ETV Bharat / state

തൊഴിലുറപ്പിന് പകരം വിബി ജി റാം ജി; ഗ്രാമീണ വികസനവും തൊഴിലും കാര്യക്ഷമമാക്കും, പുത്തന്‍ പരിഷ്‌കാരങ്ങൾ ഇവയെല്ലാം

വിബി ജി റാം ജി പദ്ധതിയുടെ ഭാഗമായി തൊഴിൽ ദിനങ്ങൾ 125 ആയി ഉയർത്തി. പ്രതിദിന വേതനം 298.8 രൂപയിൽ നിന്ന് 327.4 രൂപയായി.

NEW REFORMS IN VB G ram G  VB G ram G SCHEME  THOZHILURAPPU SCHEME  VB G ram G
തൊഴിലുറപ്പ് തൊഴിലാളികൾ (ETV Bharat)
author img

By ETV Bharat Kerala Team

Published : July 3, 2026 at 3:46 PM IST

6 Min Read
Choose ETV Bharat

കോഴിക്കോട്: രാജ്യത്ത് രണ്ട് പതിറ്റാണ്ടിലേറെയായി നിലവിലുണ്ടായിരുന്ന മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് പകരമായി കേന്ദ്ര സർക്കാർ നടപ്പിലാക്കിയ പുതിയ തൊഴിലുറപ്പ് പദ്ധതിയാണ് വിബി ജി റാം ജി. വികസിത് ഭാരത് ഗാരൻ്റി ഫോർ റോസ്‌ഗാർ ആൻഡ് ആജീവിക മിഷൻ (ഗ്രാമീൺ) എന്നതാണ് പദ്ധതിയുടെ പൂർണരൂപം. 2026 ജൂലൈ 1 മുതലാണ് ഈ പുതിയ നിയമം രാജ്യത്തുടനീളം ഔദ്യോഗികമായി പ്രാബല്യത്തിൽ വന്നത്. 'വികസിത ഇന്ത്യ @2047' എന്ന ലക്ഷ്യം മുൻനിർത്തി ഗ്രാമീണ വികസനവും തൊഴിലും കൂടുതൽ കാര്യക്ഷമമാക്കാനാണ് ഇതിലൂടെ കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്.

പുതിയ പരിഷ്‌കാരങ്ങൾ എന്തൊക്കെ?

വിബി ജി റാം ജി പദ്ധതിയുടെ ഭാഗമായി തൊഴിൽ ദിനങ്ങൾ 125 ആയി ഉയർത്തി. പഴയ തൊഴിലുറപ്പ് പദ്ധതി പ്രകാരം ഒരു സാമ്പത്തിക വർഷം പരമാവധി 100 ദിവസത്തെ തൊഴിലായിരുന്നു ഉറപ്പായിരുന്നത്. എന്നാൽ പുതിയ പദ്ധതിയിൽ അത് 125 ദിവസമായി വർധിപ്പിച്ചു. ഇത് ഗ്രാമീണ മേഖലയിലെ കുടുംബങ്ങൾക്ക് കൂടുതൽ വരുമാന സുരക്ഷിതത്വം നൽകും എന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്.

NEW REFORMS IN VB G ram G  VB G ram G SCHEME  THOZHILURAPPU SCHEME  VB G ram G
വിബി ജി റാം ജി പദ്ധതിയുടെ പുതിയ പരിഷ്‌കാരങ്ങൾ (ETV Bharat)

ശമ്പള വർധനവ്

പദ്ധതിയുടെ ഭാഗമായി രാജ്യത്തുടനീളം വേതന നിരക്കുകൾ പുതുക്കി നിശ്ചയിച്ചു. ദേശീയതലത്തിൽ ശരാശരി പ്രതിദിന വേതനം 298.8 രൂപയിൽ നിന്ന് 327.4 രൂപയായി ഉയർത്തി. കേരളത്തിൽ നിലവിലെ ദിവസവേതനം 401 രൂപയായി വർധിച്ചിട്ടുണ്ട്.

കേന്ദ്ര-സംസ്ഥാന വിഹിതത്തിലെ മാറ്റം

പഴയ പദ്ധതിയിൽ തൊഴിലാളികളുടെ കൂലി ചെലവ് 100 ശതമാനവും കേന്ദ്ര സർക്കാരാണ് വഹിച്ചിരുന്നതെങ്കിൽ പുതിയ നിയമപ്രകാരം കൂലിചെലവിൻ്റെ 60 ശതമാനം കേന്ദ്രവും 40 ശതമാനം അതത് സംസ്ഥാന സർക്കാരുകളും വഹിക്കണം. കേന്ദ്ര ഭരണ പ്രദേശങ്ങളിൽ 100 ശതമാനവും കേന്ദ്രം തന്നെ വഹിക്കും. കൂലി വിതരണം ആഴ്‌ചയിലൊരിക്കലോ അല്ലെങ്കിൽ പരമാവധി 15 ദിവസത്തിനകമോ ബാങ്ക് അക്കൗണ്ടുകൾ വഴി പൂർത്തിയാക്കണം.

60 ദിവസത്തെ കാർഷിക ഇടവേള

വിളവിറക്കുന്നതിനും കൊയ്ത്തിനും മറ്റുമുള്ള പ്രധാന കാർഷിക സീസണുകളിൽ ഗ്രാമീണ മേഖലകളിൽ തൊഴിലാളികളുടെ ക്ഷാമം ഉണ്ടാകാതിരിക്കാൻ ഒരു വർഷത്തിൽ ആകെ 60 ദിവസം വരെ പദ്ധതി നിർത്തിവയ്‌ക്കാൻ കേന്ദ്രത്തിന് അധികാരമുണ്ട്. ഈ ഇടവേള കഴിഞ്ഞ് ബാക്കിയുള്ള ദിവസങ്ങളിലായി തൊഴിലാളികൾക്ക് 125 ദിവസത്തെ ജോലി ഉറപ്പാക്കും.

നാല് പ്രധാന പ്രവൃത്തി മേഖലകൾ

വെറുതെ മണ്ണുമാന്തൽ ജോലികൾ ചെയ്യുന്നതിന് പകരം ഗ്രാമങ്ങളിൽ ശാശ്വതമായ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്ന 318-ഓളം പ്രവൃത്തികളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവയെ പ്രധാനമായും നാലായി തിരിച്ചിരിക്കാം.

NEW REFORMS IN VB G ram G  VB G ram G SCHEME  THOZHILURAPPU SCHEME  VB G ram G
നാല് പ്രധാന പ്രവർത്തി മേഖലകൾ (ETV Bharat)
  1. ജലസുരക്ഷ: ചെക്ക് ഡാമുകൾ, തോട് വൃത്തിയാക്കൽ, ജലസംരക്ഷണം എന്നിവ ഉൾപ്പെടുന്നു.
  2. ഗ്രാമീണ അടിസ്ഥാന സൗകര്യം: റോഡുകൾ, ഗ്രാമീണ ആരോഗ്യ കേന്ദ്രങ്ങൾ, അംഗൻവാടികൾ, സ്‌കൂൾ ചുറ്റുമതിലുകൾ മുതലായവയുടെ നിർമ്മാണവും അറ്റകുറ്റപ്പണികളും.
  3. ജീവനോപാധി അടിസ്ഥാന സൗകര്യം: കുടുംബശ്രീ അഥവാ സ്വയംസഹായ സംഘങ്ങൾ എന്നിവർക്കുള്ള സൗകര്യങ്ങൾ, കാർഷിക അനുബന്ധ ജോലികൾ.
  4. ദുരന്ത നിവാരണം: അപ്രതീക്ഷിത കാലാവസ്ഥാ വ്യതിയാനങ്ങൾ മൂലമുണ്ടാകുന്ന നാശനഷ്‌ടങ്ങൾ തടയുന്നതിനുള്ള പ്രത്യേക പ്രതിരോധ പ്രവർത്തനങ്ങൾ.

സ്വകാര്യ ഭൂമിയിലെ ജോലികൾക്ക് നിയന്ത്രണം: പഴയ പദ്ധതിയിൽ വ്യക്തികളുടെ സ്വകാര്യ കൃഷി ഭൂമിയിൽ കാടുവെട്ടിത്തെളിക്കാനും നിലമൊരുക്കാനും അനുമതിയുണ്ടായിരുന്നെങ്കിലും പുതിയ പദ്ധതിയിൽ സ്വകാര്യ ഭൂമിയിലെ ഇത്തരം ജോലികൾ അനുവദിക്കില്ല. എന്നാൽ പൊതുയിടങ്ങളിലെ ജോലികൾക്കും പ്രധാനമന്ത്രി ആവാസ് യോജന പ്രകാരമുള്ള വീട് നിർമാണ ജോലികൾക്കും അനുമതിയുണ്ടാകും.

സാങ്കേതിക വിദ്യയും ആസൂത്രണവും: ഗ്രാമപഞ്ചായത്തുകൾ തയ്യാറാക്കുന്ന വികസന പദ്ധതികൾ ഉപഗ്രഹ ചിത്രങ്ങളും ഭൂപടങ്ങളും ഉപയോഗിച്ച് ശാസ്ത്രീയമായി വിലയിരുത്തിയ ശേഷമേ ജോലികൾക്ക് അനുമതി നൽകുകയുള്ളൂ. ഇത് സുതാര്യത വർധിപ്പിക്കാനും അഴിമതി തടയാനും സഹായിക്കുമെന്നാണ് വിലയിരുത്തൽ.

പുതിയ പദ്ധതിയിലെ പ്രധാന ആശങ്കകൾ: തൊഴിൽ ദിനങ്ങളും കൂലിയും വർധിച്ചെങ്കിലും പദ്ധതിയുടെ 40% സാമ്പത്തിക ബാധ്യത സംസ്ഥാനങ്ങൾ വഹിക്കേണ്ടി വരുന്നത് കേരളം അടക്കമുള്ള സംസ്ഥാനങ്ങൾക്ക് വലിയ സാമ്പത്തിക ഞെരുക്കം ഉണ്ടാക്കുമെന്നാണ് ആശങ്ക. കൂടാതെ കാർഷിക സീസണുകളിൽ 60 ദിവസം ജോലി നിർത്തിവയ്‌ക്കുന്നതും സാധാരണ തൊഴിലാളികളെ ബാധിക്കുമെന്നാണ് വിലയിരുത്തുന്നത്.

NEW REFORMS IN VB G ram G  VB G ram G SCHEME  THOZHILURAPPU SCHEME  VB G ram G
വിബിജിറാം പദ്ധതി (ETV Bharat)

ഈ മാറ്റം മൂലം കേരളത്തിൻ്റെ വാർഷിക സാമ്പത്തിക വിഹിതം 250 കോടി രൂപയിൽ നിന്ന് ഏകദേശം 2,090.96 കോടി രൂപയായി കുത്തനെ ഉയരുമെന്ന് സംസ്ഥാനം ആശങ്കപ്പെടുന്നു. നിശ്ചയിച്ചിട്ടുള്ള പരിധിക്കപ്പുറം അധികമായി വരുന്ന തുക മുഴുവൻ സംസ്ഥാനങ്ങൾ സ്വന്തമായി വഹിക്കേണ്ടി വരും. പുതിയ പദ്ധതി പ്രകാരം ഗ്രാമപഞ്ചായത്തുകളെ എ,ബി,സി എന്നിങ്ങനെ തരംതിരിക്കും. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ പഞ്ചായത്തുകൾ വികസന സൂചികകളിൽ മുന്നിലാണ്. അതിനാൽ ഇവ ഉയർന്ന കാറ്റഗറിയിൽ ഉൾപ്പെടുകയും അതുവഴി കേന്ദ്രം വിജ്ഞാപനം ചെയ്യുന്ന പദ്ധതികളിൽ നിന്ന് കേരളത്തിലെ പല പഞ്ചായത്തുകളും ഒഴിവാക്കപ്പെടാൻ സാധ്യതയുണ്ടെന്നും സംസ്ഥാനം ചൂണ്ടിക്കാണിച്ചു.

പഴയ നിയമപ്രകാരം തൊഴിൽ എന്നത് നിയമപരമായ ഒരു അവകാശമായിരുന്നു. ആവശ്യപ്പെടുന്നവർക്ക് 15 ദിവസത്തിനകം ജോലി നൽകിയില്ലെങ്കിൽ തൊഴിലില്ലായ്‌മ വേതനം നൽകണമായിരുന്നു. പുതിയ നിയമം ഈ അവകാശ വ്യവസ്ഥകളെ ദുർബലപ്പെടുത്തുകയും കേന്ദ്രം നിശ്ചയിക്കുന്ന പരിധികൾക്ക് വിധേയമാക്കുകയും ചെയ്യുന്നുവെന്ന് കേരളം ആരോപിക്കുന്നു.

NEW REFORMS IN VB G ram G  VB G ram G SCHEME  THOZHILURAPPU SCHEME  VB G ram G
Mahatma Gandhi National Rural Employment Guarantee Act (ETV Bharat)

പുതിയ പദ്ധതിയിൽ ഉറപ്പ് നൽകുന്ന 125 തൊഴിൽ ദിനങ്ങൾക്കൊപ്പം വർഷത്തിൽ '60 തൊഴിലില്ലാ ദിനങ്ങൾ കൂടി വ്യവസ്ഥ ചെയ്യുന്നുണ്ട്. ഇത് കാർഷിക മാന്ദ്യമുള്ള കാലയളവുകളിൽ ഗ്രാമീണ തൊഴിലാളികളുടെ വരുമാനത്തെയും ജീവിതത്തെയും കടുത്ത അനിശ്ചിതത്വത്തിലാക്കുമെന്നും കേരളം വിലയിരുത്തി.

കേന്ദ്ര സർക്കാർ നേരിട്ട് നിശ്ചയിക്കുന്ന പ്രദേശങ്ങളിലും മാനദണ്ഡങ്ങളിലും മാത്രമേ ഇനി പദ്ധതി നടപ്പിലാക്കാൻ സാധിക്കൂ. പ്രാദേശികമായി പദ്ധതികൾ ആസൂത്രണം ചെയ്യാനുള്ള ഗ്രാമസഭകളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെയും അധികാരം കവർന്നെടുക്കുന്നതാണ് പുതിയ നിയമമെന്ന് കേരളം ശക്തമായി വാദിക്കുന്നു.

അതേസമയം നിലവിലുള്ള ഇ-കെവൈസി ചെയ്‌ത പഴയ ജോബ് കാർഡുകൾ പുതിയ ഗ്രാമീൺ റോസ്‌ഗാർ ഗ്യാരൻ്റി കാർഡുകൾ ലഭിക്കുന്നത് വരെ സാധുവായിരിക്കും. അതിനാൽ നിലവിലെ തൊഴിലാളികൾക്ക് തടസമില്ലാതെ ജോലിയിൽ തുടരാം.

NEW REFORMS IN VB G ram G  VB G ram G SCHEME  THOZHILURAPPU SCHEME  VB G ram G
തൊഴിലുറപ്പ് തൊഴിലാളികൾ (ETV Bharat)

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി: ഗ്രാമീണ മേഖലയിലെ ജനങ്ങളുടെ ഉപജീവന സുരക്ഷ ഉറപ്പാക്കുന്നതിനായി കേന്ദ്ര സർക്കാർ ആവിഷ്‌കരിച്ച സാമൂഹിക ക്ഷേമ പദ്ധതി. 2005-ൽ പാസാക്കിയ നിയമപ്രകാരം നിലവിൽ വന്ന ഈ പദ്ധതി ഗ്രാമീണ കുടുംബങ്ങൾക്ക് തൊഴിൽ ചെയ്യാനുള്ള അവകാശം നിയമപരമായി ഉറപ്പുനൽകിയിരുന്നു.

ഗ്രാമീണ മേഖലയിലെ കുടുംബത്തിന് ഒരു സാമ്പത്തിക വർഷത്തിൽ കുറഞ്ഞത് 100 ദിവസത്തെ വേതനത്തോടുകൂടിയ തൊഴിൽ ഉറപ്പാക്കിയിരുന്നു. ഗ്രാമങ്ങളിലെ കുളങ്ങൾ, റോഡുകൾ, കിണറുകൾ, മണ്ണ്-ജലസംരക്ഷണ പ്രവർത്തനങ്ങൾ എന്നിവയ്ക്കായിരുന്നു പ്രാധാന്യം നൽകിയിരുന്നത്. ആകെ തൊഴിലാളികളിൽ കുറഞ്ഞത് മൂന്നിലൊന്ന് സ്ത്രീകളായിരിക്കണം എന്ന് നിയമമുണ്ടായിരുന്നു.

പുരുഷന്മാർക്കും സ്ത്രീകൾക്കും ഒരേ ജോലിക്ക് തുല്യ വേതനമായിരുന്നു നൽകിയിരുന്നത്. പൂർണമായും മനുഷ്യ വിഭവശേഷി മാത്രമാണ് ഉപയോഗിക്കാൻ അനുമതി ഉണ്ടായിരുന്നുള്ളൂ. തൊഴിലുറപ്പ് പദ്ധതിയിലെ കൂലി തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടിലേക്കോ പോസ്റ്റ് ഓഫിസ് അക്കൗണ്ടിലേക്കോ നേരിട്ടാണ് നിക്ഷേപിക്കുന്നത്. സാധാരണയായി ജോലി കഴിഞ്ഞ് 15 ദിവസത്തിനുള്ളിൽ കൂലി അക്കൗണ്ടിൽ ലഭ്യമായിരുന്നു.

NEW REFORMS IN VB G ram G  VB G ram G SCHEME  THOZHILURAPPU SCHEME  VB G ram G
Representative image. (ETV Bharat)

ജലസംരക്ഷണം, മഴവെള്ള സംഭരണം, തോടുകളുടെയും കുളങ്ങളുടെയും നവീകരണം, കാർഷിക അനുബന്ധ ജോലികള്‍, തരിശുഭൂമി കൃഷിയോഗ്യമാക്കല്‍, ഗ്രാമീണ റോഡുകളുടെ നിർമാണവും അറ്റകുറ്റപ്പണികളും മണ്ണൊലിപ്പ് തടയുന്നതിനുള്ള നിർമാണം തുടങ്ങിയവയായിരുന്നു പ്രവൃത്തികൾ.

ഉയർന്നത് ഗുരുതരമായ ആരോപണങ്ങൾ: ഇല്ലാത്ത ജോലികൾ കാണിച്ചും വ്യാജ അക്കൗണ്ടുകൾ നിർമ്മിച്ചും ഫണ്ട് വകമാറ്റി ചെലവഴിച്ചതായി സോഷ്യൽ ഓഡിറ്റിങ്ങിലൂടെ പല തദ്ദേശ സ്ഥാപനങ്ങളിലും കണ്ടെത്തിയിരുന്നു. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചേർന്ന് ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക ക്രമക്കേടുകൾ നടത്തിയതായി ആരോപണമുയർന്നു. വയനാട്ടിലെ തൊണ്ടർനാട് പഞ്ചായത്തിൽ ഉയർന്നുവന്ന കോടികളുടെ തൊഴിലുറപ്പ് തട്ടിപ്പ് കേസ് വിജിലൻസ് അന്വേഷിച്ച് വരികയാണ്.

തൊഴിലുറപ്പിലൂടെ ചെയ്യുന്ന ജോലികൾക്ക് കൃത്യമായ ഗുണനിലവാരമില്ലെന്നും ഇത് വെറും അനാവശ്യ ചെലവാണെന്നും സാമ്പത്തിക വിദഗ്‌ധരിൽ നിന്നടക്കം വിമർശനമുയർന്നിരുന്നു. തൊഴിലാളികൾ കൃത്യമായി ജോലി ചെയ്യാതെ സമയം കളയുന്നുവെന്നാരോപിച്ച് പൊതുസമൂഹത്തിലും സോഷ്യൽ മീഡിയയിലും 'തൊഴിലിരുപ്പ്', 'തൊഴിലുഴപ്പ്' തുടങ്ങിയ പേരിൽ ആക്ഷേപഹാസ്യ പരാമർശങ്ങൾ നിരന്തരം ഉയർന്നിരുന്നു. ഇതിനെല്ലാം പുറമേ മണ്ണിനെയും കൃഷിയെയും അറിഞ്ഞല്ല തൊഴിലുറപ്പ് തൊഴിൽ നടക്കുന്നത് എന്നതായിരുന്നു പ്രധാന ആരോപണം.

പരമ്പരാഗത കൃഷിപ്പണിക്കാർക്കും തൊഴിലാളികൾക്കും മണ്ണിൽ എന്താണ് ചെയ്യേണ്ടതെന്ന് കൃത്യമായി അറിയാം. എന്നാൽ അതെല്ലാം തൊഴിലുറപ്പ് വന്നതോടെ അട്ടിമറിക്കപ്പെട്ടു എന്നാണ് പല ഭൂവുടമകളും ആരോപണമുയർത്തിയത്. വീട്ടുപറമ്പുകളിൽ വീട്ടുടമകൾക്ക് ആവശ്യമുള്ള ചെടികളോ ഔഷധ സസ്യങ്ങളോ പോലും ചോദിക്കാതെ വെട്ടിമാറ്റുന്നു എന്ന പരാതികൾ.

NEW REFORMS IN VB G ram G  VB G ram G SCHEME  THOZHILURAPPU SCHEME  VB G ram G
Representative image. (ETV Bharat)

മതിലുകളും അതിരുകളും തകരുന്ന രീതിയിലുള്ള കുഴികൾ എടുക്കുന്നത് മൂലം വീട്ടുടമകൾക്ക് അപകടം ഉണ്ടാക്കുന്ന സംഭവങ്ങൾ ഉണ്ടാകുന്നുവെന്ന് തുടങ്ങിയ നിരവധി ആരോപണങ്ങളാണ് മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിക്കെതിരെ ഉയർന്നത്. ഇതെല്ലാം മനസിലാക്കിയാണ് പദ്ധതിക്ക് മാറ്റം വരുത്തിയതെന്നാണ് പൊതുവിൽ ധാരണ. എന്നാൽ വികസിത് ഭാരത് ഗാരൻ്റി ഫോർ റോസ്‌ഗാർ ആൻഡ് ആജീവിക മിഷൻ എങ്ങനെയൊക്കെയാണ് നടപ്പിലാക്കാൻ പോകുന്നത് കണ്ടുതന്നെ അറിയണം.

കോൺഗ്രസ് സംസ്ഥാനങ്ങൾക്ക് ആശയക്കുഴപ്പം: വിബി ജി റാം ജി പദ്ധതിയുടെ കാര്യത്തിൽ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങൾക്കിടയിൽ ആശയക്കുഴപ്പം. സുപ്രീംകോടതിയെ സമീപിക്കാനുള്ള ആലോചനയിലാണ് തെലങ്കാന സർക്കാർ. കേരളത്തിൻ്റെയും കർണാടകയുടെയും പിന്തുണ കൂടി ഉറപ്പാക്കുമെന്നും അവർ വ്യക്തമാക്കി. പദ്ധതിയുമായി മുന്നോട്ടു പോകാനാണ് കേരള സർക്കാരിൻ്റെ ശ്രമം. ശനിയാഴ്‌ച തന്നെ വിജ്ഞാപനം ഇറക്കിയിരുന്നു. ഹിമാചൽപ്രദേശും വിജ്ഞാപനം ഇറക്കി. മുൻ നിലപാടിന് വ്യത്യസ്‌തമായി ആംആദ്‌മി പാർട്ടി ഭരിക്കുന്ന പഞ്ചാബും വിജ്ഞാപനം പുറപ്പെടുവിച്ചു.

Also read:അധ്യാപകരുടെ സെൻസസ് ഡ്യൂട്ടി; ആശയക്കുഴപ്പങ്ങൾക്ക് വിരാമമിട്ട് സർക്കാരിൻ്റെ പുതിയ ഉത്തരവ്