ട്ബുക്കുകൾ വാങ്ങി കുട്ടികൾക്ക് വിതരണം ചെയ്തു. ഈ പ്രവർത്തനങ്ങളെല്ലാം അതീവ പ്രൊഫഷണലായിട്ടാണ് നടപ്പിലാക്കിയത്.
തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ച്
ബെർമിങ്ഹാമിൽ പോയി താൻ പണം പിരിച്ചു എന്ന ആരോപണവും അദ്ദേഹം തള്ളി. അവിടെ റെസിലിയൻസ് എന്ന വിഷയത്തിൽ പുനർജനി മാതൃക അവതരിപ്പിക്കാനാണ് പോയത്. പണം നേരിട്ട് കൈപ്പറ്റാതെ സ്പോൺസർമാരിൽ നിന്നും ഗുണഭോക്താക്കളിലേക്ക് എത്തിക്കുന്ന രീതി വിശദീകരിക്കാൻ ഉദാഹരണമായി പറഞ്ഞ കാര്യങ്ങളെ വളച്ചൊടിച്ച് പ്രചരിപ്പിക്കുകയാണ്. തനിക്കെതിരെ എന്തെങ്കിലും ചെറിയ തെളിവ് ലഭിച്ചിരുന്നെങ്കിൽ സർക്കാർ അത് നേരത്തെ തന്നെ ഉപയോഗിക്കുമായിരുന്നു. യാതൊരു അടിസ്ഥാനവുമില്ലാത്ത പരാതികളാണ് ഇപ്പോൾ വീണ്ടും ഉയർത്തുന്നത്. ഇതിനെ നിയമപരമായും രാഷ്ട്രീയമായും നേരിടും.
തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരം നീക്കങ്ങൾ നടക്കുന്നത്. മാധ്യമങ്ങൾ വസ്തുതകൾ പുറത്തുകൊണ്ടുവന്നതിൽ സന്തോഷമുണ്ട്. താൻ ഒരു വാക്ക് പറഞ്ഞാൽ അത് പാലിക്കും. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ എൽഡിഎഫിൽ നിന്നും ബിജെപിയിൽ നിന്നും പ്രമുഖരായ ആളുകൾ യുഡിഎഫിലേക്ക് വരും. ഇലക്ഷൻ പ്രഖ്യാപിക്കുന്നതോടെ കേരളം കണ്ട ഏറ്റവും വലിയ മുന്നണിയായി യുഡിഎഫ് മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read:- കൊടുവള്ളിയിൽ വൻ തീപിടിത്തം; മന്തിക്കട പൂർണമായും കത്തിനശിച്ചു, ലക്ഷങ്ങളുടെ നാശനഷ്‌ടം

