വടകര 'കാഫിർ' സ്ക്രീൻഷോട്ട് കേസ്; കൂടുതൽ ഡിവൈഎഫ്ഐ നേതാക്കളെ എസ്ഐടി ചോദ്യം ചെയ്യും
ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ തലേന്നാണ് എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന കെ.കെ ശൈലജയെ 'കാഫിറായ സ്ത്രീ' എന്ന് അധിക്ഷേപിച്ച് എംഎസ്എഫ് നേതാവ് മുഹമ്മദ് കാസിം പോസ്റ്റിട്ടു എന്ന രീതിയിൽ വ്യാജ സ്ക്രീൻഷോട്ട് പ്രചരിച്ചത്

Published : June 8, 2026 at 10:16 AM IST
കോഴിക്കോട്: കേരള രാഷ്ട്രീയത്തെ ഇളക്കിമറിച്ച വടകര 'കാഫിർ സ്ക്രീൻഷോട്ട്' വ്യാജ പ്രചാരണ കേസിൽ നിർണായക നീക്കങ്ങളുമായി പ്രത്യേക അന്വേഷണ സംഘം (എസ്ഐടി). കേസിൽ കൂടുതൽ ഡിവൈഎഫ്ഐ നേതാക്കളിലേക്ക് അന്വേഷണം വ്യാപിപ്പിച്ച പൊലീസ്, പ്രമുഖ നേതാക്കളായ റിബേഷ് രാമകൃഷ്‌ണൻ, മനീഷ്, അതുൽ എന്നിവരെ ഇന്ന് ചോദ്യം ചെയ്യും.
ഡിവൈഎഫ്ഐ വടകര ബ്ലോക്ക് കമ്മിറ്റി അംഗം ജിതിൻ ഭാസ്‌കറിനെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തതിന് പിന്നാലെയാണ് എസ്ഐടിയുടെ ഈ സുപ്രധാന നീക്കം. വടകരയിലെ രാഷ്ട്രീയ അന്തരീക്ഷത്തെ വലിയ രീതിയിൽ സ്വാധീനിച്ച ഈ കേസിൽ വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് അന്വേഷണ സംഘം നൽകുന്ന സൂചന.
നേരത്തെ അന്വേഷണം ചെന്നെത്തി നിന്നത് ഡിവൈഎഫ്ഐ നേതാവും അധ്യാപകനുമായ റിബേഷ് രാമകൃഷ്‌ണനിലാണ്. എന്നാൽ, തനിക്ക് ആരാണ് ഈ സ്ക്രീൻഷോട്ട് നൽകിയത് എന്ന് വെളിപ്പെടുത്താൻ റിബേഷ് വിസമ്മതിച്ചിരുന്നു. തുടർന്ന് നടത്തിയ ശാസ്ത്രീയ മൊബൈൽ ഫോൺ പരിശോധനയിലാണ് ജിതിൻ ഭാസ്‌കറിൻ്റെ ഫോണിൽ നിന്നാണ് റിബേഷിൻ്റെ ഫോണിലേക്ക് ഈ വ്യാജ സന്ദേശം ഫോർവേഡ് ചെയ്യപ്പെട്ടതെന്ന് അന്വേഷണ സംഘം കണ്ടെത്തിയത്. നേതാക്കളെ ഒന്നിച്ച് ചോദ്യം ചെയ്യുന്നതോടെ വ്യാജ സന്ദേശത്തിൻ്റെ ഉറവിടം വ്യക്തമാകുമെന്നാണ് കരുതുന്നത്. ഇതിനായി വിപുലമായ ചോദ്യാവലിയാണ് അന്വേഷണ സംഘം തയ്യാറാക്കിയിട്ടുള്ളത്.
കൃത്യമായ ഉറവിടം എവിടെ? മെറ്റയ്ക്ക് വീണ്ടും നോട്ടീസ്
വ്യാജ സന്ദേശങ്ങൾ ഫോർവേഡ് ചെയ്തവരെ മാത്രമേ ഇതുവരെ പൊലീസിന് കണ്ടെത്താൻ സാധിച്ചിട്ടുള്ളൂ. ഇതിൻ്റെ യഥാർഥ ഉറവിടം കണ്ടെത്താനായി ഫേസ്ബുക്കിൻ്റെ മാതൃ കമ്പനിയായ മെറ്റയോട് കൂടുതൽ വിവരങ്ങൾ ആവശ്യപ്പെടാൻ എസ്ഐടി തീരുമാനിച്ചു. നേരത്തെ മെറ്റയ്ക്ക് നോട്ടീസ് നൽകിയിരുന്നെങ്കിലും വിവരങ്ങൾ ഒന്നും ലഭ്യമായിരുന്നില്ല. നിലവിൽ പരിശോധനയ്ക്ക് അയച്ച പല മൊബൈൽ ഫോണുകളുടെയും ശാസ്ത്രീയ ലബോറട്ടറി ഫലം കൂടി ലഭിച്ചാൽ മാത്രമേ കേസിൽ കൂടുതൽ വ്യക്തത വരികയുള്ളൂ.
ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ തലേന്നാണ് എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന കെ.കെ ശൈലജയെ 'കാഫിറായ സ്ത്രീ' എന്ന് അധിക്ഷേപിച്ച് എംഎസ്എഫ് നേതാവ് മുഹമ്മദ് കാസിം പോസ്റ്റിട്ടു എന്ന രീതിയിൽ വ്യാജ സ്ക്രീൻഷോട്ട് പ്രചരിച്ചത്. മുൻ എൽഡിഎഫ് സർക്കാരിൻ്റെ കാലത്ത് പൊലീസ് ഈ കേസന്വേഷണം അവസാനിപ്പിച്ചിരുന്നു. എന്നാൽ സംസ്ഥാനത്ത് യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെയാണ് കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകിയത്. നിലവിലെ ഈ നീക്കങ്ങൾ രാഷ്ട്രീയപ്രേരിതമാണെന്ന് സിപിഎം ആരോപിച്ചു.
സത്യം തെളിയും വരെ പോരാടുമെന്ന് പാറക്കൽ അബ്ദുല്ല എംഎൽഎ
കാഫിർ സ്ക്രീൻഷോട്ട് പുറത്തുവന്നത് മുതൽ നീതിക്കായി നിയമപോരാട്ടം നടത്തുന്ന പാറക്കൽ അബ്ദുല്ല എംഎൽഎ ഈ നീക്കത്തെ സ്വാഗതം ചെയ്തു. അന്ന് വ്യാജ സ്ക്രീൻഷോട്ട് ശ്രദ്ധയിൽ പെട്ട ഉടൻ തന്നെ കുറ്റാരോപിതനായ എംഎസ്എഫ് നേതാവ് കാസിമിനെയും കൂട്ടി തങ്ങൾ വടകര റൂറൽ എസ്പി ഓഫിസിൽ പരാതി നൽകിയതാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ മണിക്കൂറുകൾ കഴിഞ്ഞിട്ടും രസീത് തരാൻ പോലും അന്ന് പൊലീസ് തയ്യാറായില്ല. പിന്നീട് ഹൈക്കോടതി കർശന നിലപാട് എടുത്തപ്പോഴാണ് 'അമ്പാടിമുക്ക് സഖാക്കൾ', 'റെഡ് വൊളൻ്റിയേഴ്സ്' തുടങ്ങിയ ഇടത് അനുകൂല പേജുകളിലേക്കാണ് ഇത് പോയതെന്ന് അന്നത്തെ പൊലീസ് സമ്മതിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സിപിഎം നടത്തിയ മതസൗഹാർദ റാലിയുടെ പ്രധാന സംഘാടകനായ റിബേഷിൻ്റെ ഫോൺ അന്ന് തന്നെ പിടിച്ചെടുത്തിരുന്നെങ്കിൽ സത്യം പണ്ടേ പുറത്തുവരുമായിരുന്നുവെന്നും പാർട്ടി ഉന്നതരെ സംരക്ഷിക്കാനാണ് മുൻപ് ശ്രമം നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു. ഗൂഢാലോചനയ്ക്ക് പിന്നിൽ എത്ര വലിയ ഉന്നതരാണെങ്കിലും പുതിയ എസ്ഐടി അന്വേഷണത്തിലൂടെ അവർ നിയമത്തിന് മുന്നിൽ വരുമെന്ന് ഉറപ്പാണെന്നും പാറക്കൽ അബ്ദുല്ല വ്യക്തമാക്കി. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന ആവശ്യവും ശക്തമാണ്.
Also Read: 'വർഷങ്ങളായി പല സ്ഥലങ്ങളിൽ മാറിമാറി താമസം'; അനധികൃത ബംഗ്ലാദേശ് കുടിയേറ്റക്കാർ പിടിയിൽ

