ETV Bharat / state

ഉണ്ണികൃഷ്ണൻ മടങ്ങുമ്പോൾ ചരിത്രം ചർച്ചയാകുന്ന വടകര: ഇടം വലം മാറി 6 വിജയങ്ങൾ; വീണ്ടും കളം മാറിയപ്പോൾ വീണു, രണ്ടിടത്തും രക്ഷപ്പെടാത്ത മനയത്ത് ചന്ദ്രനും

മുന്നണി മാറ്റങ്ങളും സങ്കീർണമായ രാഷ്ട്രീയ സമവാക്യങ്ങളും കാരണം വടകരയിലെ ജനവിധി എക്കാലത്തും പ്രവചനാതീതം

കെ പി ഉണ്ണികൃഷ്ണൻ വടകര മനയത്ത് ചന്ദ്രൻ പരാജയം വടകര ലോക്സഭാ മണ്ഡലം കേരള രാഷ്ട്രീയ ചരിത്രം
കെപി ഉണ്ണികൃഷ്ണൻ, മനയത്ത് ചന്ദ്രൻ (Special Arrangement)
author img

By ETV Bharat Kerala Team

Published : March 3, 2026 at 11:19 AM IST

5 Min Read
Choose ETV Bharat

കെ ശശീന്ദ്രൻ

കോഴിക്കോട്: വടകര എന്ന മണ്ഡലത്തിന് ചരിത്രത്തിൽ ഏറെ പ്രാധാന്യമുണ്ട്. അത് ലോക്‌സഭ ആയാലും നിയമസഭ ആയാലും. കളരിയുടെ ഈ കടത്തനാടൻ മണ്ണിലെ അങ്കത്തട്ടിൽ പടവെട്ടി ജയിച്ചവരും അടിപതറി വീണവരും ഒരുപാടുണ്ട്.

കെപി ഉണ്ണികൃഷ്ണൻ്റെ രാഷ്ട്രീയവഴികൾ

രാഷ്ട്രീയക്കളരിയിലും സമാനമായ സംഭവങ്ങൾക്ക് വടകര സാക്ഷ്യം വഹിച്ചിട്ടുണ്ട്. കോൺഗ്രസുകാരനായി വിജയിക്കുകയും കോൺഗ്രസുകാരെ തോൽപ്പിക്കുകയും വീണ്ടും കോൺഗ്രസുകാരനായി തോൽക്കുകയും ചെയ്ത ചരിത്രം കെപി ഉണ്ണികൃഷ്ണൻ്റെ പേരിലാണ്. വടകര ലോക്‌സഭ മണ്ഡലത്തിൽ നിന്ന് തുടർച്ചയായി ആറു തവണ വിജയിച്ച റെക്കോർഡിന് ഉടമയാണ് അദ്ദേഹം. മാധ്യമപ്രവർത്തകനായിരുന്ന ഉണ്ണികൃഷ്ണനെ ഇന്ദിരാഗാന്ധിയാണ് വടകരയിൽ സ്ഥാനാർഥിയായി നിശ്ചയിച്ചത്. കെപിസിസി നിർദേശിച്ച സ്ഥാനാർഥി ലീലാ ദാമോദരനെ മാറ്റിയായിരുന്നു ഈ തീരുമാനം. അന്ന് കോൺഗ്രസ് ടിക്കറ്റിൽ അദ്ദേഹം ആദ്യമായി വിജയിക്കുകയും 1977ലും കോൺഗ്രസ് സ്ഥാനാർഥിയായി വിജയം ആവർത്തിക്കുകയും ചെയ്തു.

കെ പി ഉണ്ണികൃഷ്ണൻ വടകര മനയത്ത് ചന്ദ്രൻ പരാജയം വടകര ലോക്സഭാ മണ്ഡലം കേരള രാഷ്ട്രീയ ചരിത്രം
കെപി ഉണ്ണികൃഷ്ണൻ (Special Arrangement)

തുടർന്ന് കോൺഗ്രസ് പിളർന്നപ്പോൾ ഇന്ദിരാഗാന്ധിയുമായി തെറ്റിപ്പിരിഞ്ഞ അദ്ദേഹം കോൺഗ്രസ് (യു), കോൺഗ്രസ് (എസ്) എന്നീ വിഭാഗങ്ങളുടെ ഭാഗമായി മാറി. 1980കളിൽ ഇന്ത്യൻ രാഷ്ട്രീയത്തെ പിടിച്ചുലച്ച ബൊഫോഴ്സ് അഴിമതിയുമായി ബന്ധപ്പെട്ട് ഉണ്ണികൃഷ്ണൻ സ്വീകരിച്ച നിലപാട് കോൺഗ്രസിനോട് വിടപറയാൻ കാരണമായി. തുടർന്നും വടകരയിൽ തന്നെ അദ്ദേഹം അങ്കത്തിലിറങ്ങി. 1980 മുതൽ 1991 വരെ നടന്ന നാല് തെരഞ്ഞെടുപ്പുകളിലും ഇടതുപക്ഷ മുന്നണിയുടെ പിന്തുണയോടെ കെപി ഉണ്ണികൃഷ്ണൻ വടകരയിൽ വിജയിച്ചു. 1989-90 കാലയളവിൽ വിപി സിങ് മന്ത്രിസഭയിൽ ഉപരിതല ഗതാഗത, വാർത്താവിനിമയ വകുപ്പുകളുടെ ചുമതലയുള്ള കാബിനറ്റ് മന്ത്രിയായിരുന്നു. ഗൾഫ് യുദ്ധകാലത്ത് കുവൈറ്റിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനുള്ള രക്ഷാദൗത്യത്തിന് നേതൃത്വം നൽകിയത് അദ്ദേഹത്തെ ഏറെ ശ്രദ്ധേയനാക്കി.

കോലീബി സഖ്യവും 1991ലെ തെരഞ്ഞെടുപ്പും

1991ലെ വടകരയിലെ മത്സരം കേരളം ഒന്നാകെ ഉറ്റുനോക്കി. കോൺഗ്രസ്-ലീഗ്-ബിജെപി പാർട്ടികൾ ഉൾപ്പെട്ട 'കോ-ലീ-ബി' സഖ്യമായിരുന്നു അത്. യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായിരുന്ന അഡ്വ. എം രത്നസിങ്ങിനെ ബിജെപിയും പിന്തുണച്ചു എന്നത് വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിതുറന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി എടക്കുളത്തെ സേലം രക്തസാക്ഷി സ്തൂപത്തിനടുത്ത് ആളുകളെ അഭിവാദ്യം ചെയ്യാൻ കെപി ഉണ്ണികൃഷ്ണൻ എത്തിയ സമയത്ത് ഒരു ശ്രദ്ധേയമായ സംഭവമുണ്ടായി.

കെ പി ഉണ്ണികൃഷ്ണൻ വടകര മനയത്ത് ചന്ദ്രൻ പരാജയം വടകര ലോക്സഭാ മണ്ഡലം കേരള രാഷ്ട്രീയ ചരിത്രം
വടകര നിയമസഭ മണ്ഡലം (Special Arrangement)

പ്രദേശത്തെ മുതിർന്ന കമ്യൂണിസ്റ്റുകാരനായ വളേരി കുഞ്ഞികൃഷ്ണൻ നായർ ഒരു ഇളനീർ വെട്ടി സ്ഥാനാർഥിയുടെ കൈയിലേക്ക് കൊടുത്തു. ഒറ്റവലിക്ക് കുടിച്ചു തീർത്ത് ഒരു നെടുവീർപ്പിട്ട ശേഷം ഈ മധുരം വോട്ടിലൂടെയും പകരണമെന്ന് അദ്ദേഹം ജനങ്ങളോട് അഭ്യർഥിച്ചു. രാജീവ് ഗാന്ധിയുടെ വധത്തെത്തുടർന്നുണ്ടായ സഹതാപ തരംഗം നിലനിന്നിട്ടും വടകരയിൽ ഇടതുപക്ഷത്തിന് വേണ്ടി കെപി ഉണ്ണികൃഷ്ണൻ സീറ്റ് നിലനിർത്തി. 17,489 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു അന്നത്തെ വിജയം.

മുന്നണി മാറ്റവും പരാജയവും

എന്നാൽ അടുത്ത തെരഞ്ഞെടുപ്പ് ആകുമ്പോഴേക്കും ഉണ്ണികൃഷ്ണൻ കളം മാറ്റി. നരസിംഹറാവു നേതൃത്വം നൽകിയ കോൺഗ്രസിൽ അദ്ദേഹം ആകൃഷ്ടനാവുകയും 1995ൽ ഔദ്യോഗികമായി മാതൃസംഘടനയായ ഇന്ത്യൻ നാഷണൽ കോൺഗ്രസിലേക്ക് തിരിച്ചെത്തുകയും ചെയ്തു. 1996ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായി വടകരയിൽ അദ്ദേഹം വീണ്ടും മത്സരിച്ചു.

കെ പി ഉണ്ണികൃഷ്ണൻ വടകര മനയത്ത് ചന്ദ്രൻ പരാജയം വടകര ലോക്സഭാ മണ്ഡലം കേരള രാഷ്ട്രീയ ചരിത്രം
വടകര ലോക്‌സഭ മണ്ഡലം (Special Arrangement)

പ്രചാരണത്തിൻ്റെ ഭാഗമായി അതേ നാട്ടിലെത്തിയ ഉണ്ണികൃഷ്ണന് സ്വീകരണം നൽകിയത് സേലം സ്തൂപത്തിൻ്റെ തൊട്ടടുത്ത കടയിലായിരുന്നു. അവിടെനിന്ന് പക്ഷേ ഇളനീർ കിട്ടിയില്ല, പകരം ഒരു സോഡയാണ് ലഭിച്ചത്. അതിനാണെങ്കിൽ ഗ്യാസും തീരെ കുറവായിരുന്നു. സമാനമായ അവസ്ഥ തന്നെ മത്സരഫലത്തിലും സംഭവിച്ചു. സിപിഎമ്മിലെ ഒ ഭരതനോട് അദ്ദേഹം പരാജയപ്പെട്ടു. 80,267 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഭരതൻ അന്ന് വിജയിച്ചത്. ഇതോടെ അദ്ദേഹത്തിൻ്റെ നീണ്ട പാർലമെൻ്ററി ജീവിതത്തിന് വിരാമമാവുകയും, പിന്നീട് പ്രത്യേകിച്ച് ഒരു പദവിയും അലങ്കരിക്കാതെ കോഴിക്കോട്ടെ വീട്ടിൽ അദ്ദേഹം വിശ്രമ ജീവിതം നയിക്കുകയും ചെയ്തു.

ഇരു മുന്നണികളിലും പരാജയപ്പെട്ട മനയത്ത് ചന്ദ്രൻ

കെപി ഉണ്ണികൃഷ്ണൻ്റെ ചരിത്രം ഇടംവലം മാറി വിജയിച്ചതിൻ്റെയും വീണ്ടും കളം മാറ്റിയപ്പോൾ പരാജയപ്പെട്ടതിൻ്റെയും ആണെങ്കിൽ, ഇടതിലും വലതിലും നിന്നിട്ട് വടകരയിൽ തോറ്റ സ്ഥാനാർഥിയാണ് മനയത്ത് ചന്ദ്രൻ. വടകര നിയമസഭ മണ്ഡലത്തിൽ നിന്ന് യുഡിഎഫ് സ്ഥാനാർഥിയായും എൽഡിഎഫ് സ്ഥാനാർഥിയായും മത്സരിച്ച് പരാജയപ്പെട്ടത് കേരള രാഷ്ട്രീയത്തിലെ ശ്രദ്ധേയമായ ഒരു സംഭവമാണ്. 2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ജെഡിയു നേതാവായ മനയത്ത് ചന്ദ്രൻ യുഡിഎഫ് സ്ഥാനാർഥിയായി രംഗത്തിറങ്ങി.

കെ പി ഉണ്ണികൃഷ്ണൻ വടകര മനയത്ത് ചന്ദ്രൻ പരാജയം വടകര ലോക്സഭാ മണ്ഡലം കേരള രാഷ്ട്രീയ ചരിത്രം
മനയത്ത് ചന്ദ്രൻ (Special Arrangement)

എൽഡിഎഫ് സ്ഥാനാർഥിയായത് ജെഡിഎസ് നേതാവായ സികെ നാണു. സോഷ്യലിസ്റ്റുകൾ മുഖാമുഖം ഏറ്റുമുട്ടിയപ്പോൾ തഴക്കവും പഴക്കവും വിജയിക്കുകയും 9,511 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ സികെ നാണു ജയിക്കുകയും ചെയ്തു. സിപിഎം പാർട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയൻ്റെ കണ്ണിലെ കരടായി ജെഡിയു മാറിയപ്പോൾ മത്സരിച്ച ഏഴ് സീറ്റിലും സ്ഥാനാർഥികൾ പരാജയപ്പെട്ടിരുന്നു. അതായിരുന്നു വടകരയിലെ പരാജയത്തിലും മനയത്ത് ചന്ദ്രൻ്റെ സ്വയം ആശ്വാസം. ആ തെരഞ്ഞെടുപ്പിൽ കെകെ രമ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച് 20,504 വോട്ടുകൾ നേടിയിരുന്നു.

പാർട്ടിയിലെ പിളർപ്പും പുതിയ സഖ്യവും

2021 ആകുമ്പോഴേക്കും മനയത്ത് ചന്ദ്രൻ്റെ പാർട്ടിയിൽ ഒട്ടേറെ മാറ്റങ്ങൾ വന്നു. ബിഹാറിൽ നിതീഷ് കുമാറിൻ്റെ നേതൃത്വത്തിലുള്ള ജെഡിയു കേന്ദ്രത്തിലെ ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സഖ്യത്തിൽ ചേരാൻ തീരുമാനിച്ചു. എന്നാൽ വീരേന്ദ്രകുമാറിൻ്റെ നേതൃത്വത്തിലുള്ള കേരള ഘടകം ഈ തീരുമാനത്തെ ശക്തമായി എതിർത്തു.

സംഘപരിവാർ രാഷ്ട്രീയത്തോട് യോജിക്കാനാവില്ലെന്ന് പ്രഖ്യാപിച്ച് എംപി വീരേന്ദ്രകുമാർ തൻ്റെ രാജ്യസഭ അംഗത്വം രാജിവയ്ക്കുകയും നിതീഷ് കുമാറിൻ്റെ പാർട്ടിയുമായുള്ള ബന്ധം ഉപേക്ഷിക്കുകയും ചെയ്തു. ദേശീയതലത്തിൽ നിതീഷ് കുമാറിനോട് വിയോജിച്ച് പുറത്തുവന്ന ശരദ് യാദവിനൊപ്പം ചേർന്ന് 2018 മേയിൽ ലോക്‌താന്ത്രിക് ജനതാദൾ എന്ന പുതിയ പാർട്ടി രൂപീകരിച്ചു. വീരേന്ദ്രകുമാറിൻ്റെ നേതൃത്വത്തിലുള്ള കേരള ഘടകം ഔദ്യോഗികമായി ഈ പാർട്ടിയിൽ ലയിച്ചു. പിണറായി വിജയനുമായി വീരേന്ദ്രകുമാർ വേദി പങ്കിട്ടതിന് പിന്നാലെ എൽജെഡി ഇടതുപക്ഷത്തും എത്തി.

തുടരുന്ന പോരാട്ടങ്ങളും വടകരയുടെ ഭാവിയും

2021ലും വടകര നിയമസഭ മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥിയായി മനയത്ത് ചന്ദ്രൻ അങ്കത്തിനിറങ്ങി. യുഡിഎഫ് പിന്തുണയോടെ മത്സരിച്ച ആർഎംപിഐ നേതാവ് കെകെ രമയോട് 7,491 വോട്ടിന് പരാജയപ്പെട്ടതോടെ അതും ഒരു ചരിത്രമായി മാറി. ഒരേ മണ്ഡലത്തിൽ അഞ്ച് വർഷത്തെ ഇടവേളയിൽ പ്രധാനപ്പെട്ട രണ്ട് മുന്നണികളെയും പ്രതിനിധീകരിച്ച് മത്സരിക്കുകയും രണ്ടിലും തോൽവി ഏറ്റുവാങ്ങുകയും ചെയ്തതിനെക്കുറിച്ച് അദ്ദേഹം ഇടിവി ഭാരതിനോട് മനസ്സുതുറന്നിരുന്നു.

രണ്ട് മുന്നണികളുടെ ഭാഗമായി ഒരേ സീറ്റിൽ മത്സരിച്ച് തോറ്റത് ഭാഗ്യദോഷമാകാമെന്നും സോഷ്യലിസ്റ്റുകൾ ഒരുമിച്ചിരുന്നെങ്കിൽ വലിയ വിജയം നേടാമായിരുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു. ഒരേ സ്വഭാവമുള്ളവർ ഒരു മുന്നണിയിൽ രണ്ട് ചേരിയായി നിന്നത് ശരിയായ നടപടിയായിരുന്നില്ല. ഒരുമിച്ചാൽ മത്സരിക്കുന്ന സീറ്റുകളുടെ എണ്ണം കുറയുമോ എന്ന ചിന്തയാണ് തിരിച്ചടിയായതെന്നും അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസും ആർഎംപിയും ബിജെപിയും വടകരയിൽ ഒരുമിച്ച് നിന്നുവെന്നും, സിപിഎം വോട്ട് ചോർന്നിട്ടുണ്ടോ എന്ന് ആ പാർട്ടി തന്നെ പരിശോധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചില മേഖലകളിൽ സിപിഎമ്മിലെ സ്ത്രീ വോട്ടർമാർ രമയ്ക്ക് വോട്ട് ചെയ്തതായി സൂചനയുണ്ടെന്നും, ഇതെല്ലാം എൽഡിഎഫ് സംയുക്തമായി പരിശോധിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു. തോൽവി വലിയ ആഘാതമുണ്ടാക്കിയെന്നും കാര്യങ്ങൾ പരിശോധിച്ച് മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. ചരിത്രത്തിൽ ആദ്യമായാണ് 2021ൽ ഇടതുമുന്നണി വടകരയിൽ പരാജയപ്പെട്ടത്. വീണ്ടും ഒരു നിയമസഭ തെരഞ്ഞെടുപ്പിന് കളമൊരുങ്ങുമ്പോൾ മനയത്ത് ചന്ദ്രനടക്കം ഇടതുപക്ഷ സ്ഥാനാർഥിയാവാൻ വേണ്ടി രംഗത്തുണ്ട്. അപ്പോഴും വടകരയിലെ വോട്ടർമാർ ഏത് തരത്തിൽ ചിന്തിക്കുമെന്നതിൽ തന്നെയാണ് ആകാംക്ഷ.

വടകരയുടെ രാഷ്ട്രീയ ചരിത്രം എക്കാലത്തും പ്രവചനാതീതമാണ്. പ്രഗത്ഭരായ പല നേതാക്കൾക്കും അപ്രതീക്ഷിത വിജയങ്ങളും പരാജയങ്ങളും സമ്മാനിച്ച മണ്ണാണിത്. ആശയങ്ങളിലെ മാറ്റങ്ങളും മുന്നണി ബന്ധങ്ങളിലെ സവിശേഷതകളും ഓരോ തെരഞ്ഞെടുപ്പിലും ഇവിടെ നിർണായക സ്വാധീനം ചെലുത്താറുണ്ട്. വികസന വിഷയങ്ങൾക്കൊപ്പം തന്നെ സങ്കീർണമായ രാഷ്ട്രീയ സമവാക്യങ്ങളും വടകരയിലെ ജനവിധി നിർണയിക്കുന്നതിൽ സുപ്രധാന പങ്കുവഹിക്കുന്നു. വരുംകാല തെരഞ്ഞെടുപ്പുകളിലും ഈ മണ്ഡലം കേരള രാഷ്ട്രീയത്തിലെ ഏറ്റവും ശ്രദ്ധേയമായ പോരാട്ടങ്ങൾക്ക് സാക്ഷ്യം വഹിക്കുമെന്ന കാര്യത്തിൽ സംശയമില്ല. ജനാധിപത്യ പ്രക്രിയയിലെ വടകരയുടെ ഈ സവിശേഷമായ സ്ഥാനം എന്നും സജീവ ചർച്ചകൾക്ക് വഴിതുറക്കുന്നതാണ്.

Also Read:- ഇഷ്‌ട നിവേദ്യങ്ങളാൽ തൃപ്‌തയായി ആറ്റുകാലമ്മ; ഇനി നിവേദ്യ തീർഥത്തിനായുള്ള കാത്തിരിപ്പ്